രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഇന്ന് ജമ്മു കശ്മീരിലേക്ക്
ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്കിയിരുന്ന ആർട്ടിക്ള്‍ 370 റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്തതിനും ശേഷം ആദ്യമായി പ്രതിപക്ഷ നേതാക്കള്‍ കശ്മീരിലേക്ക്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് സംഘം ഇന്ന് രാവിലെ 11.30 ന് യാത്ര തിരിക്കുക. ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, ടി.എം.സി നേതാവ് ദിനേശ് ത്രിവേദി, ഡി.എം.കെ എം.പിമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടാകും. നേരത്തെ സംസ്ഥാനം സന്ദര്‍ശിക്കാനെത്തിയ ഗുലാം നബി ആസാദിനെ രണ്ട് തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. സീതാറാം യെച്ചൂരി, ഡി രാജ എന്നിവരെയും ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു നീക്കം. കശ്മീർ വിഷയത്തില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയെ വിമർശിച്ച് പ്രദേശം സന്ദർശിച്ച് യാഥാർഥ്യം മനസ്സിലാക്കൂ എന്ന് ഗവർണർ സത്യപാല്‍ മാലിക് നിർദേശിച്ചിരുന്നു. ക്ഷണം സ്വീകരിക്കുന്നുവെന്നും നിരുപാധികമായി വരാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി മറുപടി നല്‍കി. എന്നാല്‍ ഇതിന് ഗവർണറുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പ്രതിനിധികള്‍ പ്രദേശം സന്ദർശിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter