വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബിയുടെ രചനയോ? (ഭാഗം നാല്)

അതിശയിപ്പിക്കുന്ന വിഷയവൈപുല്യം

വിശുദ്ധ ഖുര്‍ആന്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളുടെ തലവാചകങ്ങള്‍ മാത്രം എഴുതിയോ പറഞ്ഞോ തീര്‍ക്കണമെങ്കില്‍ നാലും താളും ഏറെ വേണം എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവുകയില്ല. അനാദി മുതല്‍ അനന്തത വരെ പ്രപഞ്ചസാകല്യത്തിലെ എല്ലാത്തിനെയും സ്പര്‍ശിച്ചു പോകുന്ന അതിവിപുലമായ വിഷയവൈവിധ്യം. പ്രപഞ്ചോല്പത്തിയെ കുറിച്ചും അതിന്‍റെ യഥാര്‍ത്ഥമായ ഘടനയെയും സംവിധാനത്തെപ്പറ്റിയും അത് വാചാലമാവുന്നു.

സമ്പൂര്‍ണമായ ശൂന്യതയില്‍ അതിനെ വിഭാവനം ചെയ്യുകയും കൃത്യമായ ആസൂത്രണ വൈദഗ്ധ്യത്തോടെ ഇല്ലായ്മയില്‍ നിന്ന് വാര്‍ത്തെടുക്കുകയും പരിപാലിച്ചു പോരുകയും ചെയ്യുന്ന സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്നു. അവനാര്? എന്തു അധികാരശക്തിയാണ് അവനുള്ളത്? അവന്‍റെ വിശേഷണങ്ങള്‍ എന്തെല്ലാം? ഈ പ്രപഞ്ചത്തെ പരിപാലിച്ചുപോരുന്നതിന്‍റെ ഉന്നം എന്നുതുടങ്ങി അറ്റമില്ലാത്ത സംവാദമേഖലകള്‍ അത് തുറന്നു വെക്കുന്നു. മനുഷ്യന്‍ ആരു?

കേവലം ഈ ശരീരമാണോ മനുഷ്യന്‍? ജീവിക്കുകയും ഒരുനാള്‍ പുഴുക്കള്‍ക്ക് അന്നമായി തീരുകയും ചെയ്യുന്ന ഈ ശരീരം?! ഈ ശരീരത്തിന്‍റെ നിര്‍മിതിയുടെ ആസൂത്രണം തന്നെ നമ്മെ അതിശയിപ്പിക്കും. ലോകത്ത് എവിടെയും ഒരാളെ പോലെ മറ്റൊരാള്‍ ഇല്ല. സൃഷ്ടികര്‍ത്താവിന്‍റെ ഏറ്റവും അനുപമനും ഉന്നതനും മഹത്വപൂര്‍ണനുമായ സൃഷ്ടി മനുഷ്യനാകുന്നു. എത്ര ഉദാത്തനായിരുന്നാലുമെന്ത്, സ്വയം മാറ്റാനാവാത്ത പ്രകൃതിപരമായ ഒരു അദൃശ്യ നിയന്ത്രണത്തിനു അവന്‍ വിധേയനാണ്!! എങ്കില്‍, എന്തിനാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്? അവന്‍റെ ജീവിതലക്‌ഷ്യം എന്ത്? എന്തിനാണ് അഖിലാണ്ഡം അവനു അധീനമാക്കി കൊടുത്തിരിക്കുന്നത്?

ഈ ചോദ്യത്തിന്‍റെ ശരിയായ ഉത്തരം വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ പരിചയപ്പെടുത്തുന്നു. അവന്‍റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ പാലിച്ചിരിക്കേണ്ട നടപ്പുശീലങ്ങളെപ്പറ്റിയും നിയാമക തത്വങ്ങളെപ്പറ്റിയും അത് വാചാലമാവുന്നു. പ്രോത്സാഹിപ്പിക്കപ്പെടേണ്ട ചിന്താപദ്ധതികളെ പറ്റി ഉള്‍ക്കാഴ്ച നല്‍കുന്നു. നിരുത്സാഹപ്പെടുത്തേണ്ടവ സധൈര്യം നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. സത്യവും മിഥ്യയും കൃത്യമായ അതിര്‍വരമ്പിട്ടു വേര്‍ത്തിരിക്കുന്നു. ഓരോയിടത്തും ഒത്ത ഒത്തിരി ഉപമകള്‍ പ്രപഞ്ചത്തിന്‍റെ ഏതെങ്കിലുമൊരു കോണില്‍ നിന്ന് സ്വീകരിക്കുന്നു.

അത് ആകാശത്തിന്‍റെ അനന്തതയോ ആഴിയുടെ അഗാധതയോ ആകാം, ഒരു തുള്ളി പോലും ജലമില്ലാതെ വിശാലമായി കിടക്കുന്ന മരുഭൂമിയോ ജലം മാത്രം ആഴ്ന്നും പരന്നും കിടക്കുന്ന സമുദ്രമോ ആകാം, പൂര്‍വകാലത്ത് ജീവിച്ചിരുന്നവരോ സമകാലത്ത് ജീവിക്കുന്നവരോ ആകാം, സമ്പന്നതയില്‍ ആറാടുന്നവരോ വറുതിയോടു പൊറുതിമുട്ടുന്നവരോ ആകാം. വിജയത്തിന്‍റെ ഗിരിശ്രിംഗങ്ങളില്‍ വിരാചിച്ചിരുന്നവരോ പരാജയത്തിന്‍റെ പടുകുഴികളില്‍ ആപതിച്ചിരുന്നവരോ ആകാം... അതെന്തുതന്നെയും ആകട്ടെ, അതോടെ തുറന്നു വെക്കുന്നത് മറ്റൊരു വിസ്മയപ്രപഞ്ചമാണ്‌. ശാസ്ത്രത്തിന്‍റെയോ ചരിത്രത്തിന്‍റെയോ ലോകം, അല്ലെങ്കില്‍ പുരാതന സംസ്കാരത്തിന്‍റെ ഇരുളറകളിലേക്കോ ഭാവിയിലെ അനന്തമായ പഠനസാധ്യതകളിലേക്കോ കിളിവാതില്‍ തുറക്കുന്ന വെളിച്ചം.

അങ്ങനെയങ്ങനെ പലതും. എല്ലാത്തിന്‍റെയും ലക്‌ഷ്യം ഒന്ന്. സംസ്കാര സമ്പന്നനായ മനുഷ്യന്‍. അതു രൂപപ്പെടുത്തുന്നതിനുള്ള സമ്പൂര്‍ണവും ഏകവുമായ ജീവത്പദ്ധതിയാണ് അത് പഠിപ്പിക്കുന്നത്. സത്യം ഒന്നേയുള്ളൂ. ബാക്കിയെല്ലാം അര്‍ദ്ധസത്യങ്ങളോ മിഥ്യകളോ ആണ്. സത്യം ഏതെന്നു കൃത്യമായിപ്പറഞ്ഞു തരുകയാണ്‌ വിശുദ്ധ ഖുര്‍ആന്‍. അത് മനുഷ്യ ജീവിതത്തിലെ സൂക്ഷമമായ സന്ദര്‍ഭങ്ങളില്‍ പോലും എന്ത് പാലിക്കണമെന്ന് കൃത്യമായി വരച്ചുകാട്ടുന്നു. വിശ്വാസം, ആരാധന, ആത്മസംസ്കരണമുറകള്‍, വ്യക്തിധര്‍മങ്ങള്‍, കുടുംബജീവിതാവസരങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹ്യ ഇടപാടുകള്‍, ഭരണം, നീതിന്യായനിയമങ്ങള്‍, നാഗരികത, സംസ്കാരം തുടങ്ങി ഏതു മേഖലയിലും സാര്‍വജനീനവും സാര്‍വകാലികവുമായ ഇടപെടലിന്‍റെ സൂക്ഷമവും ഭദ്രവുമായ രീതിശാസ്ത്രമാണ് വിശുദ്ധ ഖുര്‍ആനിന്‍റെ ഉള്ളടക്കം.

എന്തിനും ഏതിനും ഒരു പര്യവസാനം ഉണ്ടെന്നു പ്രപഞ്ചത്തിലെ ഓരോ അണുവും നിത്യേനയെന്നോണം നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിനു മൊത്തത്തിലും ഒരു വിനാശം വരുന്നുണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അതിന്‍റെ വിധങ്ങളെ അത് പല പ്രകാരേണ ആഖ്യാനിച്ചിരിക്കുന്നു. അതു ഒരു ഒടുക്കമല്ല, എന്നെന്നേക്കുമായുള്ള തുടക്കമാണ്. അതിനു ശേഷം വരാനിരിക്കുന്ന ലോകത്ത് നീതി മാത്രം. ഇഹത്തില്‍ ചെയ്ത നെറിയും നെറികേടും വിചാരണ ചെയ്യപ്പെടും. നന്മക്കു രക്ഷയും തിന്മക്കു ശിക്ഷയും ഫലം. അവിടെ കൊയ്യേണ്ട ഫലം വിതക്കാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന കൃഷിയിടത്തിനു സമാനമാണ് ഐഹികജീവിതം.

ഇവിടെ മുല്ല വിതച്ചവന്‍ അവിടെ മുള്ള് കൊയ്യേണ്ടി വരില്ല; മുള്ള് വിതച്ചവന് സൃഷ്ടികര്‍ത്താവിന്‍റെ ഔദാര്യം കൊണ്ടല്ലാതെ മുല്ല കിട്ടുകയും ഇല്ല. സമ്പൂര്‍ണമായ ആ നീതിയിലേക്കു ഈ പ്രപഞ്ചത്തിന്‍റെ അന്ത്യം വാതില്‍ തുറക്കുന്നു. ഇരുളിന്‍റെ കൂട്ടാളികള്‍ക്ക് അഗ്നിപൊയ്കയും വെളിച്ചത്തിന്‍റെ സഹയാത്രികര്‍ക്ക് പറുദീസയും. അങ്ങനെയങ്ങനെ, എന്തെല്ലാം വിഷയങ്ങളെ പ്രതിയാണ് ഈ ഗ്രന്ഥം വാചാലമാവുന്നത്. ഭാവനയില്‍ വിടരുന്ന ചീട്ടുകൊട്ടാരം പണിതിരിക്കുകയല്ല വിശുദ്ധ ഖുര്‍ആന്‍. അതിന്‍റെ അവതാരകന് മുമ്പില്‍ ഭൂതവും ഭാവിയും വര്‍ത്തമാനവും തുറന്നു കിടക്കുന്നു. തനിക്കു നേരിട്ട് ദൃഢതയില്ലാത്തതൊന്നും അതിലില്ല. നമുക്കു ഭാവി പ്രവചനാതീതമാകാം. എന്നാല്‍ ഭൂതം നമുക്കറിയാവുന്നതും ഉണ്ടല്ലോ. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിരുന്ന കാലത്തു ഭാവിയായും ഇന്ന് ഭൂതമാവുകയും ചെയ്തിട്ടുള്ളവയില്‍ വിശുദ്ധ ഖുര്‍ആനിന്‍റെ പ്രവചനപരമായ നിലപാട് എത്രമാത്രം കൃത്യമായിരുന്നു എന്ന് വിലയിരുത്താന്‍ നമുക്കിന്നു എമ്പാടും ഉദാഹരണങ്ങള്‍ ഉണ്ട്.

അവ ഖുര്‍ആനിക വചനകര്‍ത്താവിന്‍റെ അനന്തവും അതുല്യവുമായ ജ്ഞാനത്തെയാണ് കാണിക്കുന്നത്. അവന്‍റെ അറിവ് അനാദി മുതല്‍ അനന്തത വരെ സകലവും ചൂഴ്ന്നു നില്‍ക്കുന്നു. ഇഹവും പരവും അവന്‍ ഒരേ സമയം അറിയുന്നു. എല്ലാം അവന്‍റെ സൃഷ്ടികള്‍; എന്തിനെകുറിച്ചും അവന്‍ അനുവദിച്ചതല്ലാത്ത യാതൊന്നും നാമറിയുന്നില്ല. ആ ദൃഢജ്ഞാനത്തിന്‍റെ ഏറ്റവും മികച്ച ദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്‍. അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച ഒന്നിനെയും ഇന്നു വരെയും ഒരാളും തിരുത്തിയിട്ടില്ല; വിഫല സാഹസങ്ങള്‍ ഉണ്ടായില്ല എന്നല്ല, കഴിഞ്ഞ പതിന്നാലര നൂറ്റാണ്ടില്‍ എമ്പാടും തവണ അതുണ്ടായി. എല്ലാം വ്യര്‍ത്ഥമായി എന്നര്‍ത്ഥം. ഇനിയും അതങ്ങനെ തന്നെ തുടരുകയും ചെയ്യും. കാരണം, അവര്‍ അറിയുന്നതിനെയും അറിയുന്നവന്‍ അല്ലാഹു. അവന്‍ അറിയുന്നത് അവരൊട്ടു അറിയുന്നുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter