ഭാഗം2- അടിമ സമ്പ്രദായം - എന്ത്‌കൊണ്ട് അംഗീകരിച്ചു
ഭാഗം2- അടിമ സമ്പ്രദായം - എന്ത്‌കൊണ്ട് അംഗീകരിച്ചു
1. നീതിക്കുവേണ്ടിയും പീഢനങ്ങള്‍ക്കെതിരെയും യുദ്ധംചെയ്യുമ്പോള്‍ ഏതെങ്കിലും ശത്രുരാഷ്ട്രവുമായി യുദ്ധത്തടവുകാരെ കൈമാറാനോ മോചനമൂല്യം വാങ്ങിവിട്ടയക്കാനോ കരാര്‍ചെയ്യാന്‍ സാധിക്കാതെവരിക, അല്ലെങ്കില്‍ യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങിവിട്ടയക്കുന്ന രാജ്യസുരക്ഷയെ ബാധിക്കുമെന്ന് തിരിച്ചറിയുക തുടങ്ങിയ സാഹചര്യങ്ങളിലാണ് അടിമയായി ചിലരെ ചിലര്‍ക്ക് കീഴില്‍ നിര്‍ത്തേണ്ടിവന്നത്. അത് രാഷ്ട്രീയമായി ഏറ്റവുംപക്വമായ ഒരു തീരുമാനമായിരുന്നു. തടവുകാരെ കൈകാര്യംചെയ്യാന്‍ വധമല്ലാതെ വേറെയൊരുമാര്‍ഗ്ഗം മുന്നില്‍ ഇല്ലാതിരുന്നപ്പോഴാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. അത് അടിമത്തത്തെ പ്രോത്സാഹിച്ചതായിരുന്നില്ല. മറിച്ച് അടിമത്തവ്യവസ്ഥ ഉള്ളില്‍ നിന്നു തന്നെ പൊളിക്കാനുള്ള തന്ത്രമായിരുന്നു.
യുദ്ധത്തടവുകാരെ മുഴുവന്‍ പാര്‍പ്പിക്കാനുള്ള തടവറ സംവിധാനം ഇല്ലാത്തതിനാല്‍ വ്യക്തിയധിഷ്ഠിത തടവുകാര്‍ എന്ന നിലക്കാണ് അടിമസമ്പ്രദായത്തെ ഇസ്ലാം ഉപയോഗിച്ചത്. ചൂഷണത്തിനും പീഢനത്തിനും വേണ്ടി മറ്റുള്ളവര്‍ ഉപയോഗിച്ച അടിമസമ്പ്രദായത്തെ ഇസ്ലാം ഒരു സ്വകാര്യ തടവറ സംവിധാനമായി ഉപയോഗിക്കുകയായിരുന്നു.ചൂഷണത്തിനും പീഢനത്തിനും വേണ്ടി മറ്റുള്ളവര്‍ ഉപയോഗിച്ച അടിമസമ്പ്രദായത്തെ സാങ്കേതികമായി കടമെടുക്കുകയും എന്നാല്‍ പ്രയോഗതലത്തില്‍ അടിമുടിപരിഷ്‌കരിച്ച് തങ്ങളുടെ തടവുസംവിധാനമായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു മുസ്ലിംകള്‍. എങ്ങനെയാണ് പരിഷ്‌കരിച്ചത്? ''നിങ്ങളെല്ലാം ആദമിന്റെ മക്കള്‍, ആദമോ മണ്ണിന്റെ പുത്രനും'' (ബുഖാരി) എന്ന് നബി പ്രഖ്യാപിച്ചു. ''നിങ്ങളുടെ സഹോദരന്മാരും ബന്ധുക്കളുമാണവര്‍, തന്റെ കീഴിലുള്ള ആ സഹോദരന്‍ ഭുജിക്കുന്നത് പോലുള്ള ഭക്ഷണവും താന്‍ ധരിക്കുന്നതു പോലുള്ള വസ്ത്രവും നല്‍കിക്കൊള്ളട്ടെ'' (ബുഖാരി) എന്നും നബിപ്രഖ്യാപിച്ചു. അടിമത്തം എന്ന പദത്തെപ്പോലും നിരര്‍ഥകമാക്കിക്കളയുന്ന വിധത്തില്‍ ആണ് ഇസ്ലാമിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍. തനിക്ക് കീഴിലുള്ള യുദ്ധത്തടവുകാരനെ സഹോദരനെന്ന വിളിക്കുകയും, താന്‍ ഉപയോഗിക്കുന്ന വസ്ത്രവും ഭക്ഷണവും അവര്‍ക്കു നല്‍കണമെന്ന് കല്‍പ്പിക്കുകയും ചെയ്ത ഇസ്ലാം, അടിമ എന്ന വാക്കിന് അന്നുണ്ടായിരുന്ന അര്‍ഥം തന്നെ കരിച്ചുകളയുന്ന കാഴ്ച ലോകം കണ്ടു. ഇത്രമേല്‍ മാന്യമായി യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യുന്ന മത-രാഷ്ട്രീയ സംവിധാനങ്ങള്‍ പിന്നീട് ലോകത്ത് ഉണ്ടായിട്ടുണ്ടോ?
2. അടിമകള്‍ സാമൂഹിക, സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ആയത് കൊണ്ട് തന്നെ ഒരു സുപ്രഭാതത്തില്‍ പൊടുന്നനെ അത് നിരോധിച്ചാല്‍ നിയമം അങ്ങോട്ട് നടപ്പാകുമെങ്കിലും ആളുകളുടെ മനസ്സില്‍ നിന്ന് അടിമകളോടുള്ള മനോഭാവം മാറിക്കിട്ടുമായിരുന്നില്ല. (ജാതീയമായ വേര്‍ത്തിരിവുകള്‍ നിരോധിച്ചിട്ടും ഇന്നും ജാതിയും അയിത്തവും മനസ്സില്‍ പേറിനടക്കുന്ന നികൃഷ്ടജീവികള്‍ നമ്മുടെനാട്ടിലില്ലേ എന്ന് ചിന്തിക്കുക)
എന്നാല് ഇസ്ലാംഅടിമകളോടുള്ള മനുഷ്യന്റെ മനോഭാവത്തിന്റെ കടക്കല്‍ ആണ് ആദ്യം കത്തിവെച്ചത്.അതോടെ ജനങ്ങള്‍ക്ക് അടിമകളും മനുഷ്യരാണ് എന്ന ധാരണ വന്നു. പിന്നീട് മറ്റുള്ളകാര്യങ്ങള്‍ എളുപ്പമായിരുന്നു.
അടിമത്തം എന്ന സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനെ നേരിട്ട് കൈവെക്കാതെ അടിമകളോട് പുലര്‍ത്തിയ മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. അതിന്റെ ഫലം ലോകംകണ്ടു. സ്വതന്ത്രരായ അടിമകള്‍ പിന്നീട് ഇസ്ലാമിക സമൂഹത്തില്‍ ഉന്നതസ്ഥാനീയരായി ചരിത്രം രചിച്ചു. നിരവധി പ്രമുഖരുള്ള മുസ്ലിം സേനയുടെ കമാണ്ടറായി പ്രവാചകരുടെ അടിമയായിരുന്ന ഉസാമ ബിന്‍ സൈദ് നിയമിതനായി. ഒമ്പതാംനൂറ്റാണ്ടിലെ അബ്ബാസീ ഖലീഫ അല്‍ മഅമൂന്‍ പിതാവ് ഹാറൂണ്‍ റശീദിന്റെ അടിമസ്ത്രീയിലുണ്ടായ പുത്രനായിരുന്നു.
ഗ്രീക്ക്-ഇന്ത്യന്‍ക്‌ളാസിക്ക് ്ഗ്രന്ഥങ്ങളെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ പ്രശസ്തമായ ട്രാന്‍സ്ലേഷന്‍ മൂവ്‌മെന്റിന് നേതൃത്വം നല്‍കിയ അദ്ദേഹമാണ് അല്‍ഗോരിതത്തിന്റെ പിതാവായ അല്‍ ഖവാരിസ്മിയുടെ ഗ്രന്ഥം പ്രസിദ്ധീകരിച്ചു യൂറോപ്പിന് അല്‍ഗോരിതം പരിചയപ്പെടാന്‍ വഴിയൊരുക്കിയത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 1206 മുതല്‍ 1290 വരെ ഒരു നൂറ്റാണ്ടു കാലം ഡല്‍ഹി കേന്ദ്രമാക്കി ഭരിച്ച മംലൂക്കുകള്‍ അബ്ബാസീ സാമ്രാജ്യത്തില്‍ വേരുകളുള്ള ഒരുഅടിമവംശമായിരുന്നു എന്ന ്എത്രപേര്‍ക്കറിയാം?
ഇസ്ലാമിലെ നാല് മദ്ഹബുകളിലൊന്നിന്റെ ഉപജ്ഞാതാവായ ഇമാം മാലിക്കിന്റെ ഗുരു നാഫിഅ് ഒരടിമയായിരുന്നു. എന്നാല്‍ അമേരിക്കയിലെ സ്വതന്ത്രരായ അടിമകളുടെ പിന്‍മുറക്കാരുടെ സാമൂഹികാവസ്ഥകള്‍നോക്കൂ. അവരിന്നും മുഖ്യധാരക്ക് പുറത്താണ്. അതാണു വ്യത്യാസം. യു.എസില്‍ നിന്നും നിരന്തരം വരുന്ന വംശീയ വിദ്വേഷത്തിന്റെയും വേട്ടയുടെയും അതിന് നേതൃത്വം നല്‍കുന്ന ഭരണ സംവിധാനങ്ങളുടെയും കഥകള്‍ സര്‍വ്വസാധാരണമാണ്.ഇസ്ലാമിനെ പോലെ അടിമകളുടെ സോഷ്യല്‍സ്റ്റാറ്റസ് ഇതുപോലെ ഉയര്‍ത്തിയ മറ്റൊരു പ്രത്യയ ശാസ്ത്രം ലോകത്തുണ്ടോ?
3. അടിമത്തം ഒരു മനോഭാവം ആണെന്നും, അറേബ്യയില്‍ നിലനിന്നത് അതിന്റെ അനേകം രൂപങ്ങളില്‍ ഒന്നു മാത്രം ആണെന്നും, വ്യത്യസ്ത രൂപങ്ങളില്‍ അതിന്നും നിലനില്‍ക്കുന്നുഎന്നും പ്രാഥമികമായി മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ അടിമത്തത്തിന്നിയതമായ രൂപമില്ലാത്തതിനാല്‍ അറേബ്യയില്‍ നിലനിന്നതിനെ മാത്രം നിരോധിക്കുന്നതിനേക്കാള്‍ വിപുലമായ ഫലപ്രാപ്തി മനോഭാവം ഇല്ലാതാക്കിയാല്‍ ലഭ്യമാവുമെന്നാണ് ഇസ്ലാം വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ആ മനോഭവം ഇല്ലാതാക്കുകയാണ് ഇസ്ലാം ചെയ്തത്. അതാണ് മറ്റുള്ളവര്‍ ചെയ്യാത്തതും.
അമേരിക്കയില്‍ പോലും പത്തൊമ്പതാം നൂറ്റാണ്ടില്‍ 1865ലാണ് അടിമവ്യാപാരം നിയമവിരുദ്ധമാക്കുന്നത്. എന്ന് വെച്ചാല്‍ അറേബ്യയില്‍ നടമാടിയിരുന്ന അടിമവ്യവസ്ഥ മാറ്റിനിര്‍ത്തിയാല്‍ തന്നെ മനുഷ്യരില്‍ ഇന്നും അടിമവ്യവസ്ഥ സജീവമായിനിലനില്‍ക്കുന്നുണ്ട്. പുതിയ പരിഷ്‌കൃത രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം. അടിമത്തം തീര്‍ച്ചായും ഒരു മനോഭാവമാണ്. അമേരിക്കക്കാര്‍ ആഫ്രിക്കക്കാരെയും ഫ്രഞ്ചുകാര്‍ സ്‌പെയിന്‍കാരെയും അടിമകളാക്കി വെച്ചിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. തമിഴരെയും മലയാളികളെയുമൊക്കെ പരിഷ്‌കൃത നാട്ടുകാരെന്ന് സ്വയംപൊക്കുന്ന ബ്രിട്ടീഷുകാര്‍ സിങ്കപ്പൂരിലേക്കും ബര്‍മയിലേക്കും മലേഷ്യയിലേക്കും നാടുകടത്തി തോട്ടങ്ങളിലും കടലിലുംമറ്റും അടിമപ്പണിയെടുപ്പിച്ച് നൂറ്‌കൊല്ലംതികഞ്ഞിട്ടില്ല. അടിമസമ്പ്രദായം പോയി പിന്നെ കൊളോണിയല്‍ അടിമത്തം ഇന്ത്യ പോലുള്ള നാടുകളുടെ രക്തമൂറ്റിയാണ്പിന്‍വാങ്ങിയത്. ഇന്ന് മുതലാളിത്തത്തിന്റെ സാമ്പത്തിക നയങ്ങള്‍ ദരിദ്രരുടെ രക്തവും മാംസവും മജ്ജയുമടക്കം ഊറ്റുന്നതരത്തിലാണ് പുതിയ അടിമത്തം. ഇന്ന് ലോകം അടക്കി വാഴുന്ന ലിബറല്‍ ഇക്കോണമി സ്ഥിതി ചെയ്യുന്നത്തന്നെ ആഫ്രിക്കക്കാരെയും ഏഷ്യക്കാരെയും അടിമകളാക്കി അവരുടെ രക്തക്കറയും വിയര്‍പ്പുംകൊണ്ട്‌മെഴുകിയ അടിത്തറയിലാണ്. Big Data യുടെയുംArtificial intelligence ന്റെയും ഈ യുഗത്തില്‍ അടിമക്കച്ചവടത്തോട് സമാനമായി മനുഷ്യന്റെ വ്യക്തിത്വചോരണം, സ്വകാര്യതാനഷ്ടംഎന്നിവ ഭയാനകമാം വിധംനിലനില്ക്കുന്നതായി ആമേഖലകള്‍ പരിചയമുള്ളവര്‍ക്കറിയാം. പ്രസിദ്ധ ഇസ്രയേലി ചരിത്രകാരന്‍ യുവാല്‍നോഹ്‌ഹെരാരി Hackable human being എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. അതിനാല്‍, അടിമത്തം ഒരുമനോഭാവമാണ് എന്നതിന് ഇന്നും അര്ത്ഥതതലങ്ങള് കൂടിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തകാലങ്ങളില്‍ അതാത് വ്യസ്ത സാമൂഹിക ഘടനകള്‍ സ്വീകരിക്കുന്നു എന്ന് മാത്രം. ആ മനോഭാവത്തെ തന്നെ അടിമുടി നിരാകരിച്ചു കഴിഞ്ഞ ഇസ്ലാമിന ്പിന്നീട് അറേബ്യയില്‍ നിലനിന്ന അടിമവ്യവസ്ഥയെ പ്രത്യേകം നിരോധിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. മറിച്ച് അടിമ വിമോചന നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ അതിനെ പൊടിച്ചുകളയാനാണ് ഇസ്ലാം ശ്രമിച്ചത്. തുറന്ന മനസ്സോടെ ഇക്കാര്യത്തെ സമീപിച്ച ഓറിയന്റലിസ്റ്റുകള്‍ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. G.W. Leitner എന്ന ഓറിയന്റലിസ്റ്റ് പണ്ഡിതന്‍ തന്റെ Religious Systems of the World എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: ''സകാത്തിന്റെ ഒരു വിഹിതം ഉപയോഗിക്കുന്നതടക്കമുള്ള പല അടിമവിമോചനപദ്ധതികളും മുഹമ്മദ് നടത്തുകയുണ്ടായി.ഇതേക്കുറിച്ചൊന്നും അറിയാതെ ക്രിസ്ത്യാനികള്‍ മുസ്ലിംകളെ കുറ്റപ്പെടുത്തുകയാണ്. മുഹമ്മദ് കൊണ്ടുവന്ന പ്രായോഗിക നിയമനിര്‍മാണം വഴിതന്നെ അടിമത്തത്തിന്റെ ഉന്മൂലനംസാധ്യമായിരുന്നു''. (MacMillan, New York, 1901). ഇതൊന്നും ചര്‍ച്ചചെയ്യാതെ, ആറാം നൂറ്റാണ്ടില്‍ അടിമവ്യവസ്ഥയെ നിര്‍വീര്യമാക്കാന്‍ സ്വന്തം തിയോളജി തന്നെ ഉപയോഗിച്ച് വിപ്ലവിപ്ലവകരമായ മുന്നേറ്റങ്ങള്‍ നടത്തിയ ഇസ്ലാമിനെ വികൃതമാക്കി അവതരിപ്പിക്കാനുള്ള യുക്തിവാദികളെന്ന് സ്വയംപറയുന്നവരുടെ യുക്തിബോധമാണ് ഇനിയും മനസ്സിലാകാത്തത്.
4. ''എന്നാലും എന്ത്‌കൊണ്ട് ഒറ്റയടിക്ക് ഒരു ആയത്തിറക്കി നിരോധിച്ചില്ല''എന്ന് ചോദിക്കുന്ന നിഷ്‌കളങ്കരും നമുക്കിടയിലുണ്ട്. മനുഷ്യമക്കള്‍ എല്ലാവരും ഒരു പോലെ മഹത്വം ഉള്ളവരാണ് എന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു (17:70). ഔന്നത്യത്തിന്റെ എന്തെങ്കിലുമൊരു മാനദണ്ഡങ്ങളുണ്ടെങ്കില്‍ അത് ദൈവഭക്തി മാത്രമാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചു (49:13). പ്രവാചകര്‍ തന്റെ അനുചരരെ അഭിസംബോധന ചെയ്യുന്നത് കാണുക. ''ജനങ്ങളേ, നിങ്ങളുടേത് ഒരൊറ്റ രക്ഷിതാവാണ്. നിങ്ങളെല്ലാമനുഷ്യര്‍ക്കും ഒരൊറ്റ പിതാവുമാണ്. അറിയുക, അറബിക്ക് അനറബിയേക്കാളോ,അനറബിക്ക് അറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ യാതൊരു മഹത്വും ഇല്ല, ദൈവഭയം മാനദണ്ഡമാക്കിയല്ലാതെ. ഈ പ്രഖ്യാപനം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തന്നല്ലോ അല്ലേ?'' ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴാണ് പ്രവാചകര്‍ ''ഞാനീ സന്ദേശം നിങ്ങള്‍ക്ക് എത്തിച്ചു തന്നല്ലോ അല്ലേ''എന്ന പ്രയോഗം നടത്താറുള്ളത്. ഇതില്‍ ക്കൂടുതല്‍ എന്ത് നിരോധനമാണ് ഇസ്ലാം നടപ്പിലാക്കേണ്ടത്? യഥാര്‍ഥത്തില്‍ ഇത്തരം പ്രഖ്യാപനത്തിലൂടെ അറേബ്യയില്‍ അന്നു നിലനിന്ന അടിമത്തം മാത്രമല്ല ഇസ്ലാം നിരോധിക്കുന്നത്. മറിച്ച്, ജാതീയത, വംശീയത, സാമ്പത്തിക കുത്തക, അധിനിവേശം തുടങ്ങി ലോകത്ത് നിലനിന്നതും ഇനി നിലനിന്നേക്കാവുന്നതുമായ അടിമത്തത്തിന്റെ സകലസാധ്യതകളെയും ആണ്.
Also Read:അടിമ സമ്പ്രദായത്തോടുള്ള സമീപനം- ഇസ്‍ലാമിന്റേതിനേക്കാള്‍ യുക്തിഭദ്രം വേറെ ഏതുണ്ട് (ഭാഗം1)
എന്തുകൊണ്ട് ആയത്തിറക്കിയില്ല എന്ന് ്‌ചോദിക്കുന്നവര്‍ ഇത്രയൊക്കെ പൊതുവായ അസമത്വ നിരോധന പ്രഖ്യാപനങ്ങള്‍ നടത്തിയസ്ഥിതിക്ക് അറേബ്യയില്‍ നിലനിന്ന പ്രത്യേകതരം അടിമസമ്പ്രദായത്തെ ഇനിയെന്തിനാണ് പ്രത്യേകം നിരോധിക്കുന്നത് എന്നു കൂടി ചിന്തിക്കേണ്ടതാണ്. ഈജിപ്ത് ജയിച്ചടക്കി അവിടെ ആദ്യത്തെ മുസ്ലിം ഗവര്ണറായി അംറ്ബിന്‍ ആസ്വ് സേവനം ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന്റെ പുത്രന്‍ ഒരുപാവപ്പെട്ടവനെ അന്യായമായി അടിച്ചെന്ന് ഖലീഫാ ഉമറിന് പരാതി ലഭിച്ചു. ഉമര്‍ ഗവര്‍ണറെ വിളിച്ച് ചോദിച്ചു: ''നിങ്ങളെപ്പോഴാണ് ജനങ്ങളെ അടിമയാക്കാന്‍ തുടങ്ങിയത്? അവരുടെ ഉമ്മമാര്‍ അവരെ പ്രസവിച്ച സ്വതന്ത്രര്‍ ആയിട്ടായിരുന്നല്ലോ''എന്നായിരുന്നു.
അടിമത്തം നിലച്ചു പോയിരിക്കുന്നു. ഇനിയാര്‍ക്കെങ്കിലും ആരെയെങ്കിലും എപ്പോഴെങ്കിലും അടിമയാക്കാമോ എന്നചോദ്യം പ്രസ്‌ക്തമാണ്. (അടിമസമ്പ്രദായം ഇസ്ലാമിക നിയമത്തിന്റെ ഭാഗമായിട്ടാണ് ചിലര്‍ ധരിച്ചിരിക്കുന്നത്). പാടില്ല എന്നത്തന്നെയാണ് ഇസ്ലാമികതത്വം. ഇത്രയുമധികം മാനവിക സമത്വം ഉദ്‌ഘോഷിച്ച സ്ഥിതിക്ക് പിന്നെയെങ്ങനെയാണ് ഇസ്ലാമിക നിയമപ്രയോഗങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ അടിമസമ്പ്രദായം തിരിച്ചുവരണം എന്ന് ചിലര്‍ ജല്‍പ്പിക്കുന്നത്?! മുഹമ്മദ് നബിയുടെ കാലത്തെ പോലുള്ള യുദ്ധരീതികള്‍ ഇന്നില്ലല്ലോ. ഇനി ഉണ്ടായാല്‍ തന്നെ യുദ്ധത്തടവുകാരെ തടവിലിടാനുള്ള സംവിധാനവും, പരസ്പരം കൈമാറാനുള്ള സാഹചര്യവും, ഇന്നത്തെ ദേശ രാഷ്ട്ര വ്യവസ്ഥയില്‍ അധിഷ്ഠിതമായ ലോകക്രമത്തില്‍ ഉണ്ട് താനും.
(തുടരും)
Leave A Comment