പൗരത്വ ഭേദഗതി നിയമം: ബിജെപി പാളയത്തിലും പട
കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ തുടരുന്നതിനിടെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലും ബിജെപിയിലും തന്നെ വിയോജിപ്പിന്റെ ശബ്ദം ഉയർന്നു കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം എത്ര പ്രക്ഷോഭം നടത്തിയാലും പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കുമെന്നും രാജ്യത്തുടനീളം എൻആർസി വ്യാപിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വന്തം പാളയത്തിൽ നിന്ന് തന്നെ എതിർപ്പ് ഉയരുന്നത് ബിജെപിയെ സംബന്ധിച്ചെടുത്തോളം വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
ജെഡിയു
പ്രക്ഷോഭങ്ങൾ മുൻനിർത്തി ആദ്യമായി നിലപാടിൽ മാറ്റം വരുത്തിയത് ബിജെപിയുടെ ബീഹാറിലെ സഖ്യകക്ഷിയായ ഹായ് ജെഡിയു ആണ്. (എന്‍.ആര്.സി) ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. ബി ജെ പിയെ പിന്തുണച്ചതിനെ തുടർന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും നേതാവുമായ പ്രശാന്ത് കിഷോർ രാജി ഭീഷണി മുഴക്കിയതോടെയാണ് നിതീഷ് കുമാർ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തോടൊപ്പം ദേശീയ പൗരത്വപ്പട്ടിക (എന്‍.ആര്.സി) കൂടി ചേരുമ്പോള്‍ അത് അത്യന്തം അപകരമായിരിക്കുമെന്നും ഭരണഘടനാവിരുദ്ധവും നിയമ വിരുദ്ധവുമായ ഈ നിയമത്തെ പിന്തുണകുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്നും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രശാന്ത് കിഷോര്‍ ധരിപ്പിച്ചതോടെയാണ് നിതീഷ് നിലപാട് മാറ്റിയത്.
ആസാം ഗണം പരിഷത്
പൗരത്വ ഭേദഗതി ബില്ലിനെതിരെ ആസാമിലെ ബിജെപിയുടെ സഖ്യകക്ഷിയായ ആസാം ഗണം പരിഷതും രംഗത്തെത്തി. നിയമ ഭേദഗതിക്കെതിരെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും എജിപി തീരുമാനിച്ചിട്ടുണ്ട്.
ശിരോമണി അകാലിദൾ
എൻഡിഎയുടെ പഞ്ചാബിലെ ഘടകക്ഷിയായ ശിരോമണി അകാലിദളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. മുസ്‌ലിംകളെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തണമെന്നാണ് ശിരോമലി അകാലിദൾ പ്രസിഡന്റ് സുഖ്ബിർ സിങ് ബാദൽ മുന്നോട്ടുവെക്കുന്ന ആവശ്യം. ‘മുസ്‌ലിംകളെ പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തണം. മറ്റു മതവിഭാഗങ്ങൾക്കു വേണ്ടി ജീവത്യാഗം ചെയത്‌വരാണു സിക്ക് ഗുരുക്കൾ. അവരുടെ ദർശനത്തിന് എതിരാണു മുസ‌്‌ലിംകളെ ഒഴിവാക്കിക്കൊണ്ടുള്ള നിയമം'- ബാദൽ പറഞ്ഞു
ബിജെപി പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റ്
നിയമത്തെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസും രംഗത്തെത്തിയിരിക്കുകയാണ്. ബംഗാളിൽ ബിജെപിക്കെതിരെ തെരുവുകളിലൂടെ റാലികൾ നയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനക്കൂട്ടത്തെ കൈയിലെടുത്ത് മുന്നേറുന്നതിനിടെയാണ് ബിജെപി വൈസ് പ്രസിഡണ്ടിന്റെ പ്രസ്താവന. നിയമ ഭേദഗതിയില്‍ നിന്ന് എന്തുകൊണ്ട് മുസ്‌ലിംകളെ ഒഴിവാക്കുന്നുവെന്ന് ചന്ദ്രകുമാര്‍ ബോസ് ചോദിച്ചു. നിയമത്തിന്റെ നടപടികള്‍ സുതാര്യമാകണമെന്നും ഇന്ത്യ എല്ലാ മതങ്ങള്‍ക്കുള്ള ഇടമാണെന്നും ചന്ദ്രകുമാര്‍ ട്വീറ്റ് ചെയ്തു. സ്വാതന്ത്ര്യസമരസേനാനിയായ സുഭാഷ് ചന്ദ്രബോസിന്‍െറ ചെറുമകനാണ് ബോസ്. പൗരത്വ നിയമത്തെ പിന്തുണച്ച് ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്‍റ് ജെ.പി നദ്ദ കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ബോസിന്‍െറ പ്രസ്താവന.
ഗോവ മുഖ്യമന്ത്രി
വിഷയത്തിൽ ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്തും പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമ പൗരത്വപട്ടികയും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും നടപ്പാക്കേണ്ടതില്ലെന്നാണ് പ്രമോദ് സാവന്ത് വ്യക്തമാക്കിയത്. പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടുള്ള ആയിരങ്ങളാണ് ഗോവയില്‍ ജീവിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ക്ക് ഭീതിയുണ്ടെന്നും സാവന്ത് പറഞ്ഞു.
മോദിയുടെ പിന്മാറ്റം
രാജ്യത്താകമാനം ശക്തമായ പ്രക്ഷോഭങ്ങൾ അരങ്ങേറുകയും സഖ്യകക്ഷികളും ബിജെപി നേതാക്കളും തന്നെ പൗരത്വ ബില്ലിനെതിരെ രംഗത്ത് വന്നതോടെ ബിജെപി അല്പം പിറകോട്ട് അടിച്ചിരിക്കുകയാണ്. ഹിന്ദു ദ്രുവീകരണം ലക്ഷ്യമിട്ടു നടപ്പാക്കിയ ബില്ലുകൾ ഒന്നും ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാതിരുന്നതും പാർട്ടിയെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. എൻആർസി ആസാമിൽ മാത്രമുള്ളതാണെന്നും അത് മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുമെന്ന് ബിജെപി പാർലമെന്റിലോ പുറത്തോ പറഞ്ഞിട്ടില്ലെന്നുമുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന അതാണ് തെളിയിക്കുന്നത്.
Leave A Comment