നിങ്ങള്‍ സ്ത്രീകളുടെ മനസ്സ് വായിച്ചിട്ടുണ്ടോ?
girlഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്ത്രീകള്‍ മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്നവരാണ്. വേണ്ടപ്പെട്ടവരുടെ മരണം, കൂടെ താമസിക്കുന്നവരില്‍നിന്നും ഏല്‍ക്കേണ്ടിവരുന്ന കടുത്ത വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും മറ്റും നിരന്തരമായി ഏല്‍ക്കേണ്ടിവരിക, ഭര്‍ത്താവ് വേണ്ടതുപോലെ പരിഗണിക്കുന്നില്ലെന്ന തോന്നലുണ്ടാകുക, മക്കള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ ആയിത്തീരാതിരിക്കുക, വിരഹാനുഭവങ്ങള്‍, ആശാഭംഗങ്ങള്‍, ധനനഷ്ടങ്ങള്‍ എന്നിവയൊക്കെ അസ്വാസ്ഥ്യം ജനിപ്പിക്കുന്ന കാര്യങ്ങളാണ്. ഇതുപോലുള്ള നിത്യസംഭവങ്ങള്‍ കൂടാതെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന ഒട്ടനവധി കാര്യങ്ങളും സ്ത്രീകളുടെ മനസ്സിനെ അലട്ടുന്നതായിരിക്കും. ഇവ അസ്വസ്ഥത വളര്‍ത്തുകയും ചെയ്യും. അഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടാതെ പോകുന്നതാണ് മാനസിക അസ്വാസ്ഥ്യത്തിന് പ്രധാന കാരണം. ചപലമായ പല വ്യാമോഹങ്ങളും സ്ത്രീകളെ അസ്വസ്ഥ ചിത്തരാക്കുന്നു. അയല്‍ക്കാരിയെപ്പോലെ തനിക്ക് ഉദ്യോഗം ഇല്ലല്ലോ എന്ന ചിന്ത, ആണ്‍കുട്ടി (പെണ്‍കുഞ്ഞ്) ഇല്ലെന്നതിനുള്ള വിഷാദം, ധനികരായ അയല്‍ക്കാരുടെ ജീവിത സൗകര്യങ്ങളിലെ അസംതൃപ്തി, യൗവ്വനത്തില്‍ ഭര്‍ത്താവിനെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചുമുണ്ടായിരുന്ന സ്വപ്നങ്ങള്‍ തകര്‍ന്നുപോയതിലുള്ള വിഷമം എന്നിങ്ങനെ തീര്‍ത്തും അസംബന്ധവും യുക്തിരഹിതവുമായ അനേകം പശ്ചാത്തലങ്ങളും സ്ത്രീകളില്‍ അസംതൃപ്തി, ഭ്രമചിന്തകള്‍, വിരസത, അപകര്‍ഷതാബോധം എന്നിവയുണ്ടാക്കുന്നു. ഇത് മാനസികാസ്വാസ്ഥ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകള്‍ എപ്പോഴും അസ്വസ്ഥചിത്തരും അസംതൃപ്തരുമായിട്ടാണു കണ്ടുവരുന്നത്. മനുഷ്യനെ ഏറ്റവും കൂടുതല്‍ പിടിച്ചുകുലുക്കുന്നത് അവന്റെ/അവളുടെ ജീവിത പങ്കാളിയുടെ വേര്‍പാടാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുന്നത് സ്വന്തം പങ്കാളിയെ നഷ്ടപ്പെടുമ്പോഴാണ്. ജീവിത പങ്കാളിയെ നഷ്ടപ്പെടുന്നവരില്‍; അത് മരണമായാലും വിവാഹ മോചനമായാലും ഉളവാകുന്ന മാനസികാസ്വാസ്ഥ്യവും ദുഃഖവും വളരെ വലുതായിരിക്കും. പങ്കാളിയുമായുള്ള വേര്‍പിരിയല്‍, മാതാപിതാപുത്രാദികളുടെ മരണം, കുടുംബ കലഹം, കടബാദ്ധ്യത, ജോലിയിലുള്ള അസ്ഥിരത, പെട്ടെന്നുള്ള ഉദ്യോഗനഷ്ടം, അപകടങ്ങള്‍, ഗര്‍ഭഛിദ്രം, മക്കള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ ആകാതിരിക്കുക എന്നു തുടങ്ങിയ പല സംഭവങ്ങളും വ്യക്തിയെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് പിടിച്ചുലയ്ക്കും. അതുപോലെതന്നെ കാലാവസ്ഥ, ഭക്ഷണക്രമം, ജീവിതരീതി എന്നിവയിലെ മാറ്റങ്ങളും ചുമ, ചില രോഗാണുബാധകള്‍, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കു നല്‍കുന്ന ചില ഔഷധങ്ങളും മാനസികാസ്വാസ്ഥ്യങ്ങള്‍ക്കു കാരണമാകാറുണ്ട്. ശാരീരികാവസ്ഥയിലെ വ്യതിയാനവും മറ്റൊരു കാരണമാണ്. പല സ്ത്രീകളിലും ആര്‍ത്തവവുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കവും അസ്വാസ്ഥ്യവും ഉണ്ടാകാറുണ്ട്. വ്യക്തിയില്‍ തന്നെയുള്ള ആശയസംഘര്‍ഷവും അവരുടെ ചുറ്റുപാടുമെല്ലാം മാനസികാസ്വസ്ഥതക്ക് കാരണമാകുന്നുണ്ട്. അതുപോലെ പഴയ ചുറ്റുപാടുകളും പുതിയ സാഹചര്യങ്ങളും പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയാക്കുന്നു. അതായത് പഴയ വിശ്വാസങ്ങള്‍ക്കെതിരായുള്ള ആധുനിക സാമൂഹികാചാരങ്ങളും സാമ്പത്തിക ഘടകങ്ങളും കുടുംബപരമായ പിരിമുറുക്കങ്ങളും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. അപ്പോള്‍ പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും ഉടലെടുക്കാനും മാനസികാസ്വാസ്ഥ്യം ജനിക്കാനുമിടയാകുന്നു. ഏതായാലും അകാരണമായ വ്യഥയാലും ഉല്‍ക്കണ്ഠയാലും കരുത്തുനേടുന്ന നിഷ്ഫലതാബോധവും ദുഃഖവും ആത്മനിന്ദയും നിരാശയും വ്യക്തിയെ അസ്വാസ്ഥ്യത്തിലേക്കു തള്ളിവിടുന്നു. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നതിനുപകരം അവയെക്കുറിച്ച് തീവ്രമായി വേവലാതിപ്പെടുക മാത്രം ചെയ്യുമ്പോള്‍ അതു വിഷാദത്തിനും അസ്വസ്ഥതയ്ക്കും കാരണമായിത്തീരുന്നു. ഇത് തീക്ഷ്ണമാകുമ്പോഴാണ് ചിലര്‍ ആത്മഹത്യക്കൊരുങ്ങുന്നത്. ചുരുക്കത്തില്‍ അസ്വസ്ഥത ജീവിതത്തെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നതിനാല്‍ ഇതിനെ തക്കസമയത്ത് നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ സ്ത്രീകളെ വിഷാദത്തിലേക്കും ഉല്‍ക്കണ്ഠയിലേക്കും തള്ളിവിടും. സ്ത്രീകളെ മാനസികാസ്വാസ്ഥ്യം പിടികൂടുമ്പോള്‍ കുടുംബാന്തരീക്ഷം തന്നെ മ്ലാനവും അസന്തുഷ്ടവുമായിത്തീരുന്നു. ഇത്തരം സ്ത്രീകള്‍ മൗനത്തിന്റെയും ആകുലതയുടെയും പിടിയിലായിത്തീരുന്നു. നൈസര്‍ഗികമായ പ്രസരിപ്പിനെയും ചൈതന്യത്തെയുമിത് നശിപ്പിക്കുന്നു. അവളിലെ അസംതൃപ്തമായ മുഖം ഭര്‍ത്താവിലും കുട്ടികളിലും ആകുലതയും മനോവിഷമവും സൃഷ്ടിക്കുന്നു. മനസ്സില്‍ അസ്വസ്ഥത അധികമാകുന്ന സ്ത്രീകള്‍ ചിലപ്പോള്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചേക്കാം. ഒരു ചെറിയ പ്രകോപനം മതി അവളെ ക്രൂദ്ധയാക്കാന്‍. ഇത് തുടര്‍ന്നുപോകുകയാണെങ്കില്‍ ഭര്‍ത്താവും കുട്ടികളും അവളില്‍നിന്നകലുന്നു. കുടുംബം തകരാന്‍ ഇതില്‍ കൂടുതല്‍ വേണ്ടല്ലൊ. മാനസികാസ്വസ്ഥത അമിതമായാല്‍ അത് ശാരീരിക രോഗങ്ങള്‍ക്കും കാരണമായേക്കും. വ്യക്തമായ ശാരീരിക കാരണങ്ങളില്ലാതെ ഉണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ചെറുപ്പകാലത്തുണ്ടാകുന്ന ചിലതരം അര്‍ബുദം തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കടുത്ത മാനസികാസ്വാസ്ഥ്യം കാരണമാകുന്നുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തുടക്കത്തില്‍ തന്നെ ഇതിനെ നിയന്ത്രിക്കാന്‍ കഴിയേണ്ടതാണ്. ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ സ്വയം മനസ്സിലാക്കുക, നിങ്ങള്‍ക്കു നേടാന്‍ കഴിയുന്നതെന്താണോ അത് സ്ഥായിയും ഫലപ്രദവുമാക്കാന്‍ ശ്രമിക്കുക. കഴിയുന്നതും മനസ്സിനെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. മനസ്സിനെ സദാ ആരോഗ്യകരവും ക്രിയാത്മകവുമായ ചിന്തകളില്‍ വ്യാപരിപ്പിക്കുക. മനസ്സിനിണങ്ങുന്ന ഏതെങ്കിലും ഹോബികളില്‍ മുഴുകുക. ആഹാരക്രമത്തിലുള്‍പ്പെടെ പല കാര്യത്തിലും നിയന്ത്രണം പാലിക്കുക. വ്യായാമങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ക്ക് മുടക്കം വരുത്താതിരിക്കുക. എപ്പോഴും ഉത്തരവാദിത്വത്തോടെ ചിന്തിക്കാനും പെരുമാറാനും ശ്രമിക്കുക. അതുപോലെ, നിത്യവും ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍നിന്ന് ഒഴിഞ്ഞ് മറ്റെന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓഫീസുകളിലാണെങ്കില്‍ ജോലികള്‍ പരസ്പരം മാറി ചെയ്യുന്നതും ഫലപ്രദമാണ്. (ചില സ്ഥാപനങ്ങളില്‍ ഇങ്ങനെ ചെയ്യാറുണ്ട്) ഇത് മാനസിക സംഘര്‍ഷവും മടുപ്പും വലിയൊരളവുവരെ പരിഹരിക്കാന്‍ സഹായിക്കും. എന്നിട്ടും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ എത്രയും പെട്ടെന്ന് മനഃശാസ്ത്രജ്ഞനെ കാണുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter