ഇതോ സംവാദങ്ങളുടെ രീതിശാസ്ത്രം?
കേരളത്തിലെ ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം. രാത്രി സമയം പത്തു മണിയോടടുക്കുന്നു. റോഡരികില്‍ സ്ഥാപിച്ച കൂറ്റന്‍ എല്‍.സി.ഡി സ്‌ക്രീനിനു മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം. ഇടക്കിടെ കൂവലുകളും ആര്‍ത്തു വിളിച്ചുള്ള ചിരികളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സ്‌ക്രീനിലെ ദൃശ്യങ്ങള്‍ക്കനുസരിച്ച് തൊട്ടടുത്തുള്ള സ്റ്റേജില്‍ നിന്ന് പ്രാസംഗികന്റെ കമന്റുകളും വിശദീകരണങ്ങളും മുറക്ക് നടക്കുന്നു. ഏതോ ആദര്‍ശ വിശദീകരണ സദസ്സാണെന്ന് വ്യക്തം.
സീന്‍ രണ്ട്
ഫേസ് ബുക്ക്. കഴ്‌സര്‍ താഴോട്ടും മുകളിലേക്കും ചലിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കണ്ടു മുട്ടുന്ന പോസ്റ്റുകളില്‍ മിക്കതും മുസ്‌ലിം നേതാക്കളെ അധിക്ഷേപിച്ചും പരിഹസിച്ചും ഉള്ളതാണ്. ചിലതൊക്കെ പെരുംകള്ളമാണെന്ന് ഒറ്റ വായനയില്‍ വ്യക്തം. ചില പോസ്റ്റുകള്‍ക്ക് കീഴെ കടുത്ത വാഗ്വാദം നടന്നു കൊണ്ടിരിക്കുന്നു. ദിവസവും മണിക്കൂറുകള്‍ ഇതിനായി ചെലവഴിക്കുന്ന പലരുമുണ്ട് കൂട്ടത്തില്‍. ആരുടെയും ആത്മാര്‍ത്ഥത ചോദ്യം ചെയ്യാനല്ല ഈ കുറിപ്പ്. സമൂഹത്തിലെ ജീര്‍ണ്ണതകളെ തുറന്നു കാണിക്കുക എന്ന പണ്ഡിത ധര്‍മത്തെ നിഷേധിക്കാനുമല്ല. മുസ്‌ലിം ലോകത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ കാലാകാലങ്ങളില്‍ പണ്ഡിതന്‍മാര്‍ ആ കര്‍ത്തവ്യം അതീവ ജാഗ്രതയോടെ നിര്‍വഹിച്ചിരുന്നുവെന്നും വ്യക്തമാവും. ഇസ്‌ലാമിന്റെ അടിസ്ഥാന രൂപം ഇക്കാലമത്രയും സംരക്ഷിച്ചു നിര്‍ത്തിയതില്‍ ഈ പണ്ഡിത മഹത്തുക്കള്‍ വഹിച്ച പങ്ക് നിസ്സാരമല്ല. എന്നാല്‍ ഇസ്‌ലാമിന്റെ പൈതൃകത്തിന്റെ സമ്പൂര്‍ണ `സനദ്' അവകാശപ്പെടുന്ന കേരളത്തിലെ നിലവിലെ സ്ഥിതി മറ്റൊന്നാണ്. വാദ പ്രതിവാദങ്ങളാലും പോര്‍വിളികളാലും മുഖരിതാണ് കേരള മുസ്‌ലിമിന്റെ പരിസരം. ജയിക്കാന്‍ വേണ്ടി മാത്രമുള്ളതാവുന്നു ഇവിടത്തെ പല സംവാദങ്ങളും. മറുവിഭാഗത്തെ പൊതു ജന മധ്യെ താറടിച്ചു കാണിക്കുക എന്നതിനപ്പുറം പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഈ സംവാദങ്ങള്‍ക്ക് ഇല്ലാതായിരിക്കുന്നു. വ്യക്തിപരമായ ആക്ഷേപങ്ങളും പരിഹാസങ്ങളും ഇത്തരം പ്രഭാഷണങ്ങളില്‍ സാധാരണായാണ്. അതിനാല്‍ തന്നെ ഇത്തരം ആദര്‍ശ പ്രഭാഷണങ്ങള്‍ കേട്ട് മടങ്ങിപ്പോവുമ്പോള്‍ ഒരു തെരുവ് നാടകം കണ്ട സുഖമാണ് കാഴ്‌ചക്കാര്‍ക്ക് അനുഭവപ്പെടുക. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും ക്ലാസ് റൂമുകളിലും മേല്‍പറഞ്ഞ വിധമുള്ള ആദര്‍ശ സംഘട്ടനങ്ങള്‍ പതിവായിരിക്കുന്നു. പരസ്‌പരം കലഹിച്ചും തമ്മിലടിച്ചും തെറിപറഞ്ഞും തലങ്ങനെയും വിലങ്ങനെയുമുള്ള ആയിരക്കണക്കിന് പോസ്റ്റുകളാണ് ഫെയ്‌സ് ബുക്കില്‍ ദിനേനെ പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇവയില്‍ മിക്കതും അര്‍ധ സത്യമോ പച്ചക്കള്ളമോ ആയിരിക്കും. ആരെയും ഏതു വിധേനെയും അപകീര്‍ത്തിപ്പെടുത്താനും കോലം കെടുത്താനുമുള്ള വേദിയായിരിക്കുന്നു ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍. ഈ നിലക്ക് മാറ്റം വരണം. സംവാദങ്ങള്‍ ആരോഗ്യകരമായിരിക്കട്ടെ. ഭിന്ന ആശയക്കാരോടല്ല അവര്‍ പുലര്‍ത്തുന്ന ആശയങ്ങളോടാണ് ശത്രുത വേണ്ടത്. അവരെ മാറ്റി നിര്‍ത്തേണ്ടതും വിമര്‍ശിക്കേണ്ടതും ആശയങ്ങളെയും വാദഗതികളെയും മുന്‍നിര്‍ത്തിയാണ്. അവരുടെ സംസാരത്തിലുള്ള ഉച്ചാരണപ്പിശകിനെയോ ശബ്‌ദത്തെയോ ഭാവങ്ങളെയോ ആംഗ്യ പ്രകടനങ്ങളെയോ കടന്നാക്രമിക്കുന്നത് വ്യക്തി വിരോധം തീര്‍ക്കുന്നത് പോലെയാണ് തോന്നുക. പണം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും മാപ്പിളമാര്‍ ഇന്നത്തേതിനേക്കാള്‍ പുറകിലായ കാലമുണ്ടായിരുന്നു. ഉടു തുണിക്ക് മറു തുണിയില്ലാതെ നടന്നിരുന്ന ആ കാലത്തും ഏത് ഉള്ളവനും ഇല്ലാത്തവനും പണ്ഡിതന്മാരെ ആദരിച്ചിരുന്നു. അന്യ മതസ്ഥര്‍ അവരോട് പ്രത്യേക ബഹുമാനം കാണിച്ചിരുന്നു. ഇന്നോ, മത പണ്ഡിതര്‍ പരിഹാസ കഥാപാത്രങ്ങളായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. സ്റ്റേജിലും പേജിലും പര്‌സപരം ചെളി വാരി എറിയുന്നതില്‍ മത്സരിക്കുന്ന നേതാക്കളും അതില്‍ ആവേശം കണ്ടെത്തുന്ന അണികളും. മുസ്‌ലിം കേരളത്തിന് ഇതില്‍ പരം എന്ത് മാനക്കേടുണ്ട്? പരസ്‌പരം ചെളി വാരി എറിയുന്നതില്‍ ആരും പിന്നിലല്ല. ഇത് കേള്‍ക്കാള്‍ ശ്രോതാക്കളുടെ എണ്ണവുംകൂടും. ഗാനമേളക്കും സെവന്‍സിനുമൊക്കെ പോവുന്ന ത്രില്ലിലാണ് പലരും ഇത്തരം പ്രസംഗങ്ങള്‍ക്ക് പോവുന്നത്. ദീനായിരിക്കില്ല അവരുടെ വികാരം; എതിരാളികളോടുള്ള പ്രിതികാരമായിരിക്കും. ഞാനോ നീയോ എന്ന അര്‍ഥത്തിലുള്ള വലിപ്പച്ചെറുപ്പ സംസാരത്തിലേക്ക് നീങ്ങുന്ന ഇത്തരം വാദ പ്രതിവാദങ്ങള്‍ സമൂഹത്തില്‍ ഉണര്‍ത്തുന്ന ചിന്ത എന്തായിരിക്കും? സമുദായത്തില്‍ ഉലമാക്കളുടെ വില കളഞ്ഞത് പണ്ഡിത വേഷധാരികളായ ഇത്തരം ചില തെറി പ്രഭാഷകരാണ്. സ്റ്റേജില്‍ കയറി അശ്ലീല പദങ്ങള്‍ വിളിച്ചു പറയുന്ന ഇവര്‍ പൊതുജന മധ്യെ സ്വയം അപഹാസ്യരാവുന്നു എന്നതിന് പുറമെ പണ്ഡിതരുടെ വില ഇടിച്ചു താഴ്‌ത്തുക കൂടിയാണ് ചെയ്യുന്നത്. ഇതേ സൈറ്റില്‍ മുമ്പൊരിക്കല്‍ ഡോ. ബഹാഉദ്ധീന്‍ കൂരിയാടുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട ഒരു ന്യൂസില്‍ പണ്ഡിത വേഷ ധാരിയായ ഒരു വായനക്കാരന്റെ അത്ര സഭ്യമല്ലാത്ത കമന്റിന് മറ്റൊരു വായനക്കാരന്‍ മറു കുറിപ്പെഴുതിയത് ഓര്‍ത്തു പോവുന്നു. ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ സംസ്‌കാരം ഭാഷയില്‍ കാണുന്നില്ലല്ലോ എന്നായിരുന്നു അത്. ഇതര ആശയ ആദര്‍ശങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തേണ്ടതും തന്നെയാണ്. അതിന് നിലവിലെ രീതി മാറ്റണമെന്നാണ് പറഞ്ഞു വന്നതിന്റെ സാരം. വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ യോജിപ്പിന്റെ മാര്‍ഗം കണ്ടെത്താന്‍ സാധിക്കണം. കേരളത്തില്‍ ജീവിച്ചിരിക്കുന്ന നിസ്വാര്‍ത്ഥരും നിഷ്‌കപടരുമായ അനേകം പണ്ഡിതരെ വിസ്‌മരിച്ചല്ല ഇതെഴുതുന്നത്. ദിക്‌ര്‍ ദുആ സദസ്സുകളില്‍ ആത്മീയ നേതൃത്വം നല്‍കുന്ന സയ്യിദുമാരും പണ്ഡിതന്മാരും കേരളത്തിന് അനുഗ്രഹമാണ്. തുഹ്‌ഫത്തുല്‍ മുജാഹിദീനും ഫത്‌ഹുല്‍ മുഈനുമടക്കം അനേകം ഗ്രന്ഥങ്ങള്‍ വിരചിതമായ നാടാണ് കേരളം. കേരളത്തിലെ സുപ്രസിദ്ധരായ പണ്ഡിതന്മാരില്‍ മിക്ക പേരും രചനാ രംഗത്ത് സജീവമായിരുന്നു. പഴയ കാലത്തെ പള്ളികളിലെ ഖുത്ത്‌ബ് ഖാനകള്‍ പരിശോധിച്ചാല്‍ വെളിച്ചം കാണാതെ പോയ അനേകം കയ്യെഴുത്തു ഗ്രന്ഥങ്ങള്‍ കണ്ടെടുക്കാനാവും. കേരളത്തില്‍ വിരചിതമായവയാണ് അവയില്‍ മിക്കതും. ഇന്നത്തേതിനേക്കാള്‍ കലുഷിതമായ രാഷ്‌ട്രീയ-സാമൂഹിക കലാവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിലും ഇത്തരം പുരോഗനാത്മക പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു കൊണ്ടിരുന്നു എന്ന് സാരം. എന്നാല്‍ ഇരുപതുകളില്‍ നവ ചിന്താഗതികള്‍ കേരളത്തിലേക്ക് രംഗ പ്രവേശനം നടത്തിയതു മുതല്‍ ഈ അവസ്ഥക്ക് കാര്യമായ മാറ്റം വന്നു. രചനകള്‍ക്ക് വേണ്ടി നീക്കിവെച്ചിരുന്ന സമയം ആശയ പ്രതിരോധ പ്രചരണത്തിനായി വിനിയോഗിക്കപ്പെട്ടു. സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കേണ്ടതും പൊതുജനത്തെ ജാഗരൂകരാക്കേണ്ടതും പണ്ഡിതന്മാരുടെ ബാധ്യതായിരുന്നു. അതിനാല്‍ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെയും വരക്കല്‍ മുല്ലക്കോയ തങ്ങളുടെയും കാര്‍മികത്വത്തില്‍ അവര്‍ സംഘടിക്കുകയും അഹ്‌ലു സുന്നയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. ശംസുല്‍ ഉലമാ ഇ.കെ അബുബക്കര്‍ മുസ്‌ലിയാരും കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരും ഇ.കെ ഹസ്സന്‍ മുസ്‌ലിയാരും ആ പ്രസ്ഥാനത്തിന്റെ പില്‍ക്കാല കണ്ണികളായി. അവരുടെ പ്രചരണങ്ങള്‍ക്ക് ദഅ്‌വത്തിന്റെ സ്വരമുണ്ടായിരുന്നു. ഇപ്പോഴും അതേ മാര്‍ഗം പിന്തുടര്‍ന്ന് മാന്യമായി സംസാരിക്കുകയും സ്‌പഷ്‌ടമായി കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നവര്‍ വിരളമല്ല. പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്ന ആത്മീയ സദസ്സുകള്‍ പത്തിരുപത് വര്‍ഷം മുമ്പ് വരെ കേരളത്തിലെ മുസ്‌ലിം ഗ്രാമങ്ങളില്‍ വ്യാപകമായിരുന്നു. ബുര്‍ദ ചൊല്ലി ആരംഭിക്കുന്ന സദസ്സുകള്‍ ദിക്‌റും ദുആയിലുമാണ് അവസാനിക്കുക്കുമ്പോള്‍ മനസ്സ് നിറഞ്ഞാണ് ശ്രോതാക്കള്‍ തിരിച്ചു പോവുക. പരസ്‌പര വൈരാഗ്യത്തിലും അധാര്‍മികതയിലും കഴിയുന്ന ഹൃദയങ്ങളില്‍ ദീനിന്റെ ദിവ്യ വെളിച്ചം വീണിരിക്കും. സ്വര്‍ഗവും നരകവും കണ്‍മുന്നില്‍ കാണുന്ന അവര്‍ പിഴവുകള്‍ തിരുത്തി പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കും. ആത്മീയ സദസ്സുകളും മത പ്രഭാഷ വേദികളും ഇപ്പോള്‍ ആദര്‍ശ വിശദീകരണ വേദികള്‍ക്ക് വഴി മാറിയിരിക്കുന്നു. നമ്മുടെ ഈ അനാവശ്യ പ്രസംഗങ്ങള്‍ കഴിഞ്ഞ് പോവുന്നവരുടെ മാനസിക നിലയും പഴയ മത പ്രഭാഷണ സദസ്സ് പിരിഞ്ഞ് പോവുന്നരുടെ മാനസിക നിലയും താരതമ്യം ചെയ്‌തു നോക്കുക. എവിടേക്കാണ് ഇത്തരം സംവാദങ്ങള്‍ കേരള മുസ്‌ലിമിനെ കൈപ്പിടിച്ചാനയിക്കുന്നത്? ലക്ഷ്യങ്ങള്‍ മറന്നുള്ള തെരുവ് തെറി പ്രഭാഷണങ്ങള്‍ സമുദായത്തെ ഛിദ്രതയിലേക്കും നാശത്തിലേക്കും നയിക്കും. ഈ സമുദായം തമ്മില്‍ തല്ലി നശിക്കും. തറവാട്ടില്‍ അടി നടക്കുന്നത് കണ്ട് അയല്‍പക്കക്കാര്‍ പരിഹസിച്ചു ചിരിക്കും. അനാവശ്യ വിവാദങ്ങളും പരിധി വിട്ട പരിഹാസ പ്രവര്‍ത്തനങ്ങളും നടത്തി അന്യ മതസ്ഥര്‍ക്ക് ഇടയില്‍ മുസ്‌ലിം ഇപ്പോള്‍ തന്നെ നിന്ദ്യനാണ്. ഭൂമിയോളം താണു. ഇനി പാതാളത്തോളം താവണോ നമ്മള്‍? നമ്മള്‍ കെട്ടുന്ന ഫ്‌ളക്‌സുകളും നടത്തന്ന പ്രഭാഷണങ്ങളും ഫേസ്‌ബുക്കിലിടുന്ന ഓരോ പോസ്റ്റും പൊതുജനം ശ്രദ്ധിക്കുന്നുണ്ടെന്ന വസ്‌തുത മറന്ന് പോവരുത്. ഇങ്ങനെ തെരുവ് യുദ്ധം നടത്തി കാലം കഴിച്ചാല്‍ മതിയോ നമുക്ക്? ആശയ പ്രചരണം പോലെ ഇനിയും എത്രയോ ഉത്തരവാദിത്തങ്ങള്‍ ബാക്കി നില്‍ക്കുന്നു. സമുദായത്തില്‍ വളര്‍ന്നു വരുന്ന ജീര്‍ണ്ണതകള്‍ക്കെതിരെയും അനാശാസ്യ പ്രവണതകള്‍ക്കെതിരെയും സമൂഹ മനസ്സാക്ഷി ഉണരേണ്ടതില്ലേ? അന്യന്റെ കുറ്റവും കുറവും മാത്രം കൊട്ടിദ്‌ഘോഷിച്ച് നടന്നാല്‍ സമുദായം പുരോഗമിക്കുമോ? സമുദായത്തില്‍ പലരും തുറന്ന് പറയാന്‍ മടിക്കുന്നതും എന്നാല്‍ മനസ്സില്‍ കൊണ്ടു നടക്കുന്നതുമായ ഇത്തരം കാര്യങ്ങളാണ് ആഴ്‌ചകള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ച് റഹ്‌മത്തുല്ലാഹ് ഖാസിമി മത്തേടം തുറന്നടിച്ചത്. പറഞ്ഞതില്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയും മനോഭാവവും ന്യായമായും സംശയത്തോടെ നോക്കുന്നവരുണ്ടായിരിക്കാം, അത് കാലം തെളിയിക്കേണ്ടതാണ്. പക്ഷേ, അദ്ദേഹം പറഞ്ഞവയെ കാര്യങ്ങളായി നോക്കിക്കാണുമ്പോള്‍ അവയില്‍ പലതും അംഗീകരിക്കാതിരിക്കാനാവില്ലെന്നതല്ലേ സത്യം. -നവാസ് എളങ്കൂര്‍
Leave A Comment