യുക്തിവാദികള് സംഘ്പരിവാറിനെ സഹായിക്കുകയാണ്

നിങ്ങളൊരു യുക്തിവാദിയേ ഒരു ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുക്കാന്‍ വിളിച്ചു എന്നിരിക്കട്ടെ. ഉദാഹരണത്തിന് രവി ചന്ദ്രന്‍ തന്നെ ആയിക്കോട്ടെ. അദ്ദേഹമാണല്ലോ ഇപ്പോള്‍ കേരളത്തിലെ യുക്തിവാദികളുടെ ആസ്ഥാന തര്‍ജ്ജമക്കാരന്‍.

സംഘ് പരിവാറിനെതിരെ ഘോര ഘോരമായി പ്രസംഗിച്ചു കളയുമെങ്കിലും വരികള്‍ക്കിടയിലൂടെ സംഘ് പരിവാറിന് ഇന്ത്യയില്‍ നില നില്‍ക്കാനുള്ള സാധൂകരണം വളരെ വിദഗ്ദമായി ഒളിച്ചു കടത്തും. അക്കാര്യത്തില്‍ കാരശ്ശേരിയും ഒട്ടും കുറവില്ല. ഇ. എ ജബ്ബാറിനെ പിന്നെ പറയേണ്ടതില്ല. മൂപ്പരുടെ കോട്ടു വായ പോലും മുസ്ലിം വിരോധമായിട്ടാണ് പുറത്ത് പോവുന്നത്.

ഇവരൊക്കെ സംഘ് പരിവാറിനെതിരെ ആരോപിക്കുന്ന പ്രധാന ആരോപണം ഹിന്ദു മതത്തെ സെമിറ്റിക്ക് വത്ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. പൊതുവെ നിര്‍ദോഷമെന്ന് തോന്നാമെങ്കിലും പരോക്ഷമായല്ലാതെ നേരിട്ട് തന്നെ സംഘ് പരിവാറിന് അനുകൂലമായ ഒരു വാദഗതിയാണിത്. കുഴപ്പങ്ങളുടെ നാരായ വേരുകള്‍ കിടക്കുന്നത് സെമിറ്റിക് മതങ്ങളിലാണ്. അത് കൊണ്ട് തന്നെ പ്രശ്‌നങ്ങളുടെ അടിവേരറുക്കേണ്ടതും അവിടെ നിന്നു തന്നെയാണ് എന്നാണ് പറഞ്ഞു വരുന്നത്.

ഇത് ന്യൂട്ടന്റെ മൂന്നാം നിയമം കൊണ്ട് നരേന്ദ്രമോഡി പണ്ട് ഗുജറാത്ത് കലാപത്തെ ന്യായീകരിച്ചതിന്റെ മറ്റൊരു രൂപമാണ് എന്ന് മാത്രം. സെമിറ്റിക്ക് മതങ്ങളുടെ ക്രൂരതകള്‍ക്കുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് സംഘ് പരിവാര്‍ ചെയ്യുന്നത് എന്നാണ് സ്ഥാനത്തും അസ്ഥാനത്തുമുള്ള ഈ ബാലന്‍സിംഗ് നടത്തുന്നവര്‍ പറഞ്ഞു പോരുന്നത്. ഫലത്തില്‍ ഫാസിസ്റ്റ് വിരുദ്ധ പ്രഭാഷണം കേള്‍ക്കാന്‍ പോയവര്‍ സംഘ് പരിവാര്‍ നില നില്‍ക്കേണ്ടതുണ്ട് എന്ന് മനസ്സില്‍ ഉറപ്പിച്ചു നാവ് കൊണ്ട് ഉച്ചരിച്ചു മടങ്ങുന്ന സ്ഥിതിയാണ് ഈ യുക്തിവാദികളെ കൊണ്ട് ഉണ്ടാവുന്നത്.

സെമിറ്റിക്ക് മതങ്ങള്‍ വരുന്നതിനു മുന്‍പ് ഇന്ത്യ വളരെ ശാന്തമായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞു വെയ്ക്കുന്നത്. കൊല്ലലും കൊലയുമില്ല. കള്ളവുമില്ല ചതിയുമില്ല. എള്ളോളം പൊളി വചനമില്ല. എം. എന്‍ കാരശ്ശേരിയേ പോലുള്ള അപാര വിവര ദോഷികളും ഇതേ വാദ ഗതിയുള്ളവരാണ്. സത്യത്തില്‍ അതാണോ യാഥാര്‍ഥ്യം.

മനുസ്മൃതിയെന്ന നിയമ പുസ്തകം വെച്ച് മനുഷ്യരെ നാലോ അതിലധികമോ തട്ടിലാക്കി അയിത്തവും തൊട്ടു കൂടായ്മയും കൊടി കുത്തി വാണിരുന്ന ആ സുന്ദര കാലം മറക്കാന്‍ കഴിയുമോ. പ്രൊഫ. എം എന്‍ റോയ് എഴുതിയത് ' ഇന്ത്യയിലെ ബ്രാഹ്മണ മത യാഥാസ്ഥികതയുടെ നുകത്തിന് കീഴില്‍ നിന്ന് ഒരു മോചന മാര്‍ഗ്ഗമായാണ് ഇസ്ലാമിനെ അന്ന് ജനങ്ങള്‍ കണ്ടത് എന്നാണ്'

ഇന്ത്യയില്‍ ഇസ്ലാം വന്നപ്പോള്‍ ഇസ്ലാമിനെതിരെ ജനങ്ങള്‍ക്കിടയില്‍ ഒരു പ്രതിവിപ്ലവം ഉണ്ടാവാതിരുന്നതിന്റെ കാരണവും അത് തന്നെയാണ്. കാരണം വേദം കേട്ടാല്‍ പോലും ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കപ്പെട്ടിരുന്ന, നിസ്സാര കാര്യങ്ങള്‍ക്ക് പോലും ചിത്രകൂട വധം നേരിട്ടിരുന്ന, തുണിക്കും മറച്ചു വെച്ച മാറിന് പോലും കരം കൊടുക്കേണ്ടി വന്നിരുന്ന, എട്ടടിയും പത്തടിയും മേല്‍ ജാതിക്കാരില്‍ നിന്ന് വഴിദൂരം പാലിക്കേണ്ടിയിരുന്ന അങ്ങേയറ്റത്തെ ദുരിത കാലത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ജനങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗമായിരുന്നു മതം മാറ്റം. അതിന് മാത്രം അസഹിഷ്ണുത അന്ന് ഉണ്ടായിരുന്നു എന്ന് ഈ മഹാപണ്ഡിതന്‍മാര്‍ എന്നെങ്കിലും വിളിച്ചു പറയുമോ?

ഇന്ത്യയുടെ ചരിത്രമെടുത്തു നോക്കിയാല്‍ ഇവിടെ പ്രബലമായ മതമായിരുരുന്നു ബുദ്ധ മതം. ഇന്ത്യയില്‍ മാത്രമല്ല. ഏഷ്യയിലെ തന്നെ പ്രബല മതമായിരുന്ന ബുദ്ധമതം അതിന്റെ ഈറ്റില്ലമായ ഇന്ത്യയില്‍ തന്നെ ഏതാണ്ട് കുറ്റിയറ്റ് പോയതിന്റെ കാരണങ്ങള്‍ തേടി ഏറെയൊന്നും അലയേണ്ടതില്ല. കേരളത്തിലേക്ക് തന്നെ വരാം. ബുദ്ധ മത വിശ്വാസികള്‍ ഏറെയുണ്ടായിരുന്ന കേരളത്തില്‍ അവര്‍ കുറ്റിയറ്റു പോയത് സവര്‍ണ്ണ വര്‍ഗ്ഗീയത കൊണ്ടാണ് എന്ന് ചരിത്രം പറയും.

8-ം ശതകത്തില്‍ ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വൈദിക മതപരിഷ്‌കര്‍ത്താക്കളുടെ നേതൃത്വത്തില്‍ നിരന്തരവും സുസംഘടിതവുമായ എതിര്‍പ്പുകള്‍ മൂലം കാലക്രമേണ 12 -ആം ശതകത്തോടെ അത് അന്തര്‍ദ്ധാനം ചെയ്യുകയായിരുന്നു. 100 കണക്കിനു സ്തൂപങ്ങളും വിഹാരങ്ങളും 830-966 നു മിടക്കായി വിവിധരാര്യങ്ങളില്‍ തകര്‍ക്കപ്പെട്ടു. ഇന്ത്യയില്‍ മാത്രം പുഷ്യാമിത്രന്‍ എന്ന രാജാവ് അശോക ചക്രവര്‍ത്തി സ്ഥാപിച്ച 84000 ബുദ്ധസ്തൂപങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. നിരവധി ബുദ്ധമതസന്യാസിമാരെ ചിത്രവധം(ഇരുമ്പു സൂചി കോര്‍ത്ത് തൂക്കി കൊല്ലുക, തോല്‍ ഉരിച്ച് കൊല്ലുക) ചെയ്തയാളാണ് ജലാലുക രാജാവ്.

കാശ്മീരില്‍ ഇതിനു പിന്‍തുടര്‍ച്ചയായി കിന്നര രാജാവും നിരവധി നശീകരണങ്ങള്‍ ബുദ്ധവിഹാരങ്ങളോടും ബുദ്ധസന്യാസിമാരോടും ചെയ്തു. നിരവധി -ആദി-ദ്രാവിഡ-ബുദ്ധക്ഷേത്രങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. തിരുപ്പതി, ഏയ്‌ഹോല്‍, ഉണ്ടാവല്ലി, എല്ലോറ, ബെങാള്‍, പുരി, ബദരിനാത്, മഥുര, അയോധ്യ, ശ്രിംഗേരി, ബോധിഗയ, സാരനാഥ, ഡെല്‍ഹി, നലണ്ഡ, ഗുഡിമല്ല, നാഗാര്‍ജ്ജുനകോണ്ട, ശ്രീസൈലം, ശബരിമല തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.
(മുകുന്ദന്‍ സി മേനോന്‍ )

ഒരു പ്രബല മതത്തെ ഇല്ലാതാക്കി കളഞ്ഞ വര്‍ഗ്ഗീയ അസഹിഷ്ണുതയേയാണ് നേര്‍പ്പിച്ചു നേര്‍പ്പിച്ചു സ്വാഭാവിക പ്രതികരണമാക്കി മാറ്റി കൊണ്ടിരിക്കുന്നത്. ഈ ക്രൂരതകളുടെ പ്രചോദനം ഏത് സെമിറ്റിക്ക് മതമായിരുന്നു. ഈ വംശീയ ഉന്മൂലനം ആര് നടത്തിയതാണ്?

ഇന്നത്തെ സംഘ് പരിവാറിന്റെ പൂര്‍വ്വ പിതാക്കന്മാര്‍.

ഇന്നും ഒരു സവര്‍ണ്ണന്‍ അല്ലാത്ത ഒരാള്‍ക്കും ആര്‍ എസ് എസ് മേധാവി പദവി നല്‍കാത്ത, അസഹിഷ്ണുതയുടെ ആര്‍ഷ ഭാരതം വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടത്തെയാണ് യുക്തിവാദികള്‍ ന്യായീകരിച്ചു നടക്കുന്നത്. ഇസ്ലാമിന് മുന്‍പും ഇന്ത്യയില്‍ കലുഷിതമായ സാഹചര്യം തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്നത്തേക്കാള്‍ രക്ത രൂക്ഷിതമായിരുന്നു പല ഉന്മൂലനങ്ങളും. അതിന്റെ ഉദാഹരണം തമിഴ് നാട്ടില്‍ നിന്ന് തന്നെയാവട്ടെ.

തമിഴ് നാട്ടില്‍ പ്രചരിച്ച ശൈവ ഹിന്ദുമതം അക്കാലത്തെ ബുദ്ധമതത്തിന്റെ വേരറുത്തുകളയാന്‍ അക്ഷീണം പരിശ്രമിച്ചതായി കാണാം. ഒമ്പതാം നൂറ്റാണ്ടില്‍ തഞ്ചാവൂരില്‍ ജീവിച്ചിരുന്ന സംബന്ധമൂര്‍ത്തി എന്ന ശൈവ സന്യാസി ബുദ്ധഭിക്ഷുക്കളെ കൂട്ടത്തോടെ കൊന്നു തള്ളുവാനായി ഒരു പ്രത്യേക സേനയെ തന്നെ രൂപീകരിച്ചിരുന്നു. കുമാരീല ഭട്ടന്റെ കടുത്ത അനുയായിയായി ആയിരുന്നു മൂര്‍ത്തി. ക്രിസ്തുവര്‍ഷം 640 രചിക്കപ്പെട്ടാ ആലവൈപതികം എന്ന ഗ്രന്ഥത്തില്‍ സംബന്ധമൂര്‍ത്തി, മധുരയില്‍ 8000 ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയതായും സന്യാസിനികളെ ദേവദാസികളായോ കൂത്തച്ചിക്കളാക്കിയതായോ പറയുന്നു. (S.C Bhatt, bhargav 2006).
Land and people of indian states and union territories

ഇനി പറയണം മിസ്റ്റര്‍ രവി ചന്ദ്രന്‍, സെമിറ്റിക് മതങ്ങള്‍ക്ക് മുന്‍പ് ഈ പറയുന്ന പ്രാചീന സംഘികളുടെ പ്രചോദനം എന്തായിരുന്നു എന്ന്..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter