അലക്‍സാണ്ട്രിയ ലൈബ്രറി കത്തിച്ചത് മുസ്‍ലിംകളല്ല!!
OLYMPUS DIGITAL CAMERAലോകത്ത്‌ ഇസ്‌ലാമിക മുന്നേറ്റം തടയിടാന്‍ ക്രൈസ്‌തവ സമൂഹം എന്നും ശ്രമിച്ചിട്ടുണ്ട്‌. അതിനായി തെളിവുകളില്ലാതെ പല ആരോപണങ്ങളും ഇസ്‍ലാമിനെതിരെ അവര്‍ ഉന്നയിച്ചിട്ടുമുണ്ട്‌, ഇന്നും ഉന്നയിച്ചു കൊണ്ടിരിക്കുന്നു. അതില്‍ പെട്ട പ്രധാന ആരോപണമാണ്‌ അലക്‌സാണ്ട്രിയയിലെ അതിപുരാതന ഗ്രന്ഥാലയം കത്തിച്ചത്‌ മുസ്‌ലിംകളാണെന്നത്‌. ഇസ്‌ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍ (റ) ന്റെ ആജ്ഞപ്രകാരം ഈജിപ്‌ത്‌ ഗവര്‍ണ്ണറായിരുന്ന അംറുബ്‌നുല്‍ ആസ്‌(റ) ഈ വിശ്വപ്രസിദ്ധ ഗ്രന്ഥാലയം അഗ്നിക്കിരയാക്കിയതെന്നാണ്‌ അവര്‍ ലോകത്താകമാനം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്‌. മതിയായ തെളിവുകളില്ലാതെ, ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ശത്രുക്കള്‍ പ്രചരിപ്പിക്കുന്ന ഒരു കള്ളക്കഥ മാത്രമാണിത്‌. പാശ്ചാത്യ ചരിത്രകാരന്മാരായ ഗിബ്ബണ്‍, ബട്ടലര്‍ ,ലിബോണ്‍, എന്നിവര്‍ ഈ കഥയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. മാത്രമല്ല, ആദ്യ കാല ഇസ്‌്‌ലാമിക ചരിത്രകാരന്മാരായ ത്വബരി, യഅ്‌ഖൂബി, ബലാദുരി, കിന്‍ദി തുടങ്ങിയ ആരും തന്നെ ഇത്തരമൊരു സംഭവം തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടു പോലുമില്ല. പിന്നെ ആരാണ്‌ ഈ ആരോപണത്തിന്‌ പിന്നില്‍? കള്ളക്കഥക്ക്‌ പിന്നില്‍ ക്രൈസ്‌തവ പുരോഹിതന്‍.!!! യൂറോപ്പില്‍ ആദ്യമായി ഇത്തരമൊരു കള്ളക്കഥ കൊണ്ടുവന്ന്‌ പ്രചരിപ്പിച്ചത്‌ അബുല്‍ ഫറജ്‌ എന്ന ക്രൈസ്‌തവ പുരോഹിതനാണ്‌. ഗിബ്ബണ്‍ തന്നെ പറയന്നു:`` അബുല്‍ ഫറജിന്റെ ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തതിന്റെ ശേഷമാണ്‌ ലോകത്താകമാനം ഈ സംഭവം പ്രചരിച്ചത്‌''. അംറുബ്‌നുല്‍ ആസ്‌(റ) ഈജിപ്‌ത്‌ കീഴടക്കി അഞ്ച്‌ നൂറ്റാണ്ട്‌ കഴിഞ്ഞ ശേഷം എഴുതപ്പെട്ട അബുല്‍ ഫറജിന്റെ ഗ്രന്ഥത്തില്‍ തദ്‌വിഷയകമായി വന്ന ഭാഗം ഇതാണ്‌. `` അംറുബ്‌നുല്‍ ആസ്‌ ഈജിപ്‌ത്‌ കീഴടക്കിയപ്പോള്‍ യോഹന്നാന്‍ നഹ്‌വി എന്ന യാഖൂബീ ക്രിസ്‌ത്യന്‍ പുരോഹിതന്‍ അദ്ദേഹത്തെ സന്ദര്‍ഷിച്ചു. അറബികള്‍ക്ക്‌ അന്നേ വരെ അപരിചതമായിരുന്ന പല കാര്യങ്ങളും യോഹന്നാന്‍ നഹ്‌വി അംറുബുനുല്‍ ആസിനോട്‌ സംസാരിച്ചു. ഇത്‌ അംറിനെ വല്ലാതെ ആകര്‍ഷിച്ചു. യോഗ്യനും ധിഷണാശാലിയും ഉദാര മനസ്‌കനുമായിരുന്നത്‌ കൊണ്ട്‌ തന്നെ അംറ്‌ യോഹന്നാനുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്‌തു. ഒരു ദിവസം യോഹന്നാന്‍ അംറിനോട്‌ പറഞ്ഞു: ``താങ്കള്‍ ഈജിപ്‌തിലെ എല്ലാ സാമഗ്രികളുടെയും ഉടമസ്ഥനാണല്ലോ. അതിനാല്‍ ഞങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌ നല്‍കിയാലും''. ഉടനെ അംറ്‌ തിരിച്ച്‌ ചോദിച്ചു: ``എന്തൊക്കെയാണ്‌ നിങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌?'' ``രാജകീയ ഗ്രന്ഥശാലയിലുള്ള തത്വശാസ്‌ത്ര പുസ്‌തകങ്ങള്‍ '' യോഹന്നാന്‍ പറഞ്ഞു. ഇത്‌ കേട്ട അംറ്‌, അമീറുല്‍ മുഅ്‌മിനീന്‍ ഉമര്‍ (റ) ന്റെ അനുവാദമില്ലാതെ ഇതില്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്‌ വ്യക്തമാക്കുകയും ഉടനെ തന്നെ അദ്ദേഹം ഈ ആവശ്യം ഉമര്‍ (റ) നെ അറിയിക്കുകയും ചെയ്‌തു. ഇതിന്ന്‌ ഉമര്‍(റ) നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ``നിങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തോട്‌ യോജിക്കുന്നവയാണെങ്കില്‍ അവയുടെ ആവശ്യം നമുക്കില്ല. ദൈവിക ഗ്രന്ഥം തന്നെ നമുക്ക്‌ ധാരാളം മതി. അതല്ല, അവയിലെ വിഷയങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തിന്നെതിരാണെങ്കില്‍ അവ നശിപ്പിച്ച്‌ കളയേണ്ടതാണ്‌. ''അങ്ങനെ അംറുബ്‌നുല്‍ ആസ്‌(റ) അലക്‌സാണ്ട്രിയ ലൈബ്രറിയുടെ കുളിപ്പുരയിലുട്ട്‌ ആഗ്രന്ഥങ്ങള്‍ കത്തിച്ചു തുടങ്ങി. ആറ്‌ മാസം കൊണ്ട്‌ അവയെല്ലാം കത്തിച്ചാമ്പലായി. അത്‌ അങ്ങനെ നടന്നു. ഇതില്‍ അത്ഭുതപ്പെടുക.'' അബുല്‍ ഫറജ്‌ രേഖപ്പെടുത്തിയ ഈ കെട്ടുകഥയാണ്‌ മുസ്‌ലിംകള്‍ അലക്‌സാണ്ട്രിയ ഗ്രന്ഥാലയം കത്തിച്ചതിന്ന്‌ തെളിവായി പാശ്ചാത്യര്‍ ഉദ്ധരിക്കാറുള്ളത്‌. അതിന്‌ പുറമെ, മുസ്‌ലിം ചരിത്രകാരന്മാരായ അബ്‌ദുലത്വീഫ്‌ ബാഗ്‌ദാദി, മഖ്‌രീസി, ഹാജി ഖലീഫ എന്നിവരും ഈ സംഭവം തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചതായി പാശ്ചാത്യര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ ഈ സംഭവം വിവരിച്ചത്‌ ക്രിസ്‌തുവര്‍ഷം 1230 ല്‍ മരിച്ച അബദുല്ലതീഫ്‌ ബഗ്‌ദാദി മാത്രമാണ്‌. മറ്റ്‌ രണ്ട്‌ പേരും ഈ സംഭവത്തെക്കുറിച്ച്‌ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ട്‌ പോലുമില്ല. യഥാര്‍ത്ഥത്തില്‍ അബ്ദുലത്വീഫ്‌ ബഗ്‌ദാദി, ഉമര്‍(റ) ന്റെ നിര്‍ദേശപ്രകാരം അംറ്‌ബ്‌നുല്‍ ആസ്വ്‌(റ) അലക്‌സാണ്ട്രിയ ഗ്രന്ഥശാല അഗ്നിക്കിരയാക്കി എന്ന്‌ ഖണ്ഡിതമായി പരാമര്‍ശിച്ചിട്ടില്ല. മറിച്ച്‌ ഉമൂദുസ്സവാരി എന്ന സംഭവത്തെ പരാമര്‍ശിച്ച ശേഷം അബ്ദുലത്വീഫ്‌ ബാഗ്‌ദാദി ഇങ്ങനെ രേഖപ്പെടുത്തുകയാണുണ്ടായത്‌: ``അരിസ്‌റ്റോട്ടിലിന്റെ പാര്‍പ്പിടത്തിന്റെ മേല്‍പ്പുര താങ്ങി നിര്‍ത്തിയിരുന്നത്‌ ഈ തൂണും അതിന്‌ ചുറ്റുമുള്ള മറ്റുളള തൂണുകളുമാണ്‌. അവിടെ വെച്ചാണ്‌ അരിസ്‌റ്റോട്ടില്‍ അദ്ധ്യാപനം നടത്തിയിരുന്നതെന്നും പറയപ്പെടുന്നു. അതൊരു വിജ്ഞാന കേന്ദ്രമായിരുന്നുവെത്രെ. ഉമറുല്‍ ഫാറൂഖിന്റെ നിര്‍ദേശപ്രകാരം അംറുബ്‌നുല്‍ ആസ്‌ അഗ്നിക്കിരയാക്കിയതായി ആരോപിക്കപ്പെടുന്ന ഗ്രന്ഥാലയം അതിലായിരുന്നുവെന്നും പറയപ്പെടുന്നു.'' Ancientlibraryalexഎന്നാല്‍ ഉമര്‍ (റ)വുമായി ബന്ധപ്പെട്ട ഈ വിവരണം എങ്ങനെ മനസ്സിലാക്കിയെന്നോ, എവിടുന്ന്‌ കിട്ടിയെന്നോ അബ്ദുലതീഫ്‌ ബാഗ്‌ദാദി വ്യക്തമാക്കിയിട്ടില്ല. സംഭവം നടന്നുവെന്ന്‌ പറയപ്പെടുന്ന കാലത്തിന്‌ 600 ഓളം വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ഇത്തരമൊരു വാദം ഉന്നയിക്കുമ്പോള്‍ വ്യക്തമായ തെളിവുകള്‍ ഉദ്ധരിക്കേണ്ടതാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ അവ്യക്തമായ ഒരു തെളിവ്‌ പോലും അബ്ദുലതീഫ്‌ ബാഗ്‌ദാദി പരാമര്‍ശിച്ചിട്ടില്ല. മാത്രവുമല്ല, ഇസ്‌ലാമിന്റെ കഠിന ശത്രുവും ക്രൈസ്‌തവ പുരോഹിതനുമായ അബുല്‍ ഫറജ്‌ രേഖപ്പെടുത്തിയ വിവരണത്തില്‍ പരാമര്‍ശിക്കപ്പെട്ട യോഹന്നാന്‍ നെഹ്‌വി, മുസ്‌ലിംകള്‍ അലക്‌സാണ്ട്രിയ അധീനപ്പെടുത്തുന്നതിന്റെ മുപ്പതോ നാല്‍പതോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ചിരുന്നുവെന്ന്‌ ബട്ട്‌ലര്‍ വ്യക്തമാക്കുന്നു. പിന്നെ ആര്‌ കത്തിച്ചു? വാസ്‌തവത്തില്‍ ഇസ്‌ലാമിന്റെ ആഗമനത്തിന്റെ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ അലക്‌സാണ്ട്രിയ ലൈബ്രറി കത്തി നശിച്ചിരുന്നു. വിഗ്രഹാരാധകരായ ഈജിപ്‌ത്യന്‍ രാജ കുടുംബം സ്ഥാപിച്ച ഈ ഗ്രന്ഥശാല ഒന്നിലധികം തവണ അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ട്‌. പ്രസിദ്ധ ചരിത്രകാരനായ ട്രാപര്‍ എഴുതുന്നു: ``ജൂലിയസ്‌ സീസര്‍ അതിലെ പാതി ഗ്രന്ഥങ്ങള്‍ നശിപ്പിച്ചിരുന്നു. അവശേഷിച്ചവ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ അവിടത്തെ പാത്രിയാര്‍ക്കീസ്‌മാര്‍ക്ക്‌ അദ്ദേഹം അനുവാദവും പ്രോത്സാഹനവും നല്‍കിയിരുന്നു. അങ്ങനെ അവരുടെ നേതൃത്വത്തില്‍ അവ നശിപ്പിച്ച്‌ പോന്നു.'' ഇങ്ങനെ ക്രിസ്‌തുവിന്റെ 48 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജൂലിയസ്‌ സീസര്‍ ഭാഗികമായി നശിപ്പിച്ച ഈ ഗ്രന്ഥാലയം, ക്രിസ്‌താബ്ദം 391ല്‍ സീസര്‍ തിയോടിസിസിന്റെ ഭരണസമയത്ത്‌ പൂര്‍ണ്ണമായും നശിപ്പിച്ചുവെന്ന്‌ പല ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. ചുരുക്കത്തില്‍, അലക്‌സാണ്ട്രിയ ഗ്രന്ഥശാല നശീകരണത്തില്‍ ഉമര്‍(റ) നോ മുസ്‌ലിംകള്‍ക്കോ യാതൊരു ബന്ധവുമില്ല. മറിച്ച്‌ ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള കുത്സിത ശ്രമങ്ങളും ഉമര്‍(റ)ന്റെ യശോധന്യമായ വ്യക്തിത്വത്തിന്‌ മങ്ങലേല്‍പ്പിക്കാനുള്ള ഹീനമായ നീക്കങ്ങളും മാത്രമാണ്‌ ഇത്തരമൊരു ആരോപണത്തിന്‌ പിന്നിലുള്ളത്‌. -ഫാറൂഖ്‌ പിപി കരുവാരക്കുണ്ട്‌

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter