അൽ ബിറൂനി: ശാസ്ത്രലോകത്തെ ബഹുമുഖ പ്രതിഭ
ശാസ്ത്രലോകത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിച്ച് കടന്നു പോയ ബഹുമുഖ പ്രതിഭയാണ് അൽ ബിറൂനി. ക്രിസ്തുവർഷം 973 ൽ ഖവാരിസ്മിന് സമീപത്തെ ഒരു ഗ്രാമത്തിലാണ് ജനനം. അബൂ റൈഹാൻ മുഹമ്മദ് ബ്നു അഹ്മദ് അൽ ബിറൂനി എന്നാണ് പൂർണ്ണ നാമം.നരവംശശാസ്ത്രം, ചരിത്രം, ഗണിതം, പ്രകൃതിശാസ്ത്രം, ഗോള ശാസ്ത്രം, ഭൂഗർഭശാസ്ത്രം, മതങ്ങൾ, തത്വചിന്ത തുടങ്ങിയ മേഖലകളിൽ നിപുണനായിരുന്ന അദ്ദേഹത്തിന് നിരവധി ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. ജർമൻ, തർക്കിഷ്, സിറിയക്, ഹീബ്രു, സംസ്കൃതം, അറബി തുടങ്ങിയ ഭാഷകൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്തുപോന്നു.
1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും പഠിച്ച് ഗ്രന്ഥരചനകൾ നടത്തിയിട്ടുണ്ട് അദ്ദേഹം. മഹ്മൂദ് ഗസ്നവി ഇന്ത്യ കീഴടക്കിയപ്പോഴായിരുന്നു അത്. ഈ വേളയിലാണ് അദ്ദേഹം സംസ്കൃത ഭാഷ പഠിക്കുന്നതും.
ഗസ്നവിയുടെ മകൻ മസ്ഊദിക്ക് വേണ്ടി രചിച്ച ഖാനൂനുൽ മസ്ഊദി ഫിൽ ഹൈഅത്തി വ ന്നുജൂം എന്ന സമഗ്ര ഗ്രന്ഥം അൽ ബിറൂനിയുടെ ആഴമേറിയ പാണ്ഡിത്യത്തിന്റെ നിത്യസാക്ഷ്യമാണെന്ന് പറയാം. ഗോള ശാസ്ത്രരംഗത്തെ അദ്ഭുതകരമായ നിരീക്ഷണ വിസ്മയങ്ങളിലേക്ക് വഴി തുറക്കുന്നതായിരുന്നു ആ ഗ്രന്ഥം. ഗണിത ശാസ്ത്രവും പ്രതിപാദ്യ വിഷയമാകുന്ന ഈ മഹത് പുസ്തകം യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ നൂറ്റാണ്ടുകളോളം പഠിപ്പിക്കപ്പെട്ടിരുന്നു.
ഇന്ത്യയിൽ താമസിച്ച് ഇവിടത്തെ ശാസ്ത്രവും ഹൈന്ദവ ദർശനങ്ങളും ആഴത്തിൽ പഠിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് 'കിതാബുൽ ഹിന്ദ്'. ഹൈന്ദവ ലോകത്തെ പോലും അക്ഷരാർത്ഥത്തിൽ അമ്പരിപ്പിച്ച സൃഷ്ടിയായിരുന്നു അത്. സ്വന്തം വിജ്ഞാനീയങ്ങൾ ഇതര ലോകത്തിന് പകർന്നുനൽകരുതെന്ന ബ്രാഹ്മണ വിശ്വാസത്തെ മറികടന്നുകൊണ്ടാണ് അദ്ദേഹം ഈ രചന നടത്തിയതെന്നത് ആ ദൗത്യത്തിന്റെ മഹത്വം വർധിപ്പിക്കുന്നു.
ഒരു പ്രകൃതി ശാസ്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ അഗാധമായി പ്രണയിച്ച അൽ ബിറൂനി അത് നിരീക്ഷിക്കാൻ ഒരുപാട് സമയം ചെലവഴിച്ചു. പ്രകൃതി പ്രതിഭാസങ്ങളും അദ്ദേഹത്തിന്റെ മനനത്തിന് വിധേയമായിട്ടുണ്ട്. ആകാശ രാശികളെ കുറിക്കുന്ന രാശി ചിത്രപ്രഭയും വേലിയേറ്റ- വേലിയിറക്ക സംബന്ധമായ പഠനങ്ങളും ഇവയിൽ ചിലതാണ്. വസന്തകാലങ്ങളിൽ ജലാശയങ്ങളിൽ വെള്ളം വർധിക്കുന്നതിന്റെ ശാസ്ത്രവശം, സിന്ധു നദീതടം സമുദ്രത്തിന്റെ ഭാഗമായിരുന്നുവെന്ന പഠനം എന്നിവ അദ്ദേഹത്തിന്റെ നീണ്ട നിരീക്ഷണങ്ങളുടെ ഫലമായിരുന്നു. 'കിത്താബുത്തഫ്ഹീം ലിഅവാഇലിസ്വിനാഅതിത്തൻജീം ' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹം തന്റെ ഇത്തരം ആശയങ്ങൾ അവതരിപ്പിച്ചത്.
അൽ ഖാസിനീസ് മീസാനുൽഹികം എന്ന അൽബിറൂനിയുടെ കൃതിയിൽ പല ലോഹങ്ങളെ കുറിച്ചും രത്നങ്ങളെ കുറിച്ചും പ്രതിപാതിക്കുന്നത് കാണാം. ധാതുഖനനം, ഊർജതന്ത്രം, ഭൂമി ശാസ്ത്രം എന്നീ മേഖലകളിലും അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭൂമി സ്വയം അച്ചുതണ്ടിൽ കറങ്ങുന്നതിനെ കുറിച്ചും ഭൂമിയുടെ അക്ഷാംശ - രേഖാംശങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ പഠനങ്ങളുണ്ട്. ഇന്ത്യയിലടക്കമുള്ള നീണ്ട യാത്രകളും നിരീക്ഷണങ്ങളുമാണ് അൽ ബിറൂനിയെ ഈ പഠനങ്ങൾകൊക്കെ സഹായിച്ചത്.
ചുരുക്കത്തിൽ, എല്ലാ ശാസ്ത്രശാഖകളിലും വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം പ്രതിഭകളിലൊരാളാണ് അൽബിറൂനി. വ്യത്യസ്ത പഠന ശാഖകളിൽ 120 ലധികം ഗ്രന്ഥരചന നടത്തിയ അദ്ദേഹം വലിയ പണ്ഡിതനും ഭക്തനും കൂടിയായിരുന്നു. മുസ്ലിം പണ്ഡിത ശ്രേണിയിൽ അദ്വിതീയമായൊരു സ്ഥാനം അദ്ദേഹം എന്നും അലങ്കരിക്കുന്നുണ്ട്.
Leave A Comment