ഹബീബ് അബൂബകര്‍ അദനി അല്‍മശ്ഹൂര്‍ .... വിടപറഞ്ഞത് ആധുനിക യമനിന്റെ  വൈജ്ഞാനിക വഴികാട്ടി

ഇസ്ലാമിക പാരമ്പര്യത്തിന്റെ പ്രൗഢിയും തനിമയും നിറഞ്ഞാടിയ യമനിലെ ആധുനിക കാലത്തെ പ്രഗൽഭ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും മികവുറ്റ എഴുത്തുകാരനുമായ സയ്യിദ് അബൂബക്കർ അദനി ബ്നു അലി അൽ മശ്ഹൂർ അൽപസമയം മുൻപ് ജോർദാനിലെ അമ്മാനിൽ വെച്ച് വഫാതായി (ഹി. 1443 ദുൽഹിജ്ജ 28 / 2022 ജൂലൈ 27).  
യമനിൽ ഇസ്ലാമിക വൈജ്ഞാനിക പ്രസരണ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾക്ക് കാർമികത്വം വഹിച്ച മഹാൻ യമനിലെ ദീനി വിദ്യാഭ്യാസ രംഗത്തെ വഴികാട്ടിയും ജനറൽ ഗൈഡുമായാണ് അവിടുത്തെ ജനത അദ്ദേഹത്തെ സ്വീകരിച്ചത്. 
വിവിധ സന്ദർഭങ്ങളിലായി അദ്ദേഹം രചിച്ച തനിമ നിറഞ്ഞ അറബി ഭാഷയിലുള്ള അദ്ദേഹത്തിന്റെ കവിതകൾ ഏറെ ശ്രദ്ധേയമാണ്. അക്കൂട്ടത്തിൽ ഒട്ടേറെ മർസിയ്യത്(അനുശോചന) കാവ്യങ്ങളുമുണ്ട്.
ശാഫിഈ മദ്ഹബ് അനുധാവനം ചെയ്ത തികഞ്ഞ സുന്നി പണ്ഡിതനായിരുന്ന അദ്ദേഹം യമനിലെ അബീൻ പ്രവിശ്യയിലെ അഹ് വർ എന്ന ദേശത്തെ പ്രശസ്ത നബികുടുംബ ശ്രേണിയായ 'ബാഅലവി' കുടുംബത്തിൽ തിരുനബി(സ്വ)യുടെ 37-ാം പേരമകനായി ഹി.1366(ക്രി.1946/47) ൽ ജനിച്ചത്. മതപരമായും വൈജ്ഞാനികമായും പുകൾപെറ്റ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചു വളർന്നത്. പിതാവ് സയ്യിദ് അലിയ്യു ബ്നു അബീബകർ എന്നിവരിൽ നിന്നും വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. തുടർന്ന് പിതാവിൽ നിന്നും അഹ് വറിലുള്ള മയ്മൂൻ മദ്റസയിൽ നിന്നുമായി ഇസ്ലാമിക പാഠങ്ങൾ , അറബി ഭാഷ എന്നിവയിൽ പരിജ്ഞാനം നേടുകയും മഹ്ഫദ്,അഹ്വർ എന്നിവിടങ്ങളിൽ നിന്നായി പ്രാഥമിക വിദ്യാഭ്യാസവും പൂർത്തിയാക്കി. ശേഷം യമനിലെ അദൻ എന്ന ദേശത്തെ വൈജ്ഞാനിക മന്ദിരത്തിൽ നിന്നും സെക്കൻഡറി വിദ്യാഭ്യാസം നേടി. അക്കാലയളവിൽ അദ്ദേഹം മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിഷയങ്ങളിലും പരിജ്ഞാനം നേടിയെടുത്തു. പിന്നീട്, അദൻ യൂണിവേഴ്സിറ്റിയിൽ നിന്നും അറബിക് ലാംഗ്വേജ് ഡിപ്പാർട്ട്മെന്റിൽ നിന്നും ബിരുദം കരസ്ഥമാക്കി.അതിന് ശേഷം അറിവ് തേടി ശാമിലും ഈജിപ്തിലും എത്തിയ അദ്ദേഹം വിവിധ ഗുരുനാഥന്മാരിൽ നിന്നും വിവിധ വിഷയങ്ങളിൽ അറിവ് സമ്പാദിച്ചു. തന്റെ പഠന സപര്യയിൽ വെളിച്ചം പകർന്ന ഗുരുമുഖങ്ങൾ നിരവധിയാണ്.അലിയ്യ് ബ്നു അബീബകർ അൽ മശ്ഹൂർ (പിതാവ്), സയ്യിദ് മുഹമ്മദ് ബ്നു അലവി മാലികി (മക്ക), അബ്ദുൽ ഖാദിർ ബ്നു സ്സഖാഫ് , അബൂബകർ ബ്നു അബ്ദില്ലാഹിൽ ഹബ്ശി, അഹ്മദ് മശ്ഹൂർ ബ്നു ത്വാഹ അൽഹദ്ദാദ്, മുഹമ്മദ് ബ്നു അഹ്മദ് അശ്ശാത്വിരി, അബ്ദുറഹ്മാൻ ബ്നു അഹ്മദ് അൽ കാഫ് എന്നിവർ അവരിൽ പ്രമുഖരാണ്. 

പ്രബോധന രംഗത്ത്
പഠന സപര്യ പൂർത്തിയാക്കിയ ആ യുവത്വ കാലത്ത് തന്നെ അദ്ദേഹം മയ്മൂൻ മദ്റസ അടക്കമുള്ള  വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപനം നടത്തി. ഹി.1400 കാലഘട്ടത്തിൽ യമനിലെ കലുഷിതമായ സാഹചര്യങ്ങൾ  ഹിജാസിലേക്ക് പോകാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി, അവിടെ അദ്ദേഹം നിരവധി പണ്ഡിതന്മാരിൽ നിന്നും അറിവ് നുകർന്നു.  ജിദ്ദയിലെ ചില പള്ളികളിൽ ഇമാമായും ഖത്തീബായും സേവനമനുഷ്ഠിച്ചു. പിന്നീട്  12 വർഷങ്ങൾക്കു ശേഷം ഹി.1412 ൽ തെക്ക്, വടക്ക് എന്നീ ഭാഗങ്ങളായി വേറിട്ട് നിന്നിരുന്ന യമനിനെ ഒന്നായി ഏകീകരിച്ച സന്ദർഭത്തിൽ അദ്ദേഹം സ്വദേശത്ത് തിരിച്ചെത്തുകയും യമനിൽ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. യെമന്റെ പല ദിക്കുകളിലുമായി അദ്ദേഹം നിരവധി ഇസ്ലാമിക വൈജ്ഞാനിക സ്ഥാപനങ്ങളും, വിദ്യാഭ്യാസ തൊഴിൽ കേന്ദ്രങ്ങളും  സ്ഥാപിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ സമ്മർ കോഴ്സുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണാർത്ഥം'ദാറുസ്സഹ്റാ' എന്ന സ്ഥാപനം സ്ഥാപിക്കുകയും ഗവർണറേറ്റുകളിൽ അതിന് കീഴിൽ നിരവധി ബ്രാഞ്ചുകൾ സ്ഥാപിക്കുകയും ചെയ്തു. 'മദ്റസതുൽ ഫിത് യാൻ' എന്ന പേരിൽ ആൺകുട്ടികൾക്കായി വിശുദ്ധ ഖുർആൻ മന പാഠ കേന്ദ്രവും 'ക്രിയേറ്റിവിറ്റി സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഹെറിറ്റേജ് സർവീസ്' സ്ഥാപിക്കുകയും ചെയ്തു. വിവിധ മേഖലകളിലെ അക്കാദമിക സെമിനാറുകളിലൂടെയും സാംസ്കാരിക മേഖലയെ സമ്പന്നമാക്കുന്നതിന് സംഭാവന ചെയ്യുന്ന 'മുൻതദയാതു വാദി ഹ റമൗത്' ഉൾപ്പെടെയുള്ള സാംസ്കാരിക ഫോറങ്ങളും അദ്ദേഹം സ്ഥാപിച്ചു. വൈദ്യശാസ്ത്രം, അഭിഭാഷണം, കായികം എന്നീ മേഖലകളിലെ ഫീൽഡ് സന്ദർശനങ്ങളിലൂടെ സാമൂഹിക മേഖലകളിൽ അത് സേവനങ്ങളർപ്പിച്ചു. ഇസ്ലാമികവും മാനുഷികവുമായ ചിന്തകളെ സമ്പന്നമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ച് അടുത്തിടെ ഏദൻ യൂണിവേഴ്സിറ്റി അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.

രചന ലോകം
മികച്ച ആശയ സംവേദന ശൈലിയും ആകർഷകമായ ഭാഷ രീതിയും വശമുള്ള അദ്ദേഹം രചനാ പാടവമുള്ള വ്യക്തിയാണ്. കർമ്മശാസ്ത്രം, സാഹിത്യം, ചരിത്രം, പ്രബോധന രീതി ശാസ്ത്രം, തസവ്വുഫ്, ഫിലോസഫി, കവിത തുടങ്ങീ വ്യത്യസ്ത വിജ്ഞാന മേഖലകളിലായി 79 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.  അൽ ഉസസു വൽ മുൻത്വലഖാതു ഫീ തഹ്ലീലി ഗവാമിളി സുന്നതിൽ മവാഖിഫ്, അൽ ഉത്വ്റൂഹത്, അൽ ഉഫുഖുളയ്യിഖ്, അൽ ഇസ്തിഷ്റാഖു വത്തൻവീർ, ഇഹ്യാഉ ലുഗതിൽ ഇസ്ലാമിൽ ആലമിയ്യ, ഫിഖ്ഹുദ്ദഅ്വതി ഫിൽ മർഹലതിൽ മുആസിറ(ആധുനിക കാലത്തെ പ്രബോധന രീതിശാസ്ത്രം), ഫിഖ്ഹുദ്ദഅ്വതി ലിൽ മർഅതിൽ മുസ്ലിമ(മുസ്ലിം സ്ത്രീയുടെ പ്രബോധന ശാസ്ത്രം), അൽഇഹാതതു വൽ ഇഹ്തിയാത്വ്(അന്ത്യനാളിന്റെ അടയാളങ്ങൾ വിശകലനം ചെയ്യുന്നു), രിജാലുൽ മനാബിറി വൽ മഖാമാത്, സിയാഹതുൻ ഫീ ദീവാനിൽ ഇമാം അൽ ഹദ്ദാദ്, അൽമൗരിദുൽ അദ്ബ്,ബുകാഉൽ ഖലം, സിബാഇയ്യാത്, നഫസാതുൻ മിനശ്ശിഅരിൽ ഹദീസ്, ഇഹ്യാഉ മൻഹജിയ്യതുനമതിൽ ഔസത്, ദിറാസതുൻ അനിശ്ശാഇർ ഹസ്സാൻ ബ്നു സാബിത്(റ), ശർഹു ബിദായതിൽ ഹിദായ (ഇമാം ഗസ്സാലി (റ) യുടെ കൃതിയുടെ വിശദീകരണം), സിൽസിലതു അഅ്ലാമു മദ്റസതി ഹളറമൗത് തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ട ചിലതാണ്.
കൂടാതെ സമകാലിക വിഷയങ്ങളെ സംബന്ധിച്ചും ആധുനിക കാലത്തെ സങ്കീർണ്ണതകളും അവക്കുള്ള പരിഹാര മാർഗങ്ങളും  പ്രതിപാദിക്കുന്ന ഓഡിയോ, വീഡിയോ പ്രഭാഷണങ്ങളും സെമിനാറുകളും ചർച്ചകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ദീർഘ കാലം ഉമ്മത്തിന് സേവനം ചെയ്യാൻ അല്ലാഹു കരുത്ത് പകരട്ടെ ആമീൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter