കൊറോണയും സയൻസും യുക്തിവാദികളും
ദുരന്തങ്ങൾ ഉണ്ടാകുന്നത് പരീക്ഷണമായോ ശിക്ഷയായോ ആണെന്നുള്ളത് ഇസ്ലാമിക വിശ്വാസത്തിൽ പരക്കെ അറിയപ്പെട്ടതാണ്. സത്യവിശ്വാസികൾക്ക് അത് ഒരു അനുഗ്രഹവും ആയേക്കാം. ശാസ്ത്രീയമായും സാമ്പത്തികമായും ആരോഗ്യപരമായും മനുഷ്യൻ എത്ര വലിയ പുരോഗതി കൈവരിച്ചാലും ദൈവത്തിന്റെ ഏറ്റവും ചെറിയ സൃഷ്ടികളിൽപ്പെട്ട ഒരു വൈറസിനു മുന്നിൽ പോലും മനുഷ്യൻ ഒന്നുമല്ല എന്ന് ബോധ്യപ്പെടുത്തുകയാണ് കൊറോണ. 'അല്ലാഹുവേ, ഞങ്ങൾ നിന്റേതുമാത്രമാണ്' എന്ന തിരിച്ചറിവോടെ, ബൃഹത്തായ കരുത്തിന്റെ ഉടമസ്ഥനായ സൃഷ്ടാവിലേക്ക് തിരിച്ചു നടക്കുക എന്നത് മാത്രമാണ് വിജയത്തിലേക്കുള്ള ഏകവഴി എന്ന് ഇത്തരം സന്ദർഭങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ജനങ്ങൾക്ക് മേൽ അക്രമം അഴിച്ചുവിടുകയും ദൈവിക സൂചനകളിൽ നിന്ന് മുഖം തിരിക്കുകയും ചെയ്യുന്നവർക്ക് ഇതൊരു ശിക്ഷ തന്നെയാവാം. ഖുർആൻ 32:21 പറയുന്നു: "ഏറ്റവും വലിയ ശിക്ഷയ്ക്ക് മുമ്പ് ചെറിയ ശിക്ഷയിൽനിന്ന് ചിലതെല്ലാം അവരെ നാം ആസ്വദിപ്പിക്കും. അവർ (ധിക്കാരത്തിൽ നിന്ന്) മടങ്ങാൻ വേണ്ടി". ദൈവം തന്നെ ഇറക്കിയ ശിക്ഷയിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ ദൈവത്തിന് കഴിഞ്ഞില്ല എന്ന യുക്തിവാദികളുടെ വാദം നിർഭയ കേസിലെ കുറ്റവാളികളെ രക്ഷിക്കാൻ സുപ്രീംകോടതിക്ക് കഴിഞ്ഞില്ല എന്ന് പറയുന്നതുപോലെ നിരർത്ഥകമാണ്.
വൈറസിനോടുള്ള ഭയം കാരണം ഉംറ ഉപേക്ഷിച്ചു എന്നതാണ് യുക്തിവാദികളെ സന്തോഷിപ്പിക്കുന്ന മറ്റൊരു വിഷയം. എന്നാൽ ഇസ്ലാമിക ചരിത്രത്തിൽ ഇതൊരു പുതിയ സംഭവമേ അല്ല എന്ന് അവർക്ക് ബോധ്യപ്പെട്ടു കാണില്ല. ജീവിതത്തിലെ ആദ്യ ഉംറ നിർവഹിക്കാൻ പോയ മുഹമ്മദ് നബി (സ്വ)യെയും അനുയായികളെയും മക്കയിലേക്ക് കടക്കാൻ പോലും അനുവദിക്കാതെ ശത്രുക്കൾ തിരിച്ചയച്ചിട്ടുണ്ട്. അന്ന് ശത്രുഭരണത്തിൻകീഴിലായിരുന്നു മക്ക. എന്നാൽ ഹജ്ജിൽ നിന്നും ഉംറയിൽ നിന്നും നിങ്ങൾ തടയപ്പെട്ടാൽ അതിനു പരിഹാരമായി നിർവഹിക്കേണ്ട ആചാരാനുഷ്ഠാനങ്ങൾ എന്തൊക്കെയെന്ന് ഖുർആൻ 2:196ൽ വിവരിക്കുന്നത്, അറേബ്യ ഒന്നടങ്കം ഇസ്ലാമിക ഭരണത്തിന് കീഴിലുള്ള കാലത്തും പ്രസക്തമായി നിലകൊള്ളുന്നു എന്നത് ഖുർആൻ കാലാതീതമാണ് എന്നതിന്റെ അത്ഭുതകരമായ സൂചനയാണ്. ജുമുഅ നിസ്കാരം നിർബന്ധമാക്കപ്പെട്ടെങ്കിലും ശത്രുക്കളുടെ ആക്രമണം കാരണം വർഷങ്ങളോളം അത് മക്കയിൽ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രവാചകന് പോലും ജുമുഅ നിർവഹിക്കാൻ കഴിയാത്ത കാലത്ത് മദീനയിൽ മിസ്അബ് ബിൻ ഉമൈർ (റ)ന്റെ നേതൃത്വത്തിൽ വർഷങ്ങളോളം ജുമുഅ നടന്നിരുന്നു. ഉംറ മാത്രമല്ല അവസാനകാലം അടുക്കുമ്പോൾ ഹജ്ജ് പോലും മുടങ്ങുമെന്ന് പ്രവാചകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്ത്യനാളിന്റെ അടയാളങ്ങളിൽ ഒന്നായി മക്കയിലെ വിശുദ്ധ കഅബ പൊളിക്കപ്പെടുന്നതിനെപോലും പ്രവാചകൻ(സ്വ) എണ്ണിയിട്ടുണ്ട്. ഹജ്ജും ഉംറയും നിർബന്ധമുള്ളത് ആർക്ക് എന്ന ചോദ്യത്തിനുള്ള മറുപടിയിൽ സാമ്പത്തികമായും ആരോഗ്യപരമായും കഴിവുള്ളവരും 'വഴിയിൽ ഭയം ഇല്ലാത്തവരുമായ' ബുദ്ധിയും പ്രായപൂർത്തിയും ഉള്ള മുസ്ലിമിന് എന്ന് ഇസ്ലാമിക കർമശാസ്ത്രം നൂറ്റാണ്ടുകൾക്കുമുമ്പ് എടുത്തുപറഞ്ഞത് ഇന്നും ഒരത്ഭുതമായി തുടരുന്നു.
ഇസ്‌ലാമിക വിശ്വാസികൾ പ്രാണരക്ഷാർത്ഥം ഇപ്പോൾ സയൻസിനെ കൂട്ടുപിടിക്കുന്നു എന്നതാണ് യുക്തിവാദികളുടെ മറ്റൊരു ആരോപണം. എന്നാൽ രോഗങ്ങളോട് ഇസ്ലാം തികച്ചും ശാസ്ത്രീയമായ സമീപനമാണ് കൈക്കൊണ്ടത് എന്നറിയണമെങ്കിൽ യുക്തിവാദികൾ ഇസ്ലാമിക പ്രമാണങ്ങൾ പഠിക്കാൻ തയ്യാറാവണം. രോഗം മാറാൻ നിരവധി പ്രാർത്ഥനകൾ പഠിപ്പിച്ചു കൊടുത്ത അതേ പ്രവാചകൻ(സ്വ) തന്നെയാണ് രോഗം വന്നാൽ ചികിത്സ നൽകണമെന്ന കർക്കശ നിർദ്ദേശം തന്റെ അനുയായികൾക്ക് നൽകിയത്. 'പ്രാർത്ഥിച്ചാൽ മാത്രം കൊറോണ പോലുള്ള സാംക്രമികരോഗങ്ങൾ മാറുമോ? മുഹമ്മദ് നബി പോലും അങ്ങനെ ചിന്തിച്ചില്ല' എന്നായിരുന്നു മാർച്ച് 21ന് ന്യൂസ് വീക്ക് മാഗസിൻ ഒരു ലേഖനത്തിന് നൽകിയ തലക്കെട്ട്. ഇന്നത്തെ രോഗങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ക്വാറന്റൈൻ സംവിധാനം ചരിത്രത്തിൽ ആദ്യമായി ഏർപ്പെടുത്തിയത് മുഹമ്മദ് നബിയാണെന്നും ക്രൈഗ് കോണ്സിഡൈൻ എഴുതിയ ലേഖനത്തിൽ പറയുന്നു. 'പ്ലേഗ് പോലുള്ള സാംക്രമിക രോഗം ഉണ്ടായാൽ ഒരാളും ആ നാട്ടിലേക്ക് പോകാൻ പാടില്ല, അവിടെ നിന്ന് ഒരാളും പുറത്തുകടക്കാനും പാടില്ല' എന്ന മുഹമ്മദ് നബി(സ്വ)യുടെ ക്വാറന്റൈൻ ഉത്തരവ് തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മഹാമാരികൾക്ക് മുന്നിലുള്ള പ്രഥമ പ്രതിരോധ പ്രതിവിധി എന്ന യാഥാർത്ഥ്യം പ്രവാചക വചനങ്ങളുടെ എക്കാലത്തെയും പ്രസക്തിയിലേക്ക് വിരൽചൂണ്ടുന്നു. പ്രവാചകൻ(സ്വ)യുടെ ഒരു നിർദ്ദേശം പാലിക്കുന്നതിൽ ലോകം വരുത്തിയ വീഴ്ചക്ക് ഇത്രയും വലിയ വില നൽകേണ്ടി വന്നു എങ്കിൽ പ്രവാചകൻ(സ്വ)യുടെ മറ്റു നിർദേശങ്ങൾ മാനിക്കാതിരിക്കുന്നത് ഭാവിയിൽ എത്രമാത്രം വലിയ ദുരന്തമായിരിക്കും തനിക്ക് വരുത്താൻ പോകുന്നത് എന്ന് ബുദ്ധിയുള്ളവർക്ക് ചിന്തിക്കാൻ കൂടിയുള്ള അവസരമാണിത്.
യുക്തിവാദികളിൽ ചിലരെങ്കിലും ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരു മതിഭ്രമമുണ്ട്. യുക്തിവാദികളുടെ ദൈവനിരാസത്തിലധിഷ്ഠിതമായ 'ശാസ്ത്രീയ' ചിന്തകളിലൂടെയാണ് സയൻസ് വളർന്നുവന്നത് എന്നതാണത്.ദൈവിക നിരാസം ശാസ്ത്രത്തിന്റെ അടിസ്ഥാനമേ ആയിരുന്നില്ല. ഈശ്വര നിഷേധ ചിന്തകൾ ശാസ്ത്രത്തിന് പ്രത്യേകിച്ചൊരു സംഭാവനയും ചെയ്തിട്ടുമില്ല. അതേസമയം, കേവലം ഒരു സിദ്ധാന്തം മാത്രമായ, തെളിവില്ലാത്തതിന്റെ പേരിൽ ശാസ്ത്രലോകം നിരാകരിച്ച, ഡാർവിന്റെ പരിണാമസിദ്ധാന്തം വഴിമുട്ടിനിൽക്കുന്ന മുക്കിൽ കൂട്ടം കൂടി നിന്നാണ് ഇന്ന് നിരീശ്വരവാദികൾ സയൻസിന്റെ പ്ലക്കാർഡുകൾ ഉയർത്തിക്കാണിക്കുന്നത്. യുക്തിവാദികൾ സയൻസിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും ഇല്ലാത്തവർ ഇന്ന് രാജ്യസ്നേഹത്തിന്റെ മൊത്തകുത്തക ഏറ്റെടുക്കുന്നത് പോലെ അപഹാസ്യമാണ്.
ഇസ്‌ലാം സയൻസിനെതിരല്ല. എന്നാൽ യുക്തിവാദത്തിന് ഇസ്‌ലാമിൽ സ്ഥാനമില്ല. ഭൂമി പരന്നിട്ടാണ് എന്നത് മനുഷ്യന്റെ സ്വാഭാവിക യുക്തിയായിരുന്നു.ആ യുക്തിയെയാണ് സയൻസ് പിന്നീട് തിരുത്തിയത്. ഖുർആനാകട്ടെ, ഭൗമഗോളാകൃതിയിലേക്ക് വളരെ നേരത്തെ സൂചന നൽകിയിട്ടുമുണ്ട്. സയൻസ് വളർന്നപ്പോൾ തകർന്നത് സത്യത്തിൽ യുക്തിവാദമാണ്. എന്നാൽ യുക്തിവാദികൾ പതിയെ സയൻസിന്റെ തോണിയിലേക്ക് കാലെടുത്തു വെക്കുകയാണ് ചെയ്തത്. പിന്നീടവർ സയൻസിന്റെ ഏക മുതലാളിയാവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
ഇസ്‌ലാം വളർന്നു വന്നതാകട്ടെ, യുക്തി ചിന്തകളെ മുളയിലേ നുള്ളിയെടുത്തുകൊണ്ടാണ്. പ്രവാചകൻ(സ്വ)യുടെ ഒന്നര വയസ്സ് മാത്രം പ്രായമുള്ള മകൻ മൃതിയടഞ്ഞപ്പോൾ ജനം ദുഃഖഭരിതരായി. നഗരം പോലും ശോകമൂകമായപ്പോൾ പൊടുന്നനെ സൂര്യഗ്രഹണമുണ്ടായി. പ്രവാചക പുത്രന്റെ നിര്യാണത്തിൽ സൂര്യൻ പോലും ദുഃഖം പ്രകടിപ്പിക്കുന്നു എന്നത് ജനങ്ങളുടെ യുക്തിയിൽ വിരിഞ്ഞ ഒരാശയമായിരുന്നു. പ്രവാചകൻ(സ്വ) ഉടനെ അത് തിരുത്തി. സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ മാത്രമാണെന്നും അവയുടെ ഗ്രഹണങ്ങൾക്ക് ഒരാളുടെ മരണവുമായി ഒരു ബന്ധവുമില്ലെന്നും അവരെ ബോധ്യപ്പെടുത്തി.
ദൈവത്തെ ഭരമേല്പിച്ചാൽ മാത്രം പോരാ, നിങ്ങളുടെ ഒട്ടകത്തെ നിങ്ങൾ കെട്ടിയിടുകകൂടി വേണമെന്ന പ്രവാചകോൽബോധനം എല്ലാത്തിനും കഴിവുള്ള ദൈവത്തെ ഏൽപ്പിച്ചാൽ പിന്നെ തനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന മനുഷ്യന് സ്വാഭാവികമായി ഉണ്ടായേക്കാവുന്ന യുക്തിചിന്തയുടെ മുനയൊടിക്കുകയാണ്.
ശാസ്ത്രം എന്നാൽ വിജ്ഞാനമാണ്. ചുറ്റുപാടുകളെക്കുറിച്ചും ഭൗതിക ലോകത്തെക്കുറിച്ചും നിരീക്ഷണ-പരീക്ഷണങ്ങളിലൂടെ മനുഷ്യൻ സ്വായത്തമാക്കിയ അറിവാണത്. യാഥാർഥ്യങ്ങളുടെ വായനയാണ് നിരീക്ഷണം. വിശുദ്ധ ഖുർആന്റെ പ്രാരംഭം പോലും 'വായിക്കുക' എന്ന ദൈവിക കൽപനയോടെയാണ്. വായനയാണ് ശാസ്ത്ര ലോകത്തേക്കുള്ള പ്രവേശനകവാടം- പ്രകൃതിയുടെ, ജീവജാലങ്ങളുടെ, സ്വശരീരത്തിന്റെ വായന.
പിന്നീട്, അത്ഭുതകരമായ രീതിയിൽ നിരവധി ശാസ്ത്ര രഹസ്യങ്ങളിലേക്ക് ഖുർആൻ സൂചന നൽകുന്നു. ചന്ദ്രൻ പ്രകാശിക്കുന്നത് സ്വന്തം വെളിച്ചത്തിൽനിന്നാണ് എന്ന് മനുഷ്യന്റെ യുക്തി വാദിക്കുന്ന കാലത്ത്പോലും സൂര്യന്റേത് സ്വന്തം വെളിച്ചമാണ് എന്ന് പറഞ്ഞ ഖുർആൻ, ചന്ദ്രന്റേത് പ്രതിഫലിക്കപ്പെടുന്ന പ്രകാശമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഖുർആനിക ഭ്രൂണശാസ്ത്രവും ജീവശാസ്ത്രവും ഗോളശാസ്ത്രവുമെല്ലാം നിരവധി ശാസ്ത്രജ്ഞരെയും ശാസ്ത്ര വിദ്യാർത്ഥികളെയും ഇന്നും ഇസ്‌ലാമിലേക്ക് ആകർഷിച്ചുകൊണ്ടേയിരിക്കുന്നു. കേൾക്കാനും കാണാനും നിരീക്ഷിക്കാനും ചിന്തിക്കാനും നിരവധിയിടങ്ങളിൽ ഖുർആൻ ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനങ്ങളിൽ നിന്ന് ആവേശമുൾക്കൊണ്ടാണ് നിരവധി മുസ്‌ലിം പണ്ഡിതന്മാർ ശാസ്ത്രപരീക്ഷണങ്ങളുടെ പിന്നാലെ പോയതും അഭൂതവും അതുല്യവുമായ സംഭാവനകൾ ശാസ്ത്രവികാസത്തിന് സമ്മാനിച്ചതും. അന്യഗ്രഹങ്ങളിൽ മനുഷ്യൻ ഉണ്ടോ എന്ന ചർച്ച പോലും ഒരു ഖുർആനിക വചനത്തിൽ അടിസ്ഥാനത്തിൽ പ്രവാചകൻ(സ്വ)യുടെ അനുചരൻമാർ ക്കിടയിൽ അന്ന് നടന്നിട്ടുണ്ട്.
അൽ-ഖവാരിസ്മി, അവിസന്ന, അൽ-ഖാസി തുടങ്ങിയവർ ഗണിതശാസ്ത്രം, അൽജിബ്ര, ട്രിഗണോമെട്രി, ജ്യോമട്രി, അറബിക് സംഖ്യാസമ്പ്രദായം തുടങ്ങിയവക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്. മെഡിക്കൽ സയൻസിന്റെ വികാസത്തിൽ അവിസന്ന, അൽ-ബിറൂനി, ഇബ്നുൽ ഹൈതം തുടങ്ങിയവർ വഹിച്ച പങ്ക് വളരെ വലുതാണ്. കെമിസ്ട്രി എന്ന പദം പോലും രൂപപ്പെട്ടത് 'കീമിയ' എന്ന അറബി വാക്കിൽ നിന്നാണ്. ആൽക്കമി, അൽജിബ്ര തുടങ്ങിയ പദങ്ങളുടെയും അടിസ്ഥാനം അറബി പദങ്ങൾതന്നെ.അൽ- ബഥനി ഒരു പ്രകാശവർഷത്തിന്റെ നീളം കൃത്യമായി കണക്കാക്കിയിരുന്നു. അൽ-ബിറൂനി ഭൂമിയുടെ ആരം കണക്കാക്കിയതിന് ആധുനിക കണക്കുമായി ഏതാണ്ട് പതിനേഴ് കിലോമീറ്റർ മാത്രം വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അൽ-സർഖാലിയുടെ ആസ്ട്രോലാബ് (നക്ഷത്ര ദൂരമാപനയന്ത്രം) ആധുനിക കാലത്തു പോലും ഉപയോഗിക്കപ്പെടുന്നു. ഒഫ്താൽമോളജിക്ക് വളരെ വലിയ സംഭാവന ചെയ്ത ശാസ്ത്രജ്ഞനായിരുന്നു ഇബ്നുൽ ഹൈതം. അബ്ബാസ് ബിൻ ഫിർനസ് നിരവധി ലെൻസുകളും ജലഘടികാരവും നിർമ്മിച്ച വ്യക്തിയാണ്. റൈറ്റ് സഹോദരന്മാർക്ക് മുൻപേ പറക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വളരെ പ്രശസ്തമാണ്. ചന്ദ്രനിലെ ഒരു ഗർഭത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. ഇങ്ങനെ മുസ്ലിം ശാസ്ത്രജ്ഞന്മാർ നൽകിയ സംഭാവനകളുടെ പട്ടിക വളരെ വലുതാണ്.
സയൻസ് എല്ലാമല്ല. അത് മനുഷ്യന് അല്ലാഹു നൽകിയ വിജ്ഞാനമാണ്. അതിന് പരിമിതികളുണ്ട്. കൂടുതൽ കൂടുതൽ പഠിക്കുക എന്നതാണ് ഇസ്‌ലാമിക സന്ദേശം. "ഒരാൾ തന്റെ ശരീരത്തെ മനസ്സിലാക്കിയാൽ അവന് തന്റെ രക്ഷിതാവിനെ ബോധ്യപ്പെടും" എന്ന പ്രവാചകവചനം അത്ഭുതങ്ങളുടെ മഹാ ഫാക്ടറിയായ നിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം ആവശ്യപ്പെടുകയും അതിന്റെ സൃഷ്ടിപ്പിന് പിന്നിലെ ബുദ്ധിയെയും ശക്തിയെയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ശാസ്ത്രം എന്നത് പ്രവാചക വചനങ്ങളുടെ അകംപൊരുളുകളിലേക്കും ദൈവിക സൃഷ്ടിപ്പുകളുടെ അത്ഭുതങ്ങളിലേക്കും മനുഷ്യന് ചെന്നെത്താനുള്ള ഒരുപാധിയാണ്. 'എന്തുകൊണ്ട്' എന്ന ചോദ്യത്തിന് 'വെറുതേ' എന്ന് ഉത്തരം പറഞ്ഞിരിക്കാതെ പ്രപഞ്ചയാഥാർത്ഥ്യങ്ങളുടെ അഗാധതയിലേക്ക് ഇറങ്ങിച്ചെല്ലാൻ തയ്യാറാവാത്തത് കൊണ്ടാണ് യുക്തിവാദികൾ ഇന്നും നിരീശ്വരവാദികൾ തന്നെയായിരിക്കുന്നത്. ഫ്രാൻസിസ് ബേക്കൺ പറഞ്ഞതുപോലെ "ശാസ്ത്രത്തിലുള്ള അൽപജ്ഞാനം മനുഷ്യനെ നിരീശ്വരവാദിയാക്കുന്നു; എന്നാൽ ആഴത്തിലുള്ള ശാസ്ത്രപഠനം അവനെ ഈശ്വരവിശ്വാസിയാക്കുന്നു."
Leave A Comment