കശ്മീര്‍ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടീഷ് ലേബര്‍പാര്‍ട്ടി നേതാവ്
ബര്‍മിംഗ്ഹാം: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി ഒരു പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടീഷ് ലേബര്‍പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍. ഡിസംബര്‍ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബര്‍മിംഗ്ഹാമിലെ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കശ്മീര്‍ വിഷയത്തില്‍ കോര്‍ബിന്‍ പ്രതികരണം നടത്തിയത്. കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും മാധ്യമ വിലക്കിനെക്കുറിച്ചമുള്ള അവതാരകന്റെ ചോദ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്, ” താങ്കളുടെ ഈ ചോദ്യത്തിന് നന്ദി” എന്നാണ് കോര്‍ബിന്‍ പറഞ്ഞത്. ”കശ്മീരില്‍ താമസിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി സുസ്ഥിരമായ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും ഈ വിഷയം അഭിസംബോധനചെയ്യണം”- അദ്ദേഹം പറഞ്ഞു. ”കാലാകാലം കശ്മീരില്‍ നടക്കുന്ന ദുരിതവും പിരിമുറുക്കവും മനുഷ്യാവകാശ പ്രശ്നങ്ങളും അനുഭവിച്ച് നമുക്ക് പോകാന്‍ കഴിയില്ല. കുറേവര്‍ഷം ഈ വിഷയത്തെക്കുറിച്ച് പഠിച്ച വ്യക്തി എന്ന നിലയില്‍ അവിടെയുള്ള ആളുകള്‍ക്ക് ഞാന്‍ ഒരു സുഹൃത്തായിരിക്കുമെന്ന ഉറപ്പ് നല്‍കുന്നു”- അദ്ദേഹം പറഞ്ഞു. ബി.ജെ.പി യുടെ വിദേശ വിഭാഗം (ഒ.ബി.ജെ.പി) കശ്മീരിലെ ജനങ്ങളെ പിന്തുണച്ച 50 ലേബര്‍ എം.പിമാരെ പരസ്യമായി എതിര്‍ക്കുകയും ബ്രിട്ടീഷ് ഇന്ത്യക്കാരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ബ്രിട്ടീഷ് ജനങ്ങൾ ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രകടന പത്രികകളും നയങ്ങളും പരിഗണിച്ച് വോട്ട് ചെയ്യാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter