കശ്മീർ സാധാരണ നിലയിലാണെന്ന വാദം അവാസ്തവമെന്ന് അന്വേഷണ റിപ്പോർട്ട്
ശ്രീനഗർ: ജമ്മുകശ്മീരിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം. ജമ്മുകശ്മീരില്‍ അഞ്ച് ദിവസം സന്ദര്‍ശനം നടത്തി സംഘം പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ അടക്കമുള്ളവരാണ് സന്ദര്‍ശനം നടത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ജമ്മുകശ്മീരിലെ പതിമൂന്ന് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണ് തങ്ങൾ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വനിത സാമൂഹികപ്രവര്‍ത്തകരുടെ സംഘം അവകാശപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആശുപത്രികള്‍ എന്നിവിടങ്ങളിലും , പോലീസ് ഉദ്യോഗസ്ഥര്‍, സൈനികര്‍ അടക്കമുള്ളവരോടും സംസാരിച്ചാണ് വിവരങ്ങള്‍ മനസ്സിലാക്കിയതെന്നും സംഘം വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അനുച്ഛേദം 370 റദ്ദാക്കിയത് ജമ്മുകശ്മീരിലെ ജനങ്ങളെ ഒന്നിപ്പിച്ചു. നേരിട്ട കണ്ട ഒരാളുപോലും കേന്ദ്രസര്‍ക്കാര്‍ തീരുമാനം നല്ലതെന്ന് പറഞ്ഞില്ല. ജമ്മുകശ്മീരില്‍ യുവാക്കളെ പിടിച്ച്കൊണ്ടുപോവുകയാണെന്നും സൂക്ഷിച്ചവെച്ച ഭക്ഷണസാധനങ്ങള്‍ക്ക് മുകളില്‍ സൈനീകര്‍ മണ്ണെണ്ണ ഒഴിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട സംഘം ജമ്മുകശ്മീരിനെ സാധാരണഗതിയിലാക്കാനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറ്റു രാഷ്ട്രീയ പാർട്ടികളെയെല്ലാം നിശബ്ദമാക്കുന്ന നിലപാട് സ്വീകരിച്ച സർക്കാർ ബി.ജെ.പിയൊഴികെ മറ്റൊരു പാര്‍ട്ടിക്കും ഒരു യോഗം പോലും നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചു നൽകിയിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter