ഹാഷിംപുര കൂട്ടക്കൊല; നീതിക്ക് വേണ്ടി കാത്തുനില്‍ക്കേണ്ടി വന്നത് 31 വര്‍ഷങ്ങള്‍

ഉത്തര്‍ പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസില്‍  നീതിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നത് 31 വര്‍ഷങ്ങള്‍. കലാപം നിയന്ത്രിക്കാനെന്ന പേരില്‍ ന്യൂനപക്ഷ വിഭാഗത്തിലെ 42 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പോലീസ് സേനയിലെ 16 മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയാണ് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചത്. 

തെളിവിന്‍രെ അഭാവത്തില്‍ വിചാരണകോടതി വിട്ടയച്ച ഉത്തരവ് തള്ളിയാണ് ജസ്റ്റിസുമാരായ എസ്.മുരളീധരന്‍, വിനോദ് ഗോയല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍രെ വിധി. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കൂട്ടക്കൊലയില്‍ നിന്നരക്ഷപ്പെട്ട സുല്‍ഫിക്കര്‍ നസീര്‍ എന്നിവരുടെ അപ്പീലിലാണ് ഉത്തരവ്.

2015 ല്‍ കുറ്റാരോപിതരായ 16 പേരെ തെളിവിന്റെ  അഭാവത്തില്‍ വിചാരണ കോടതി വെറുതെ വിട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കല്‍ നീതി തേടി 31 വര്‍ഷമാണ് കാത്തിരുന്നതെന്നും സര്‍ക്കാരുടെ സാമ്പത്തിക സഹായം അവരുടെ നഷ്ടത്തിന് പകരമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

1987 മെയില്‍ ഉത്തര്‍  പ്രദേശിലെ മീറത്തിലുള്ള ഹാഷിം പുരയിലെ 42 മുസ്ലിം ചെറുപ്പക്കാരെ പി.എ.സി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി) സേന നഗരത്തിന് പുറത്ത് കൊണ്ടുപോയി വെടിവെച്ചു കൊന്നുവെന്നതായിരുന്നു കേസ്. യു.പി.യിലെ മീറത്തില്‍ നിന്നും 700 ഓളം പേരെയായിരുന്നു സേന നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിരുന്നത്. യുവാക്കളെ പോലീസ് ട്രക്കില്‍കൊണ്ടുപോയി വെടിവെച്ച് കനാലില്‍  തള്ളുകയായിരുന്നു. അന്ന് രക്ഷപ്പെട്ട അഞ്ചുപേരാണ് ഈ കൊടും ക്രൂരത പുറം ലോകത്തെ അറിയിച്ചത്. വെടിയേറ്റിട്ടും മരണം ഉറപ്പുവരുത്താതിരുന്നതാണ് ഈ അഞ്ചുപേര്‍ക്ക് രക്ഷയായി മാറിയത്.
2000 ത്തില്‍ കേസില്‍ പ്രതികളായ 16 പേര്‍ കീഴടങ്ങിയെങ്കില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter