ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ കളിത്തൊട്ടിൽ

എഴുപത് വർഷം പൂർത്തിയാകുന്ന ഇന്ത്യൻ റിപ്പബ്ലിക് അത്രതന്നെ ജരാനര ബാധിച്ച അവസ്ഥയിലാണോ ഇന്നെന്ന് ആശങ്കപ്പെടുകയാണ്. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി മുന്നോട്ട് വെച്ച ഉൾക്കൊള്ളലിന്റെതാണോ ഗോഡ്‌സെ മുന്നോട്ട് വെച്ച തിരസ്കാരത്തിന്റേതാണോ നവ ഭാരത കാഴ്ചപ്പാടെന്ന് വ്യവച്ഛേദിക്കാൻ കഴിയാത്തവണ്ണം ഇരുൾമുറ്റിയിരിക്കുന്ന അവസ്ഥാന്തരത്തിൽ ഈ തണുത്ത കാലം വിറങ്ങലിച്ചിരിക്കുകയാണ്. ഒരുപക്ഷെ രണ്ടാം റിപ്പബ്ളിക്കിനായി ആഹൂതിചെയ്യാൻ ജനാധിപത്യ വിശ്വാസികൾ തെരുവിലേക്ക് വലിച്ചെറിയപ്പെടേണ്ട സന്നിഗ്ദ്ധത ദശാസന്ധിയിലാണ് നാം എഴുപതാമാണ്ട് ആഘോഷിക്കുന്നതെന്നതാവും ശരിയോടടുത്തുനിൽക്കുന്ന ഒരു നിരീക്ഷണം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. വിസ്താരത്തിൽ ഏഴാം സ്ഥാനത്തും ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുമുള്ള ഈ രാജ്യം എഴുപത് വർഷം അതിജീവിച്ചു എന്നത് പാശ്ചാത്യ ചിന്തകരെയടക്കം അതിശയിപ്പിച്ച വസ്തുതതന്നെയാണ്. എങ്കിലും അതിന്റെ സാംഗത്യത്തിലേക്ക് പോയാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. അമ്പത്തയ്യായിരം വർഷങ്ങൾക്ക് മുമ്പ് ആദിമ ആഫ്രിക്കൻ നായാട്ടുകാരാണ് (ഹോമോ സാപിയൻസ്) ആദ്യമായി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ കാലുകുത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അതുവഴി, മനുഷ്യന്റെ ജനിതക വൈവിധ്യത്തിൽ ആഫ്രിക്കയ്ക്ക് പിന്നിൽ രണ്ടാമത് എണ്ണപ്പെടുന്ന ഭൂസ്ഥലിയാണ് ഇന്ത്യ. ഇവിടെ വരികയും പോകുകയും സ്ഥിരതാമസമാക്കുകയും ചെയ്ത വർഗ്ഗങ്ങളും സംസ്കാരങ്ങളും നിരവധിയാണ്. അങ്ങിനെ അവശേഷിച്ച ഇന്ത്യയിന്ന് ലോകത്തിന്റെ വൈവിധ്യങ്ങളുടെ കളിത്തൊട്ടിലാണ്. ഈ ബഹുസ്വരതായണ് കരുത്തിന്റെ പ്രതീകമായി നാം കണക്കാക്കുന്നതും. 

ഒരു പരസ്പര കരാറിന്റെയടിസ്ഥാനത്തിൽ 1947ൽ ബ്രിട്ടീഷുകാർ അവരുടെ ഡൊമീനിയനിലുള്ള രാജ്യത്തെ രണ്ടായി വിഭജിക്കുകയും, ശേഷം ഇന്ത്യക്കകത്തെ അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളെക്കൂടി കൂട്ടിച്ചേർത്തുകൊണ്ട് സ്വന്തമായൊരു രാഷ്ട്രം രൂപപ്പെടുകയുമായിരുന്നു. എട്ട് ഷെഡ്യൂളുകളിലായി 395 വകുപ്പുകളുമുള്ള ലോകത്തെ തന്നെ ഏറ്റവും വലുതും ബൃഹത്തുമായ ഒരു ഭരണഘടനയാണ് നമ്മുടെ നേതാക്കൾ പൈതൃകമായി നമ്മെയേൽപ്പിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞത്. ആ ഭരണഘടനാ തത്വങ്ങളിലൂന്നിയാണ് നമ്മൾ റിപ്പബ്ലിക് രാഷ്ട്രമാകുന്നത്. ഇരുപത്തിയൊന്ന് തോക്കുകളിൽനിന്നുമുതിർന്ന വെടിയൊച്ചകളുടെ അകമ്പടിയോടെ, ഇർവിൻ സ്റ്റേഡിയത്തിൽ ആദ്യത്തെ രാഷ്ട്രപിതാവ് ഡോ. രാജേന്ദ്രപ്രസാദ് ത്രിവർണ്ണ പതാക വിടര്ത്തി ക്കൊണ്ട് വിളംബരം ചെയ്ത 1950 ജനുവരി 26നെ അനുസ്മരിച്ചുകൊണ്ടാണ് 135 കോടി ഇന്ത്യക്കാർ പ്രത്യാശയുടെ റിപ്പബ്ലിക് ആഘോഷിക്കുന്നത്. നമ്മുടെ ഭരണഘടന തയ്യാറായി ഒപ്പുവെക്കപ്പെട്ടത് 1949 നവംബർ 26നായിരുന്നു. രണ്ടുമാസം കാത്തിരുന്നതിന്റെ പിന്നിൽ രണ്ടുപതിറ്റാണ്ട് മുൻപ് നമ്മുടെ ദേശനേതാക്കളെടുത്ത പ്രതിജ്ഞയുടെ പ്രതീകവൽക്കരണമായിരുന്നു, അതിന്റെ സാക്ഷാൽക്കാരമായിരുന്നു ലക്ഷ്യം. 1929 ഡിസംബർ 31ന്റെ പാതിരാവിൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ നെഹ്രുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്പ്രകാരം 1930 ജനുവരി 26 ഇന്ത്യയെ ബ്രിട്ടീഷ് അധിനിവേശത്തിൽനിന്നും മോചിപ്പിക്കുന്ന ദിവസമായി തീരുമാനിക്കുകയായിരുന്നു. പൂർണ്ണ സ്വരാജ് എന്നാണത് ചരിത്രത്തിലതറിയപ്പെടുന്നത്. ലാഹോർ സമ്മേളനത്തിന്റെ ചുവടുപിടിച്ചാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നത്.

റിപ്പബ്ലിക്കെന്നത് ഈ രാജ്യം ജനങ്ങൾക്ക് കൊടുത്തിരിക്കുന്ന പരമാധികാരത്തിന്റെ രത്നചുരുക്കമാണ്. ജനമാണ് എല്ലാത്തിനും മുകളിൽ; അവരാണ് ആരാവണം അവരെ ഭരിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ ഔദ്യോഗികമായി സ്വതന്ത്രമായെങ്കിലും റിപ്പബിക്കാകുന്നത് വരേക്കും നമ്മൾ ജോർജ് ആറാമന്റെ കീഴിൽ, ബ്രിട്ടീഷ് കോമൺവെൽത്തിനകത്തെ ഒരു രാജ്യമായി തുടരുകയായിരുന്നു. നമുക്ക് സ്വന്തമായി ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നില്ല. 1935ൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഇന്ത്യാ ഗവണ്മെന്റ് ആക്റ്റ് പ്രകാരമായിരുന്നു രാജ്യം പോയിക്കൊണ്ടിരുന്നത്‌. ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാരം ഇന്ത്യക്ക് ലഭിക്കാൻ 894 ദിവസമാണ് നമ്മൾ കാത്തിരുന്നത്. അതുകൊണ്ട് തന്നെയാകാം ഉത്സവഛായയിൽ മുങ്ങിയമരുന്ന ആഘോഷമാക്കി റിപ്പബ്ലിക് ദിനം നാം കൊണ്ടാടുന്നതും.

ഇന്ത്യയുടെ ശിൽപികൾ ഡോ. ബാബാ സാഹേബ് അംബേദ്‌കറുടെ നേതൃത്വത്തിൽ നിർമ്മിച്ച ആ മനോഹര ശില്പത്തെ എതിർത്തുപോന്നിരുന്നവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിൽ 1949 നവംബർ മുപ്പതിന് എഴുതിയ ലേഖനത്തിൽ ഇന്ത്യൻ ഭരണഘടനയെ അവരുൾകൊള്ളുന്നില്ലെന്ന് തുറന്ന് പറയുന്നുണ്ട്. മനുസ്‌മൃതിയാണ് പകരമായി നിർദ്ദേശിച്ചത്. പിന്നീട് പലപ്പോഴായി ഓർഗനൈസറിലും ഗുരുജി ഗോൾവാൾക്കറുടെ ഗ്രന്ഥങ്ങളിലും ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. ഭരണഘടനയോട് മാത്രമല്ല, ത്രിവർണ്ണ പതാകയോടുമുണ്ട് ഈ വിയോജിപ്പ്. കാവിക്കൊടിയാണ് അവരുടെ രാഷ്ട്രസങ്കൽപ്പത്തിലെ പതാക. ഭരണഘടനയും കൊടിയും മാറ്റിയിട്ടില്ലെങ്കിലും രാജ്യത്തിന്റെ ബഹുസ്വരത ഇന്ന് ഭീഷണിനേരിടുക തന്നെയാണ്. അതാണീ റിപ്പബ്ലിക് ദിനത്തെ മ്ലാനവദനമാക്കുന്നതും.

ഇന്ത്യയുടെ കലാലയങ്ങളിന്ന് കലുഷിതമാണ്. ഡൽഹിയും മുംബൈയും കൽക്കട്ടയും ബംഗളൂരും ചെന്നൈയുമടക്കമുള്ള വൻകിട നഗരങ്ങളിലൊക്കെ വിദ്യാർത്ഥികളും ചെറുപ്പക്കാരും തെരുവിലാണ്. ചില സ്ഥലങ്ങളിലെങ്കിലും ഇവർക്കുനേരെ ഭരണകൂടങ്ങളുടെ ആജ്ഞക്ക് പുറത്ത് നിയമപാലകർ അടിച്ചമർത്തൽ നയം തുടരുകയാണ്. ജനാധിപത്യ പ്രതിഷേധങ്ങളിലേർപ്പെട്ടവർക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുകയാണ്; സ്വത്ത് കണ്ടുകെട്ടുകയാണ്; ഭീമമായ നഷ്ടപരിഹാരത്തുക അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതിഷേധസ്വരങ്ങൾക്ക് നേരെ കൺപൂട്ടിയിരിപ്പാണ്. അസാധാരണമാണ് ഈ സ്ഥിതിവിശേഷം. റിപ്പബ്ലിക്കിന്റെ ആത്മാവിനെതിരാണ് ഭരണയന്ത്രം ചലിക്കുന്നത്. ഗാന്ധിയുടെ മരണം സംഭവിച്ചയുടെനെ രാജ്യത്തെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞു, “വെളിച്ചം നമ്മുടെ ജീവിതത്തിൽ നിന്ന് പോയി, എല്ലായിടത്തും ഇരുട്ട് പരന്നു.”

"ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും; അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും; അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻറെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ...." എന്നുപറഞ്ഞുകൊണ്ടാണ് നമ്മുടെ ഭരണഘടന തുടങ്ങുന്നത് തന്നെ. ഈ മഹിതമായ ലക്ഷ്യങ്ങൾ അടിവേരോളം ആഴ്ന്നിറങ്ങിയ ഒരു രാഷ്ട്രത്തിൽ, ഈ ലക്ഷ്യങ്ങൾക്കുവേണ്ടി സ്വന്തം ജീവരക്തം ബലിനൽകിയ ഒരു രാഷ്ട്രപിതാവിന്റെ മണ്ണിൽ നാം നമ്മുടെ പ്രതിജ്ഞ പുതുക്കേണ്ടതുണ്ട്; പടിഞ്ഞാറിൽനിന്നും ഇറക്കുമതിചെയ്ത ഫാഷിസത്തിന് മുന്നിൽ ഇന്ത്യയുടെ ആത്മാഭിമാനം പണയപ്പെടുത്തില്ലെന്ന്. ജനാധിപത്യമെന്ന മഹിതമായ ആശയത്തിന് പകരം ഇരുപതാം നൂറ്റാണ്ടിനെ ചെഞ്ചായമണിയിച്ച ചെകുത്താന്റെ പ്രത്യശാസ്ത്രങ്ങൾക്കുമുന്നിൽ തോൽക്കാൻ മനസ്സില്ലെന്ന്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter