മുസ്‌ലിം നിരന്തരം ഉന്നംവെക്കപ്പെടുന്നതിലെ അജണ്ടകള്‍
ഓരോ ദിവസവും പുലരുന്നത് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുസ്ലിം സമൂഹത്തെ ഉന്നം വെക്കുന്ന വാര്‍ത്തകളോ സംഭവങ്ങളോ മാധ്യമങ്ങളാല്‍ നിര്‍മ്മിച്ചെടുത്തുകൊണ്ടാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ക്കെതിരെ വെറുപ്പ് ഉത്പാദിപ്പിച്ച് അവരെ പൊതുസമൂഹത്താല്‍ അകറ്റി നിര്‍ത്തപ്പെടാനും വേണ്ടി കഥകള്‍ മെനയുന്ന വളരെ ശക്തമായതും വിപുലമായതുമായ ഒരു മെഷിനറി തന്നെ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും വിഭജന കാലഘട്ടത്തില്‍ ഇന്ത്യയില്‍ തന്നെ നിലകൊള്ളാന്‍ തീരുമാനിക്കുകയും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനും രാഷ്ട്ര സേവനത്തിനും മഹത്തായ പങ്കു വഹിക്കുകയും ചെയ്ത അതേ സമൂഹത്തോടാണ് ഇത് ചെയ്യുന്നത്.
ഭൂരിപക്ഷ സമുദായത്തിലെ ഓരോ വ്യക്തിയും ഇതില്‍ പങ്കാളിയാണെന്നോ, അവര്‍ എല്ലാവരും ഈ രാഷ്ട്രീയ കുപ്രചാരണങ്ങള്‍ മുഴുവന്‍ അപ്പടി വിഴുങ്ങുന്നവരാണെന്നോ എനിക്ക് അഭിപ്രായമില്ല. എന്നിരുന്നാലും വളരെ വലിയതും ആഴത്തില്‍ വേരുകള്‍ ആഴ്ത്തിയതുമായ ഒരു തരം ഉന്മാദം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വളര്‍ത്തി കൊണ്ടുവന്നിരിക്കുന്നു എന്നത് നിഷേധിക്കാന്‍ ആവില്ല. ലക്ഷ്യം വെക്കുന്നത് മുസ്ലിം സമൂഹത്തെ ഇപ്പോഴും കടന്നാക്രമണത്തിനു വിധേയരാക്കിക്കൊണ്ടിരിക്കുക എന്നതാണ്.
എന്താണ് ഈ ഭീമമായ കുപ്രചാരണ വലയം നിലനിര്‍ത്തുന്നവരുടെ ലക്ഷ്യങ്ങള്‍?
മുഖ്യമായും മൂന്നു ലക്ഷ്യങ്ങള്‍ ആണ് അവര്‍ക്കുള്ളത്.
ഒന്ന്: രാഷ്ട്രത്തിന്റെ ശ്രദ്ധ പ്രധാനപ്പെട്ട പൊതുവിഷയങ്ങളില്‍ നിന്നും തിരിച്ചു വിടുക. വികസനം, സാമ്പത്തിക വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍, PDS അഴിമതി, വ്യാപം അഴിമതി, അതിന്റെ ഭാഗമായ മരണപരമ്പരകള്‍, ഘനി കുംഭകോണം, LED കുംഭകോണം, മുതലാളിത്ത ചൂഷണങ്ങള്‍.... എന്നിങ്ങനെയുള്ള പൊതു പ്രശനങ്ങളെ കുറിച്ച് ചിന്തിക്കുവാനും ചോദ്യങ്ങള്‍ ഉന്നയിക്കുവാനും ജനങ്ങള്‍ക്ക് ഇടം നല്‍കാതിരിക്കുക.
രണ്ട്: മുസ്ലിം യുവസമൂഹത്തെ അനാവശ്യമായ ചര്‍ച്ചകളില്‍ തലച്ചിടുകയും ശരിയായ ലക്ഷ്യങ്ങളില്‍ നിന്ന് അവരെ വഴിതെറ്റിക്കുകയും ചെയ്യുക. മുത്തലാഖ്, തലാഖ് ഹലാല, യൂണിഫോം സിവില്‍ കോഡ്, വന്ദേമാതരം ബലം പ്രയോഗിച്ച് പാടിപ്പിക്കല്‍, പശുവിന്റെ പേരില്‍ തല്ലിക്കൊല്ലല്‍, ലവ് ജിഹാദ്..... അങ്ങനെയങ്ങനെ അനന്തമായ വിവാദങ്ങള്‍ മുഴുവന്‍ മുസ്ലിംകളെ ലക്ഷ്യം മറന്നു വട്ടം ചുറ്റുന്നവരാക്കാന്‍ വേണ്ടി ഉള്ളതാണ്. ഇതുവഴി മുസ്ലിംകളെ വര്‍ഷങ്ങളോളം പുറകില്‍ തളച്ചിടാം. എത്ര സമയവും ഊര്‍ജവുമാണ് ഈ വിവാദങ്ങളെ നേരിടാന്‍ വേണ്ടി നശിപ്പിച്ചു കളയേണ്ടി വരുന്നത് എന്നൊന്ന് കണക്കെടുപ്പ് നടത്തിയാല്‍ അറിയാം കാര്യങ്ങളുടെ കിടപ്പ്. അവിശ്വസനീയമാം വിധം വലിയ അളവില്‍ ഈ നഷ്ടം മുസ്ലിംകളുടെയും മൊത്തം രാജ്യത്തിന്റെയും പുരോഗതിയെ പിറകോട്ട് വലിക്കുകയാണ്.
മൂന്ന്: ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പോളിസി നടപ്പാക്കി ദീര്‍ഘകാല രാഷ്ട്രീയ നേട്ടം കൊയ്യുക.
മുസ്ലിംകള്‍ - പ്രത്യേകിച്ച് യുവസമൂഹം - ഈ പരീക്ഷണങ്ങളെ എങ്ങനെ തരണം ചെയ്യണം?
എന്റെ എളിയ അഭിപ്രായത്തില്‍ ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ്:
-പ്രധമവും പ്രധാനവുമായി നിങ്ങള്‍ നിങ്ങളുടെ ജീവിത ലക്ഷ്യത്തില്‍ മുറുകെ പിടിക്കുക. വിദ്യാഭ്യാസം, ജോലി, ബിസിനസ്, പൊതു പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്തൊക്കെയാണോ വേണ്ടത് അവയില്‍ ഇപ്പോഴും ശ്രദ്ധാലുക്കള്‍ ആയിരിക്കുക. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വ്യാജ ബഹളങ്ങള്‍ക്ക് പിറകെ ശ്രദ്ധ തെറ്റി അലയാനും തര്‍ക്കിച്ച് സമയം കളയാനും പോകാതിരിക്കുക.
-യാഥാര്‍ത്ഥ്യബോധം നിലനിര്‍ത്തുക. വൈകാരികമായി നയിക്കപ്പെടാതിരിക്കാന്‍ ജാഗ്രതയുള്ളവരാകുക. കാണുന്നതിനും കേള്‍ക്കുന്നതിനും ഹൈപ്പര്‍ റിയാക്ടീവ് ആവാതെ നിയന്ത്രിക്കുക.
-അധികാരത്തില്‍ ആരായിരുന്നാലും ശരി രാഷ്ട്രത്തോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഉപേക്ഷ വരുത്താതിരിക്കുക. രാഷ്ട്രം വേറെ, ഭരണകൂടം വേറെ. രാഷ്ട്രത്തെ സേവിക്കുന്നത് സാധ്യമായ അളവില്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുക. രാഷ്ട്രീയ കക്ഷികള്‍ ഉദിക്കും, അസ്തമിക്കും, പക്ഷെ രാഷ്ട്രത്തോടുള്ള ബന്ധങ്ങള്‍ നിലനില്‍ക്കും.
-നിര്‍മ്മാണാത്മകമായ ചര്‍ച്ചകളില്‍ പങ്കെടുക്കുക. നെഗറ്റീവായിപ്പോകുന്ന അവസ്ഥയിലേക്ക് നിങ്ങളെ വലിച്ചിടാന്‍ സമ്മതിക്കരുത്. കൂട്ടത്തില്‍ വിവേകവും ഉള്‍ക്കാഴ്ച്ചയും ഉള്ളവരെ ആ ജോലി ഏല്‍പ്പിക്കുക. എല്ലാ ഓരോ വ്യക്തിയും അതിനു യോഗ്യത ഉള്ളവരല്ല.
-കാര്യങ്ങളുടെ ശരിയായ കിടപ്പ് ഇപ്പോഴും അന്വേഷിച്ച് പഠിക്കുക. നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ അറിയില്ലെങ്കില്‍ മറ്റുള്ളവരെ എങ്ങിനെ ബോദ്ധ്യപ്പെടുത്തി കൊടുക്കാന്‍ പറ്റും?
-ഭയപ്പെടാതിരിക്കുക. സത്യത്തില്‍ നിങ്ങളെ ഭയപ്പെടുത്തുക എന്നതാണ് പ്രോപഗണ്ടാ മെഷിനറി ലക്ഷ്യം വെക്കുന്നത്. ഓര്‍ക്കുക, എല്ലാറ്റിലും മുകളില്‍ ഒരു സര്‍വ്വ ശക്തന്‍ ഉണ്ട്. അവനാണ് ഏറ്റവും നല്ല അഭയദായകന്‍.
-അവസാനമായി, പ്രാര്‍ഥിക്കുക, നമ്മുടെ ഈ സുന്ദരദേശത്ത് സമാധാനവും സഹവര്‍ത്തിത്തവും നിലനില്‍ക്കാന്‍ പ്രാര്‍ഥിച്ചുകൊണ്ടേ ഇരിക്കുക.
അവസാനമായി എന്റെ സുഹൃത്തുക്കളായ എല്ലാ മതസ്ഥരോടും: എഴുന്നേറ്റ് നിന്ന് സംസാരിക്കുക. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാന്‍ വേണ്ടി.
(ഫെയ്‌സ് ബുക്കില്‍നിന്ന്)
Leave A Comment