എത്രപെട്ടെന്നാണ് അവര്‍ ജനാധിപത്യത്തെ കുഴിച്ചുമൂടുന്നത്- ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സംസാരിക്കുന്നു
ഈജിപ്തിലെ സൈനിക ഭരണകൂടം ജനാധിപത്യത്തെ കുഴിച്ച് മൂടുന്നതിന്റെ ഭാഗമായി ഏറ്റവും പുതുതായെടുത്ത നീക്കമാണ് അറബ് നെറ്റ്‍വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ഫോര്‍മേഷന്‍ (എ.എന്‍.എച്ച്.ആര്‍.ഐ)എന്ന സന്നദ്ധ സംഘടന പ്രസിദ്ധീകരിക്കുന്ന അല്‍ വസ്‌ല എന്ന മാഗസിന്‍ നിരോധിച്ച നടപടി.എഎന്‍ എച്ച്ആര്‍ഐ ചെയര്‍മാന്‍ ജമാല്‍ ഈദ് സ്വാതന്ത്ര്യത്തിനെതിരെയുള്ള പുതിയ സര്‍ക്കാരിന്റെ നയം മുന്‍ നിര്‍ത്തി Qantara.de-ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം
വസ്‌ലയെ കണ്ട് കെട്ടിയ ഭരണകൂട നടപടി താങ്കളെ അമ്പരപ്പിച്ചോ? ഇതിനെതിരെ എങ്ങനെ പ്രതികരിക്കുന്നു
ഈജിപ്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതിയ 'വികസനങ്ങളുടെ വെളിച്ചത്തില്‍ ഈ നടപടി ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ്. എന്നാല്‍ ഇത്ര പെട്ടെന്ന് നടപടിയെത്തിയതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. സന്നദ്ധ സംഘനകളെല്ലാം തന്നെ പൊതു സമൂഹം അനുഭവിക്കുന്ന ദുരിതങ്ങള്‍ പുറത്ത് വിടുമെന്നതിനാല്‍ ഭരണകൂടം അവക്കെതിരെ കടുത്ത നടപടി എടുത്തേക്കുമെന്നത് ഏറെ വ്യക്തമായിരുന്നു. പുതിയ പ്രസിഡന്റ് തന്റെ ഭരണതുടക്കത്തില്‍ തന്നെ എതിര്‍ ശബ്ദങ്ങളെല്ലാം നിശബ്ദമാക്കാനുള്ള ഒരുക്കത്തിലാണ്. ജനാധിപത്യത്തിന് വേണ്ടി മുറവിളി കൂട്ടിയെന്നതിനാല്‍
വസ്‌ലക്കെതിരെയുള്ള നടപടിക്ക് അല്‍പം വേഗത കൂടിപ്പോയി.
സുരക്ഷാ സൈനികര്‍ പിടിച്ചെടുത്ത പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് വസ്‌ല നിരോധിക്കുന്നതിലേക്ക് വഴി വെച്ചതെന്ന് കരുതുന്നുണ്ടോ?
2010 മുതല്‍ എ.എന്‍.എച്ച്.ആര്‍.ഐ പുറത്തിറക്കുന്ന മാഗസിനില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തിന്റെയും പ്രതിനിധികളായുള്ള ഒരു കൂട്ടം യുവ എഴുത്തുകാരാണ് പ്രവര്‍ത്തിക്കുന്നത്. വസ്‌ല യഥാര്‍ത്ഥത്തില്‍ ഒരു ഓണ്‍ലൈന്‍ മാഗസിനാണെങ്കിലും ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്ത പഴയ തലമുറക്ക് കൂടി ലഭ്യമാവാന്‍ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന് തെരഞ്ഞെടുത്ത ചില ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി പ്രിന്റ് ചെയ്യുക കൂടി ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഈജിപ്തിലെ തലമുറകള്‍ തമ്മിലെ സംവേദനത്തിന് വഴിയൊരുക്കുന്നു എന്ന ചരിത്ര ദൗത്യം കൂടി നിര്‍വ്വഹിക്കുന്നുണ്ട് വസ്‌ല. നിരോധിക്കാന്‍ കാരണമായി സുരക്ഷാ സേന ചൂണ്ടിക്കാണിക്കുന്ന പതിപ്പില്‍ പോലും മുസ്‌ലിം ബ്രദര്‍ഹുഡിനെയോ ഭരണകൂടത്തെയോ അനുകൂലിക്കുന്ന ലേഖനങ്ങളൊന്നും തന്നെ ചൂണ്ടിക്കാണിക്കാനാവില്ല. അതിന് പുറമേ സീസിയെത്തന്നെ അനുകൂലിക്കുന്ന ലേഖനമുണ്ട്. എന്നാല്‍ എത്ര ചെറുതായാല്‍ പോലും വിമര്‍ശനത്തോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തുന്നവരാണ് ജനാധിപത്യ ബോധം തൊട്ട് തീണ്ടിയില്ലാത്ത ഇത്തരം ഏകാധിപതികള്‍. വസ്‌ലയില്‍ മറ്റ് പല വിഷയങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. വ്യത്യസ്ത നാടുകളിലെ പെരുന്നാള്‍, നോമ്പ് ആഘോഷ അനുഷ്ഠാനങ്ങള്‍ തുടങ്ങി ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
[caption id="attachment_42414" align="alignleft" width="400"]
നിരോധിക്കപ്പെട്ട വസ്‍ല മാഗസിന്റെ വെബ്സ്ക്രീന്‍ ഷോട്ട്[/caption]
നിരോധിക്കുന്നതിന് കാരണമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്ത് ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
നിരോധിക്കുന്നതിന്ന് ആദ്യം അവര്‍ ഉന്നയിച്ച ആരോപണം വസ്‌ല ഔദ്യോഗിക അനുമതിയില്ലാതെയാണ് തുടങ്ങിയതെന്നാണ്. എന്നാല്‍ 2010 ല്‍ തന്നെ ഈ അനുമതി വാങ്ങിയതിന് ശേഷമാണ് മാഗസിന്‍ ആരംഭിച്ചത്. സീസി ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രേരണ നല്‍കി എന്ന് ഞങ്ങള്‍ പറഞ്ഞുവെന്നാണ് മറ്റൊരു കുറ്റം. എന്നാല്‍ പിടിച്ചെടുക്കപ്പെട്ട ലക്കം സീസി അധികാരത്തില്‍ വരുന്നതിന് മുമ്പാണെന്നറിയുമ്പോള്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസ്സിലാക്കാം. വസ്‌ല മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉടമസ്ഥതയിലാണെന്നതാണ് ഏറ്റവും വലിയ ആരോപണം. എന്നാല്‍ ഇതിലെ സ്റ്റാഫില്‍ മിക്ക ആളുകളും ഇടത് പക്ഷ സഹയാത്രികരോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ആണെന്നത് ഈ ആരോപണത്തിന്റെ മുനയൊടിക്കുന്നു.
നിരോധനത്തെ നിങ്ങള്‍ എങ്ങനെയാണ് നിയമപരമായി നേരിടുക?
പ്രൊസിക്യൂട്ടര്‍മാര്‍ക്ക് വസ്‌ലയുടെ ഇത് വരെയുള്ള ലക്കങ്ങളെല്ലാം നല്‍കി അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഒരു കൂട്ടം ആളുകളുടെ സൃഷ്ടിയാണെന്ന് തെളിയിക്കുകയും ബ്രദര്‍ഹുഡിനെ പിന്തുണക്കാനോ സീസിയെ അധികാരഭൃഷ്ടനാക്കാനോ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
വസ്‌ല നേരിടേണ്ടി വന്ന സാഹചര്യം സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കെല്ലാം മുന്നറിയിപ്പാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും. മനുഷ്യാവകാശ പ്രവര്‍ത്തകരോടും പത്രപ്രവര്‍കരോടുമുള്ള കടുത്ത അസഹിഷ്ണുതയില്‍ നിന്നാണ് ഇത്തരം നടപടികള്‍ ഉണ്ടാവുന്നത്. ഇതിനെതിരെ ഐക്യരാഷ്ട്ര സഭയും ലോകരാജ്യങ്ങളും രംഗത്ത് വരണമെന്നാണ് ഈജിപ്ഷ്യന്‍ ജനതയയെ പ്രതനിധീകരിച്ച് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
വിവര്‍ത്തനം: റാശിദ് ഒ.പി
കടപ്പാട്: http://en.qantara.de/
Leave A Comment