മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 5)
മഖാസ്വിദുശ്ശരീഅഃ - വംശപരമ്പരയുടെ സംരക്ഷണം
കുടുംബത്തെയും വംശപരമ്പരയെയും വ്യവസ്ഥാപിതവും കൃത്യവുമായി സംരക്ഷിക്കുന്നതിന് ഇസ്‌ലാം പ്രാമുഖ്യം നല്‍കുന്നു. അത് കൊണ്ടാണ് വ്യഭിചാരത്തെ വന്‍കുറ്റമായി പ്രഖ്യാപിക്കണമെന്നും അതിലേക്ക് അടുക്കുന്നത് പോലും ശക്തിയായി താക്കീത് നല്‍കുന്നതും. വ്യഭിചാരം ആത്യന്തികായി മനുഷ്യന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്നതും കുട്ടികളുടെ വംശപരമ്പര മുറിച്ച് കളയുന്നതും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് വഴി നടത്തുന്നതുമാണ്.
സന്താനങ്ങളും സന്തതി പരമ്പരയും മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനസ്തംഭവും മനുഷ്യ വംശത്തിന്റെ ആരോഗ്യപരമായ നിലനില്‍പിന് അനിവാര്യവുമാണ്. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായിട്ടാണ് ശരീഅഃ വിവാഹത്തെ അതിയായി പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. അനാഥകളോട് നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നപക്ഷം, നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍ നിന്ന് ഈരണ്ടോ മുമ്മൂന്നോ നന്നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതിയോടെ വര്‍ത്തിക്കാന്‍ കഴിയില്ലെന്നാശങ്കിക്കുന്നുവെങ്കിലോ, അപ്പോള്‍ ഒരു സ്ത്രീയെ മാത്രമേ വേള്‍ക്കാവൂ. (അല്‍ നിസാഅ് 3).
നിങ്ങള്‍ ധാരാളം സ്‌നേഹിക്കുന്നവളേയും കൂടുതല്‍ പ്രസവിക്കുന്നവളെയും വിവാഹം ചെയ്യുക, ഖിയാമത് നാളില്‍ മറ്റുസമുദായക്കാര്‍ക്ക് മുമ്പില്‍ നിങ്ങളുടെ എണ്ണത്തില്‍ ഞാന്‍ അിമാനം കൊള്ളുന്നവനാണെന്ന് പ്രവാചക വചനം ഓര്‍മിപ്പിക്കുന്നു. യുവാക്കളില്‍ നിന്ന് കഴിവുള്ളവര്‍ വിവാഹം ചെയ്യമണമെന്നും, അത് കണ്ണിനെയും ഗുഹ്യസ്ഥാനത്തെയും ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതാണെന്നും പ്രവാചകാദ്ധ്യാപനം. വിവാഹത്തിന്റെ പ്രധാന ലക്ഷ്യം സന്താനോല്‍പധാനവും കുടുംബ വ്യവസ്ഥയുടെ പരിപാലനവുമാണ.് ജാര സന്താനങ്ങളുടെ സാന്നിധ്യം സാമൂഹിക ഭദ്രതക്ക് ഏല്‍പിക്കുന്ന ആഘാതം അപ്രവചനീയവും അഗാധവുമാണ്. ബാധിക്കുന്ന കൂടുതല്‍ വിശ്വാസികളുണ്ടാവുകയെന്നത് ശരീഅഃയുടെ ലക്ഷ്യമാണെന്നും അതിന് വേണ്ടിയുള്ള നിയമപരമായ സന്താനോല്‍പാദനത്തില്‍ വിവാഹത്തിന്റെ പങ്കും നാം വിശദീകരിച്ചു. ബ്രാഹ്മചര്യം അനുഷ്ടിക്കുന്നതും ഭാര്യമാരോടുള്ള സമ്പര്‍ക്കം പരിത്യജിച്ചുള്ള ആരാധനകളും റസൂല്‍ കരീം(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.
Also Read: മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 1)
സുന്നത്തായ കര്‍മ്മങ്ങള്‍ക്കും ഇബാദത്തിനുമായി ഒഴിഞ്ഞിരിക്കുന്നതിനേക്കാള്‍ നല്ലത് വൈവാഹിക ജീവിതം നയിക്കുകയും ഇബാദത്തുകള്‍ക്ക് സമയം കണ്ടെത്തലുമാണെന്ന് പ്രമുഖ പണ്ഡിതര്‍ സ്ഥിരപ്പെടുത്തുന്നു. കാരണം, വിവാഹത്തിലൂടെയുള്ള നന്മകള്‍ പൊതുവായതാണ് (മസ്വാലിഹ് ആമ്മ). സുന്നത്തായ കര്‍മങ്ങളുടെ നേട്ടങ്ങള്‍ വിശിഷ്ടരായ പ്രത്യേക വിഭാഗം ആളുകള്‍ക്ക് മാത്രമാണ്. അവയാണ് പ്രത്യേകമായ നന്മകള്‍ (മസ്വാലിഹ് ഖാസ്സ). വിവാഹത്തിലൂടെ അവന്‍ സ്വന്തത്തെയും കുടുംബത്തെയും സംരക്ഷിക്കുകയും പരിപാലിക്കുകയും സന്താനങ്ങളെ ഉണ്ടാക്കുകയും അവര്‍ ദീനിനും കുടുംബത്തിനും ഗുണകരമാകുന്ന കര്‍മങ്ങളിലേര്‍പ്പെടുന്നതാണ് ഏറെ ഉത്തമം, സ്വന്തത്തിന് മാത്രം പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളില്‍ മുഴുകുന്നതിനേക്കാള്‍ ഉത്തമം അതാണ്.
മാത്രമല്ല, ഏറ്റവും ശ്രേഷ്ടമായതാണല്ലോ പ്രവാചകന്‍ (സ) തിരിഞ്ഞെടുക്കുക, പ്രവാചകര്‍ വിവാഹ ജീവിതം നയിച്ചിട്ടു ണ്ടെന്നത് സുവിദിതമാണല്ലോ. മുന്‍കാല പ്രവാചകരുടെ സ്ഥിതിയും തഥൈവ. താങ്കള്‍ക്കു മുമ്പും നാം നിരവധി ദൈവദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കും നാം ഭാര്യമാരെയും സന്തതികളെയും നല്‍കിയിരുന്നു. (അല്‍ റഅ്ദ് 38) എന്ന് ഖുര്‍ആന്‍ നബിയെ അഭിസംബോധന ചെയ്തു പറഞ്ഞിട്ടുണ്ട് താത്കാലികമായോ പരിപൂര്‍ണമായോ ഗര്‍ഭനിരോധനം നടത്തുന്നതും അല്ലെങ്കില്‍ വൈകാരിക ശേഷി നശിപ്പിക്കുന്നതും ഗര്‍ഭഛിദ്രം ചെയ്യുന്നതും ഇസ്‌ലാം നിരുത്സാഹപ്പെടുത്തുകയോ/നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. മുകളിലെ വിവരണത്തിലൂടെ വൈവാഹിക ജീവിതത്തിന്റെ ഇസ്‌ലാമിക പ്രസക്തിയും കുടുംബ/സന്താനപരമ്പര/വംശാവലിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുന്നതാണ്.
സമ്പത്തിന്റെ സംരക്ഷണം
ഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ വിജയത്തിന് വളരെ അത്യാവശ്യമായ ഒരു ഘടകമാണ് സാമ്പത്തിക ഭദ്രത. അത് ശരീഅ: കൊണ്ടുള്ള പ്രധാന ലക്ഷ്യവുമാണ്. പണ്ഡിതര്‍ അതിനെ അത്യാവശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സമ്പത്ത് കൊണ്ടുദ്ദേശിക്കുന്നത് പണം മാത്രമല്ല. മറിച്ച,് വില മതിക്കാവുന്നതെന്തുമാണ്. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണ പാനീയങ്ങള്‍ക്കും വസ്ത്രത്തിനും സമ്പത്ത് അത്യാവശ്യമായി വരുന്നു. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നാധാരമാക്കിവെച്ചിട്ടുള്ള സമ്പത്ത് മൂഢന്മാരെ ഏല്‍പിക്കാതിരിക്കുക. (അന്നിസാഅ് 5). ഒരു വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും മനുഷ്യന്‍ അവന്റെ അടിസ്ഥാന കാര്യങ്ങളില്‍ സമ്പത്തിനെ ആശ്രയിക്കുന്നു. അതോടൊപ്പം ഒരു ഉമ്മത്ത് എന്ന രീതിയില്‍ മുസ്‌ലിം സമൂഹം സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടത് ആരോഗ്യപരമായ നിലനില്‍പിനും അഭിമാനകരമായ അസ്തിത്വത്തിനും അത്യന്താപേക്ഷികമാണ്.
കുന്നുകൂട്ടി വെക്കുന്നതും ദുരഭിമാനം കൊള്ളുന്നതുമല്ല സമ്പത്തിലെ മഖാസ്വിദ്. മറിച്ച്, നന്മകളുടെ സംസ്ഥാപനവും ഉത്തരവാദിത്വ നിര്‍വ്വഹണവുമാണ് അതിന്റെ ലക്ഷ്യം. നിശ്ചയം അല്ലാഹു സമ്പത്തിനെ ഇറക്കിയത് നിസ്‌കാരം നിലനിര്‍ത്താനും സക്കാത്ത് കൊടുക്കാനുമാണെന്ന ഹദീസ് മേലുദ്ധൃത ആയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ദീനിനും നന്മക്കും വേണ്ടി ചിലവഴിക്കുമ്പോഴാണ് സമ്പത്ത് പ്രശംസിക്കപ്പെടുന്നത്. അബൂബക്കര്‍ (റ) വിന് സമ്പത്ത് ഉപകരിച്ചത് പോലെ മറ്റൊരു ധനവും എനിക്കുപകരിച്ചിട്ടില്ലെന്ന പ്രവാചക വചനം ചിന്തനീയമാണ്. വിശുദ്ധ ദീനിന്റെ സംരക്ഷണത്തിനും വളര്‍ച്ചക്കുമായി അറ്റമില്ലാതെ സഹായിച്ച സ്വഹാബത്തിന്റെ മാതൃകകളും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.
സാമ്പത്തിക സംരക്ഷണത്തിനായി ശരീഅത്ത് കൃത്യമായ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്:
1. സാമ്പത്തിക അതിക്രമങ്ങളെ നിഷിദ്ധമാക്കി.
2. സമ്പത്ത് നഷ്ടപ്പെടുത്തുന്നതും ദുരുപയോഗം ചെയ്യുന്നതും ഹറാമാക്കി.
3. സാമ്പത്തിക ചൂഷകര്‍ക്കും മോഷ്ടാക്കള്‍ക്കും ശിക്ഷ ഏര്‍പ്പെടുത്തി.
4. സമ്പത്ത് നശിപ്പിച്ചവരെ, അത് ഉടമകള്‍ക്ക് തിരിച്ച് നല്‍കാന്‍ ഉത്തരവാദികളാക്കി.
5. സമ്പത്തിനെ അപഹരിക്കുന്നവരെ പ്രതിരോധിക്കുവാനും യുദ്ധം ചെയ്യുവാനും കല്‍പ്പിച്ചു.
6. കടം എഴുതി വെക്കാനും സാക്ഷികളെ നിര്‍ണ്ണയിക്കാനും വിധിച്ചു.
7. കണ്ട് കിട്ടുന്ന സ്വത്തുക്കളെ പ്രസിദ്ധപ്പെടുത്താനും ഉടമകള്‍ക്ക് തിരിച്ച് കൊടുക്കാനും കല്‍പ്പിച്ചു.
മുകളില്‍ പറഞ്ഞതെല്ലാം ചില സാമ്പിളുകള്‍ മാത്രമാണ്.
*കൂലിപ്പണിയെടുത്തും കൃഷി ചെയ്തും കച്ചവടം ചെയ്തും സമ്പത്തുണ്ടാക്കാന്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ചില ഖുര്‍ആനിക സൂക്തങ്ങള്‍:
1. പിന്നെ നമസ്‌കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക. (അല്‍ ജുമുഅ. 10)
2. അവനാണ് ഭൂമിയെ നിങ്ങള്‍ക്കു മെരുക്കിത്തന്നത്. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍. ദൈവം തന്ന വിഭവം ആഹരിച്ചുകൊള്ളുവിന്‍. (അല്‍ മുല്‍ക്. 15)
3. അല്ലയോ, വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗങ്ങളിലൂടെ പരസ്പരം തിന്നാതിരിക്കുക. അത് ഉഭയസമ്മതത്തോടെയുള്ള കൊള്ളലും കൊടുക്കലുമായിരിക്കണം. (അന്നിസാഅ്. 29)
4. കച്ചവടത്തെ അല്ലാഹു അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. (അല്‍ ബഖറ. 275)
*സമ്പത്തുണ്ടാക്കുന്നതിലേറെ പ്രാധാന്യത്തോടെയാണ് അതിനെ നന്മയിലും സുകൃതങ്ങളിലും ചെലവഴിക്കുന്നതിനെ അല്ലാഹു വിശേഷിപ്പിക്കുന്നത്. ഉദാഹരണങ്ങള്‍:-
1. അല്ലാഹുവിന്റെ വഴിയില്‍ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്. അത് ഏഴു കതിരുകള്‍ ഉത്പാദിപ്പിച്ചു; ഓരോന്നിലും നൂറു വീതം മണിയുണ്ട്. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഇരട്ടിയായി നല്‍കും; അവന്‍ വിപുലമായ ശേഷിയും ജ്ഞാനവും ഉള്ളവനത്രെ. സ്വന്തം ധനം ദൈവ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരും തുടര്‍ന്ന് ആ ഉപകാരം എടുത്തു പറയുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യാതിരിക്കുന്നവരും ആരോ അവര്‍ക്ക് നാഥങ്കല്‍ തക്ക പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടി വരില്ല. (അല്‍ ബഖറ 261-262)
2. ആകയാല്‍ കത്തിക്കാളുന്ന നരകത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ താക്കീതു ചെയ്തിരിക്കുന്നു. തള്ളിപ്പറയുകയും പിന്തിരിഞ്ഞുപോവുകയും ചെയ്ത പരമ ഭാഗ്യഹീനനല്ലാതെ അതില്‍ വെന്തെരിയുകയില്ല. വിശുദ്ധി നേടുന്നതിനുവേണ്ടി സ്വന്തം ധനം ദാനം ചെയ്യുന്ന ഉത്തമ ഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടുന്നതാകുന്നു. പ്രത്യുപകാരം ചെയ്യേണ്ട യാതൊരൗദാര്യവും അദ്ദേഹത്തിന്റെ പേരില്‍ ആര്‍ക്കുമില്ല. മനുഷ്യന്‍ തന്റെ റബ്ബിന്റെ പ്രീതിക്കുവേണ്ടി മാത്രമാണിത് ചെയ്യുന്നത്. തീര്‍ച്ചയായും അല്ലാഹു (അവനില്‍) സംപ്രീതനാവുകയും ചെയ്യും. (അല്ലൈല്‍ 16-21)
*അന്യായമായ വഴികളിലൂടെയും അക്രമത്തിലൂടെയും സമ്പത്തുണ്ടാക്കുന്നതിനെതിരെ ശക്തമായ രൂപത്തില്‍ ശരീഅത്ത് താക്കീത് നല്‍കുന്നു...
1. നിങ്ങളുടെ ധനം അന്യോന്യം അന്യായമായി ആഹരിക്കാതിരിക്കുക. അന്യരുടെ ധനത്തില്‍നിന്നൊരു ഭാഗം മനഃപൂര്‍വ്വം അന്യായമായി അനുഭവിക്കുന്നതിനുവേണ്ടി നിങ്ങളതുമായി ഭരണാധികാരികളെ സമീപിക്കയുമരുത്. (അല്‍ ബഖറ 188)
2. അനാഥരുടെ മുതല്‍ നിങ്ങള്‍ അവര്‍ക്കു തിരിച്ചുകൊടുക്കേണ്ടതാകുന്നു. നല്ല മുതലിനെ ചീത്ത മുതലാക്കി മാറ്റാതിരിക്കുക. നിങ്ങള്‍ അവരുടെ മുതല്‍ സ്വന്തം മുതലിനോട് ചേര്‍ത്ത് ഭുജിക്കാവതല്ല. അതു മഹാപാപമാകുന്നു. (അന്നിസാഅ് 2)
*ഒരാള്‍ക്ക് അയാളുടെ അര്‍ഹതയില്‍ സമ്പത്തുണ്ടെന്നത് കൊണ്ട് അത് ഏത് രൂപത്തിലും ചെലവഴിക്കാനോ ദുര്‍വ്യയം ചെയ്യാനോ അവകാശമില്ല.
1) ദരിദ്രന്നും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കണം-ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു. (അല്‍ ഇസ്‌റാഅ്:26-27)
2) തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ധൂര്‍ത്തടിക്കാതിരിക്കുക. ധൂര്‍ത്തന്മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല. (അല്‍ അഅ്‌റാഫ്: 31)
3) ചെലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ഇല്ല. പ്രത്യുത, ചെലവുകള്‍ ഈ രണ്ടറ്റങ്ങള്‍ക്കുമിടയില്‍ മിത സ്വഭാവത്തിലുള്ളതായിരിക്കും. (അല്‍ ഫുര്‍ഖാന്‍:67)
*കൂടെ, സമ്പത്ത് അപഹരിക്കുന്നവര്‍ക്ക് ശരീഅഃ ശിക്ഷയും ഏര്‍പ്പെടുത്തുന്നു.
1) മോഷ്ടാവ് സ്ത്രീയാവട്ടെ പുരുഷനാവട്ടെ, ഇരുവരുടെയും കൈ ഛേദിച്ചുകളയേണ്ടതാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലവും, അല്ലാഹുവിങ്കല്‍നിന്നുള്ള പാഠം പഠിപ്പിക്കുന്ന ശിക്ഷയുമാണിത്. (അല്‍ മാഇദ: 38)
കടം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു. പരലോകത്തിലോ, ഇതിനേക്കാള്‍ ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്. (അല്‍-ബഖറ: 282).
Also Read:മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 2)
അഭിമാന സംരക്ഷണം
മനുഷ്യന്റെ അഭിമാനത്തിന് വലിയ വില കല്‍പിക്കുകയും അതിന്റെ സംരക്ഷണത്തിനുള്ള പ്രായോഗികമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത മതമാണ് ഇസ്‌ലാം. അത് ശരീഅയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഉസൂലീ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിമാന സംരക്ഷണം എന്ന സങ്കല്‍പം ശരീഅത്തിന്റെ അത്യാവശ്യകാര്യങ്ങളുടെ (ളറൂറിയ്യാത്ത്) ഗണത്തിലാണോ ആവശ്യകാര്യങ്ങളുടെ (ഹാജിയ്യാത്ത്) ഗണത്തിലാണോ ഉള്‍പെടുക എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അധിക പേരും ഇതിനെ ളറൂറിയ്യാത്തിലാണ് എണ്ണിയിട്ടുള്ളത്.
ഒരാളുടെ രക്തവും സമ്പത്തും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവയെ അന്യായമായി അപഹരിക്കുന്നത് ഹറാമാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. അത്യാവശ്യമായി സംരക്ഷിക്കപ്പെടേണ്ട സമ്പത്തും ശരീരവും ചില വേളകളില്‍ അഭിമാനത്തിന് മുമ്പില്‍ ബലിയര്‍പ്പിക്കാന്‍ ആളുകള്‍ തയ്യാറാകുന്നത് തന്നെ അഭിമാനം എന്ന സങ്കല്പം മഖാസിദിന്റെ അനിവാര്യലക്ഷ്യങ്ങളില്‍ ഉള്‍പെടുന്നുവെന്നതിന്റെ തെളിവായി പണ്ഡിതര്‍ അവതരിപ്പിക്കുന്നു. കൂടാതെ, അഭിമാനം ഹനിക്കുന്ന വ്യഭിചാരാരോപണം പോലുള്ള കൃത്യങ്ങള്‍ക്ക് ശക്തമായ ശിക്ഷാനടപടികളാണ് ശരീഅഃ മുന്നോട്ട് വെക്കുന്നത്.
ളറൂറിയ്യാത്തിലെ മുന്‍ഗണനാ ക്രമങ്ങള്‍
മഖാസ്വിദുശ്ശരീഅയിലെ അനിവാര്യ ലക്ഷ്യങ്ങളായ ദീന്‍, ജീവന്‍, ബുദ്ധി, സന്തതിപരമ്പര, സമ്പത്ത്, അഭിമാനം എന്നിവയിലെ മുന്‍ഗണനാക്രമത്തെ കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അഞ്ചിനും പ്രധാന്യമുണ്ട്. പക്ഷേ, രണ്ടാലൊന്നിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഈ മുന്‍ഗണനാക്രമം പ്രസക്തമാകുന്നു. ഭൂരിഭാഗം ഉസൂലീ പണ്ഡിതന്മാരും ദീനിന് മറ്റുള്ളവയേക്കാള്‍ പ്രാധാന്യം നല്‍കണമെന്ന അഭിപ്രായമുള്ളവരാണ്.ഞാന്‍ ജിന്നുവംശത്തെയും മനുഷ്യവംശത്തെയും സൃഷ്ടിച്ചിട്ടില്ല-അവര്‍ എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ. (അല്‍ ദാരിയാത് 60). മനുഷ്യസൃഷ്ടിപ്പിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം റബ്ബിന്റെ തൃപ്തി കാംക്ഷിച്ചുള്ള ഇബാദത്താണ്. മറ്റുള്ളവയൊക്കെ ഈ ലക്ഷ്യസാക്ഷാത്കാരത്തിന്റെ മാര്‍ഗങ്ങള്‍ മാത്രമാണ്.
ജീവന്‍ നല്‍കിയും സമ്പത്ത് ചെലവഴിച്ചും ദീനിനെ സംരക്ഷിക്കണമെന്ന ശരീഅയുടെ നിര്‍ദേശങ്ങളും മുന്‍ഗണനാക്രമത്തില്‍ ദീനിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരപ്പെടുത്തുന്നു.
1) നിങ്ങള്‍ ബലഹീനരോ ശക്തരോ ആവട്ടെ, പോരാട്ടത്തിനിറങ്ങണം; ധന-ദേഹങ്ങള്‍ കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടണം. വിവരമുള്ളവരാണെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം. (അല്‍ തൗബ 41)
2) അല്ലയോ വിശ്വസിച്ചവരേ, നിങ്ങളെ വേദനയേറിയ ശിക്ഷയില്‍നിന്ന് മോചിപ്പിക്കുന്ന ഒരു കച്ചവടം ഞാന്‍ പറഞ്ഞുതരട്ടെയോ? അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും നിങ്ങളുടെ ജീവ-ധനാദികളാല്‍ ദൈവിക സരണിയില്‍ സമരമനുഷ്ഠിക്കുകയും ചെയ്യുക. അതത്രെ നിങ്ങള്‍ക്കു ശ്രേഷ്ഠമായിട്ടുള്ളത്-നിങ്ങള്‍ അറിയുന്നുവെങ്കില്‍. (അല്‍ സ്വഫ് 10-11)
ദീനിന് ശേഷം, മറ്റു നാല് അത്യാവശ്യങ്ങളില്‍ മനുഷ്യജീവനെ മറ്റുള്ളവയെക്കാള്‍ മുന്‍ഗണന നല്‍കണമെന്ന കാര്യത്തില്‍ ഉസൂലി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല. വംശപരമ്പരയാണോ ബുദ്ധിയാണോ കൂടുതല്‍ സ്ഥാനം അര്‍ഹിക്കുന്നതെന്ന കാര്യത്തില്‍ പണ്ഡിതര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. കുടുംബ സംരക്ഷണം ജീവന്റെ സംരക്ഷണത്തിന്റെ ഭാഗമായത് കൊണ്ട് കുടുംബമാണ് പ്രാധാന്യമെന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നു.
സമ്പത്തും അഭിമാനവും നേര്‍ക്ക് നേരെ വന്നാല്‍ ഏതിനെ മുന്തിക്കണം. വ്യഭിചാരാരോപണം പോലുള്ള കാര്യങ്ങള്‍ കൊണ്ട് അഭിമാനം ഹനിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പണത്തേക്കാള്‍ അഭിമാനത്തിന് മുന്‍ഗണന നല്‍കണം. മോശമായ വിശേഷണങ്ങള്‍ കൊണ്ടോ, ചീത്തവിളി കൊണ്ടോ ഉണ്ടാകുന്ന അഭിമാനക്ഷതമാണെങ്കില്‍, അതിനേക്കാള്‍ സമ്പത്തിനെ മുന്തിക്കണമെന്ന് പണ്ഡിതര്‍ പറയുന്നു.
മഖാസ്വിദിലെ ഹാജിയ്യാത്തും തഹ്‌സീനിയ്യാത്തും
ഹാജിയ്യാത്ത്
ഹാജിയ്യാത്ത് (ആവശ്യങ്ങള്‍) മഖാസിദിന്റെ രണ്ടാം ഇനത്തിലാണ് വരുന്നത്. ഇതിന് ളറൂറിയ്യാത്തിന്റെയത്ര പ്രധാനമല്ലെങ്കിലും ഇവയുടെ അഭാവം ക്രമപ്രവൃദ്ധമായി ജീവിത വ്യവസ്ഥക്ക് തടസ്സം സൃഷ്ടിക്കുകയും പ്രയാസത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ ശരീഅയുടെ സ്ഥാപനം തന്നെ പ്രയാസങ്ങളകറ്റാനും ചിട്ടയൊത്ത ജീവിത രേഖ രൂപപ്പെടുത്താനുമാണെന്നതു കൊണ്ടും ഹാജിയ്യാത്തിനും വലിയ സ്ഥാനമാണുള്ളത്.
അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിച്ഛിക്കുന്നത്, ഞെരുക്കമിച്ഛിക്കുന്നില്ല. (അല്‍ ബഖറ: 185). ഇബാദത്തിലും ദിനാചര്യകളിലും ഇടപാടുകളിലും ശിക്ഷാനടപടികളിലും എളുപ്പവും മനുഷ്യ നന്മയും പ്രയാസങ്ങളകറ്റലുമാണ് ശരീഅയുടെ നിലപാട്.
ഇബാദത്തുകള്‍ എളുപ്പമാക്കാനാണ് റുഖ്‌സകള്‍ (വിട്ടുവീഴ്ചകള്‍) ഏര്‍പെടുത്തിയത്:-
1) നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അവന്‍ മറ്റു ദിവസങ്ങളില്‍ (നോമ്പിന്റെ) അത്രയും എണ്ണം തികക്കട്ടെ. (അല്‍ ബഖറ 184)
2) നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍, നമസ്‌കാരം ചുരുക്കുന്നതിനു വിരോധമില്ലാത്തതാകുന്നു -സത്യനിഷേധികള്‍ ദ്രോഹിക്കുമെന്നു ഭയപ്പെടുമ്പോള്‍ (വിശേഷിച്ചും). (അന്നിസാഅ് 101)
ഏതാനും ചുരുങ്ങിയ കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാ ഭക്ഷണ വിഭവങ്ങളും പാനീയങ്ങളും ഉടുപ്പുകളും അല്ലാഹു മനുഷ്യര്‍ക്ക് അനുവദനീയമാക്കിക്കൊടുത്തു. നിഷിദ്ധമാക്കിയവയെല്ലാം മനുഷ്യന് ദ്രോഹമാണെന്ന് ഏറ്റവുമറിയുന്നവന്‍ അല്ലാഹുവത്രെ. ഇടപാടുകളിലും അല്ലാഹു മനുഷ്യവര്‍ഗത്തിന്റെ സുഗമമായ നിലനില്‍പിന്നാവശ്യമായ കാര്യങ്ങള്‍ അനുവദനീയമാക്കുകയും അതിന് തുരങ്കം വെക്കുന്നതിനെ നിഷിദ്ധമാക്കുകയും ചെയ്തു. ആവശ്യങ്ങള്‍ എന്നത് കൊണ്ടുദ്ദേശിക്കുന്ന പ്രധാന ലക്ഷ്യം മനുഷ്യ ജീവിതത്തിന് മുന്നില്‍ സംജാതമാവുന്ന പ്രയാസങ്ങള്‍ അകറ്റലും ജീവിത വ്യവസ്ഥ ക്രമപ്പെടുത്തലും അത്യാവശ്യ കാര്യങ്ങള്‍ക്ക് ശക്തി പകരലുമാണ്. ശരീഅത്തിന്റ നിയമങ്ങളില്‍ പൊതുവായ കല്‍പനകള്‍ക്ക് ശേഷം വിട്ടുവീഴ്ച നല്‍കി പറയുന്ന കാര്യങ്ങള്‍കൊണ്ടുദ്ദേശിക്കുന്നത് ജീവിതം എന്ന ആരാധന എളുപ്പമാക്കലും അതിനിടയില്‍ വരുന്ന പ്രയാസങ്ങളകറ്റലുമാണ്.
തഹ്‌സീനിയ്യാത്ത്
മൂന്നാമത്തെ വിഭാഗം അലങ്കാര ഘടകങ്ങള്‍ (തഹ്‌സീനിയ്യാത്ത്) ആണ്. അവ ളറൂറിയ്യാത്തിന്റെയോ തഹ്‌സീനിയ്യാത്തിന്റെയോ ഗണത്തില്‍ ഉള്‍പെടുത്താന്‍ കഴിയില്ലെങ്കിലും മനുഷ്യ വ്യക്തിത്വത്തിന്റെ പൂര്‍ണതക്കും സാമൂഹിക സംവിധാനത്തിന്റെ പ്രകര്‍ഷത്തിനും അനിവാര്യമാകുന്നു. സുകൃതങ്ങളുടെയും സല്‍സ്വഭാവത്തിന്റെയും പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടതെന്ന പ്രവാചക പ്രഖ്യാപനം ഇവ്വി ഷയകരമായി ശരീഅ നിര്‍വ്വഹിക്കുന്ന പങ്കിനെ വിളിച്ചോതുന്നു. പ്രധാനമായും സദാചാര സംബന്ധിയും സല്‍സ്വഭാവ പ്രേരകവുമായ തലങ്ങളാണ് തഹ്‌സീനിയ്യാത്ത് കൈകാര്യം ചെയ്യുന്നത്. തഹാസീനിയ്യാത്തിനെ കുറിച്ച് ഇമാം റാസി (റ) വിശേഷിപ്പിച്ചത് ജനങ്ങള്‍ക്കിടയില്‍ ഉത്തമ സ്വഭാവവും സാംസ്‌കാരിക മൂല്യങ്ങളും നിലനിര്‍ത്തുന്ന കാര്യങ്ങള്‍ എന്നാണ്.
തഹ്‌സീനിയ്യാത്തില്‍ പെട്ടതാണ് നജസുകളെ ഹറാമാക്കിയതും വൃത്തിയെ പ്രോത്സാഹിപ്പിച്ചതും. നിങ്ങളുടെ വസ്ത്രം ശുദ്ധീകരിക്കണമെന്നും ശുദ്ധിയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഭംഗിയെയും അലങ്കാരത്തോടെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഇസ്‌ലാമില്‍ അത്യധികം പ്രശംസനീയമാണ്. മനുഷ്യപുത്രന്മാരേ, ആരാധനാ വേളകളിലൊക്കെ നിങ്ങള്‍ വസ്ത്രാലങ്കാരമണിയുക (അല്‍ അഅ്‌റാഫ്: 31). ഭംഗിയായി വസ്ത്രം ധരിക്കുന്നതില്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്ന കാര്യം ഔറത്ത് പരിപൂര്‍ണ്ണമായും മറക്കുക എന്നുള്ളതാണ്. ക്ഷണ സമയത്തുള്ള മര്യാദകളും പെരുമാറ്റങ്ങളിലുള്ള സൂക്ഷ്മതകളുമൊക്കെ തഹ്‌സീനിയ്യാത്തിന്റെ പരിധിയില്‍ വരും.
തഹ്‌സീനിയ്യാത്ത് പ്രധാനമായും വൃത്തിയുടെയും ഉമ്മത്തിന്റെ പെര്‍ഫക്റ്റ് മോഡലിന്റെയും പൂരകങ്ങളാണ്. ശരീഅഃയെ സൗന്ദര്യത്തോടെയും ആകര്‍ഷകത്തോടെയും അവതരിപ്പിക്കാന്‍ തഹ്‌സീനിയ്യാത്ത് സഹായകമാവുന്നു. കൂടാതെ, അത്യാവശ്യവും ആവശ്യവുമായ ഘട്ടങ്ങളുടെ സംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
മുകമ്മിലാത്ത്
മഖാസിദിലെ മൂന്ന് പ്രധാന വിഭാഗങ്ങളായ അത്യാവശ്യങ്ങള്‍, ആവശ്യങ്ങള്‍, അലങ്കാരങ്ങള്‍ക്കു പുറമെ പൂരകങ്ങള്‍ (മുകമ്മിലാത്ത്) എന്ന ഒരു വിഭാഗം കൂടിയുണ്ട്. മേല്‍ പറയപ്പെട്ട മൂന്ന് ഗണത്തിലും ഉള്‍പെട്ടില്ലെങ്കിലും അവയുടെ സമ്പൂര്‍ണ്ണമായ സാക്ഷാത്കാരത്തിന് പ്രവര്‍ത്തിക്കുന്നവയാണ് പൂരകങ്ങള്‍. ബിദ്അത്തിനെ നിഷിദ്ധമാക്കിയതും ലഹരിയില്‍ നിന്ന് കുറഞ്ഞ അളവു പോലും ഹറാമാക്കിയതും അത്യാവശ്യങ്ങളുടെ സമ്പൂര്‍ണ്ണതക്ക് വേണ്ടിയാണ്. വിവാഹം കൂടുതല്‍ അനുയോജ്യരായവര്‍ തമ്മിലാവണമെന്ന് പറയുന്നത് ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ്. കാരണം, തമ്മിലെ യോജിപ്പ് (കുഫ്അ്) അവഗണിച്ച് വിവാഹം നടത്തിയാലും വിവാഹം കൊണ്ടുള്ള അനിവാര്യ ലക്ഷ്യങ്ങള്‍ പുലരും. പക്ഷെ, വിവാഹ ജീവതത്തിന്റെ സംതൃപ്തിക്കും നിലനില്‍പിനും കുഫ്അ് അനിവാര്യമാണ്. ശുദ്ധിയാക്കുമ്പോള്‍ വലത് കൊണ്ട് തുടങ്ങലും മൂന്ന് പ്രാവശ്യം ചെയ്യലും തഹ്‌സീനിയ്യാത്തിന്റെ പൂരകങ്ങളാണ്.
ശരീഅയുടെ മഖാസിദുകളില്‍ ന്യൂനതകള്‍ വരുന്നത് തടയലും കൂടുതല്‍ പ്രയോജനങ്ങല്‍ സൃഷ്ടിക്കലും പരമാവധി വിനാശങ്ങളെ പ്രതിരോധിക്കലുമാണ്
മുകമ്മിലാത്തിന്റെ പ്രധാന കര്‍മ്മങ്ങള്‍.
മഖാസിദ് ആമ്മയും ഖാസ്സയും
ശരീഅയുടെ മഖാസ്വിദിനെ ശരിയായ രീതിയില്‍ പരിശോധിച്ചാല്‍ പ്രധാനമായും രണ്ട് കാര്യങ്ങളെ കേന്ദ്രീകരിക്കുന്നതായി കാണാന്‍ സാധിക്കും:
1) ഗുണങ്ങള്‍ സംജാതമാക്കലും ദോഷങ്ങള്‍ നിര്‍മാജ്ജനം ചെയ്യലും. 2) എളുപ്പമാക്കലും പ്രയാസമകറ്റലും.
ഈ രണ്ട് ഘടകങ്ങള്‍ ശരീഅയുടെ സര്‍വ്വ നിയമങ്ങളുടെയും മൂലശിലയായി വര്‍ത്തിക്കുന്നു. ഗുണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് പ്രധാനമായും ളറൂറിയ്യാത്ത് ആയും ഹാജിയ്യാത്ത് ആയും തഹ്‌സീനിയ്യാത്ത് ആയും ശറഅ് നിശ്ചയിച്ച കാര്യങ്ങള്‍ തന്നെയാണ്. അവയുടെ സംരക്ഷണത്തിനും പ്രായോഗികവത്കരണത്തിനും വേണ്ടിയാണ് വിശ്വാസികള്‍ യത്‌നിക്കേണ്ടത്. ശരീഅയുടെ മഖാസ്വദിന് തുരങ്കം വെക്കുന്നവയെല്ലാം പ്രതിരോധിക്കല്‍ ദോഷങ്ങളുടെ നിര്‍മാര്‍ജനത്തിന്റെ പരിധിയില്‍ വരും. ഇവിടെ ഗുണങ്ങളും ദോഷങ്ങളും കൊണ്ടുദ്ദേശിക്കുന്നത് ഐഹികമായ കാര്യങ്ങള്‍ മാത്രമല്ല. മറിച്ച് പാരത്രികവും കൂടി വലയം വെക്കുന്ന സമഗ്രമായ ഒരു പ്രതലമാണ്. കൂടാതെ കാര്യങ്ങളിലെ ശരിയും തെറ്റും കേവലം മനുഷ്യബുദ്ധികൊണ്ട് വേര്‍തിരിക്കുന്നതിന്ന് പകരം ശരീഅത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് കൊണ്ടാവുകയും വേണം. ശരീഅത്തിന്റെ സുപ്രധാന മഖാസിദുകളിലൊന്നാണ് ബുദ്ധിമുട്ടുകളെ നീക്കം ചെയ്യുക എന്നത്. വിശ്വാസിയുടെ ദൈനംദിന ജീവിത ചര്യകളും ആരാധനാക്രമങ്ങളും അനായാസം മുന്നോട്ടു കൊണ്ടുപോകാന്‍ തക്കവിധേയമാണ് ഇസ്‌ലാമിക നിയമ വ്യവസ്ഥ സംവിധാനിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹു നിങ്ങളുടെ മേല്‍ ക്ലേശമുദ്ധേശിക്കുന്നില്ലെന്ന് ഖുര്‍ആന്‍ പലതവണ അടിവരയിടുന്നു. ഭിന്നശേഷിക്കാര്‍ പോലെ പ്രത്യേക പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന കാര്യം തീര്‍ച്ചയായും ശരീഅത്ത് വകവെച്ച് കൊടുക്കുന്നുണ്ട്.
ദുര്‍ബലരും രോഗികളും, ജിഹാദിനു പോകാന്‍ വേണ്ട ചെലവിനു വഴി കണ്ടെത്താത്തവരും ഒഴിഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അതില്‍ കുറ്റമൊന്നുമില്ല-അവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും നിഷ്‌കളങ്കമായ ഗുണകാംക്ഷയുള്ളവരാണെങ്കില്‍. (അല്‍ തൗബ 91).
ശരീഅഃ മനുഷ്യര്‍ക്ക് അസാധ്യമായത് കല്പിക്കുകയില്ലെന്നും ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലഭാരം വഹിപ്പിക്കുകയില്ല (അല്‍ ബഖറ 286).
അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. (അല്‍ അഅ്‌റാഫ് 157).
എന്നാല്‍ ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ ബാധ്യതകള്‍ ചുമത്താവതല്ല. (അല്‍ ബഖറ 233).
അല്ലാഹു ഒരു മനുഷ്യനോടും, അയാള്‍ക്ക് നല്‍കിയിട്ടുള്ളതിലുപരി നിര്‍ബന്ധിക്കുന്നതല്ല. (അല്‍ ത്വലാഖ് 7). അത്യാവശ്യഘട്ടങ്ങളില്‍ വുളൂഇന് പകരം തയമ്മുമും, ഇരുന്നും കിടന്നും നിസ്‌കരിക്കാനുള്ള അനുമതിയും, യാത്രകളില്‍ ജംഉം ഖസ്വ്‌റും ശരീഅഃ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് പ്രയാസമകറ്റുന്നതിന്റെ ഉദാഹരണങ്ങളാണ്.
ശരീഅയുടെ പൊതുവായ മഖാസ്വിദിന്റെ (മഖാസിദ് ആമ്മ) കൂടെ പ്രത്യേകമായ (മഖാസിദ് ഖാസ്സ) മഖാസ്വിദുകളും ഉണ്ട്. ഇവ കൊണ്ട് ഉദ്ദേശിക്കുന്നത് നിസ്‌കാരം, നോമ്പ് പോലെയുള്ള അധ്യായങ്ങളില്‍ വരുന്ന മഖാസ്വിദിനെയാണ്. ഇനി ഒരു അധ്യായത്തിലെ ഏതെങ്കിലും ഒരു മസ്അലക്ക് മാത്രം ബാധമാകുന്ന ഭാഗികമായ മഖാസ്വിദുകളാണ് മഖാസ്വിദു ജുസ്ഇയ്യ. ഭാഗികമായ മഖാസ്വദിനെ വിസ്തരിച്ച് ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥങ്ങളിലൊന്നാണ് ഇമാം ശാഹ് വലിയ്യുള്ളാഹി ദഹ്‌ലവി (റ)യുടെ മാസ്റ്റര്‍ പീസ് ആയ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ.
Also Read: മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 3)
മഖാസ്വിദിന്റെ ഏറ്റവും വലിയ ശ്രേഷ്ടത അത് സര്‍വ്വലോകങ്ങളുടെ തമ്പുരാന്‍ നിര്‍ണിതപ്പെടുത്തിയതാണെന്നുള്ളതാണ്. ഭൂതം, വര്‍ത്തമാനം, ഭാവി സമ്പൂര്‍ണ്ണമായും അറിയുന്ന നാഥന്‍ നിശ്ചയിച്ചതാണ് മഖാസ്വിദ്. അല്ലാഹു സ്വയം പരിചയപ്പെടുത്തുന്ന ചില സൂക്തങ്ങള്‍ വായിച്ചാല്‍ തന്നെ അവന്റെ അറിവിന്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെടും.
1) അവനില്‍ നിന്ന് ഒരണുത്തൂക്കം പോലും യാതൊന്നും വിട്ടുപോകുന്നില്ല- ആകാശങ്ങളിലുമില്ല, ഭൂമിയിലുമില്ല; അണുവിനെക്കാള്‍ ചെറുതുമില്ല, വലുതുമില്ല- എല്ലാം ഒരു സുവ്യക്തമായ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (സബഅ് 3)
2) ഭൂമിയില്‍ വന്നുചേരുന്നതും അതില്‍നിന്ന് പുറത്തുപോകുന്നതും ആകാശത്തുനിന്നിറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതും എന്താവട്ടെ അതൊക്കെയും അവന്‍ അറിയുന്നു. (അല്‍ ഹദീദ് 4)
3) അതിഭൗതിക രഹസ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കല്‍ തന്നെയാകുന്നു. അവനല്ലാതാരും അതറിയുന്നില്ല. കരയിലും കടലിലുമുള്ളതൊക്കെയും അവന്‍ അറിയുന്നു. അവനറിയാതെ മരത്തില്‍നിന്ന് ഒരില കൊഴിയുന്നില്ല. അവന്റെ ജ്ഞാനത്തില്‍പ്പെടാതെ ഭൂമിയുടെ ഇരുണ്ട മൂടുപടങ്ങളില്‍ ഒരു ധാന്യമണിയുമില്ല. പച്ചയും ഉണങ്ങിയതുമെല്ലാം ഒരു തെളിഞ്ഞ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (അല്‍ അന്‍ആം 59-60).
മുകളിലെ സൂക്തങ്ങളില്‍ സ്പഷ്ടമാക്കിയത് പ്രകാരം ജ്ഞാനവും അറിവും ഹിക്മത്തുള്ള നാഥന്റെ പക്കല്‍ നിന്നുള്ള മഖാസ്വിദുകളും സമ്പൂര്‍ണ്ണവും ഭദ്രവുമായിരിക്കും എന്നുള്ള കാര്യത്തില്‍ സന്ദേഹമില്ല. മാത്രമല്ല അല്ലാഹുവിന് സൃഷ്ടികളോടുള്ള നീതിയും കാരുണ്യവും ഔദാര്യവും അതുല്യവുമാണ്. മനുഷ്യനിര്‍മ്മിതമായ മഖാസ്വിദുകള്‍ക്ക് ഒട്ടേറെ പരിമിതകളുണ്ട്. അവ ഒരിക്കലും സാര്‍വ്വ ലൗകികവും വിശ്വജനീനവുമാവുകയില്ല. മറിച്ച്, പരമാവധി നിര്‍മ്മിതമായ കാലത്തേയും പ്രദേശത്തെയും സാഹചര്യങ്ങളെയും മാത്രം അഭിസംബോധന ചെയ്യുന്നതാണ്. എന്നാല്‍, ശരീഅഃയുടെ മഖാസ്വിദ് മുഴുവന്‍ കാലത്തേയും ലോകത്തെയും അറിയുന്ന റബ്ബ് നിശ്ചയിച്ചത് കൊണ്ട് സര്‍വ്വ ലോക കാലങ്ങള്‍ക്കും അനുചിതമാം വിധം രൂപകല്‍പന ചെയ്യപ്പെട്ടതാണ്. എന്നാല്‍, അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനത്തെ സംബന്ധിച്ചേടത്തോളം അല്ലാഹുവിനെക്കാള്‍ വിശിഷ്ടമായി തീരുമാനം കല്‍പിക്കുന്നവനാരാണുള്ളത്?! (അല്‍ മാഇദ 60).
അല്ലാഹുവില്‍ നിന്നുള്ള മഖാസ്വിദായത് കൊണ്ട് ദൃഢതയും, സ്ഥിരതയും, വൈരുദ്ധ്യങ്ങളുടെ അഭാവവും പരിപാവനത്വവും ക്രമവും അടക്കം ഒരുപാട് സവിശേഷമായ ഗുണങ്ങള്‍ സ്വാഭാവികമാണ്. നൈസര്‍ഗികവും സ്വാഭാവികവുമായ മനുഷ്യപ്രകൃതിയെ പരിഗണനയിലെടുത്തിട്ടാണ് മഖാസ്വിദുകള്‍ പണിതിട്ടുള്ളത്. മനുഷ്യന്‍ എന്ന നിലയില്‍ ഓരോരുത്തരുടെയും ബുദ്ധിയെയും ചിന്തയെയും സ്വാധീനിക്കുകയും അവനില്‍ പ്രതിഫലിക്കുകയും ചെയ്യുന്ന സ്വഭാവഗുണങ്ങളാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. മനുഷ്യപ്രകൃതിയെ പരിഗണിച്ചും അനുയോചിച്ചുമാണ് ശരീഅയുടെ സംസ്ഥാപനം. ആകയാല്‍ (പ്രവാചകാ, അനുയായികളേ,) ഏകാഗ്രതയോടെ സ്വന്തം മുഖത്തെ ഈ ദീനിനു നേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് ഏതു പ്രകൃതിയിലാണോ, അതില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സൃഷ്ടിഘടന മാറ്റമില്ലാത്തതാകുന്നു. ഇതുതന്നെയാണ് തികച്ചും ഋജുവും സത്യവുമായ ദീന്‍. (അല്‍ റൂം 30)
സ്ത്രീ പുരുഷന്മാര്‍ക്കിടയിലുല്‍ പരസ്പരമുള്ള ചായ്‌വും താത്പര്യവും മനുഷ്യ പ്രകൃതിയില്‍ പെട്ടതാണ്. അത്‌കൊണ്ടാണ് വിവാഹം നിയമമാക്കപ്പെട്ടത്. സമ്പത്തിനെ ഇഷ്ടം വെക്കുകയും സമ്പാദിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വാഭാവികമായ പെരുമാറ്റങ്ങളാണ്, ഇസ്‌ലാം അത് അനുവദിക്കുന്നു. സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ആകര്‍ഷണമുണ്ടെന്ന് കരുതി എന്തും അനുവദിക്കുന്നതിന്റെ പകരം വ്യവസ്ഥകളോടെയും നിയമങ്ങള്‍ക്ക് വിധേയമായും കാര്യങ്ങള്‍ സാധിക്കാന്‍ ശരീഅഃ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ മൃഗവും മനുഷ്യനും തമ്മില്‍ എന്ത് വ്യത്യാസം?. സമ്പാദിക്കുന്നതിനെ അനുവദിക്കുന്നതോടൊപ്പം സമ്പാദന സമയത്തും ശേഷവും അനുവര്‍ത്തിക്കേണ്ടത് സവിസ്ഥരം ശരീഅഃ പ്രതിപാദിക്കുന്നു.
ഫിത്‌റയെ മുഖവിലക്കെടുത്തത് കൊണ്ടാണ് അത്യാവശ്യങ്ങളുടെയും ആവശ്യങ്ങളുടെയും അലങ്കാരങ്ങളുടെയും സംരക്ഷണത്തിനായി ശരീഅഃ ശക്തിയുക്തം നിലകൊള്ളുന്നത്. മഖാസ്വിദിന്റെ സാര്‍വ്വലൗകികതയും കൃത്യതയും എല്ലാ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും സമയങ്ങളിലും പ്രസക്തവും സമയോചിതവുമാണ്. മഖാസ്വിദിന് കാലസ്ഥലങ്ങള്‍ക്കനുസൃതമായി മാറേണ്ടി വരുന്നില്ല. മാത്രമല്ല മനുഷ്യജീവിതത്തിന്റെ ഏതെങ്കിലും ഒരു തലത്തെ മാത്രം പരിഗണിക്കുന്നതിന്ന് പകരം സര്‍വ്വതല സ്പര്‍ശിയായി മതപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സ്വഭാവപരവുമായ കാര്യങ്ങളെ ശരീഅഃ ഉള്‍ക്കൊള്ളിക്കുന്നു. മഖാസ്വിദിലെ അനിവാര്യലക്ഷ്യങ്ങളായ ദീന്‍, ജീവന്‍, കുടുംബം, ബുദ്ധി, സമ്പത്ത്, മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്തമായ എന്നാല്‍ പരസ്പര പൂരകങ്ങളായ അഞ്ച് മേഖലകളെ സ്പര്‍ഷിക്കുന്നതാണ് ശരീഅഃ. അത് ലോകാന്ത്യം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും ബാധകമാണെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു. ാത്രമല്ല, ശരീഅഃ യുടെ സമ്പൂര്‍ണ്ണത ഖുര്‍ആന്‍ അവകാശപ്പെടുന്നു.
Also Read:മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 4)
ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണകമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്‌ലാമിനെ ദീന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. (അല്‍ മാഇദ).മേല്‍ പറയപ്പെട്ട ആയത്തുകളില്‍ നിന്ന് ശരീഅയും അവയുടെ മഖാസ്വിദും സമ്പൂര്‍ണ്ണവും സര്‍വ്വകാലികവുമാണെന്ന് ഗ്രഹിക്കാം.
അവലംബം
ഇമാം അല്‍ ഹറമൈന്‍, അല്‍ ബുര്‍ഹാന്‍
ഇമാം ഗസാലി, ശിഫാഉല്‍ ഗലീല്‍, അല്‍ മുസ്ത്വസ്ഫ
അബൂ ഇസ്ഹാഖ് അശ്ശാഥിബി, അല്‍ മുവാഫഖാത്ത് ഫീ ഉസൂലി ശ്ശരീഅഃ.
മുഹമ്മദ് ത്വാഹിര്‍ ഇബ്‌നു ആശൂര്‍, മഖാസിദു ശരീഅഃ അല്‍ ഇസ്‌ലാമിയ്യഃ.
നൂറുദ്ദീന്‍ ബിന്‍ മുഖ്താര്‍ അല്‍ഖാദിമി, അല്‍ മുനാസബത്തു ശ്ശര്‍ഇയ്യ വതഥ്ബീഖാത്തുഹ അല്‍ മുആസിറ.
(തുടരും)
Leave A Comment