കര്‍മശാസ്ത്രത്തിന്റെ പത്ത് അടിസ്ഥാന തത്ത്വങ്ങള്‍

ഏതൊരു വിജ്ഞാനശാഖയും പഠിക്കുന്നതിനു മുമ്പ് അതിന്റെ പത്ത് പ്രാരംഭ കാര്യങ്ങള്‍ അറിഞ്ഞിരിക്കല്‍ നല്ലതാണ്. കര്മ്മശാസ്ത്രത്തിന്റെ പ്രാരംഭങ്ങള് ഹ്രസ്വമായി വിവരിക്കുകയാണ് ഈ കുറിപ്പന്‍റെ ലക്ഷ്യം. ഒന്ന്, നാമം (ഇസ്മ്). ഫിഖ്ഹ് എന്നാണു ഈ ശാസ്ത്രത്തിന്റെ പേര്. ഇതിന്റെ മലയാളപദം കര്‍മ്മശാസ്ത്രം എന്നും. നബി(സ)യുടെ കാലശേഷമാണു ഫിഖ്ഹ് ഒരു ശാസ്ത്രമായി രൂപപ്പെട്ടതെങ്കിലും നിരവധി ഹദീസുകളിലൂടെ ഫിഖ്ഹീ വിജ്ഞാനത്തെ നബി(സ) പുകഴ്ത്തിയിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും ഇവ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. രണ്ട്, നിര്‍വ്വചനം (ഹദ്ദ്). വിശദമായ തെളിവുകളില് നിന്നു ഗവേഷണം മുഖേന സമ്പാദിക്കുന്നതും കര്‍മ്മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കുന്നതുമായ വിജ്ഞാനശാഖ എന്നാണു ഫിഖ്ഹിന്റെ നിര്‍വ്വചനം.

വുളൂഇല്‍ നിയ്യത്ത് നിര്‍ബന്ധം, വിത്ര്‍ നിസ്‌കാരം സുന്നത്ത് പോലുള്ളവയാണു മതവിധികള്‍കൊണ്ടുദ്ദേശ്യം. ശാരിഇല്‍ നിന്നാണു ഈ വിധികള്‍ ഉണ്ടാവുന്നത്. അല്ലാഹുവും റസൂലുമാണ് ശാരിഅ്. അതുകൊണ്ടാണു ഫിഖ്ഹിനു ശര്‍ഇയ്യായ (ശാരിഇല്‍നിന്നു വന്ന) വിജ്ഞാനം എന്നു പറയുന്നത്. വിശ്വാസപരമായ വിജ്ഞാനത്തിനു ഫിഖ്ഹ് എന്നു പറയില്ല. മറിച്ച് ഇല്‍മുല്‍ കലാം, ഇല്‍മുത്തൗഹീദ് എന്നൊക്കെയാണ് പറയുക. അല്ലാഹുവിന്റെ അറിവിനു ഫിഖ്ഹ് എന്നു പറയില്ല. കാരണം, ഗവേഷണം വഴി ലഭിക്കുന്നതാണ് കര്‍മശാസ്ത്രവിജ്ഞാനം. അല്ലാഹുവിന്റെ അറിവ് അങ്ങനെയല്ലല്ലോ. മൂന്ന്, ആസ്പദ മൂല്യങ്ങള്‍ (ഇസ്തിംദാദ്). ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ഫിഖ്ഹിന്റെ അവലംബങ്ങള്‍. ഈ ചതുര്‍പ്രമാണങ്ങളില്‍ നിന്നു ആദ്യം എണ്ണിയ മൂന്നു പ്രമാണങ്ങള്‍ക്കും തുല്യ പദവിയാണുള്ളത്. പ്രമാണം എന്ന നിലയ്ക്കാണു തുല്യത. ഈ മൂന്നു പ്രമാണങ്ങളിലും ഖണ്ഡിതമായി സ്ഥിരപ്പെട്ട കാര്യങ്ങളാണെങ്കില്‍ അവയില്‍ നാലു മദ്ഹബും ഒറ്റക്കെട്ടായിരിക്കും. മൂന്നു പ്രമാണങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഖണ്ഡിതമായി സ്ഥിരപ്പെട്ടാല്‍ തന്നെ അക്കാര്യത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവില്ല. മറ്റൊരു വ്യാഖ്യാനത്തില്‍ പഴുതുണ്ടാവാത്തത് എന്നാണു ഖണ്ഡിതം എന്നതുകൊണ്ടു വിവക്ഷ. ഖുര്‍ആനിലും ഹദീസിലുമുള്ള ഇത്തരം തെളിവുകള്‍ക്ക് നസ്സുന്നുസൂസ് എന്നു പറയും. വ്യാഖ്യാനത്തിനു പഴുതുള്ള, ഖുര്‍ആനിലും ഹദീസിലുമുള്ള തെളിവുകള്‍ക്ക് നസ്സ്വ് എന്നുപറയും. ഇത്തരം നസ്സ്വുള്ള തെളിവുകളേക്കാള്‍ ആധികാരികത ഇജ്മാഇനാണ്. കാരണം, അത് വ്യാഖ്യാനത്തിനു പഴുതില്ലാത്ത ഖണ്ഡിത പ്രമാണമാണ്. ഗവേഷണയോഗ്യരായ പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായമാണ് ഇജ്മാഅ്.

മൂന്നു പ്രമാണങ്ങളിലും വ്യക്തമായ രേഖയില്ലാതിരിക്കുമ്പോള്‍ ഖിയാസ് തെളിവാക്കുന്നു. ഇവിടെയാണ് മദ്ഹബിലെ അഭിപ്രായ ഭിന്നതയുണ്ടാകുന്നത്. അതേ മദ്ഹബുകള്‍ക്കിടയില്‍ തര്‍ക്കമുള്ള വിഷയം ഖണ്ഡിതപ്രമാണങ്ങളായ ഖുര്‍ആന്, സുന്നത്ത്, ഇജ്മാഅ് എന്നിവകൊണ്ടു തെളിയിക്കപ്പെടാത്തതായിരിക്കും. ഗവേഷണ വിഷയങ്ങളാണു മദ്ഹബിലെ ഭിന്നത. ഖണ്ഡിത പ്രമാണങ്ങളില്‍ ഗവേഷണം ഇല്ല. നാല്, വിഷയം (മൗളൂഅ്). ഹുക്മ് (വിധി) ബാധകമാക്കുക എന്ന നിലയ്ക്ക് കല്‍പ്പിക്കപ്പെട്ടവന്റെ പ്രവൃത്തി (ഫിഅ്‌ലുല്‍ മുകല്ലഫ്) യാണു ഫിഖ്ഹിന്റെ ചര്‍ച്ചാവിഷയം. പ്രയാസപ്പെട്ട നിയമങ്ങള്‍ അനുസരിക്കേണ്ടിവരുന്നതിനാലാണു മുകല്ലഫ് (കീര്‍ത്തിക്കപ്പെട്ടവന്‍) എന്ന പ്രയോഗം വന്നത്. പ്രായപൂര്‍ത്തി വന്ന ബുദ്ധിയുള്ള ഏതൊരാള്‍ക്കും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ബാധകമാണല്ലോ. അവ സമഗ്രമായി ചര്‍ച്ചയ്ക്കു വിധേയമാക്കുന്നുണ്ട് ഫിഖ്ഹില്‍. അഞ്ച്, ഹുക്മ് (കര്‍മ ശാസ്ത്രം പഠിക്കുന്നതിന്റെ വിധി). ഫിഖ്ഹ് പഠിക്കല്‍ നിര്‍ബന്ധമാണ്. ചില കാര്യങ്ങള്‍ പഠിക്കല്‍ വ്യക്തിപരമായ ബാധ്യതയും (ഫര്‍ള് ഐന്‍) മറ്റു ചിലത് സാമൂഹിക ബാധ്യത (ഫര്‍ള് കിഫായ)യുമാണ്. മയ്യിത്ത് കുളിപ്പിക്കാന്‍ പഠിക്കുക, കഫന്‍ ചെയ്യാനറിയുക തുടങ്ങിയ സാമൂഹിക ബാധ്യതയുള്ള കാര്യങ്ങള്‍ പഠിക്കലും സാമൂഹിക ബാധ്യത മാത്രമാണ്. ഓരോരുത്തരും പഠിക്കല്‍ നിര്‍ബന്ധമില്ല. അതേസമയം നിസ്‌കാരം, നോമ്പ് തുടങ്ങിയ വ്യക്തിപരമായ നിര്‍ബന്ധമായ ഇബാദത്തുകള്‍ക്കാവശ്യമായ സകല കാര്യങ്ങളും പഠിക്കല്‍ ഫര്‍ള് ഐനാണ്. അഥവാ വ്യക്തിപരമായ ബാധ്യതയാണ്.

ആറ്, മസാഇല്‍ (പ്രമേയം). നിസ്‌കാരം നിര്‍ബന്ധമാണ്, നിസ്‌കാരം സാധുവാകാന്‍ വുളു (അംഗശുദ്ധി) അനിവാര്യമാണ് തുടങ്ങിയ സംഗതികളാണ് ഫിഖ്ഹിന്റെ പ്രമേയം. ഏഴ്, ഫാഇദ (ഫിഖ്ഹിന്റെ നേട്ടം). അല്ലാഹുവിന്റെ കല്‍പനകളോടുള്ള വിധേയത്വവും എതിര്‍പ്പുകളോടുള്ള വിരോധവുമാണ് കര്‍മ്മശാസ്ത്രംകൊണ്ടുള്ള നേട്ടം. മതനിയമങ്ങള്‍ പാലിച്ചു ഒരു പരിപൂര്‍ണ്ണ മുസ്‌ലിമാവാന്‍ കര്‍മ ശാസ്ത്രം നിമിത്തമാവുകയാണ്. എട്ട്, ഉപജ്ഞാതാവ് (വാളിഅ്). ഗവേഷണപടുക്കളായ പണ്ഡിതരാണു ഫിഖ്ഹിന്റെ ഉപജ്ഞാതാക്കള്‍. സ്വഹാബത്തിന്റെ കാലത്തുതന്നെ ഫിഖ്ഹ് എന്ന വിജ്ഞാനശാഖയുടെ തുടക്കം കുറിച്ചിട്ടുണ്ട്. സ്വഹാബിവര്യരായ ഇബ്‌നു അബ്ബാസ്(റ) പ്രമുഖ ഫിഖ്ഹീ മുജ്തഹിദായിരുന്നു. അല്ലാഹുവേ, ഈ കുട്ടിയെ (ഇബ്‌നു അബ്ബാസിനെ) നീ ഫഖീഹാക്ക് എന്നു നബി(സ) പ്രാര്‍ത്ഥിച്ചതിന്റെ ബറകത്തു മൂലമായിരുന്നു അത്. ഒരു ശാസ്ത്രത്തിന്റെ എല്ലാ അര്‍ത്ഥത്തിലും സ്വഭാവത്തിലും കര്‍മശാസ്ത്രം എന്ന വിജ്ഞാനശാഖ ക്രോഡീകരിക്കപ്പെട്ടത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ താബിഈ ശിഷ്യരുടെ കാലത്താണ്. മദ്ഹബിന്റെ നാലു ഇമാമുകളാണു നിരുപാധിക മുജ്തഹിദുകളില്‍ അവസാനത്തവര്‍. ഒമ്പത്, നിസ്ബ (മറ്റു വിജ്ഞാന ശാഖയുമായി ഫിഖ്ഹിന്റെ ബന്ധം). മറ്റു എല്ലാ വിജ്ഞാനശാഖയോടും വ്യത്യസ്തമായ ഒരു ശാസ്ത്രം എന്നതാണ് ഫിഖ്ഹിനു മറ്റുള്ളവയുമായുള്ള ബന്ധം.

ബൃഹത്തായ ഒരു വിജ്ഞാനശാഖയാണല്ലോ കര്‍മശാസ്ത്രം. പത്ത്, ഫള്‌ല് (മഹത്വം). പാരത്രിക വിജയത്തിനു നിദാനമാകുന്ന മനുഷ്യന്റെ സകല കാര്യങ്ങളുടെയും വിധി പറയുന്ന മറ്റൊരു വിജ്ഞാനവും ലോകത്തില്ല എന്നതാണു ഫിഖ്ഹിന്റെ മഹത്വം. നബി(സ) പറഞ്ഞു: ''അല്ലാഹു തന്റെ അടിമകളില്‍ വല്ലവനെ കൊണ്ടും അതിമഹത്തായ നന്മ ഉദ്ദേശിച്ചാല്‍ അല്ലാഹു അദ്ദേഹത്തെ മതത്തില്‍ ഫഖീഹാക്കും. അല്ലാഹു ഫിഖ്ഹ് നല്‍കാത്തയാളെ അവന്‍ ഗൗനിക്കുകയില്ല.'' കര്‍മശാസ്ത്രത്തിന്റെ ആമുഖമായി മനസ്സിലാക്കേണ്ട പത്തു കാര്യങ്ങളാണ് ഇതുവരെ വിവരിച്ചത്. (അവലംബം ഇആനത്ത് 1/14)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter