സമസ്തയുടെ പിറവി: അനിവാര്യതയുടെ സൃഷ്ടി

കേരളത്തിലെ ആധികാരിക മതപണ്ഡിത സഭ സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ രൂപീകരിക്കപ്പെട്ട് 92 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 1926 ജൂണ്‍ 26 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ചാണ് സമസ്തക്ക് രൂപം നല്‍കപ്പെടുന്നത്. സയ്യിദ് ഹാശിം ചെറു കുഞ്ഞിക്കോയ തങ്ങളുടെ അദ്യക്ഷതയില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളടക്കം കേരളത്തിലെ അത്യുന്നതരായ സാദാത്തീങ്ങളും മഹാരഥന്മാരായ പണ്ഡിതരും പങ്കെടുത്ത സംഗമത്തിലാണ് സുന്നത്ത് ജമാഅത്തിന്‍റെ തനതായ രീതികള്‍ക്കെതിരെ രംഗത്ത് വരികയും വികലമായ ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത പുത്തന്‍ വാദക്കാര്‍ക്ക് ശക്തമായ പ്രതിരോധം സൃഷ്ടിച്ച് കൊണ്ട് സമസ്ത പിറവിയെടുക്കുന്നത്. 

 

ഐക്യ സംഘം

കൊടുങ്ങല്ലൂരില്‍ വെച്ചാണ് വികലമായ ആശയങ്ങളുടെ ആരംഭം കുറിക്കപ്പെടുന്നത്. മലബാര്‍ കലാപത്തില്‍ പങ്കുണ്ടെന്ന പേരില്‍ അറസ്റ്റ് വാറന്‍റുണ്ടായിരുന്ന മൂന്ന് പ്രധാന മതപണ്ഡിതരായിരുന്നു നെല്ലിക്കുത്ത് ആലി മുസ്ലിയാരും പാങ്ങില്‍ അഹ്മദ് മുസ്ലിയാരും തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്ന കെ.എം മൗലവിയും. അറസ്റ്റ് ഭയന്ന കെ.എം മൗലവി എം.സി.സി മൗലവിയുടെ ക്ഷണ പ്രകാരം നാട്ടുരാജ്യമായ കൊടുങ്ങല്ലൂരിലേക്ക് മാറിത്താമസിച്ചു. ഇ.കെ മൗലവിയും ഇക്കാലത്ത് കൊടുങ്ങല്ലൂരില്‍ തന്നെയായിരുന്നു താമസിച്ചത്. 

മുസ്ലിംകള്‍ക്കിടയില്‍ കുടുംബ വഴക്ക് ഏറെ നിലനിന്ന പ്രദേശമായിരുന്നു കൊടുങ്ങല്ലൂര്‍. ഇവ പരിഹരിക്കാനും മുസ്ലിംകള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കാനുമെന്ന ലക്ഷ്യത്തില്‍ 1922 ല്‍ മൗലവിമാര്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു. ഈ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി ഒരു സ്ഥിരമായ നിക്ഷപക്ഷ സംഘം രൂപീകരിക്കപ്പെട്ടു. ഇവര്‍ മൂന്ന് പേരും സംഘത്തിലെ പ്രധാനികളായിരുന്നു. ഈ സംഘമാണ് പിന്നീട് കേരള മുസ്ലിം ഐക്യ സംഘം എന്ന പേരില്‍ രൂപം നല്‍കപ്പട്ട സംഘടന. മണപ്പാട്ട് കുഞ്ഞി മുഹമ്മദ്, സീതി സാഹിബ്, അദ്ദേഹത്തിന്‍റെ പിതാവ് സീതി മുഹമ്മദ്, കെ.എം മൗലവി, ഇ.കെ മൗലവി, വക്കം മൗലവി, എം.സി.സി മൗലവി, ടി.കെ മുഹമ്മദ് മൗലവി എന്നിവരായിരുന്നു പ്രധാന നേതാക്കള്‍. ഈജിപ്തില്‍ വഹാബിസം പ്രചരിപ്പിക്കുന്നതില്‍ പ്രധാനിയായിരുന്ന റശീദ് റിളായുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന അല്‍ മനാറിന്‍റെ സ്ഥിര വായനക്കാരനായിരുന്ന വക്കം മൗലവി അതേ ആയങ്ങള്‍ ഐക്യ സംഘം വഴി കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടു. 

1923 ല്‍ നടന്ന ഐക്യസംഘത്തിന്‍റെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ വഹാബിസത്തിന്‍റെ ആശയങ്ങള്‍ പ്രസംഗങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും അവതരിപ്പിക്കപ്പെട്ടു. 'മുസ്ലിം ഐക്യം' , 'അല്‍ ഇര്‍ശാദ് ' എന്നീ രണ്ട് പ്രസിദ്ധീകരണങ്ങളിലൂടെയും ഈ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അതോടെ പണ്ഡിതരില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നു. 1924 ല്‍ പൊതുജനങ്ങളുടെ പിന്തുണ നേടിയെടുക്കാനും പണ്ഡിതരുടെ എതിര്‍പ്പുകള്‍ ഒഴിവാക്കാനും കേരളത്തിലെ പണ്ഡിതരില്‍ പലരുടെയും ഗുരുവര്യനും വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പലുമായ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ആലുവയില്‍ വെച്ച് രണ്ടാം വാര്‍ഷികം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഹസ്രത്തിന്‍റെ സാന്നിധ്യം ചൂണ്ടിക്കാണിച്ച് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ വലിയ പ്രചാരണം നടത്തുകയും ചെയ്തു. ആലുവയില്‍ പരിപാടി സംഘടിപ്പിച്ചതോടെ പരമ്പരാഗത പണ്ഡിതര്‍ അപകടം മണക്കുകയും ഇവര്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്തു. 

      ഐക്യസംഘം മലബാറിലേക്ക് 

1925 ല്‍ ഐക്യസംഘത്തിന്‍റെ മൂന്നാം വാര്‍ഷികം കോഴിക്കോട്ട് ഹിമായതില്‍ വെച്ച് നടത്താനായിരുന്നു പദ്ധതി. ഇതോടെ പണ്ഡിതര്‍ ഐക്യസംഘത്തിനെതിരെ ശക്തമായി രംഗത്തിറങ്ങി. അഹ്മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹ്മദ് മുസ്ലിയാര്‍, അച്ചിപ്ര കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയ മഹാ പണ്ഡിതന്മാരായിരുന്നു ഇതിനായി മുന്നിട്ടിറങ്ങിയത്. ഇവര്‍ കോഴിക്കോട്ടെ പരിപാടിയുടെ സ്വാഗത സംഘം നേതാക്കളെയും ഹിമായതിന്‍റെ ഭാരവാഹികളെയും ചെന്ന് കണ്ട് ഐക്യക്കാരുടെ തനിരൂപത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ജനങ്ങളെയും ഇത് സംബന്ധമായി ബോധവത്കരിച്ചു. 

അതേ സമയം ഐക്യക്കാരെ പ്രതിരോധിക്കാനുള്ള അജണ്ടകള്‍ക്ക് രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പണ്ഡിതര്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വസതിയില്‍ ഒരുമിച്ച് കൂടുകയും ചെയ്തു. പണ്ഡിതനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന തങ്ങള്‍ക്ക് സമൂഹത്തിലും ഭരണാധികാരികളുടെ അടുത്തും വലിയ സ്ഥാനമാണുണ്ടായിരുന്നത്. അങ്ങനെ കോഴിക്കോട് ജുമുഅത് പള്ളിയില്‍ ഒരു പണ്ഡിത സംഗമം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സംഗമത്തില്‍ കെ.പി മുഹമ്മദ് മീറാന്‍ മൗലവി പ്രസിഡന്‍റായും പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയായുമുള്ള ഒരു പണ്ഡിത സംഘത്തിന് രൂപം നല്‍കി.

ഐക്യ സംഘത്തിന്‍റെ വികല ആശയങ്ങളെ തുറന്ന് കാണിക്കാനും സുന്നത്ത് ജമാഅതിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്താന്‍ സംഘം തീരുമാനിക്കുകയും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ പണ്ഡിതന്മാരുടെ ഒരു മഹാ സംഗമം നടത്താനും തീരുമാനിച്ചതോടെ അതിനായി പണ്ഡിതരെ ക്ഷണിക്കാനും തുടങ്ങി.

പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു ഇതിന്‍റെ മുന്‍നിരയിലുണ്ടായിരുന്നത്. ആദ്യമായി അദ്ദേഹം സന്ദര്‍ശിച്ചത് തന്‍റെ ഖാദിരീ ത്വരീഖ ശൈഖായ വാളക്കുളം കോയാമുട്ടി മുസ്ലിയാരെയായിരുന്നു. സംഘടന രൂപീകരണത്തിന് പൂര്‍ണ്ണമായ ആശീര്‍വാദം നല്‍കിയ മഹാനവര്‍കള്‍ പ്രായാധിക്യം മൂലം വരാനാവില്ലെന്നും പകരം മകന്‍ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാരെ കൂടെക്കൂട്ടിക്കോളൂ എന്നും അറിയിച്ചു. അതോടെ അബ്ദുല്‍ ബാരി മുസ്ലിയാര്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ക്കൊപ്പം പൂര്‍ണ്ണമായും പ്രവര്‍ത്തന മണ്ഡലത്തിലേക്കിറങ്ങി. കേരളത്തിലെ പ്രതാപമുള്ള ദര്‍സുകളിലെല്ലാം സന്ദര്‍ശനം നടത്തി അവരെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചു. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. പല പണ്ഡിതരും പൊതു ഇടങ്ങളിലേക്ക് ഇറങ്ങി വരാന്‍ മടിക്കുന്നവരായിരുന്നു. അവരെയെല്ലാം സാഹചര്യത്തിന്‍റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ ഇവര്‍ കിണഞ്ഞ് ശ്രമിച്ചു. 

രണ്ട് തരം എതിര്‍പ്പുകള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നു. സംഘടന പോലും വേണ്ടെന്ന് പറയുന്ന എല്ലാ പുരോഗമന ശ്രമങ്ങളെയും അന്ധമായി എതിര്‍ക്കുന്നവരായിരുന്നു ഒരു വിഭാഗം. പുരോഗമനം അധികമായി യാഥാസ്ഥിക നിലപാടുകളോട് പുഛഭാവത്തില്‍ പെരുമാറിയവരായിരുന്നു രണ്ടാം വിഭാഗം. പണ്ഡിതന്മാരുടെ അവിശ്രമ പരിശ്രമത്തില്‍ ഈ സന്ദേശം ഒരുപാട് പ്രദേശങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. 

 

സമസ്ത രൂപീകരണം

ഒടുവില്‍ 1926 ജൂണ്‍ 26 ന് ചരിത്ര സംഗമത്തിന് അരങ്ങൊരുങ്ങി. സാദാത്തുക്കളും ഉലമാക്കളും വിദൂര പ്രദേശങ്ങളില്‍ നിന്ന് പോലും കോഴിക്കോട്ടെത്തി. മഹാപണ്ഡിതരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായ സദസ്സോടെ പരിപാടിക്ക് ആരംഭം കുറിക്കപ്പെട്ടു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മാതുലനായ സയ്യിദ് ഹാശിം ചെറുകുഞ്ഞി കോയ തങ്ങളായിരുന്നു പ്രസ്തുത പരിപാടിക്ക് അദ്യക്ഷത വഹിച്ചിരുന്നത്. 

കേരളത്തില്‍ വിഷലിപ്തമായ പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ എന്ന മഹത്തായ സംഘടന യോഗത്തില്‍ രൂപീകരിക്കപ്പെട്ടു. സയ്യിദ് ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്‍റും എ.പി അഹ്മദ് കുട്ടി മുസ്ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍, കെ.പി മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ തിരുവാലി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുക്കപ്പെട്ടു. പള്ളി വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ കോഴിക്കോട് സെക്രട്ടറിയും വി.കെ മുഹമ്മദ് മൗലവി, ജര്‍മന്‍ അഹ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ജോയന്‍റ് സെക്രട്ടറിമാരുമായിരുന്നു.

മഹാരഥന്മാരായ പണ്ഡിതരുടെ നേതൃത്വത്തില്‍ രൂപീകൃതമായ സംഘടന ആദര്‍ശ പോരാട്ട രംഗത്ത് ശക്തമായി നിലയുറപ്പിച്ചു. സംവാദങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും എഴുത്തുകളിലൂടെയും സമസ്ത പുത്തന്‍ വാദക്കാരെ നിരന്തരമായി എതിരിട്ട് ജനങ്ങളെ ബോധവത്കരിച്ചു. ഒരു നൂറ്റാണ്ടോടുക്കാറായിട്ടും കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് വലിയ സ്വീകാര്യത നേടാന്‍ സാധിക്കാതിരുന്നത് സമസ്തയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. 

1926 ല്‍  രൂപീകരിക്കപ്പെട്ട സംഘടന 1934 ല്‍ ഭരണഘടന രൂപീകരിച്ചു. പരിശുദ്ധ ഇസ്ലാം മതത്തിന്‍റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക' എന്നതാണ് ഭരണഘടനയില്‍ സംഘടനയുടെ 'ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്ന എ വകുപ്പില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. 

സമസ്തയുടെ ബാനറില്‍ കേരളത്തില്‍ മഹാരഥന്മാരായ നിരവധി പണ്ഡിതര്‍ പ്രവര്‍ത്തന ഗോഥയിലിറങ്ങി സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ട് വന്നു. കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍, പാറോല്‍ ഹുസൈന്‍ മുസ്ലിയാര്‍, റശീദുദ്ദീന്‍ മൂസ മുസ്ലിയാര്‍, ശംസുല്‍ ഉലമാ അബൂബക്കര്‍ മുസ്ലിയാര്‍, ഇ.കെ ഹസന്‍ മുസ്ലിയാര്‍, പറവണ്ണ മുഹ് 

യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, കാടേരി മുഹമ്മദ് മുസ്ലിയാര്‍, ഒ.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അരിപ്ര മൊയ്തീന്‍ ഹാജി, അയിനിക്കാട് ഇബ്രാഹിം മുസ്ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര്‍, അമാനത്ത് കോയുണ്ണി മുസ്ലിയാര്‍, ടി.കെ.എം ബാവ മുസ്ലിയാര്‍,  കെ.ടി മാനു മുസ്ലിയാര്‍, ഉമറില് ശിഹാബ് തങ്ങള്‍, സി.എം അബ്ദുല്ല മുസ്ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, സി. കോയക്കുട്ടി മുസ്ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍ എന്നിവര്‍ അവരില്‍ പ്രധാനികളാണ്. 

1967 മുതല്‍ 1993 വരെ സമസ്തയുടെ പ്രസിഡണ്ടായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാരും 1957 മുതല്‍ 1996 വരെ ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരാണ് ഏറ്റവും കൂടുതല്‍ കാലം സമസ്തയുടെ കേന്ദ്ര നേതൃത്വസ്ഥാനം അലങ്കരിച്ച പണ്ഡിതര്‍.

1926 ല്‍ രൂപീകരിക്കപ്പെട്ട സമസ്ത 2019 ലെത്തി നില്‍ക്കുമ്പോള്‍ സമൂഹത്തില്‍ അവിസ്മരണീയമായ നിരവധി മാറ്റങ്ങള്‍ സൃഷ്ടിച്ചു. 92 വര്‍ഷങ്ങളുടെ ഈ യാത്രയില്‍ ഉപസംഘടനകള്‍ പലതും രൂപീകരിക്കപ്പെട്ടു. 1951 ന് വാളക്കുളത്ത് ചേര്‍ന്ന സമ്മേളനത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. ദര്‍സ് മദ്റസകള്‍ അഭിവൃത്തിപ്പെടുത്തുകയെന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. കെ.പി എ മുഹ് യുദ്ദീന്‍ മുസ്ലിയാര്‍ പറവണ്ണയായിരുന്നു ആദ്യ പ്രസഡണ്ട്. കെ.പി ഉസ്മാന്‍ സാഹിബായിരുന്നു ജനറല്‍ സെക്രട്ടറി. 

1954 ലെ കാര്യവട്ടം സമ്മേളനത്തില്‍ സുന്നി യുവജന സംഘം (എസ.വൈ.എസ്), 1958 ല്‍ ജംഇയ്യതുല്‍ മുഅല്ലിമീന്‍ എന്നീ ഉപസംഘടനകളും രൂപീകൃതമായി. 1973 ല്‍ വിദ്യാര്‍ഥി സംഘടനയായ എസ,്എസ്.എഫും പിന്നീട് ഈ സംഘടന സമസ്ത നേതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ എസ്.കെ.എസ്.എസ്.എഫും രൂപീകരിച്ചു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter