കഅ്ബ: ചരിത്രം കാലഘട്ടം
''നിസ്സംശയം മനുഷ്യര്‍ക്കായി നിര്‍മ്മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതി ചെയ്യുന്നത് തന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്ക് ആകമാനം മാര്‍ഗദര്‍ശന കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്.'' (3:96)
ഇരുള്‍നിറഞ്ഞ ഒരു സമൂഹത്തിന്റെ ആശ്വാസകേന്ദ്രവും സാംസ്‌കാരിക നിലയവുമായിരുന്നു ലോകത്തിലെ പ്രശസ്ത നഗരമായ മക്കയും പരിസര പ്രദേശങ്ങളും. ഇന്നും ആഗോളതലത്തില്‍ സമാധാനത്തിന്റെ ശാന്തിമന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുന്ന ശക്തികേന്ദ്രമാണത്. മക്കയുടെ പ്രഭ ലോകത്തിന്റെ മുക്കുമൂലകളില്‍ പ്രസരിക്കാന്‍ ഹേതുവായിതീര്‍ന്നത് ആദ്യ ആരാധനാഭവനമായ കഅ്ബയാണ്. ഉദൃത സൂക്തം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. തുല്യതയില്ലാത്ത കഅ്ബയുടെ നിര്‍മാണ ചരിത്രത്തെ കുറിച്ച് ഒരു ലഘു വായനയെങ്കിലും നടത്തല്‍ അത്യന്താപേക്ഷിതമാണ്.
കഅ്ബ നിര്‍മാണം
ഹസ്‌റത്ത് ഇബ്രാഹീം(അ)മും മകന്‍ ഇസ്മായില്‍(അ)മും കൂടി ക്രിസ്തുവിന്റെ 20 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ഭവനമാണ് കഅ്ബയെങ്കിലും ഇസ്‌ലാമിക ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായാന്തരം നിലനില്‍ക്കുന്നുണ്ട്. ബി.സി. 2000-ന് മുമ്പ് അവിടെ അങ്ങനെയൊരു ഭവനം ഉണ്ടായിരുന്നില്ലെന്നാണ് ഇമാം ജരീറുബ്‌നു ത്വബ്‌രിയുടെ 'താരീഖുഉമ്മിവല്‍മുലൂക്കി'ല്‍ നിന്നും ഇബ്‌നു കസീറിന്റെ 'തഫ്‌സീറുബ്‌നു കസീറില്‍ നിന്നും മനസ്സിലാകുന്നത്.
എന്നാല്‍, ആദ്യമായി നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത് മലക്കുകളാണെന്നും പിന്നീട് ആദം നബി (അ) നിര്‍മിക്കുകയും ഇബ്രാഹീം(അ) മും മകന്‍ ഇസ്മാഈല്‍(അ)മും കൂടി പുതുക്കിപ്പണിയുകയും ചെയ്തു. കാലാന്തരത്തില്‍വന്ന ശക്തികളായ ജുര്‍ഹൂം, അമാലിഖ് ഗോത്രങ്ങള്‍ പുനര്‍നിര്‍മിച്ചെന്നും ഹാശിയത്തുസ്സ്വാവിയിലും അബുല്‍ ഖലീദുല്‍ അദ്‌റകിയുടെ താരീഖു മക്കയിലും പരാമര്‍ശിച്ചിട്ടുണ്ട്. ആകാശഭൂമിയോളം പഴക്കമുണ്ടെന്ന് താരീഖു മക്കയുടെ വരികളില്‍നിന്നും വായിച്ചെടുക്കാവുന്നതാണ്. മുജാഹിദില്‍ നിന്ന് നിവേദനം: ''ഭൂമിയെ സൃഷ്ടിക്കുന്നതിന്റെ 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കഅ് ബയുടെ സ്ഥാനം അല്ലാഹു നിര്‍ണയിച്ചു. അതിന്റെ അടിത്തറ ഏഴാം ഭൂമിയിലാണ്.''
ഇബ്‌റാഹീം നബിക്ക് മുമ്പ്
പ്രവാചകന്‍ ഇബ്രാഹീം (അ)ന് മുമ്പ് തന്നെ മറ്റ് പ്രവാചകരും മലക്കുകളും നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ''ആദ്യമായി കഅ്ബാ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മലക്കുകള്‍ക്ക് ശേഷം ആദം, ശീസ് നബിമാരും പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. നൂഹ് നബിയുടെ പ്രളയകാലത്ത് അതിന്റെ ബാഹ്യ അടയാളങ്ങള്‍ മേല്‍പ്പോട്ട് ഉയര്‍ത്തപ്പെട്ടപ്പോള്‍ ഏഴാം ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന അടിത്തറ ഭദ്രമായി നിന്നു. ഇബ്‌റാഹീം(അ) ശേഷിച്ച അടിത്തറയുടെ മേല്‍ നിര്‍മാണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ജിബ്‌രീല്‍ (അ) അബൂഖുബൈസ് പര്‍വതത്തില്‍ നിക്ഷേപിച്ച ഹജറുല്‍ അസ്‌വദ് എത്തിച്ചുകൊടുക്കുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. പിന്നീട് അമാലിഖ്, ജുര്‍ഹൂം, ഖുസയ്, ഖുറൈശ് തുടങ്ങിയ ഗോത്രങ്ങള്‍ കഅ്ബ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഖുറൈശികളുടെ കാലത്ത് തര്‍ക്കത്തിലായ ഹജറുല്‍ അസ്‌വദ് നബി(സ) യഥാര്‍ത്ഥ സ്ഥാനത്ത് വെച്ച് പ്രശ്‌നം പരിഹരിച്ചെങ്കിലും സാമ്പത്തിക പ്രയാസം കാരണത്താല്‍ ഹിജ്‌റ് ഇസ്മായില്‍ കഅ്ബക്ക് പുറമെയാക്കിയാണ് നിര്‍മിച്ചത്. ഇവര്‍ ഇബ്രാഹീം നബിയുടെ പ്ലാന്‍ പ്രകാരമായിരുന്നില്ല നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇബ്‌നു സുബൈര്‍, ഇബ്രാഹീം നബിയുടെ പ്ലാന്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ ഹജ്ജാജുബ്‌നു യൂസുഫ് അദ്ദേഹത്തെ വധിച്ച് ഖുറൈശികള്‍ നിര്‍മിച്ച പ്രകാരം പണി പൂര്‍ത്തിയാക്കി. ഇന്നും നിലനില്‍ക്കുന്നത് ഈ രൂപത്തിലാണ്.'' (ഹാശിയതു സ്വാവി, അല്‍ബഖറ 127) പ്രബലാഭിപ്രായത്തില്‍ തിരുഗേഹത്തിന്റെ നിര്‍മാണം ആദ്യമായി തുടങ്ങിയ മലക്കുകള്‍ അടിത്തറ പാകാന്‍ ലബനാന്‍, തൂരിസൈനാഅ്, തൂരിസീനാഅ്, ജൂദിയ്യ്, ഹിറാഅ് എന്നീ പര്‍വ്വതങ്ങളില്‍ നിന്ന് മുപ്പതോളം ആളുകള്‍ക്ക് ചുമക്കാന്‍ മാത്രം ഭാരമുള്ള കല്ലുകള്‍ കൊണ്ടു വരികയും, ആദം നബി(അ) അതുപയോഗിച്ച് പടുത്തുയര്‍ത്തുകയും ചെയ്തുവെന്ന് ''മക്ക ചരിത്രത്തില്‍'' കാണാം. ഇസ്മായില്‍(അ)ന്റെ ഭാര്യാ കുടുംബമായ ജുര്‍ഹൂമിന്റെ മുമ്പ് ഇസ്മാഈല്‍(അ)മാണ് കഅ്ബ പരിപാലനം നടത്തിയതെങ്കില്‍ ശേഷം മകന്‍ നാബിത് ബ്‌നു നൂഹ് ആയിരുന്നു ദൗത്യം നിര്‍വഹിച്ചത്. കൂടാതെ, ജുര്‍ഹൂംകാരനായ മളാഇബ്‌നു അംറും നേതൃത്വപദവി അലങ്കരിച്ചിട്ടുണ്ട്.
ഖുറൈശികള്‍
കാലചരിത്രം കറങ്ങിക്കൊണ്ടിരിക്കെ പ്രവാചക കുടുംബത്തിന്റെ കൈകളിലും കഅ്ബാ പരിപാലനം വന്നെത്തി. എ.ഡി 500-ല്‍ ഖുറൈശിക്കാരനായ ഖുസ്വയ്യ്ബ്‌നു കിലാബ് കഅ്ബാപുനര്‍നി ര്‍മാണ പ്രവര്‍ത്തനം നടത്തിയപ്പോഴാണ് ആദ്യമായി ഈത്തപ്പന തടികള്‍ കൊണ്ട് മേല്‍പ്പുര പണിതത്. ഇടപെടലുകളുടെ സൃഷ്ടിപ്പില്‍നിന്ന് സമൂഹത്തില്‍ ആദരവും ഉന്നതിയും വേണമെന്ന നിര്‍ബന്ധ ബുദ്ധ്യാ ഖുസ്വയ്യ് തന്റെ മകനായ അബ്ദുദാറിന് കഅ്ബ പരിപാലനം, ദാറുന്നദ്‌വയുടെ നടത്തിപ്പ്, നേതൃനിരയിലെ പതാകവാഹകന്‍ എന്നീ ചുമതലകള്‍ നല്‍കിയപ്പോള്‍ പൊതുനേതൃത്വം, സംസം വിതരണം, അന്നദാനം തുടങ്ങിയവ അബ്ദുമനാഫിനാണ് നല്‍കിയതത്. പാരമ്പര്യത്തിനും പൈതൃകത്തിനും ഊക്കുവിലക്കിട്ടുകൊണ്ട് ഇന്നും ഈ അവകാശം രണ്ടു പരമ്പരയും നിലനിര്‍ത്തിപ്പോരുന്നു. ഒട്ടകത്തിന്റെ കയറിന് വേണ്ടി വര്‍ഷങ്ങളോളം യുദ്ധം ചെയ്ത സമൂഹം ഹജറുല്‍ അസ്‌വദിന്റെ കര്യത്തിലും യുദ്ധത്തിന്റെ വക്കിലെത്തിയപ്പോള്‍ വെറും 35 വയസ്സ് മാത്രം പ്രായമുള്ള സമാധാന സന്ദേശ നായകന്‍ ആ വലിയ സമൂഹത്തില്‍ സൃഷ്ടിച്ച ഇടപെടലുകളുടെ വിശ്വാസ്യതയില്‍ പ്രശ്‌നത്തിന് പരിഹാരമായി. ഇബ്‌റാഹീം (അ)ന്റെ അടിത്തറയില്‍ നിന്നും മാറി നിര്‍മാണം നടത്തിയ ഖുറൈശികള്‍ 6,7 മുഴം നീളം കുറച്ചിട്ടുണ്ടെങ്കിലും ഉയരം 9 മുഴം വര്‍ദ്ധിപ്പിച്ചു. ഒരു ഭാഗത്ത് ഹിജ്‌റ് ഇസ്മാഈലിന്റെ ഭാഗത്ത് നിന്നും എതിര്‍ഭാഗത്തേക്ക് 2 വരികളിലായി തൂണുകള്‍ നിര്‍മിച്ച അവര്‍ വാതില്‍ അല്‍പ്പം ഉയര്‍ത്തിയാണ് പണിതത്. മുകളിലേക്ക് കയറുവാന്‍ റുക്‌നുശ്ശാമിയുടെ ഭാഗത്ത് ഒരു കോണിയും വെള്ളം വീഴാനുള്ള പാത്തി ഹിജ്‌റ് ഇസ്മാഈലിന്റെ ഭാഗത്തും ഉണ്ടാക്കി. ഭരണാധികാരികള്‍ അഹങ്കാരത്തിന്റെ തീച്ചൂളയില്‍ വളര്‍ന്ന് പന്തലിച്ച യസീദ്, മഹാനായ പിതാവ് മുആവിയ (റ)ന്റെ മരണശേഷം അധികാരച്ചെങ്കോല്‍ കൈയ്യിലേന്തിയപ്പോള്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍ അത് അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുകയുണ്ടായി. അതുവരെ കഴിഞ്ഞുപോയ ഭരണാധിപന്‍മാര്‍ സംരക്ഷിച്ച കഅ്ബക്ക് യസീദിന്റെ ദുര്‍ഭരണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. മക്കയുടെ ഭരണം സ്വയം ഏറ്റെടുത്ത ഇബ്‌നു സുബൈറിനോടുള്ള പ്രതികാരദാഹം തീര്‍ക്കാന്‍ ഹുസൈനുബ്‌നു നുമൈറിന്റെ നേതൃത്വത്തില്‍ കടന്നുവന്ന യസീദിന്റെ സൈന്യം ഖില്ലക്കും ഭിത്തികള്‍ക്കും തകരാറുകള്‍ സംഭവിക്കുംവിധം കല്‍പീരങ്കികള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. യസീദിന്റെ കാലശേഷം ഇബ്‌നു സുബൈര്‍ പൂര്‍ണ്ണമായും പൊളിച്ചു മാറ്റി, ഇബ്‌റാഹീം (അ)ന്റെ അടിത്തറയുടെ മേല്‍ കഅ്ബ നിര്‍മാണം ആരംഭിച്ചു. ഉള്ളില്‍ മൂന്ന് തൂണുകളില്‍ മേല്‍പ്പുര നിര്‍മിച്ചപ്പോള്‍ 27 പടവുകളായി ഉണ്ടാക്കിയ ഭിത്തികള്‍ക്ക് 9 മുഴം ഉണ്ടായിരുന്നു. സൃഷ്ടികര്‍ത്താവിന്റെ അനുഗൃഹീത മഴ വര്‍ഷിക്കുമ്പോള്‍ ഒലിച്ചിറങ്ങാന്‍ പാത്തിയും, സൂര്യരശ്മികള്‍ക്കുള്ള പ്രവേശന ദ്വാരങ്ങളും മുകള്‍ തട്ടിലേക്ക് കയറിപ്പോകാന്‍ വടക്കേ മൂലയില്‍ ഒരു കോണിയും സ്ഥാപിച്ചിട്ടുണ്ട്. കഅ്ബയുടെ പ്രവേശനകവാടം തറയില്‍ നിന്ന് അല്‍പം ഉയര്‍ത്തി നിര്‍മിച്ചതോടൊപ്പം ഇബ്രാഹീം(അ)ന്റെ നിര്‍മാണ രീതിയില്‍ എതിര്‍ഭാഗത്ത് ഒരു വാതില്‍ കൂടി പണികഴിപ്പിച്ചു. ലോകമധ്യത്തിലെ തിരുഗേഹത്തിലേക്ക് ഒഴുകിയെത്തുന്ന ജനസഞ്ചയത്തെ സ്വീകരിക്കാന്‍ സുഗന്ധ പരിമളവും കസ്തൂരിയുംപൂശിയ കിസ്‌വാ കൊണ്ട് പരിശുദ്ധ ഭവനത്തെ അണിയിച്ചൊരുക്കി. ചരിത്രത്തില്‍ കഴിഞ്ഞുപോയ ഏകാധിപത്യത്തില്‍ വിരാജിച്ച ഭരണാധികാരികളില്‍ അംഗമായ അബ്ദുല്‍ മാലിക്ബ്‌നു മര്‍വാന്റെ ഗവര്‍ണര്‍ ഹജ്ജാജ്ബ്‌നു യൂസുഫ് ഇബ്‌നു സുബൈറിനെ വാളിനിരയാക്കുകയായിരുന്നു ആദ്യം ചെയ്തത്. പ്രതികാരദാഹത്തിലും പരിഷ്‌കരണ ചിന്തയിലും ആണ്ടിറങ്ങിയ അദ്ദേഹം ഖലീഫയുടെ അനുമതി പ്രകാരം ഹിജ്‌റ 693-ല്‍ പൂര്‍ണ്ണമായും ഖുറൈശി നിര്‍മാണ രീതിയിലേക്ക് കഅ്ബ മാറ്റിപ്പണിതു. എങ്കിലും ഉയരത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. വിശ്വാസത്തിന്റെ ഇളം തെന്നല്‍ അവരുടെ ഹൃദയാന്തരത്തില്‍ അടിച്ചുവീശിയതുകൊണ്ട് അവസാനം ഖേദപ്രകടനത്തിന് കാരണമായിത്തീര്‍ന്നു ഈ പ്രവര്‍ത്തനം. ''എന്റെ സമുദായം ഭിന്നിക്കുമായിരുന്നെങ്കില്‍ ഇബ്രാഹീം (അ)ന്റെ നിര്‍മാണരീതിയില്‍ എടുക്കുമായിരുന്നു'' എന്ന പ്രവാചകാധ്യാപനമാണിതിന് കാരണം. പിന്നീട് ഹി: 960 വരെ പറയത്തക്ക വിധം അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. 960-ല്‍ ഉസ്മാനീ ഖലീഫ സുല്‍ത്താന്‍ സുലൈമാന്‍ മേല്‍ക്കൂരയും ഹി: 1021-ല്‍ സുല്‍ത്താന്‍ അഹമ്മദ് ഭിത്തികളുടെ കേടുപാടുകളും തീര്‍ത്തു. ഹിജ്‌റ 19.08.1039-ന് ഉണ്ടായ ശക്തമായ പേമാരിയില്‍ പരിശുദ്ധ ഭവനത്തിന്റെ വടക്കുഭാഗത്തെ ഭിത്തിക്കും കോണിക്കും ശക്തമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. മക്കാ ഗവര്‍ണര്‍ അബ്ദുല്ലാഹിബ്‌നു ശരീഫ് ഹസന്റെ നേതൃത്വത്തില്‍ പണ്ഡിതരും പരിപാലന സമിതിയും വിളച്ചുചേര്‍ത്ത് അടിയന്തര യോഗത്തില്‍ ജിദ്ദയില്‍നിന്ന് മരപ്പലകകള്‍ കൊണ്ടുവന്ന് താല്‍ക്കാലിക മറ നിര്‍മിക്കാനും നിസ്‌കാരത്തിനും ത്വവാഫിനും പച്ച വിരി തൂക്കി സൗകര്യമൊരുക്കാനും തീരുമാനിച്ചു. ഹി: 22.3.1040-ല്‍ വര്‍ഷിച്ച പേമാരി കാരണം പൂര്‍ണമായും നശിച്ച ഭിത്തികള്‍ മുഴുവനായും നിര്‍മിക്കാന്‍ സുല്‍ത്താന്‍ മുറാദ് ഖാന്റെ പ്രതിനിധി മദീന ഖാളി സയ്യിദ് മഹ്മൂദ് ഹുസൈനി കഅ്ബാ നിര്‍മാണ ചുമതലയേറ്റെടുത്തു. എഞ്ചിനീയര്‍മാരായ അലിയ്യുബ്‌നു ശംസുദ്ദീന്‍, മഹ്മൂദ് ബ്‌നു സൈനുദ്ദീന്‍, അബ്ദുറഹ്മാനു സൈനുദ്ദീന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജമാദുല്‍ ആഖര്‍ 26-ന് ആരംഭിച്ച ജോലി ദുല്‍ഖഅദ് 6-നാണ് അവസാനിച്ചത്. ഈ നിര്‍മാണത്തിന് ശേഷം പരിശുദ്ധ ഗേഹത്തിന്റെ സുന്ദര നിലനില്‍പ്പ് അതിമനോഹരമായിട്ട് ഇന്നും നിലനില്‍ക്കുന്നു. ഇടക്കാലങ്ങളിലുണ്ടായ കാര്യപ്രസക്തമല്ലാത്ത അറ്റകുറ്റപ്പണിയല്ലാതെ പരിശുദ്ധ ഭവനത്തിന്റെ മനോഹാരിതക്ക് കളങ്കം തട്ടുന്ന ഒന്നും സംഭവിച്ചിട്ടില്ല. ഭവനത്തിന്റെ പ്രഭയുടെ രശ്മികള്‍ ലോകത്തിന്റെ നാനാ തുറകളിലേക്ക് സമാധാനത്തിന്റെ സന്ദേശമായി പ്രസരിച്ചുകൊണ്ടിരിക്കുകയാണ്.
ഇഖ്ബാല്‍ കാമിച്ചേരി
Leave A Comment