ഹജ്ജത്തുല്‍ വിദാഅ്

വിടവാങ്ങലിന്റെ പരിസരം

ബഹുദൈവാരാധനയുടെ അശുദ്ധിയില്‍നിന്നും  മുക്തമാവുകയും തൗഹീദിന്റെ വിശുദ്ധ സന്ദേശം  കളിയാടുകയും ചെയ്തതോടെ അനുഗ്രഹീത ഭൂമിയായ മക്കയില്‍ പോയി ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒടുവിലത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പ്രവാചകനു അല്ലാഹുവിന്റെ ഭാഗത്തുനിന്നും കല്‍പന വന്നു. ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന വ്യംഗമായ ഒരു ധ്വനികൂടിയായിരുന്നു ഈ പ്രഖ്യാപനം. ഇസ്‌ലാമിന്റെ വിശ്വാസ-അനുഷ്ഠാന കര്‍മങ്ങളുടെ അവതരണം പൂര്‍ണത പ്രാപിക്കുകയും ഈ സത്യസന്ദേശത്തിന്റെ പ്രബോധന ദൗത്യം ഓരോരുത്തരുടെയും ഉത്തരവാദിത്തമായി ഔദ്യോഗിക പ്രഖ്യാപനം നടത്തപ്പെടാന്‍ അവസരം വന്നെത്തുകയും ചെയ്ത ഒരു ഘട്ടത്തിലായിരുന്നു ഇത്. കല്‍പന വന്നതോടെ പ്രവാചകന്‍ അനുയായികള്‍ക്ക് വിവരം നല്‍കി. അതനുസരിച്ച് അവരൊരു മക്കായാത്രക്കു തയ്യാറാവുകയും എല്ലാവിധ സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. മദീനയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു വന്‍ ജനാവലിതന്നെ ഒരുമിച്ചുകൂടി. ഹിജ്‌റ വര്‍ഷം പത്ത്; ദുല്‍ഖഅദ മാസം ഇരുപത്തിയഞ്ചിന് പ്രവാചകന്‍ മക്ക ലക്ഷ്യംവെച്ചു പുറപ്പെട്ടു. ഒരു ശനിയാഴ്ച ദിവസമായിരുന്നു അത്. ളുഹര്‍ നിസ്‌കരിച്ച ശേഷം പ്രവാചകന്‍ എല്ലാവരെയും ഒരുമിച്ചുകൂട്ടുകയും ഹജ്ജിന്റെ മഹത്വവും ഇഹ്‌റാം ചെയ്യുന്നതിന്റെ രീതിയും പഠിപ്പിച്ചു.

പ്രവാചകരുടെ ഹജ്ജ്

സംഘം വഴിയില്‍ ദുല്‍ഹുലൈഫയിലിറങ്ങി. അവിടെനിന്നും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുകയും ഹജ്ജിനായി ഇഹ്‌റാം കെട്ടുകയും ചെയ്തു. അന്നു രാത്രി അവിടെ തങ്ങിയ ശേഷം, അടുത്ത ദിവസം ളുഹര്‍ നിസ്‌കാരത്തോടെ അവിടെ നിന്നും യാത്ര തുടര്‍ന്നു. ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലി ദീഥുവയിലൂടെ മക്കയിലേക്കു നീങ്ങി. ദുല്‍ഹജ്ജ് നാലിന് പ്രവാചകന്‍ മക്കയില്‍ പ്രവേശിച്ചു. ഒരു ലക്ഷത്തി പതിനാലായിരത്തോളം വരുന്ന ആളുകള്‍ ഹജ്ജ് കര്‍മത്തിനായി പ്രവാചകരോടൊപ്പമുണ്ടായിരുന്നു. ആദ്യമായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകയും പിന്നീട് ഥവാഫ് നടത്തുകയും ചെയ്തു. ശേഷം, സഫാ-മര്‍വക്കിടയില്‍ സഅ്‌യ് നടത്തി. നാലു ദിവസം മക്കയില്‍ താമസിച്ചു. ശേഷം, ദുല്‍ഹിജ്ജ എട്ടിന് അനുയായികളോടൊപ്പം മിനായിലേക്കു നീങ്ങി. അവിടെനിന്നും ളുഹറും അസ്വറും നിസ്‌കരിക്കുകയും അന്നവിടെ രാപ്പാര്‍ക്കുകയും ചെയ്തു. അടുത്ത പ്രഭാതത്തില്‍ സംഘം അറഫയിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച ദിവസമായിരുന്നു അത്. അറഫയില്‍നിന്നും പ്രവാചകന്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിശാലമായി പ്രസംഗിച്ചു. ഈ പ്രസംഗത്തില്‍ ഇസ്‌ലാമിന്റെ സമഗ്രതയും വ്യക്തിയുടെ അവകാശങ്ങളും സവിസ്തരം പ്രതിപാദിക്കപ്പെട്ടു. പ്രസംഗത്തിനു ശേഷം ബിലാല്‍ (റ) വിനെ വിളിച്ച് ബാങ്ക് വിളിക്കാന്‍ പറഞ്ഞു. ശേഷം, ളുഹ്‌റും അസ്വറും നിസ്‌കരിച്ചു. നിസ്‌കാരത്തിനു ശേഷം ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫയില്‍ നില്‍ക്കല്‍ എന്ന ചടങ്ങ് തുടങ്ങി. പ്രവാചകന്‍ തന്റെ വാഹനപ്പുറത്തു തന്നെ ഇരുന്നു. സൂര്യനസ്തമിക്കുന്നതു വരെ ദിക്‌റും ദുആയും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞുകൂടി. സൂര്യന്‍ അസ്തമിച്ചതോടെ അറഫയില്‍നിന്നും മുസ്ദലിഫയിലേക്കു തിരിച്ചു. മഗ്‌രിബും ഇശാഉം അവിടെനിന്നു നിര്‍വഹിച്ചു. അന്നവിടെ രാപ്പാര്‍ത്തതിനു ശേഷം പ്രഭാതത്തില്‍ മശ്അറുല്‍ ഹറാം എന്ന അവിടത്തെ ഒരു സ്ഥലത്തേക്കു പുറപ്പെട്ടു. കുറച്ചു നേരം ആരാധനകളുമായി അവിടെ കഴിച്ചുകൂട്ടി. സൂര്യനുദിക്കുന്നതിനു മുമ്പുതന്നെ അവിടെനിന്നും വേഗത്തില്‍ മിനായിലേക്കു പുറപ്പെട്ടു. അവിടെനിന്നും ജംറകളില്‍ കല്ലെറിഞ്ഞു. ശേഷം, മിനായില്‍നിന്നും ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തി. അതില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്നതിനെക്കുറിച്ചും ഇസ്‌ലാമില്‍ അടിയുറച്ച് ജീവിക്കുന്നതിനെക്കുറിച്ചും ഗൗരവമായി സംസാരിച്ചു. ശേഷം, അറവിനെക്കുറിച്ചും അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വാചാലനായി. ആ ദിവസത്തിന്റെ മഹത്വവും പ്രാധാന്യവും ജനങ്ങളെ ബോധിപ്പിച്ചു. ശേഷം, മിനായിലെ അറവു കേന്ദ്രത്തിലേക്കു പോയി. അറുപത്തിമൂന്ന് ഒട്ടകങ്ങളെ പ്രവാചകന്‍ സ്വന്തം കൈക്കൊണ്ട് അറുത്തു. തന്റെ വയസ്സ് അറുപത്തിമൂന്നാണെന്നും അതോടെ താന്‍ വിടപറയുമെന്നതിലേക്കുള്ള ഒരു സൂചനയായിരുന്നു ഇത്. ശേഷം, അലി (റ) വിനെ വിളിക്കുകയും ബാക്കിയുള്ളവയെ അറുക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു.  ശേഷം, ക്ഷുരകനെ വിളിച്ചു; മുടി നീക്കി. അത് സ്വഹാബികള്‍ക്കിടയില്‍ വിതരണം നടത്തി. ശേഷം, മക്കയിലേക്കു തന്നെ തിരിച്ചു. അവിടെനിന്നും ഇഫാളത്തിന്റെ ഥവാഫ് നിര്‍വഹിച്ചു. ശേഷം, സംസം കിണറിനടുത്തുവന്ന് വെള്ളം കുടിച്ചു. നിന്നുകൊണ്ടാണ് പ്രവാചകന്‍ സംസം കുടിച്ചിരുന്നത്. ശേഷം, അന്നുതന്നെ മിനായിലേക്കു പോവുകയും അവിടെ രാപ്പാര്‍ക്കുകയും ചെയ്തു. പ്രഭാതത്തില്‍ സൂര്യന്‍ ഉദിച്ചുയര്‍ന്നതോടെ മൂന്നു ജംറകളില്‍ പോയി കല്ലെറിഞ്ഞു. അതിനുശേഷം, ഏറു പൂര്‍ത്തീകരിക്കാനായി അയ്യാമുത്തശ്‌രീഖിന്റെ മൂന്നു ദിവസവും അവിടെത്തന്നെ തങ്ങി. ശേഷം, മക്കയിലേക്കു തിരിക്കുകയും അവിടെ നിന്നും വദാഇന്റെ (വേര്‍പാട്) ഥവാഫ് നിര്‍വഹിക്കുകയും ചെയ്തു. ഇതോടെ ഹജ്ജിന്റെ കര്‍മങ്ങളെല്ലാം പൂര്‍ത്തിയായി. അതോടെ, അനുചരന്മാരോടൊപ്പം മദീനയിലേക്കു തിരിച്ചു. വഴിയില്‍ ദുല്‍ഹുദൈഫയിലിറങ്ങുകയും അന്നവിടെ രാപ്പാര്‍ക്കുകയും ചെയ്തു. പ്രഭാതത്തിലാണ് മദീനയില്‍ പ്രവേശിച്ചത്.

ഇസ്‌ലാം സമ്പൂര്‍ണം
ഈ ഹജ്ജ് വേളയില്‍ ഇസ്‌ലാമിന്റെ സമ്പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് പ്രവാചകന് വഹ്‌യ് ലഭിച്ചു. ”ഇന്ന് നിങ്ങള്‍ക്കു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു” (5:3). പ്രവാചനിത് ജനങ്ങളില്‍ പ്രഖ്യാപനം നടത്തി. ഇതോടെ ഇസ്‌ലാം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി അതനുസരിച്ചുള്ള ജീവിതവും അതിന്റെ പ്രബോധനപ്രവര്‍ത്തനങ്ങളുമാണ് ആവശ്യമെന്നും ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. ശേഷം, ഈ സന്ദേശം ഇവിടെ സന്നിഹിതരായവര്‍ ഇല്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ആഹ്വാനത്തോടെ ഉപദേശം നിര്‍ത്തി.

പ്രവാചകരുടെ അന്നത്തെ നയനിലപാടുകളില്‍ന്നും ഇത് പ്രവാചകരുടെ അവസാന കാലങ്ങളാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടു. ഈ സൂക്തം ശ്രവിച്ചപ്പോള്‍തന്നെ പ്രവാചകരുടെ വിയോഗം അടുത്തിരിക്കുന്നുവെന്ന കാര്യം സിദ്ദീഖ് (റ) വിനെപ്പോലെയുള്ള വര്‍ മനസ്സിലാക്കി. എല്ലാ അര്‍ത്ഥത്തിലും ഒരു നയപ്രഖ്യാപനത്തിന്റെ ധ്വനിയായിരുന്നു ഈ ഹജ്ജിലുടനീളം മുഴങ്ങിക്കേട്ടിരുന്നത്. ഇസ്‌ലാമിതാ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി തലമുറകള്‍ തലമുറകളായി കുറ്റമറ്റവിധത്തില്‍ നിങ്ങളതിനെ സംരക്ഷിക്കണമെന്നുമുള്ള ഒരു മൗനപ്രഖ്യാപനം അതില്‍ നിറയെ വിങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഹജ്ജത്തുല്‍ വിദാഅ് അഥവാ വേര്‍പ്പാടിന്റെ ഹജ്ജ് എന്ന പേരില്‍ അറിയപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter