അനസു ബ്‍നു മാലിക് (റ)

മാതാവിന്റെ സ്‌നേഹവാത്സല്യങ്ങളാണ്‌ തിരുനബിയെ കാണുന്നതിനു മുമ്പെ തന്നെ ഇസ്‌ലാം സ്വീകരിക്കാന്‍ അനസ്‌(റ) വിന്‌ പ്രചോദനമായത്‌. വിശ്വസികളുടെ ഹൃദയങ്ങളില്‍ ആഹ്ലാദാരവങ്ങള്‍ സൃഷ്‌ടിച്ചു കൊണ്ട്‌ നബി തങ്ങള്‍ അപ്പോള്‍ മദീനയിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അധികം വൈകാതെ തന്നെ സന്തത സഹചാരിയായ അബൂബക്കര്‍(റ) വിന്റെ കൂടെ നബി തങ്ങള്‍ മദീനയിലെത്തിച്ചേര്‍ന്നു. തങ്ങളിലേക്ക്‌ സമാഗതനായ തിരു പ്രവാചകരെ വരവേല്‍ക്കാന്‍ ഒഴുകിയെത്തിയ മദീനാ നിവാസികള്‍ക്കിടയിലൂടെ നബി തങ്ങളുടെ ഒട്ടകം അബൂഅയ്യൂബില്‍ അന്‍സാരി(റ) യുടെ വീട്ടു പടിക്കല്‍ മുട്ടു കുത്തി.

അബൂ അയ്യൂബില്‍ അന്‍സാരിയുടെ വീട്ടിലേക്ക്‌ പിന്നീട്‌ മദീനക്കാരുടെ നിലക്കാത്ത പ്രവാഹമായിരുന്നു. നബി തങ്ങളെ കാണാനും പാരിതോഷികങ്ങള്‍ നല്‍കാനും ആളുകള്‍ തിക്കും തിരക്കും കൂട്ടി. വീട്ടില്‍ നിധി പോലെ സൂക്ഷിച്ച അമൂല്യ വസ്‌തുക്കളുമായാണ്‌ പലരും വന്നത്‌. കുട്ടിയായിരുന്ന അനസിന്റെ കയ്യും പിടിച്ച്‌ ഉമ്മ ഗുസൈമയുമുണ്ടായിരുന്നു കൂട്ടത്തില്‍. പത്തുവയസ്സ്‌ മാത്രം പ്രായമുള്ള മകനെ പ്രവാചകരുടെ അരികത്തേക്ക്‌ നീക്കി നിര്‍ത്തി ഗുസൈമ പറഞ്ഞു: എന്റെ പക്കല്‍ അങ്ങേക്ക്‌ തരാന്‍ ഇവനല്ലാതെ മറ്റൊന്നുമില്ല. ഇവനെ അങ്ങ്‌ സേവകനായി സ്വീകരിച്ചാലും.

അനസ്‌(റ)വിന്റെ സാമീപ്യം നബി തങ്ങളെ അതിയായി സന്തോഷിപ്പിച്ചു. ഒരു പതിറ്റാണ്ടു കാലം നബി തങ്ങളുടെ നിഴലായി കൂടെ അനസ്‌(റ) വും ഉണ്ടായിരുന്നു. അവിടത്തെ ജീവിതത്തിന്റെ അകവും പുറവും മറ്റാര്‍ക്കും കഴിയാത്ത വിധം അദ്ദേഹം പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്‌തു. പിതാവിന്റെ ലാളന അനുഭവിക്കാന്‍ കഴിയാതെ പോയ അനസ്‌(റ) വിന്‌ പക്ഷേ ആ ലാളന തിരുനബിയില്‍ നിന്ന്‌ വേണ്ടുവോളം അനുഭവിക്കാനായി. സ്‌നേഹപൂര്‍ണമായിരുന്നു ആ പെരുമാറ്റം. അനസ്‌ എന്നതിന്‌ പകരം വാത്സല്യത്തോടെ കൊച്ചു അനസ്‌ എന്നര്‍ഥം വരുന്ന ഉനൈസ്‌ എന്നായിരുന്നു നബിതങ്ങള്‍ അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നത്‌. ഒരിക്കല്‍ പോലും നബി തങ്ങള്‍ അദ്ദേഹത്തോട്‌ കയര്‍ക്കുയോ നീരസത്തോടെ സംസാരിക്കുകയോ ചെയ്‌തില്ല. തന്നോട്‌ ഒരിക്കല്‍ പോലും എന്തിന്‌ ചെയ്‌തുവെന്നോ എന്തു കൊണ്ടിത്‌ ചെയ്‌തില്ല എന്നോ പ്രവാചകര്‍ ചോദിച്ചിരുന്നില്ലെന്ന്‌ അനസ്‌(റ) വിന്റെ അനുഭവ സാക്ഷ്യം.

പ്രവാചകനുമായുള്ള ആദ്യത്തെ കൂടിക്കാഴ്‌ച അനസ്‌(റ) വിനെ സംബന്ധിച്ചിടത്തോളം അവിസ്‌മരണീയമായിരുന്നു. അനര്‍ഘമായിരുന്നു തങ്ങളുമൊത്തുള്ള ജീവിതത്തിലെ ഓരോ നിമിഷവും. അതിനാല്‍ തന്നെ തിരുനബിയുടെ വഫാത്ത്‌ അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു. അന്ന്‌ കൊച്ചുകുട്ടിയെ പോലെ അദ്ദേഹം വിതുമ്പിക്കരഞ്ഞു.``അവിടന്ന്‌ മദീനയില്‍ പ്രവേശിച്ച നിമിഷം മദീനയാകെ പ്രശോഭിതമായി. വിടപറഞ്ഞ ദിവസം മദീനയാകെ ഇരുട്ടു പരന്നതു പോലെയായി.''-അനസ്‌(റ) വിന്റെ വാക്കുകള്‍.

നബി തങ്ങളുടെ വഫാത്തിന്‌ ശേഷവും എണ്‍പത്‌ വര്‍ഷം അനസ്‌(റ) ജീവിച്ചു. പ്രവാചകരോടുള്ള സ്‌നേഹം വഴിഞ്ഞൊഴുകുന്നതായിരുന്നു അദ്ദേഹത്തിന്റെ ശിഷ്‌ടകാല ജീവിതം. നബി തങ്ങളെ നേരില്‍ കാണാന്‍ ഭാഗ്യമില്ലാതെ പോയ അനേകമാളുകള്‍ അവിടത്തെ ജീവിതം അടുത്തറിഞ്ഞത്‌ അനസ്‌ (റ)വിലൂടെ ആയിരുന്നു. ഇസ്‌ലാമികവിധിവിലക്കുകളിലെ സംശയങ്ങള്‍ക്ക്‌ വിശദീകരണം തേടി നിരവധിയാളുകള്‍ അദ്ദേഹത്തെ സമീപിക്കുമായിരുന്നു. നബി തങ്ങളുമായി സഹവസിച്ച കാലത്തെ അനുഭവം ചികഞ്ഞെടുത്ത്‌ അദ്ദേഹം ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദേശിച്ചു. ഹൗളുല്‍ കൗസറിന്റെ കാര്യത്തിലുണ്ടായ തര്‍ക്കം ഇക്കൂട്ടത്തില്‍ പ്രസിദ്ധമത്രെ. ഹൗളുല്‍ കൗസറില്‍ നിന്ന്‌ നബിതങ്ങള്‍ വെള്ളം കോരിക്കൊടുക്കുമോയെന്ന കാര്യത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഇതു കേട്ടപ്പോള്‍ അനസ്‌ (റ) കോപാകുലനായി. ``ഹൗളുല്‍ കൗസറിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുടെ കാലം വരെ ജീവിക്കേണ്ടിവരുമെന്ന്‌ ഞാന്‍ കരുതിയിരുന്നില്ല. ആ ഹൗളില്‍ നിന്ന്‌ വെള്ളം കുടിക്കാനുള്ള സൗഭാഗ്യത്തിന്‌ വേണ്ടി പ്രാര്‍ഥിച്ചിട്ടല്ലാതെ ഒരു ദിനം പോലും ചെലവിടാത്തവരായിരുന്നു പ്രവാചക പത്‌നിമാര്‍. അവരുടെ കാലമൊക്കെ കഴിഞ്ഞു പോയി.''

ഇവനെ സമ്പത്ത്‌ കൊണ്ടും സന്താനങ്ങളെ കൊണ്ടും അനുഗ്രഹിക്കണമേയെന്ന്‌ അനസ്‌ (റ) വിന്‌ വേണ്ടി നബി തങ്ങള്‍ പ്രത്യേകം പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഈ പ്രാര്‍ഥനയുടെ ഫലം അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിത്തില്‍ പ്രകടമായി. മക്കളും പേരമക്കളും അടങ്ങുന്ന നൂറ്റി എണ്‍പതില്‍ പരം കുടുംബക്കാരുമായി അദ്ദേഹം സമ്പല്‍ സമൃദ്ധിയില്‍ ജീവിക്കുന്ന കാഴ്‌ച മദീനക്കാര്‍ക്ക്‌ അത്ഭുതമായിരുന്നു.

തന്‍റെ കൈവശമുണ്ടായിരുന്ന തിരുകേശങ്ങ‍ള്‍ തന്‍റെ നാവിന്‍ ചുവട്ടിലും പ്രവാചകരുടെ കയ്യില്‍ നിന്ന്‌ തനിക്ക്‌ ലഭിച്ച വടി ഖബറില്‍ തന്റെ ചാരത്തും വെക്കണമെന്ന് ഒറ്റക്കാര്യം വസ്വിയ്യത്ത്‌ ചെയ്‌ത്‌ ചുറ്റും കൂടിനില്‍ക്കുന്നവര്‍ ചൊല്ലിത്തന്ന കലിമ ഏറ്റു ചൊല്ലിയാണ്‌ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്‌. ഹിജ്റ തൊണ്ണുറുകളുടെ ആരംഭത്തില്‍ ബസ്വറയില് വെച്ചായിരുന്നു വഫാത്ത്.

ഒരു നൂറ്റാണ്ടു കാലം അനസ്(റ) ജീവിച്ചു. ഭാഗ്യവാനായിരുന്നു അദ്ദേഹം. തിരുനബി(സ്വ)യുടെ കൂടെയുള്ള പത്ത്‌ വര്‍ഷത്തെ ജീവിതം അദ്ദേഹത്തെ അനുഗ്രഹീതനാക്കി. ഏറ്റവും കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ട മൂന്നാമത്തെ സ്വഹാബിയാണ്‌ അദ്ദേഹം. നിരവധി സുപ്രധാനമായ ദീനീ കാര്യങ്ങള്‍ അദ്ദേഹം മുഖേന പഠിച്ചെടുക്കാന്‍ സാധിച്ചതില്‍ പില്‍ക്കാല മുസ്‌ലിം സമൂഹം ഈ മഹാവ്യക്തിത്വത്തോട്‌ കടപ്പെട്ടിരിക്കുന്നു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter