അബൂദറുല്‍ ഗിഫാരി: ഏകാന്തതയുടെ താഴ്‌വര
കാലത്തിന്റെ കുത്തൊഴുക്കില്‍ തമസ്‌കരിക്കപ്പെട്ട ചരിത്രത്താളുകളേറെയാണ്. പാശ്ചാത്യ സംസ്‌കാരത്തെ തന്റെ മെത്തയില്‍ കൂടെക്കിടത്തി ഭൗതികതയുടെ മധുരമന്വേഷിച്ചലയുന്ന മനുഷ്യനു രണ്ടു ലോകത്തും ജയിക്കാന്‍ മാതൃക നിറഞ്ഞ ജീവിതമാണ് മഹാനായ അബൂദര്‍റുല്‍ ഗിഫാരി(റ)വിന്റെത്. സമ്പത്തിന്റെ ഉച്ചിയില്‍ കയറിയിരുന്ന് പാവപ്പെട്ടവരെ നോക്കി ചിരിക്കുന്ന ആധുനിക ജനത അബൂദര്‍(റ)വിന്റെ ജീവിതചരിത്രത്തെ കുറിച്ച് ബോധവാന്‍മാരാവേണ്ടത് അത്യാവശ്യമാണ്. ഒരു അടിമ തന്റെ യജമാനനോട് എത്രത്തോളം കടപ്പെട്ടവനാണെന്നും ഒരു ശിഷ്യന്‍ തന്റെ ഗുരുവിനു മുന്നില്‍ ഏതുവിധമാണ് പെരുമാറേണ്ടതെന്നും എതിര്‍പക്ഷത്തെ ഏതു രീതിയിലാണ് സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കേണ്ടതെന്നും ഒരു തുറന്ന പുസ്തകം പോലെ അബൂദര്‍റ്(റ)വിന്റെ ജീവിതം നമുക്ക് മുമ്പില്‍ വ്യക്തമാക്കുന്നു.
ശത്രുപാളയത്തിലായിരുന്നപ്പോള്‍ പോലും നന്മയോടും സത്യത്തോടും കൂറ് പുലര്‍ത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു അബൂദറുല്‍ ഗിഫാരി(റ). മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന വാദ്ദാന്‍ പ്രദേശത്തെ ഗിഫാരി ഗോത്രത്തിലാണ് മഹാന്റെ ജനനം. കവര്‍ച്ച ജീവിതമാര്‍ഗമായി കണ്ടിരുന്ന ഗിഫാരികള്‍ മക്കാ നിവാസികള്‍ക്കും പരിസര പ്രദേശത്തുകാര്‍ക്കും പേടിസ്വപ്നമായിരുന്നു. ഇവര്‍ വിരിച്ച വലയില്‍ വീഴാത്ത വഴി യാത്രക്കാരും തീര്‍ത്ഥാടകരും വിരളമായിരിക്കും. ഇവ്വിധം, ജീവിതം ആസ്വാദനമാക്കിയ ജനതയില്‍നിന്നാണ് അബൂദര്‍റ്(റ) ഇസ്‌ലാമിന്റെ വശ്യമനോഹര തീരത്തേക്ക് കടന്നുവരുന്നത്.
ശത്രുപാളയത്തിലായിരിക്കുമ്പോള്‍ തന്നെ അബൂദര്‍റ്(റ) അവരുടെ തത്വസംഹിതകളോടും ഗിഫാരികളുടെ ജീവിത മാര്‍ഗത്തോടും കൂറു പുലര്‍ത്താനും ആ ജീവിത രീതി ചേര്‍ത്തുപിടിക്കാനും വൈമനസ്യം കാണിച്ചിരുന്നു. ഈ സമയത്താണ് തിരുനബി(സ്വ) പരിശുദ്ധ ഇസ്‌ലാമിന്റെ ആശയങ്ങളുമായി മക്കയില്‍ കടന്നുവരുന്നത്. ഇത് കേള്‍ക്കാനിടവന്ന അബൂദര്‍റ്(റ) മക്കയില്‍ വരികയും പ്രവാചക സന്നിധിയില്‍ വച്ച് ഇസ്‌ലാമിന്റെ മഹത്വത്തെയും അല്ലാഹുവിനെ ആരാധിക്കുന്നതിനെയും മഹത്വവല്‍ക്കരിക്കുന്ന കലിമത്തു തൗഹീദ് ഉച്ചരിച്ച് ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു. ഇതേസമയം നബി(സ്വ)യും വിരലിലെണ്ണാവുന്ന സ്വഹാബത്തും ഇസ്‌ലാമിന്റെ പ്രചാരണം നടത്തിയത് ഇരുട്ടിന്റെ മറവിലായിരുന്നു. ഇങ്ങനെ ശത്രുക്കളുടെ പരാക്രമങ്ങള്‍ പേടിച്ച് വിളക്കുകള്‍ക്ക് ചുറ്റുമിരുന്ന് പ്രബോധനമാരംഭിച്ച ഇസ്‌ലാമിന് അതിന്റേതായ അംഗീകാരവും മഹത്വവും നേടിക്കൊടുത്തതില്‍ അബൂദര്‍റ്(റ)വിന്റെ സാന്നിധ്യം അനിഷേധ്യമാണ്. തിന്മകളുടെ പ്രഭവകേന്ദ്രമായിരുന്ന വാദ്ദാന്‍ പ്രദേശത്തെ നന്മയുടെ സാങ്കേതികമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ അബൂദര്‍(റ)വിന്റെ സാന്നിധ്യം ഏറെ പങ്കുവഹിച്ചിട്ടുണ്ട്. പ്രവാചകാജഞ പ്രകാരം അബൂദര്‍റ്(റ) മക്കയില്‍നിന്ന് തന്റെ ഗോത്രക്കാര്‍ ചെയ്തുകൂട്ടുന്ന അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് പര്യവസാനം ഉണ്ടാക്കാന്‍ ഗിഫാരി ഗോത്രക്കാര്‍ക്കിടയിലേക്ക് വരികയും ഗിഫാരികള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ മഹത്വവചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും ചെയ്തതിന്റെ പരിണതിയായി ദിവസങ്ങള്‍ക്കുള്ളില്‍ വാദ്ദാന്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും കളിത്തൊട്ടിലായി മാറി.
ജനമനസ്ഥിതിയറിഞ്ഞ് ജനമധ്യേത്തിലേക്ക് ഇറങ്ങിച്ചെന്ന അബൂദര്‍റ്(റ)വിന്റെ നേതൃപാടവത്തെയും ചങ്കൂറ്റത്തെയും ആര്‍ക്കും വിസ്മരിക്കാനാവില്ല. അദ്ദേഹം പിന്നിട്ട വഴികളില്‍ ഉതിര്‍ന്നുവീണ രക്തത്തിന്റെയും വിയര്‍പ്പിന്റെയും ഗന്ധം ഇന്നും ആ മഹാന്റെ ത്യാഗോജ്വല ജീവിതത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്റെ സന്തതസഹചാരിയായിരുന്ന അബൂദര്‍(റ)വിന് പ്രവാചകന്റെ വിയോഗം താങ്ങാവുന്നതിലധികമായിരുന്നു. അതുകൊണ്ടു തന്നെ അബൂദര്‍റ(റ) മുത്തുനബി(സ്വ)യുടെ വിയോഗശേഷം ശാമിലേക്ക് പലായനം ചെയ്തു. പിന്നീട് അബൂദര്‍(റ) ഏകാന്തതയെ പ്രണയിച്ചുകൊണ്ട് അല്ലാഹുവിലേക്കുള്ള വഴിവെട്ടിത്തുറന്നു. ഇതിനിടയില്‍ ഇസ്‌ലാമിക ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട അബൂബക്ര്‍ സിദ്ദീഖ്(റ) വിന്റെയും ഉമര്‍(റ)വിന്റെയും ഭരണകാലഘട്ടം കഴിഞ്ഞ് ഉസ്മാന്‍(റ) ഭരണത്തിലേറിയിരുന്നു. ഉസ്മാന്‍(റ)വിന്റെ ഭരണകാലമായപ്പോഴേക്കും ജനങ്ങള്‍ ഭൗതികതയുടെ ലാളയനില്‍ ആനന്ദം കണ്ടെത്തി തുടങ്ങിയിരുന്നു. ഗവര്‍ണര്‍മാര്‍ കൊട്ടാര ജീവിതം തുടങ്ങുകയും ആഢംബര വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തു. ജീവിതം മുന്നോട്ടു നയിക്കാന്‍ സാധിക്കാതെ പാവപ്പെട്ടവര്‍ പണക്കാര്‍ക്കിടയില്‍ താഴ്ന്ന വര്‍ഗക്കാരായി മാറി.
ഈ സമയം പാവങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുക, ധനാഢ്യരുടെ ധനഭ്രമം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അബൂദര്‍റ്(റ) രംഗത്തുവന്നു. ധനാഢ്യരുടെ മുഖത്തു നോക്കി പൗരുഷത്തോടെ ഇപ്രകാരം വിളിച്ചുപറഞ്ഞു. 'ധനത്തിന് മൂന്ന് പങ്കാളികളുണ്ട്. നിന്നോട് സമ്മതമാരായാതെ നിന്റെ സ്വത്തിന്റെ നല്ലതോ ചീത്തയോ ആയ ഭാഗത്തെ തട്ടിയെടുക്കുന്ന വിധിയാണ് ഒന്നാമന്‍. കണ്ണിലെണ്ണയൊഴിച്ച് നിന്റെ അവസാന ശ്വാസത്തെ അത്യാര്‍ത്ഥിയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന നിന്റെ അനന്തരാവകാശിയാണ് രണ്ടാമന്‍. മൂന്നാമന്‍ നീയും. മൂവരില്‍വച്ച് ഏറ്റവും ദുര്‍ബലനാവാതിരിക്കാന്‍ നിനക്ക് കഴിയുമെങ്കില്‍ ആ കഴിവ് പ്രകടിപ്പിക്കുക.'' ജനങ്ങളെ ഏറെ ഇരുത്തിച്ചിന്തിപ്പിച്ച വാക്കുകളായിരുന്നു ഇത്. ശാമിലെ ഗവര്‍ണറായ മുആവിയ(റ)വിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ അതൃപ്തനായ അബൂദര്‍റ്(റ) മുആവിയയുടെ മുഖത്തുനോക്കി ആ പ്രവൃത്തിയെ അപലപിക്കുകയും ദരിദ്രജനങ്ങളെ മുആവിയക്കെതിരേ തിരിക്കുകയും ചെയ്ത സംഭവം അബൂദര്‍റ്(റ)വിന്റെ ജീവിതത്തില്‍ കാണാം.
അബൂദര്‍റ്(റ)വിന്റെ വാക്കും പ്രവൃത്തിയും ഒന്നുതന്നെയാണോ എന്ന് പരിശോധിക്കാന്‍ മൂആവിയ(റ) തന്റെ ഭൃത്യന്‍ മുഖേന ആയിരം ദീനാര്‍ അബൂദര്‍(റ)വിന്റെ ചാരത്തേക്ക് അയച്ചു. അബൂദര്‍റ്(റ) തനിക്കു ലഭിച്ച പണം അന്നു തന്നെ ദരിദ്രര്‍ക്ക് ദാനം ചെയ്തു. രണ്ടു ദിവസത്തിനു ശേഷം മുആവിയ(റ) താന്‍ നല്‍കിയ പണക്കിഴി മാറിയതാണെന്നും അതു നിങ്ങള്‍ക്ക് നല്‍കാന്‍ വേണ്ടി തന്നതല്ല. മറ്റൊരാള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ കൊടുത്തുവിട്ടതെന്ന് പറഞ്ഞ് പണം തിരികെ വാങ്ങാന്‍ തന്റെ ഭൃത്യനെ അയച്ചു. അപ്പോള്‍ അബൂദര്‍റ്(റ) ഭൃത്യനോട് പറഞ്ഞു: ''എന്റെ പക്കല്‍ ഒരു ദീനാര്‍ പോലും ബാക്കിയില്ല. എല്ലാം ഞാന്‍ ദരിദ്രര്‍ക്കിടയില്‍ ചെലവഴിച്ചു. മൂന്നു ദിവസം സമയം തന്നാല്‍ ഞാന്‍ പണം തിരികെ നല്‍കാം. ഇതറിഞ്ഞ മുആവിയ(റ)വിന് അബൂദര്‍റ്(റ)വിന്റെ ഉള്ള് പുറം പോലെ സൗന്ദര്യവും നന്മനിറഞ്ഞതാണെന്നും ബോധ്യപ്പെടുകയും മഹാന്റെ വാദഗതികളുടെ യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും ചെയ്തു. തനിക്ക് ചുറ്റും നടമാടികൊണ്ടിരിക്കുന്ന സമ്പന്ന സമുദായത്തിന്റെ അരുതായ്മക്കെതിരേ നാവനക്കിയതിനു അദ്ദേഹത്തെ കുറിച്ചുള്ള മുആവിയ(റ)വിന്റെ പരാതി ഉസ്മാന്‍(റ)വിന്റെ സന്നിധിയിലെത്തി. അവസാനം ഉസ്മാന്‍(റ)വിന്റെ നിര്‍ദേശപ്രകാരം അബൂദര്‍റ്(റ) റബ്ദയിലേക്ക് പലായനം ചെയ്തു.
യജമാനനോട് ഒരു അടിമ എത്രത്തോളം നീതി പാലിക്കണമെന്ന് ഇവിടെ അബൂദര്‍റ്(റ) നമുക്ക് ബോധ്യപ്പെടുത്തിതരുന്നു. റബ്ദയുടെ മൂകതയില്‍ ഏകനായ നാഥനിലേക്ക് ഇരുകരവും ഉയര്‍ത്തി പ്രാര്‍ത്ഥനയിലും ദിക്‌റിലുമായി തന്റെ ശിഷ്ടകാലം മഹാന്‍ ചെലവഴിച്ചു. മഹാന്റെ മരണത്തെ കുറിച്ച് നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിരുന്നു. മരണമാസന്നമായപ്പോള്‍ പരിചരിക്കാന്‍ ആളില്ലാതെ അബൂദര്‍റ്(റ)വിന്റെ ഭാര്യ വിഷമിച്ചിരിക്കുമ്പോള്‍ ''നീ പുറത്തുപോയി വല്ല യാത്രാ സംഘവും വരുന്നുണ്ടോയെന്ന് നോക്കുക'' എന്ന് പറഞ്ഞ് ഭാര്യയെ അബൂദര്‍റ്(റ) പുറത്തേക്ക് അയച്ചു. പ്രവാചക വചനം സാക്ഷാല്‍കരിക്കും വിധം ആ സമയത്ത് ഏകനായി അന്ത്യശ്വാസം വലിക്കുകയും ചെയ്തു. തബൂക്ക് യുദ്ധത്തിനു വേണ്ടി പോകുന്ന അവസരത്തില്‍ ശക്തിയായ ചുടുകാറ്റില്‍ അബൂദര്‍റ്(റ) നബിയില്‍നിന്ന് ഒറ്റപ്പെടുകയും ഒടുവില്‍ വളരെയേറെ ത്യാഗം സഹിച്ച് കാല്‍നടയായി അബൂദര്‍റ്(റ) വരുന്നത് കണ്ടപ്പോള്‍ പ്രവാചന്‍ അവിടെ കൂടിനിന്നവരോട് പറഞ്ഞു: ''അല്ലാഹു അബൂദര്‍റ്(റ)വിനെ അനുഗ്രഹിക്കട്ടെ, അദ്ദേഹം ഏകനായി വരുന്നു. ഏകനായി മരിക്കും. ഏകനായി തന്നെ പുനര്‍ജനിക്കപ്പെടും.''
ഈ വാക്കുകള്‍ സത്യമായി പുലരുകയായിരുന്നു മഹാന്റെ മരണത്തിലൂടെ. അബൂദര്‍(റ)വിന്റെ ജീവിതം തികച്ചും അഢംബരത്തിന്റെ പറുദീസയില്‍ ആര്‍ത്തുല്ലസിക്കുന്ന ആധുനിക ജനതയ്ക്ക് വഴികാട്ടിയാണ്. ഏകനായി ഇസ്‌ലാമിലേക്ക് കടന്നുവരികയും ധീരതയോടെ ഇസ്‌ലാമിന്റെ അസ്തിത്വത്തെ നിലനിര്‍ത്താന്‍ സന്ധിയില്ലാതെ പോരാടുകയും അവസാനം ദുന്‍യവിയായി ഒന്നുമില്ലാതെ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുകയും ചെയ്ത മഹത് വ്യക്തിയാണ് അദ്ദേഹം. കനല്‍ പഥങ്ങളില്‍ നിന്നും കനല്‍ പഥങ്ങളിലേക്കുള്ള പ്രയാണം.. ദുരിതങ്ങളില്‍ നിന്നും ദുരിതങ്ങളിലേക്കുള്ള സഞ്ചാരം.. ഇസ്‌ലാം കല്‍പിക്കുന്ന വിധിവിലക്കുകള്‍ യഥാവിധി ഒരു ന്യൂനതയും വരുത്താതെ ജീവിത്തതില്‍ പകര്‍ത്തി ഏകാന്തയെ സ്‌നേഹിച്ച് നാഥനെ കണ്ടെത്തിയ ധീരമനീഷിയാകുന്നു മഹാന്‍.
Leave A Comment