ശൈഖ് രിഫാഈ ആത്മജ്ഞാനികളുടെ സുല്‍ത്വാന്‍
'പതിനായിരക്കണക്കിന് ശിഷ്യന്‍മാര്‍ ജ്ഞാനാഭ്യാസം നടത്തുന്ന ശൈഖ് അബൂ മുഹമ്മദ് ശംബക്കി(റ)യുടെ സദസ്സ്. മഹാന്റെ സദസ്സില്‍ തബര്‍റുക്കിനും ദുആ ചെയ്യിക്കാനുമായി രാജാക്കന്‍മാരും മറ്റു പ്രമുഖ വ്യക്തികളും പതിവ് സന്ദര്‍ശകരായിരുന്നു. അവര്‍ക്ക് സാധാരണയില്‍ കവിഞ്ഞ ഒരു സ്ഥാനവും അവിടെയില്ല. ഇതിനപവാദമായിരുന്നു അവിടെ സന്ദര്‍ശിച്ചിരുന്ന ഉമ്മുല്‍ഫള്‌ല ഫാത്തിമ അന്‍സ്വാരിയ്യ എന്ന മഹതിയോട് ശൈഖ് അവര്‍കള്‍ കാണിച്ചിരുന്നത്. മഹതി വരുമ്പോള്‍ ശൈഖ് അവര്‍കള്‍ എഴുന്നേറ്റ് നില്‍ക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചു ചോദിച്ച ശിഷ്യരോട് മഹാന്‍ പറഞ്ഞത്: ''ഇലാഹീ സാമീപ്യം കൊണ്ടനുഗൃഹീതനായ ഒരു പുണ്യപുരുഷന്റെ മാതാവാണവര്‍, വരും കാലത്ത് ആത്മീയ ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന ആ മഹാനോടുള്ള ആദരസൂചകമായിട്ടാണ് താന്‍ എഴുന്നേറ്റു നില്‍ക്കുന്നത്.'' പിറന്നുവീഴുന്നതിനു മുമ്പേ തന്റെ സന്താനം വഴി ബഹുമാനാദരവുകള്‍ ഏറ്റുവാങ്ങിയ ആ മഹതി 'സുല്‍ത്താന്‍ ആരിഫീന്‍' എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന ശൈഖ് രിഫാഈ(റ)യുടെ മാതാവായിരുന്നു.
ക്രിസ്താബ്ദം 1106-ല്‍ (ഹി.500) വിസ്തൃതമായ ബത്വാഇഹ് എന്ന പ്രദേശത്ത് ഭൂജാതനായ അദ്ദേഹത്തിന്റെ ജനനം പല മഹാന്‍മാരും പ്രവചിച്ചിരുന്നു. ശൈഖ് രിഫാഈ(റ) ജനിക്കുന്നത് തന്നെ തന്റെ വലതുകൈ നിസ്‌കരിക്കുന്നയാള്‍ വക്കുന്നത് പോലെ നെഞ്ചിനു താഴെയും ഇടതുകൈ തന്റെ ഗുഹ്യസ്ഥാനത്ത് വച്ചുകൊണ്ടമായിരുന്നു. ഈ വിവരം അറിഞ്ഞ ശൈഖ് മന്‍സ്വൂറുസ്സാഹിദ് പറഞ്ഞത് 'മുഹമ്മദീയ പ്രകാശം ഞങ്ങളുടെ വീട്ടില്‍ പ്രകടമാക്കിയ അല്ലാഹുവിന്ന് സര്‍വ്വസ്തുതിയും' എന്നാണ്. അത്ഭുതങ്ങളുടെ കലവറയായിരുന്നു മഹാനവര്‍കളുടെ ബാല്യം. തന്റെ മകന്‍ തൊട്ടിലില്‍ വച്ച് സംസാരിച്ചതും തസ്ബീഹ് ചൊല്ലിയതും കേട്ട മാതാവ് തന്റെ മകന്‍ അസാധാരണ കഴിവുകളുള്ളവനാണെന്ന് മനസ്സിലാക്കിയിരുന്നു. മഹാനവര്‍കള്‍ വലതു മുല മാത്രമാണ് കുടിച്ചിരുന്നത്. മുലകുടി പ്രായത്തില്‍ റമളാനില്‍ മുലപ്പാലും അന്നപാനീയങ്ങളും ഒഴിവാക്കിയിരുന്നു. ചെറുപ്രായത്തില്‍ തന്റെ സമപ്രായക്കാരില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട മനസുമായി സ്വസ്ഥമായി ഇബാദത്ത് ചെയ്തുകൊണ്ടിരുന്നു ആ മഹാനിലെ ബാല്യം. ബാലനായിരിക്കെ അദ്ദേഹം മഹാന്‍മാരുടെ അടുത്തും വിജ്ഞാന സദസ്സുകളിലും പോയി ഇരിക്കുമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ മഹാനില്‍ വിലായത്തിന്റെ പ്രഭയുണ്ടെന്ന് പ്രഖ്യാപിച്ചവര്‍ നിരവധിയാണ്. ശൈഖ് അവര്‍കളുടെ പഠനം ശൈഖ് മന്‍സ്വൂര്‍(റ)ല്‍ നിന്നായിരുന്നു. മഹാനവര്‍കളുടെ പ്രഥമ ഗുരുവും ശൈഖ് മന്‍സ്വൂര്‍(റ) തന്നെ.
സ്വപ്നത്തിലൂടെ നബിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതനുസരിച്ച് ശൈഖ് രിഫാഈ(റ) അവര്‍കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ച മന്‍സ്വൂര്‍(റ) നബിയുടെ നിര്‍ദേശപ്രകാരം വിശ്രുത ഖാരിഉം പണ്ഡിതനുമായ അബുല്‍ ഫള്‌ല് അലിയ്യുല്‍ വാരി വാസിത്വിയുടെ ദര്‍സില്‍ രിഫാഈയെ ചേര്‍ത്തു. കുഞ്ഞ കാലം കൊണ്ട് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. മറ്റു വിജ്ഞാനശാഖകളിലും വളരെ പെട്ടെന്ന് അവഗാഹം നേടി. കര്‍മ്മശാസ്ത്രത്തില്‍ അബൂ ഇസ്ഹാഖുശ്ശീറാസി എന്ന പണ്ഡിതന്റെ കിതാബുത്തന്‍ബീഹ് ഹൃദിസ്ഥമാക്കി. അതുപോലെ തന്നെ മഹാനവര്‍കള്‍ കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ശൈഖ് അബുല്ലൈസ്(റ)ന്റെ സദസില്‍ പോയി അറിവു മൂര്‍ച്ച കൂട്ടിയിരുന്നു. മഹത്തായ വ്യക്തികളോടുള്ള സഹവാസത്തെ ഇഷ്ടപ്പെട്ടിരുന്ന ശൈഖ് രിഫാഈ(റ)യുടെ ആത്മീയ ഗുരുക്കള്‍ ശൈഖ് മന്‍സ്വൂറുസാഹിദും ശൈഖ് അലിയ്യുല്‍ വാസിത്വിയുമാണ്. രണ്ടു പേരില്‍ നിന്നും മഹാനവര്‍കള്‍ സ്ഥാനവസ്ത്രം (ഖിര്‍ഖ) സ്വീകരിച്ചിട്ടുണ്ട്. ശൈഖ് അബ്ദുല്‍ മലിക്കില്‍ ഖര്‍നൂബി എന്ന ഗുരുവിനെ വര്‍ഷത്തിലൊരിക്കല്‍ സന്ദര്‍ശിക്കുകയും ദുആ ചെയ്യിക്കുകയും ഉപദേശം തേടുകയും ചെയ്തിരുന്നു.
പ്രവാചകചര്യയുടെ അനുധാവനമായിരുന്നു ശൈഖിന്റെ ജീവിതവും സ്വഭാവവും. ശൈഖ് മക്കിയ്യുല്‍ വാസിത്വി പറയുന്നു: മഹാനവര്‍കളുടെ കൂടെ ഒരൊറ്റ രാത്രി ഞാന്‍ താമസിച്ചു. ആ രാത്രിയില്‍ മാത്രം നബി(സ്വ)യുടെ പാവന സ്വഭാവങ്ങളില്‍ നാല്‍പ്പതോളം എണ്ണം ഞാന്‍ ശൈഖ് അവര്‍കളില്‍ കണ്ടു. അല്ലാഹുവിന്റെ മാര്‍ഗത്തിലല്ലാതെ ഒരു നിമിഷം പോലും കഴിഞ്ഞുപോകരുതെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള ശൈഖിനു സ്ഥിരമായി വുളൂഅ് ഉണ്ടായിരിക്കും. ഇടതും വലതും തിരിഞ്ഞു നോക്കാതെയാണ് ശൈഖ് അവര്‍കള്‍ വഴിയിലൂടെ നടന്നിരുന്നത്. നടന്നുപോകുമ്പോള്‍ വഴിയില്‍കാണുന്ന ബുദ്ധിമുട്ടുകള്‍ സ്വന്തം കൈകൊണ്ട് എടുത്ത് മാറ്റുമായിരുന്നു. ശൈഖ് അവര്‍കള്‍ ഭൗതികമായ താല്‍പര്യങ്ങളില്‍ വിരക്തി പ്രകടിപ്പിച്ചിരുന്നു. ''കരുണ ചെയ്യാത്തവന്‍ കരുണ ചെയ്യപ്പെടുകയില്ല'' എന്ന നബി വചനം പകര്‍ത്തിയതായിരുന്നു ശൈഖ് അവര്‍കളുടെ ജീവിതം. സ്‌നേഹ കാരുണ്യ പ്രവര്‍ത്തനങ്ങളാല്‍ ആര്‍ദ്രമായ ഒരു മനസിനുടമയായിരുന്നു ശൈഖ് രിഫാഈ(റ). പാവങ്ങളെയും രോഗികളെയും സ്‌നേഹവായ്പാല്‍ പൊതിഞ്ഞു. കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി അവര്‍ക്ക് കവചം തീര്‍ത്തു. മിണ്ടാപ്രാണികളോടും സൂക്ഷ്മ ജീവികളോടും കാരുണ്യത്തോടെ ഇടപെട്ടു. ഒരിക്കല്‍ ശൈഖും ശിഷ്യരും നടന്നുപോകുമ്പോള്‍ മാറാവ്യാധി പിടിപെട്ട ഒരു നായയെ കാണാനിടയായി.
ശൈഖ്(റ) അതിനെ പുഴയില്‍ കൊണ്ടുപോയി കുളിപ്പിച്ചു. വീട്ടില്‍ കൊണ്ടുപോയി നാല്‍പതു ദിവസം പരിചരിച്ചു. രോഗം ഭേദമായി. ഇതറിഞ്ഞ ഒരു സുഹൃത്ത് ചോദിച്ചു: ഈ നായക്ക് വേണ്ടി ഇത്രക്ക് ബുദ്ധിമുട്ടുകയോ? ശൈഖ് അവര്‍കള്‍ പറഞ്ഞു: ഈ ജീവിയുടെ കാര്യത്തില്‍ അന്ത്യനാളില്‍ ചോദിക്കപ്പെട്ടാല്‍ ഞാനെന്ത് മറുപടി പറയും?! സുല്‍ത്താനുല്‍ ആരിഫീന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചതിനു കാരണം ശൈഖ് അവര്‍കള്‍ തന്നെ പറയുന്നു: ''അറഫാ സുദിനത്തില്‍ അല്ലാഹുവിന്റെ ചൈതന്യ പ്രഭയുടെ ലയനത്തില്‍ നിലകൊള്ളുന്ന അവസ്ഥയില്‍ അല്ലാഹുവിന്റെ ദിവ്യപ്രഭയുടെ ചൈതന്യം എനിക്ക് അനുഭവപ്പെട്ടു. തത്സമയം അല്ലാഹു ആത്മീയ ഉള്‍ക്കാഴ്ച എനിക്ക് തുറന്ന് നല്‍കിയപ്പോള്‍ ആദൃശ്യരഹസ്യങ്ങളുടെ കലവറകള്‍ കണ്ടു. അല്ലാഹുവിന്റെ ഖുദ്‌സിയ്യായ സന്നിധിയില്‍ എനിക്ക് ഇല്‍മ് കിട്ടി'. പിന്നെ അല്ലാഹു എന്നെ അഭിസംബോധന ചെയ്തു പറഞ്ഞു: യാ സുല്‍ത്താനുല്‍ ആരിഫീന്‍! നീ എന്നെ സ്‌നേഹിക്കുന്നവനും അതിനാല്‍ നിന്നെ ഞാനും സ്‌നേഹിക്കുന്നവനുമാകുന്നു. നിന്റെ ഉദ്ദേശ്യലക്ഷ്യ സാക്ഷാത്കാരമായി എന്റെ തിരുസന്നിധിയിലേക്ക് നിന്നെ എത്തിച്ചിരിക്കുന്നു.
ശൈഖ് അവര്‍കള്‍ പറയുന്നു: അതിനു ശേഷം നബിയും സ്വഹാബ ത്തും എന്റെടുത്ത് വന്നു. പ്രവാചകരും എന്നെ സുല്‍ത്താനുല്‍ ആരിഫീന്‍ എന്ന് വിളിച്ചു. എന്റെ നെറ്റിത്തടത്തില്‍ ചുംബിച്ചു എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. അതിനുശേഷം ഞാന്‍ അറഫയില്‍ നിന്ന് വാസ്വിത്വിലേക്ക് തിരിച്ചുവന്നു അപ്പോള്‍ എല്ലാ വലിയ്യുകളും എഴുന്നേറ്റുനിന്ന് എന്റെ കൈ ചുംബിച്ച് എന്നെ സുല്‍ത്താനുല്‍ ആരിഫീന്‍ എന്ന് അഭിസംബോധന ചെയ്തു.'' ഗര്‍ഭാശയത്തില്‍ വച്ചു തന്നെ ഉമ്മയോട് സംസാരിച്ച് കറാമത്ത് പ്രകടമാക്കിയ മഹാനാണ് ശൈഖ് രിഫാഈ(റ). അദൃശ്യകാര്യങ്ങളെ അറിയാനുള്ള മഹാന്റെ കഴിവ് കറാമത്തുകളില്‍ പെട്ടതാണ്. മരണശേഷവും ശൈഖ് അവര്‍കള്‍ കറാമത്തുകളിലൂടെ വെളിച്ചവും ആശ്വാസവുമാണ്. മരണശേഷം കറാമത്ത് മുറിയുമെന്ന വാദം അബദ്ധജഡിലമാണ്. മഹാനായ സുയൂത്വി(റ) തന്‍വീര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ശൈഖ് രിഫാഈ(റ) ക്രി. 1160-ല്‍ ഹജ്ജിനു പോയി. മക്കയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയായതിനുശേഷം മഹാനവര്‍കള്‍ മദീനയില്‍ നബിയുടെ റൗളാശരീഫില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ശൈഖ് പാടി: ''വിദൂരതയിലായിരിക്കെ ഞാനെന്‍ ആത്മാവിനെ പറഞ്ഞയച്ചിരുന്നു. ഞാന്‍ ഇപ്പോള്‍ അങ്ങയുടെ തിരുസവിധത്തിലേക്ക് എത്തിയരിക്കുന്നു. അങ്ങയുടെ വലതുകരം ഒന്ന് നീട്ടിത്തന്നാലും, അതിനാല്‍ ഞാനെന്‍ അധരങ്ങളെ മധുരമാക്കട്ടെ.'' ഈ വരികള്‍ ആലപിക്കേണ്ടതാമസം നബിയുടെ കരം റൗളയില്‍ നിന്നും പ്രത്യക്ഷപ്പെട്ടു. ശൈഖ് അവര്‍കള്‍ തൃക്കരങ്ങളെ ചുംബിച്ചു.
ഈ കറാമത്തിനെ നിഷേധിക്കുന്നത് സത്യനിഷേധമാണെന്ന് പണ്ഡിതന്‍മാര്‍ പറയുന്നു. കാരണം, അവര്‍ നിഷേധിക്കുന്നത് നബിയുടെ മുഅ്ജിസത്ത് കൂടിയാണ്. ശൈഖ് രിഫാഈ(റ)ന്റെ ആദ്യവിവാഹം തന്റെ ശൈഖായ ശൈഖ് അബൂബക്ര്‍ വാസിത്വിയുടെ മകളായ ഖദീജ അന്‍സ്വാരിയ്യയുമായാണ്. ആ ബന്ധത്തില്‍ സയ്യിദ ഫാത്തിമ, സയ്യിദ സൈനബ എന്നീ പുത്രിമാര്‍ ജനിച്ചു. ഹിജ്‌റ 553-ല്‍ ആദ്യഭാര്യയുടെ വിയോഗാനന്തരം ഭാര്യാസഹോദരിയായ സയ്യിദ റാബിയയെ വിവാഹം ചെയ്തു. അവര്‍ സയ്യിദ് സ്വാലിഹ് ഖുതുബ്ദ്ദീന്‍ എന്ന പുത്രന് ജന്മം നല്‍കി. പിതാവിന്റെ കാലത്ത് തന്നെ ശൈഖ് സ്വാലിഹ് മരണപ്പെട്ടു. ശൈഖി(റ)ന്റെ പേരമക്കളെല്ലാം വലിയ്യുകളായിരുന്നു. തന്റെ പെണ്‍കുട്ടികളുടെ സന്താന പരമ്പരകളിലൂടെയാണ് ശൈഖ് അവര്‍കളുടെ ത്വരീഖത്ത് വരുന്നത്. ഹി: 578(570)ല്‍ ജമാദുല്‍ ഊലാ 12ന് വ്യാഴാഴ്ച ഉച്ചസമയത്ത് മഹാനവര്‍കള്‍ വഫാത്തായി. ശൈഖ് അവര്‍കളുടെ വഫാത്തിനു നിമിത്തമായ അസുഖം വയറിളക്കമായിരുന്നു.
ശൈഖ് ജൗഹറുല്‍ യമാനി(റ) എന്നവര്‍ പറയുന്നു: രോഗമില്ലാത്ത സമയത്ത് തന്നെ ശൈഖ് മരണ സമയത്തെ കുറിച്ച് പറഞ്ഞിരുന്നു. രോഗം മൂര്‍ഛിച്ചപ്പോള്‍ വുളൂഅ് എടുത്ത് രണ്ടു റക്അത്ത് നിസ്‌കരിച്ചു. പിന്നെ അല്ലാഹുവിങ്കലേക്ക് പോയി. അവിടുത്തെ മരണശേഷം മുമ്പ് ഞങ്ങള്‍ക്ക് പരിചയമില്ലാത്ത ഏഴു വെള്ള വസ്ത്രധാരികളെ കണ്ടു. അവര്‍ ശൈഖി(റ)നെ കുളിപ്പിക്കാനും തിരുശരീരം വഹിക്കാനുമെല്ലാം ഭക്തിയോടെ നേതൃത്വം വഹിച്ചു. ശൈഖിന്റെ ജനാസയെ മുമ്പൊന്നും കാണാത്തവിധം പച്ചപക്ഷികള്‍ ബര്‍ക്കത്തെടുക്കാന്‍ വലയം ചെയ്തിരുന്നു.
Leave A Comment