സസ്നേഹം എന്റെ ഇക്കാക്ക്

ജീവിതത്തെകുറിച്ചും വിശിഷ്യാ കുടുംബജീവിതത്തെകുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ ഭര്‍ത്താവിന് തുറന്നെഴുതുകയാണ് ഒരു ഭാര്യ ഈ കത്തുകളിലൂടെ.

സസ്നേഹം എന്റെ ഇക്കാക്ക് 

പൊന്നു ഇക്കാ,

ഒരു പാട് കാലമായി ഞാനിത് ആലോചിക്കാന്‍ തുടങ്ങിയിട്ട്. നിങ്ങളോട് ഒത്തിരി കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. പക്ഷെ, എപ്പോള്‍, എങ്ങനെ എന്നതാണ് ഒരു പിടിയും കിട്ടാതെ ഇതുവരെ എത്തിച്ചത്. പലപ്പോഴും അതിന് സമയം ലഭിക്കാറില്ല എന്നത് തന്നെ കാരണം. നമ്മുടെ ജീവിതത്തിന്റെ താളവും രീതിയും നിങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ. ജോലി കഴിഞ്ഞെത്തുന്ന നിങ്ങള്‍ പലപ്പോഴും ക്ഷീണിതനായിരിക്കും. അതിലുപരി, വീട്ടിലെത്തിയാലും അതിനൊന്നും സമയം ലഭിക്കാറുമില്ലല്ലോ. മൊബൈലും യൂട്യൂബും വാട്സപ്പുമെല്ലാമാണല്ലോ ഇന്ന് നമ്മുടെ സമയത്തിന്റെ പ്രധാന അവകാശികള്‍. 

എങ്കിലും കാര്യങ്ങളെല്ലാം ഓരോന്നോരോന്നായി നിങ്ങളോട് പറയണമെന്ന ആഗ്രഹം എന്റെ മനസ്സിനെ വിടാതെ പിന്തുടര്‍ന്നു. ഈ തിരക്കുകള്‍ക്കിടയിലും നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവാതെ എങ്ങനെ പറയണമെന്ന് പലവട്ടം ഞാന്‍ ആലോചിച്ചു. 

അവസാനമാണ് ഇങ്ങനെ ഒരാശയം എന്റെ മനസ്സിലേക്ക് കടന്നുവന്നത്. പറയാനുള്ളതെല്ലാം കത്തിന്റെ രൂപത്തില്‍ നിങ്ങളുമായി പങ്ക് വെക്കുക. കത്തെഴുത്തിനും കിട്ടുന്ന കത്തുകള്‍ വായിക്കാനും വല്ലാത്തൊരു രസമാണെന്ന് പഴയ പ്രവാസികളുടെ ഭാര്യമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഹോസ്റ്റല്‍ ജീവിതകാലത്ത് അല്‍പമൊക്കെ ഞാനും അത് ആസ്വദിച്ചിട്ടുമുണ്ട്. 

പറയാനുള്ള കാര്യങ്ങള്‍, കത്തിലൂടെ കൈമാറുമ്പോള്‍ ഒട്ടേറെ സൌകര്യങ്ങളുണ്ട്.  സൌകര്യം പോലെ വായിക്കാം, വീണ്ടും വീണ്ടും വായിക്കാം എന്നതിനെല്ലാം പുറമെ, ഏറ്റവും പ്രധാനമെന്ന് ഞാന്‍ മനസ്സിലാക്കുന്നത്, മുഖത്തോട് മുഖം നോക്കി പറയാന്‍ പ്രയാസമുള്ളതെല്ലാം ഇതിലൂടെ പറയാനാവുമെന്നതാണ്. നേരിട്ട് പറയുമ്പോഴുള്ള പൊട്ടിത്തെറികളോ വിമ്മിഷ്ടങ്ങളോ ഇല്ലാതിരിക്കാന്‍ ഇതാണല്ലോ ഏറ്റവും നല്ല മാര്‍ഗ്ഗം. (പലരും കാശ് കടം ചോദിക്കാന്‍ ഇന്ന് ഏറ്റവും അധികം ഉപയോഗിക്കുന്നത് വാട്സാപ്പ് മെസേജുകളാണത്രെ. ഇത് തന്നയാവും കാരണം). 

എല്ലാത്തിനും പുറമെ, നേരിട്ട് പറയുമ്പോള്‍, താന്‍ ചെയ്യുന്നത് ശരിയല്ലെന്ന് എത്രതന്നെ ബോധ്യമുണ്ടെങ്കിലും അത് സമ്മതിക്കാനോ മുഴുവന്‍ കേള്‍ക്കാന്‍ പോലുമോ തയ്യാറാവാതെ മറുന്യായങ്ങളും വാദങ്ങളും നടത്തി, രംഗം കൂടുതല്‍ വഷളാവുകയാണ് ചെയ്യാറ്. കഴിഞ്ഞ വര്‍ഷം, നമ്മുടെ അയല്‍വീടുകളിലൊന്നില്‍ നടന്ന ഒരു വിവാഹമോചനം പോലും ഇത്തരത്തിലെ ഒരു മുഖാമുഖ സംസാരത്തിന്റെ അനന്തര ഫലമായിരുന്നു എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ. 30 വര്‍ഷത്തിലേറെ ഒന്നിച്ച് ജീവിച്ച്, മക്കളും പേരമക്കളുമെല്ലാമുള്ള അവര്‍ എത്ര സന്തുഷ്ട കുടുംബമായിരുന്നു. എന്നിട്ടും, എന്തോ ചില നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ തുടങ്ങിയ പരസ്പര സംസാരം, വാക്പോരിലെത്തുകയും ഒരു ദുര്‍ബ്ബല നിമിഷത്തില്‍ മൂന്നും ചൊല്ലി പിരിച്ചു എന്ന ആ വാക്ക് വരെ പുറത്ത് വരികയും ചെയ്തത്, നാമൊക്കെ എത്ര ഞെട്ടലോടെയാണ് കേട്ടത്. അതോടെ രാത്രിക്ക് രാത്രി തന്നെ തന്റെ മക്കളെയും കൂട്ടി ആ താത്ത വീട് വിട്ടിറങ്ങിയതില്‍ പിന്നെ, ഇന്നും ആ കാക്കാക്ക് ജീവിതം തിരിച്ചുപിടിക്കാനായിട്ടില്ല. 

ഇതെല്ലാം കൊണ്ട് തന്നെ, പറയാനുള്ളതെല്ലാം കത്തിലൂടെ പങ്ക് വെക്കുന്നത് തന്നെയാവും നല്ലതെന്ന് എന്റെ മനസ്സ് വീണ്ടും വീണ്ടും പറയുകയാണ്. അതോടൊപ്പം, നേരിട്ടുള്ള സംസാരത്തിലൂടെ മേല്‍പറഞ്ഞ പോലെ, നമുക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങളോ അകല്‍ച്ചയോ ഉണ്ടായാല്‍ അത് മറ്റുള്ളവര്‍ക്ക് പറഞ്ഞുചിരിക്കാനുള്ല വകയാവുകയേ ഉള്ളൂ. 
എന്നാല്‍ ഇത്തരത്തില്‍ എഴുതുന്ന കുറിപ്പുകള്‍, ഒരു പക്ഷെ, മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെട്ടെങ്കിലോ, അതും വലിയ കാര്യം തന്നെയല്ലേ.

ആദ്യമേ പറയട്ടെ, നമ്മുടെയും മക്കളുടെയും കുടുംബത്തിന്റെയും സന്തോഷവും ഇരുലോക വിജയവും മാത്രമാണ് എന്റെ ലക്ഷ്യം. അത് കൊണ്ട് തന്നെ, ഞാന്‍ എഴുതുന്നത് ആ മനസ്സ് വെച്ച് തന്നെ വായിക്കാന്‍ ശ്രമിക്കുക. എവിടെയെങ്കിലും എന്തെങ്കിലും അപാകതകള്‍ പറ്റിപ്പോയിട്ടുണ്ടെങ്കില്‍ മനസ്സറിഞ്ഞ് ക്ഷമിച്ചേക്കുക, സൌകര്യം പോലെ തിരുത്തുകയും ചെയ്യുക. പരസ്പരം കൊണ്ടും കൊടുത്തും തിരുത്തിയും പൂര്‍ത്തീകരിച്ചും പോവേണ്ടതാണല്ലോ നമ്മുടെ ജീവിതം. ഖുര്‍ആന്‍ പറയുന്നത് തന്നെ, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഉടയാടയാണെന്നാണല്ലോ. വല്ലാത്തൊരു പ്രയോഗമാണ് അത്. 

അധികം നീട്ടി മുഷിപ്പിക്കുന്നില്ല, അതേ കുറിച്ച് ഞാന്‍ അടുത്ത കത്തിലെഴുതാം.

ഒരായിരം സ്നേഹവായ്പുകളോടെ
നിങ്ങളുടെ സ്വന്തം
കുല്‍സു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter