സ്നേഹപൂര്‍വ്വം ഇക്കാക്ക് (6) നിങ്ങള്‍ക്ക് ഞാനും എനിക്ക് നിങ്ങളും...

അസ്സലാമുഅലൈകും വറഹ്മതുല്ലാഹ്

ഇക്കാ, സുഖമാണന്ന പ്രതീക്ഷയോടെ തുടങ്ങട്ട.

ഇന്നലെ ഖുര്‍ആന്‍ ഓതുന്നതിനിടെ ശ്രദ്ധയില്‍ പെട്ട ഒരു ആയത്ത് എന്നെ വല്ലാതെ ചിന്തിപ്പിച്ചു. അത് താങ്കളുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമെന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. എന്നാലും, അതേ തുടര്‍ന്ന് എന്റെ മനസ്സിലുണ്ടായ ചിന്തകള്‍ നിങ്ങളുമായും പങ്ക് വെക്കണമെന്ന് തോന്നി. 

സൂറതുന്നൂറിലെ 26-ാമത്തെ സൂക്തമാണ് അത്. അതിങ്ങനെ മനസ്സിലാക്കാം, ദുര്‍നടപ്പുകാരായ സ്ത്രീകള്‍ ദുര്‍നടപ്പുകാരായ പുരുഷന്മാര്‍ക്കുള്ളതാണ്, സച്ചരിതരായ സ്ത്രീകള്‍ സച്ചരിതരായ പുരുഷന്മാര്‍ക്കും. 

ഇതില്‍ പറയുന്ന കാര്യത്തെ കുറിച്ച് ഞാന്‍ കുറെ നേരം ആലോചിച്ചിരുന്നുപോയി. നമ്മുടെ പരിസരത്തും അറിവിലുമായി, സംശയരോഗത്തിന്റെയും സ്വഭാവദൂഷ്യത്തിന്റെയും പേരില്‍ നടന്ന പല ഭാര്യാ-ഭര്‍തൃ പ്രശ്നങ്ങളും അപ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നു. 

ഈ സൂക്തം വേണ്ടവിധം ഉള്‍ക്കൊണ്ടാല്‍, പിന്നെയൊരിക്കലും അത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നതല്ലേ സത്യം, അല്ലെങ്കില്‍ പ്രശ്നങ്ങളുണ്ടാവുന്നതില്‍ അര്‍ത്ഥമില്ലെന്ന് തന്നെ പറയാം. 

ഓരോരുത്തര്‍ക്കും അവര്‍ക്കനുയോജ്യമായ ഭാര്യയെയും ഭര്‍ത്താവിനെയുമാണ് നല്കുക എന്നല്ലേ ഇതിലൂടെ പടച്ച തമ്പുരാന്‍ പറയുന്നത്. അഥവാ, നമ്മുടെ സ്വപ്നത്തിലുള്ളത് പോലെ എല്ലാം തികഞ്ഞ ഒരു ജീവിതപങ്കാളിയെ കിട്ടണമെങ്കില്‍, നാമും അതു പോലെ ആകുക എന്നത് മാത്രമാണ് പരിഹാരം എന്നര്‍ത്ഥം. നാം അതില്‍നിന്ന് എത്രമാത്രം അകലുന്നുവോ അത്രയും നമ്മുടെ പങ്കാളിയും അകലും എന്നും മനസ്സിലാക്കാം. 

Also Read:സ്നേഹപൂര്‍വ്വം ഇക്കാക്ക് (5) എനിക്കും ഒരു സമ്മാനം തന്നുകൂടേ ഇക്കാ...

വീണ്ടും ചിന്തകള്‍ മുന്നോട്ട് പോയപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം ഇങ്ങനെയായിരുന്നു. അങ്ങനെയെങ്കില്‍ നമുക്ക് കിട്ടിയ പങ്കാളിക്ക് ഇനി മാറ്റം വരുമെന്ന് പ്രതീക്ഷിക്കാന്‍ ഒരു വകയുമില്ലല്ലോ. അധികം വൈകാതെ, അതിനും പരിഹാരമുണ്ടെന്ന് ഈ ആയത്ത് തന്നെ പറയുന്നതായി എനിക്ക് തോന്നി. ഭാര്യാഭര്‍ത്താക്കന്മാരില്‍ ഒരാള്‍ എത്ര നന്നായിക്കൊണ്ടിരിക്കുന്നുവോ, രണ്ടാമനും അത്രയും തന്നെ മാറ്റം വരണമല്ലോ, അപ്പോഴല്ലേ ഈ പറഞ്ഞത് പൂര്‍ണ്ണമായും സത്യമാവൂ.

ഇത്തരത്തില്‍ ചിന്തിച്ചാല്‍, എങ്ങനെയാണ് സംശയങ്ങള്‍ കടന്നുവരിക. തന്റെ ഇണയെ കുറിച്ച് എന്ത് ചിന്തിക്കുന്നുവോ അത് തനിക്കുണ്ടോ എന്ന് നോക്കിയാല്‍ തന്നെ ഏത് സംശയവും ദൂരീകരിക്കപ്പെടില്ലേ. എനിക്കില്ലാത്ത ദുശ്ശീലം എങ്ങനെയാണ് എന്റെ പങ്കാളിക്കുണ്ടാവുക എന്നും, അവള്‍ക്കില്ലാതെ പോയ സ്വഭാവഗുണത്തെ കുറിച്ച് വേവലാതി പെടുമ്പോള്‍, അതോ സമാനമായതോ തനിക്കും ഇല്ലായിരിക്കാം, അത് കൊണ്ടാവും ഇങ്ങനെ വന്നത് എന്നും ചിന്തിച്ചാല്‍ പിന്നെയവിടെ, പരിഹാരങ്ങളേ ഉള്ളൂ, പ്രശ്നങ്ങളൊന്നുമുണ്ടാവുന്നില്ല.

വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നവരും കുടുംബജീവിതം നയിക്കുന്ന ഓരോരുത്തരും ഉള്‍ക്കൊള്ളേണ്ട ഒരു സൂക്തമാണ് ഇതെന്ന് വീണ്ടും വീണ്ടും എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്നു. 

ഇത് ഉള്‍ക്കൊണ്ട് കൊണ്ട് ഓരോ ദിവസവും സ്വയം കൂടുതല്‍ കൂടുതല്‍ നന്നാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കാം. എന്നിലില്ലാത്തത് നിങ്ങള്‍ പതിവാക്കിയും നിങ്ങളിലില്ലാത്തത് ഞാന്‍ ശീലമാക്കിയും നമുക്ക് പരസ്പരം പൂരകങ്ങളാവാം. അപ്പോഴാണല്ലോ, നല്ലപാതി എന്ന വാക്ക് തന്നെ അന്വര്‍ത്ഥമാവുന്നത്. അങ്ങനെ നമുക്ക് ഈ ജീവിതം തന്നെ സ്വര്‍ഗ്ഗീയമാക്കാം, അതിലൂടെ, അനന്തരജീവിതത്തിലും സ്വര്‍ഗ്ഗം ആസ്വദിക്കാം, നാഥന്‍ തുണക്കട്ടെ.

നിങ്ങളുടെ സ്വന്തം കുല്‍സു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter