സവര്‍ക്കറിനെ മഹത്വവത്കരിക്കുന്നവര്‍ക്കറിയുമോ ബഹദൂര്‍ഷാ സഫറിനെ?
ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് സവര്‍ക്കറെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു. രണ്ട് കേസുകളില്‍ അദ്ദേഹത്തിന് 50 വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചു. 1911 ലും 1913 ലും ദയാഹര്‍ജി നല്‍കിയെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ജയില്‍ വാസത്തിനിടെ അദ്ദേഹം ജയിലധികൃതരുടെ ഇഷ്ടഭാജനമായി മാറി. 1920 ല്‍ ജയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് എണ്ണ ഡിപ്പോയിലെ ഫോര്‍മാന്റെ ജോലിയിലും നിയമിതനായി.
സവര്‍ക്കര്‍ക്കു മാപ്പു കൊടുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ 1921 മെയില്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് മാറ്റുകയാണുണ്ടായത്. വൈകാതെ ഉപാധികളോടെ അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിച്ചെടുത്തു.
സെല്ലുലാര്‍ ജയിലിലെ തടവും ജീവിതവും സവര്‍ക്കറെ മാനസാന്തരപ്പെടുത്തി. ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പദ്ധതിയെ സഹായിക്കാന്‍ അദ്ദേഹം തയ്യാറായി. സര്‍ക്കാറിന് മാപ്പെഴുതി ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി സേവിക്കാമെന്ന് അദ്ദേഹം വാക്ക് കൊടുത്തു.
ജയില്‍ മോചിതനായി തിരിച്ചെത്തിയ സവര്‍ക്കര്‍ ഭൂതകാലം പാടെ ഉപേക്ഷിക്കുകയും ഹിന്ദുരാഷ്ട്രത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതില്‍ വ്യാപൃതനാവുകയും ചെയ്തു. 1923 ല്‍ രത്‌നഗിരിയില്‍ തടവനുഭവിക്കുമ്പോഴാണ് 'ഹിന്ദുത്വ' എഴുതിയതും പുറത്തിറക്കിയതും. ബ്രിട്ടീഷ് സഹകരണമില്ലാതെ ഇത് പുറത്തിറക്കാന്‍ സാധ്യമായിരുന്നില്ല.
സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന ഉപാധിയിലാണ് ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ ജയില്‍ മോചിതനാക്കിയത്. എന്നാല്‍ വിഘടനവാദം വളര്‍ത്തുന്നതില്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തിയിരുന്നില്ല. ഗാന്ധി നടത്തിയ ഹിന്ദു-മുസ്‌ലിം ഐക്യത്തിനെതിരെ നിരന്തരമായി എഴുതിയും പ്രസംഗിച്ചും അദ്ദേഹം തന്റെ തീവ്ര ഹിന്ദുത്വ സ്വഭാവം മുഖ്യധാരയില്‍ എത്തിച്ചു. ഉപാധികളോടെ ജയില്‍ മോചിതനായി രത്‌നഗിരിയില്‍ എത്തിയ അദ്ദേഹം വര്‍ഗീയ സംഘര്‍ഷങ്ങള്‍ വളര്‍ത്തുന്നതില്‍ വിജയം കണ്ടു. ഇതില്‍ ആകൃഷ്ടനായി ഹിന്ദുത്വവാദികള്‍ സവര്‍ക്കറുടെ നിത്യസന്ദര്‍ശകരായി മാറി.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിലകൊള്ളണമെന്ന വാദവുമായാണ് സവര്‍ക്കര്‍ 1942 ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന ഹിന്ദുമഹാ സഭയുടെ 24 #ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്തത്. സഹകരണ മനോഭാവത്തെ ദേശസ്‌നേഹമായാണ് ഹിന്ദുമഹാസഭ പൊലിപ്പിച്ചെടുത്തത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അണിനിരക്കുന്ന ഐക്യമുന്നണിയെ തകര്‍ക്കാന്‍ അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തി.
സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തില്‍ നിന്ന് സവര്‍ക്കറെ മാറ്റിനിര്‍ത്തുന്ന സംഘടിത ശ്രമങ്ങളെ തടയുന്നതിന്റെ ഭാഗമായാണ് വാജ്‌പൈ സര്‍ക്കാര്‍ ഗാന്ധി ചിത്രത്തിന് സമീപത്തായി സവര്‍ക്കറുടെ ഛായാപടത്തിന് പാര്‍ലമെന്റില്‍ ഇടം നല്‍കിയത്. ഗാന്ധിവധത്തിന് നേതൃത്വം നല്‍കിയ ഭ്രാന്തന്‍ വിഭാഗത്തിനൊപ്പം ഗൂഢാലോചന നടത്തി എന്ന ആരോപണത്തില്‍ നിന്ന് മരണം വരെ അദ്ദേഹത്തിന് മുക്തി നേടാനായിട്ടില്ല. ഹിന്ദുത്വ വാദം കണ്ടുപിടിച്ച സവര്‍ക്കറെ ബി.ജെ.പി അധികാരത്തിലേറിയതോടെ സ്വാതന്ത്ര്യസമര സേനാനി പരിവേഷം നല്‍കി മാറ്റാനാണ് അവര്‍ നിരന്തരമായി ശ്രമിച്ചത്.
രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ഒറ്റുകൊടുത്തവര്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ ബഹദൂര്‍ഷാ സഫറിനെ പഠിക്കണം. മുഗള്‍ സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായ അദ്ദേഹം രാജ്യത്തിനു വേണ്ടി എന്തെല്ലാമാണ് ത്യാഗം ചെയതതെന്ന് തിരിച്ചറിയണം. അപ്പോഴേ സവര്‍ക്കര്‍ ആരാണെന്നും അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്നും ബോധ്യപ്പെടുകയുള്ളൂ.
Leave A Comment