പുലര്‍ന്ന പ്രവചനം.

പ്രവചിക്കുക എന്നത് വളരെ ഗൗരവവും ഗുരുതരവുമാണ്. അതു പുലര്‍ന്നില്ലെങ്കില്‍ അതുവലിയ പരിഹാസ്യവും തിരിച്ചടിയുമാകും എന്നതാണ് അതിനു കാരണം. അതിനാല്‍ ഏതു പ്രവചനം നടത്തുവാനും നല്ല ഉറപ്പുള്ള ആത്മവിശ്വാസം വേണം. ഈ ഉറപ്പ് ഉദ്ഭവിക്കുക ഒന്നുകില്‍ നേരിട്ടു ഉറപ്പുവന്ന ഒരു അനുഭവത്തില്‍ നിന്നാകാം.അല്ലെങ്കില്‍ കാര്യകാരണങ്ങള്‍ സൂക്ഷ്മമായി ചേര്‍ത്തു വെച്ചതിലുള്ള വിശ്വാസത്തില്‍ നിന്ന്. ഇവ രണ്ടുപോലും ചിലപ്പോള്‍ തെററിപ്പോയേക്കാം. അതിനാല്‍ വ്യക്തമായി ധൈര്യസമേതം പ്രവചിക്കുകയും അതുകൃത്യമായി പുലരുകയും ചെയ്യുക എന്നത് മനുഷ്യന്റെ മാനുഷിക സവിശേഷതകള്‍ക്ക് അപ്പുറമാണ്. കാരണം ഭാവി അവനു തിട്ടമില്ല.എന്നാല്‍ ഭാവിയും ഭൂതവും എന്ന വ്യത്യാസമില്ലാത്ത സൃഷ്ടാവിനു ഇതു തികച്ചും സാധ്യമാണ്. അതിനൊരു ഒന്നാന്തരം ഉദാഹരണമാണ് അല്ലാഹു അവന്റെ കലാമിലൂടെ നടത്തിയ പ്രവചനങ്ങള്‍.  വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയുടെ ഏററവും ശക്തമായ തെളിവുകളില്‍ ഒന്നുകൂടിയാണ് പ്രവചനങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ നടത്തിയ പ്രവചനങ്ങള്‍ അച്ചട്ടായി പുലര്‍ന്നത് ഏതു ചിന്തിക്കുന്നവരേയും ചിന്തിപ്പിക്കുന്നതും അതിന്റെ അമാനുഷികത മനസ്സില്‍ ഉറപ്പിക്കുന്നതുമാണ്. ഇത്തരം പ്രവചനങ്ങളില്‍ ഒന്നാണ് റോമാ സാമ്രാജ്യത്തിനേററ കനത്ത പരാജയവും ലോക ചരിത്രത്തെ ഞെട്ടിച്ചു കൊണ്ട് അതു നടത്തിയ തിരിച്ചുവരവും.റോമാ സാമ്രാജ്യം മുച്ചൂടും തകര്‍ന്നെന്നും അതുപക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കകം വീണ്ടും വിജയിച്ച് തിരിച്ചുവരുമെന്നും വിശുദ്ധ ഖുര്‍ആനിലെ അല്‍ റൂം അധ്യായത്തിന്റെ ആദ്യത്തില്‍ അല്ലാഹു പറയുകയുണ്ടായി. ഇതില്‍ റോം അമ്പേ പരാജയപ്പെട്ടു എന്നത് അന്നത്തെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഈ സാമ്രാജ്യം വീണ്ടും തിരിച്ചുവരും എന്ന പ്രവചനം ഒരാള്‍ക്ക് അംഗീകരിക്കുവാനോ ഉള്‍ക്കൊള്ളുവാനോ കഴിയാത്തതായിരുന്നു. അത്തരമൊരു പ്രവചനം പുലര്‍ന്നതോടെ ചിന്തിക്കുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ അമാനുഷികമാണ് എന്നതിനുള്ള ഒരു നല്ല തെളിവായിമാറി അത്. 

എ ഡി 603 ലായിരുന്നു പേര്‍ഷ്യന്‍ സാമ്രാജ്യം റോമാ സാമ്രാജ്യത്തിനെതിരെ പടപ്പുറപ്പാട് നടത്തിയത്. നിരന്തരമായ ആ യുദ്ധങ്ങള്‍ 615 വരേ നീണ്ടു. 615ല്‍ പേര്‍ഷ്യറോമിനെ പരാജയപ്പെടുത്തി. ഈ സംഭവം മക്കയുടെ സാമൂഹ്യ ജീവിതത്തെ കൂടി ബാധിച്ചു. കാരണം മക്കായില്‍ നബി(സ) പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സമയമായിരുന്നു അത്. റോമാ സാമ്രാജ്യം മത വിശ്വാസികളുടേതായിരുന്നു. അവര്‍ ക്രൈസ്തവരായിരുന്നു. അവരുടെ മതത്തില്‍ പല കൈകടത്തലുകളും നടന്നുവെങ്കിലും അതിന്റെ അടിസ്ഥാനം ഈസാ നബിയും ഇഞ്ചീലുമാണ്. പേര്‍ഷ്യക്കാരാണെങ്കിലോ അഗ്‌നിയെ ആരാധിക്കുന്ന സൗരാഷ്ട്രരാണ്. അതിനാല്‍ മക്കായിലെ മുസ്‌ലിംകള്‍ മാനസികമായി വിശ്വാസികളായ റോമിനോടൊപ്പമാണ് നില്‍ക്കുന്നത്. റോം പരാജയപ്പെട്ടതില്‍ അവര്‍ക്ക് നിരാശയുണ്ടായിരുന്നു. മക്കായിലെ മുശ്‌രിക്കുകളാവട്ടെ പേര്‍ഷ്യയോടൊപ്പമായിരുന്നു മാനസികമായി. അവരുടെ വിജയത്തില്‍ അവര്‍ക്കു ആഹ്ലാദമുണ്ടായിരുന്നു. ഇതുവെച്ച് മക്കായിലെ മുശ്‌രിക്കുകള്‍ മുസ്‌ലിംകളെ പരിഹസിക്കുവാനും മററുംതുടങ്ങി. ഇതില്‍ മനം നൊന്തിരിക്കുമ്പോഴായിരുന്നു മുസ്‌ലിം വിശ്വാസികളെ ആശ്വസിപ്പിച്ചു കൊണ്ടെന്നോണം സൂറത്തുറൂമിലെ ആദ്യവചനങ്ങള്‍ അവതരിച്ചത്. ആ വചനങ്ങളില്‍ പറയുന്നത് ഒരുവലിയ പ്രവചനമായിരുന്നു. റോം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാം തിരിച്ചുപിടിക്കും എന്ന പ്രവചനം. പുറത്തു പറയുവാന്‍ പോലുംകഴിയാത്ത വിധമുള്ളഒന്നായിരുന്നു ഈ പ്രവചനം. കാരണം ഒരു തിരിച്ചു വരവ് അസാധ്യമാണ് ഇനി റോമിന് എന്ന്ആരും പറഞ്ഞുപോകും എന്നതായിരുന്നു അവസ്ഥ.
മുശ്‌രിക്കുകളിലെ നേതാവായിരുന്ന ഉബയ്യു ബിന്‍ ഖലഫ് അബൂബക്കര്‍(റ)വിനെ സമീപിച്ച് ഈ പ്രവചനത്തിന്റെ സാംഗത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. ഖുര്‍ആന്‍ പറഞ്ഞതു പുലരുക തന്നെ ചെയ്യും എന്ന് അബൂബക്കര്‍(റ) തീര്‍ത്തുപറഞ്ഞു. തികച്ചും അവിശ്വസനീയമായിരുന്നതിനാല്‍ എന്നാല്‍ പന്തയംവെക്കാംഎന്നായി ഉബയ്യ് ബിന്‍ ഖലഫ്. അവസാനം മൂന്നുവര്‍ഷത്തിനകം റോം അധികാരം തിരിച്ചുപിടിക്കും എന്നതിന്‍ മേല്‍ അവര്‍ പന്തയംവെച്ചു. പത്തു ഒട്ടകമായിരുന്നു പന്തയത്തുക. നബി(സ)യോട് അബൂബക്കര്‍(റ) ഈ വിഷയം പറഞ്ഞു. അതുകേട്ട നബി(സ) പറഞ്ഞു: 'അല്ലാഹു ഉപയോഗിച്ചത് ''ബിള്അ്'' വാക്കാണ്. അത് ഒന്നു മുതല്‍ പത്തുവരെ ഏത് എണ്ണത്തിനും ഉപയോഗിക്കുന്നതാണ്. അതിനാല്‍ ഉബയ്യുമായുള്ള പന്തയത്തിലെ കൊല്ലത്തിന്റെ എണ്ണം മാററണം, പത്തു വര്‍ഷത്തിനുള്ളില്‍ എന്നാക്കണം'. അബൂബക്കര്‍(റ) ഉബയ്യിനെ കണ്ട് അങ്ങനെ തിരുത്തി. എന്തായാലും നടക്കാത്ത കാര്യമാണ് എന്നുറപ്പുള്ളതിനാല്‍ ഉബയ്യ് തിരുത്ത് അംഗീകരിച്ചു. പിന്നീടുള്ള വര്‍ഷങ്ങള്‍ കൂടുതല്‍ ആശങ്കാകുലങ്ങളായിരുന്നു. 615നു ശേഷവും റോമാ സാമ്രാജ്യം അലിഞ്ഞലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരുന്നു. അവസാനം സീസര്‍ ചക്രവര്‍ത്തി തലസ്ഥാനമായ കോണ്‍സ്‌ററാന്റിനോപ്പിള്‍ വിട്ട് രായ്ക്കുരാമാനം ഓടിപ്പോകുക പോലുമുണ്ടായി. റോമന്‍ സാമ്രാജ്യം ഒരു  അതിരും അടയാളവും അവശേഷിക്കാത്ത വിധം ഇല്ലാതെയായി. മറുവശത്ത് പേര്‍ഷ്യ വലുതായിക്കൊണ്ടുമിരുന്നു.  
മക്കായിലും വിശ്വാസികളുടെ അവസ്ഥ ദയനീയമായി. അവര്‍ക്കു ദ്രോഹങ്ങള്‍ സഹിക്കവെയ്യാതെ അബ്‌സീനിയായിലേക്ക് ഓടിപ്പോകേണ്ടിവരെ വന്നു. അബ്‌സീനിയാഹിജ്‌റ മുതല്‍ മദീനാ ഹിജ്‌റ വരെ ആറേഴുവര്‍ഷം മക്കയില്‍ മുസ്‌ലിംകള്‍ക്കും റോമില്‍ ക്രൈസ്തവര്‍ക്കുമുണ്ടായത്  കഠിനമായ വെല്ലുവിളികളായിരുന്നു.  എ ഡി 622ല്‍ നബി(സ) മദീനായിലേക്ക് ഹിജ്‌റ പോയി എങ്കിലും ഭീഷണിയുടെ നിഴല്‍മാഞ്ഞിരുന്നില്ല. ആയുധമില്ലാതെ പുറത്തിറങ്ങുവാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത അവസ്ഥയായിരുന്നു. പ്രത്യേക സുരക്ഷ അല്ലാഹുവാഗ്ദാനം ചെയ്യുന്നതുവരെ ആയുധധാരികളായ അംഗരക്ഷകര്‍ നബി(സ)ക്കു കാവല്‍ നില്‍ക്കുകയായിരുന്നു. ഏതുസമയവും മക്കായില്‍ നിന്ന് ഒരു ആക്രമണം പ്രതീക്ഷിക്കുന്നില്ലാത്ത രാപ്പകലുകളേ ഉണ്ടായിരുന്നില്ല. അവിടെയാവട്ടെ തലസ്ഥാന നഗരി വിട്ടോടിയ സീസര്‍ ചക്രവര്‍ത്തി പകല്‍ വെളിച്ചത്തില്‍ പോലും പുറത്തിറങ്ങുവാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റോം തിരിച്ചവരും എന്ന പ്രവചനത്തിന്റെ കാര്യത്തിലാവട്ടെ ഇനി രണ്ടുവര്‍ഷം മാത്രമാണ് ബാക്കിയുള്ളത്. എല്ലായിടത്തും ആധി നിറയുകയായിരുന്നു. പക്ഷെ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ പ്രവചനം പുലരുക തന്നെ ചെയ്തു. കരിങ്കടല്‍ കടന്ന് ഏതോ അജ്ഞാതദ്വീപില്‍ എത്തിയ സീസര്‍ ചക്രവര്‍ത്തി സ്വകാര്യമായി അവിടെ ഒരു കൊച്ചുസൈന്യം രൂപീകരിച്ചു. പേര്‍ഷ്യ തികച്ചും പ്രതീക്ഷിക്കാത്ത ഒരുസമയത്ത് വെറും ഒരുവര്‍ഷം കൊണ്ട് അഥവാ എ ഡി 623ല്‍ സീസര്‍ ചക്രവര്‍ത്തി പേര്‍ഷ്യയുടെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന അസര്‍ബൈജാനിലേക്ക് തന്റെ സേനയുമായി ഇരച്ചുകയറുകയും പേര്‍ഷ്യയെ പിന്നില്‍ നിന്നും ആക്രമിക്കുകയും ചെയ്തു. ഒരുവര്‍ഷത്തോളം നീണ്ട സമര്‍ഥമായ സൈനിക നീക്കത്തിനൊടുവില്‍ അസര്‍ബൈജാനിലുണ്ടായിരുന്ന അവരുടെ അഗ്‌നിദേവന്റെ വലിയ അമ്പലം നാമാവശേഷമാക്കിയ സീസറുടെ സൈന്യം അസര്‍ബൈജാന്‍ കയ്യിലൊതുക്കി. ഇതോടെ പ്രവചനം പുലര്‍ന്നു. റോമാ സാമ്രാജ്യം തിരിച്ചുവരവിനു തുടക്കം കുറിച്ചു. അതും പരിശുദ്ധ ഖുര്‍ആന്‍ പ്രവചിച്ചതുപോലെ വെറും പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍.ഖുര്‍ആനിന്റെ പ്രവചനം പുലര്‍ന്നു. ഖുര്‍ആന്‍ അമാനുഷികമാണ് എന്നും ഭാവിയും ഭൂതവുമില്ലാത്ത സൃഷ്ടാവിന്റെ ഉറച്ച വാക്കുകളാണ് അവ എന്നും ഈ സംഭവംതെളിയിച്ചു.  
ഈ പ്രവചനത്തെ തുടര്‍ന്നുള്ള സംഭവ പരമ്പരകളുടെ അനുരണനങ്ങള്‍ മുസ്‌ലിംകളിലുമുണ്ടായി. കാരണം ഇതേ എ ഡി 624ലായിരുന്നു നബി(സ)യും അനുയായികളും ബദര്‍ യുദ്ധം വിജയിച്ചു കയറിയത്. അന്ന് മക്കായില്‍ നിന്നും വന്ന എഴുപതു നേതാക്കള്‍ വധിക്കപ്പെട്ടു. തൊട്ടുതാഴെ നിരയിലെ എഴുപതുപേര്‍ യുദ്ധ തടവിലാക്കപ്പെടുകയുംചെയ്തു. അന്ന് ഇസ്‌ലാമിക സമൂഹം വിജയങ്ങളുടെ ശ്രേണിയിലേക്കു കാലെടുത്തുവെക്കുകയായിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter