കഫെ യാഫാ: അതിജീവനത്തിന് വേദിയൊരുക്കുന്ന ഗ്രന്ഥശാല

"യാഫ എന്നെന്നും ഒരു ജൂത നഗരമായി നിലകൊള്ളണമെങ്കിൽ അറബ് ജനതയെയും ഫലസ്തീനികളെയും അവിടേക്ക് പ്രവേശിപ്പിക്കരുത്. അതാണ് നമ്മുടെ നിലനില്‍പിന് നല്ലത്", 1948 ജൂൺ മാസത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗൂറിയാൻ തന്റെ ഡയറിയിൽ കുറിച്ച വരികളായിരുന്നു ഇത്.

ഇസ്രായേലിന്റെ പ്രഥമ പ്രധാനമന്ത്രി ഈ വാചകം കുറിക്കുമ്പോൾ യാഫാ നഗരം റൈറ്റ് വിംഗ് ഇർഗൺ ഫോഴ്സിന്റെ ക്രൂരകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു കഴിഞ്ഞിരുന്നു. ഏകദേശം എഴുപതിനായിരം ഫലസ്തീനികൾ ഒന്നുമല്ലാതെയായിത്തീർന്ന ആ ഏപ്രിൽ മാസം ഫലസ്തീനിയൻ ഡയറിയിലെ മായാ ചിത്രമായി അവശേഷിക്കുന്നതും അത്കൊണ്ട് തന്നെയാണ്.

ബോംബ് സ്ഫോടനങ്ങളിലൂടെ മനുഷ്യരെ കൊന്നൊടുക്കുക മാത്രമായിരുന്നില്ല ബെന്‍ ഗൂറിയന്റെ ലക്ഷ്യം. മറിച്ച് ആ ദേശത്തിന്റെ മക്കളുടെ സംസ്കാരവും പൈതൃകവും പോലും നശിപ്പിക്കുക എന്നത് കൂടി അയാളുടെ ലക്ഷ്യമായിരുന്നു. എങ്കിലേ ആ നാടിന്റെ ചരിത്രത്തെ തന്നെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെഴുതാന്‍ സാധിക്കൂ എന്ന് അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. അത് കൊണ്ട് തന്നെ, ആ ആക്രമണത്തിലൂടെ, ഫലസ്തീനിലെ പുസ്തക കടകളും സാംസ്‌കാരിക കേന്ദ്രങ്ങളും ഒന്നൊന്നായി നിലം പതിച്ചു തുടങ്ങി.
"ചുരുങ്ങിയ മാസങ്ങൾക്കകം കൊണ്ട് തെരുവു വീഥികൾ ഒന്നടങ്കം പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞു. പലതും സ്ഫോടനങ്ങളിൽ ചിന്നിച്ചിതറിയവ.. കേട് പാടുകളില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിച്ചതൊക്കെയും എടുക്കുമ്പോഴേക്കും പൊടിഞ്ഞ് ധൂളിയായിപോയിരുന്നു...", ദി ലൂട്ടിങ് ഓഫ് അറബിക് പ്രോപ്പർട്ടി ഇൻ ദി വാർ ഓഫ് 1948 എഴുതിയ ആദം രാസ് പറയുന്നത് അങ്ങനെയാണ്.

ഒരു കാലത്ത് പൊതുയിടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളില്‍നിന്നുമൊക്കെയായി, ആയിരക്കണക്കിന് പുസ്തകങ്ങളുടെയും ഏടുകളുടെയും ഗ്രന്ഥങ്ങളുടെയുമൊക്കെ കേന്ദ്രമായിരുന്ന യാഫായിലെ തെരുവോരങ്ങള്‍, അവിടന്നങ്ങോട്ട് അഞ്ച് പതിറ്റാണ്ടിലേറെ ഒരു പുസ്തകത്തിന്റെ ഗന്ധമെങ്കിലും അനുഭവിക്കാനുള്ള അടങ്ങാത്ത അഭിനിവേഷത്തിലായിരുന്നു. ആ അടങ്ങാത്ത ദാഹവുമായി 2003 വരെ യാഫാ തുടർന്നു. 2003ല്‍ മൈകല്‍ റാഹേബ് കഫെ യാഫാ തുറക്കുന്നതോടെയാണ് ആ ദാഹത്തിന് അല്പമെങ്കിലും ശമനമാവുന്നത്. 

 ജൂത ധാരാവിയിൽ ഒരു പൂവ് വിടരുന്നു

മൈക്കൽ റാഹേബ് 1990കളിൽ ചർച്ചിന് കീഴിൽ ഒരു ലൈബ്രറി തുടങ്ങാൻ തന്റെ സ്വകാര്യ ശേഖരത്തില്‍നിന്ന് പുസ്തകങ്ങൾ സംഭാവന ചെയ്ത് മുൻപും കയ്യടി നേടിയിട്ടുണ്ട്. എന്നാൽ ഇക്കുറി വെറുമൊരു ഗ്രന്ഥശാല മാത്രമല്ല മൈകല്‍ നിര്‍മ്മിച്ചത്. ഒരുമിച്ചിരുന്ന് ചായയും സ്‌നേക്‌സും കഴിച്ച് പരസ്പരം കഥകൾ പറഞ്ഞ് അനുഭവങ്ങൾ പങ്ക് വച്ച്, സ്വന്തം വേദനകൾക്ക് മരുന്ന് തേടുന്ന ഒരു കൂട്ടം ജനങ്ങളുടെ ആശ്വാസ കേന്ദ്രം കൂടിയായിരുന്നു മൈകലിന്റെ കഫെ യാഫ.

ഫലസ്തീനി ജനതയെ സംബന്ധിച്ചു കഫെ യാഫക്ക് ഇനിയും പ്രത്യേകതകളുണ്ട്. ഇസ്രായേലിൽ തന്നെ കയറിയിറങ്ങാൻ വളരെ ചുരുക്കം ഗ്രന്ഥയിടങ്ങൾ മാത്രമുള്ളത് കൊണ്ടും സൗത്ത് യാഫയിൽ അത്തരമൊരു പൊതുയിടം ഒന്ന് പോലും ഇല്ലാത്തത് കൊണ്ടും അവര്ക്ക് യാഫ ഏകാശ്രയമാണെന്ന് പറയാം. ഒന്നുമില്ലാത്തവൻ എല്ലാം തേടിവരുന്ന സ്വർഗീയയിടം. അതാണ് കുറച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ട് യാഫക്കാര്‍ക്ക് ഈ കഫെ.

എന്നാല്‍ ഇതിന് പിന്നില്‍ വേദനാജനകമായ ഒരു സംഭവം കൂടിയുണ്ട്. ഫലസ്തീൻ ന്യൂനപക്ഷ കാര്യ ചുമതലയുള്ള ബേച്ചോർ ശാലോം ഷീട്രീട് തെരുവിൽ ചിതറിക്കിടന്ന പുസ്തകങ്ങൾ സംരക്ഷണാർത്ഥം ഒരുമിച്ച് കൂട്ടുന്നത് കണ്ട് തെല്ലൊന്ന് നെടുവീർപ്പിട്ട ഫലസ്തീൻ ജനത അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചത് പിന്നീടായിരുന്നു. തങ്ങളുടെ ചരിത്രം, പൈതൃകം, പാരമ്പര്യം, പോരാട്ടം, വിമോചനസമരം എന്നിവകളുടെയൊക്കെയും പ്രതീകമായി ഒരു ഡോക്യുമെന്റായി നിലകൊണ്ടിരുന്ന പുസ്തകങ്ങളെല്ലാം ഇസ്രായേൽ രാജ്യത്തിന്റെ ഭാഗമായിതീർന്നുവെന്നതിലുപരി, ഇനിയൊരു വട്ടം ആ പുസ്തകങ്ങൾ എടുക്കാനോ വായിക്കാനോ ഒന്ന് കാണാന്‍ പോലുമോ അവസരം നിഷേധിക്കപ്പെടുക കൂടി ചെയ്യുകയാണ് എന്ന് അവര്‍ വേദനയോടെ തിരിച്ചറിഞ്ഞു. ഫലസ്തീനില്‍നിന്ന് കണ്ട് കെട്ടിയ ആ പുസ്തക കൂട്ടങ്ങൾക്ക് അബാൻഡൻഡ് പ്രോപ്പർട്ടി എന്ന ലേബല്‍ ചാര്‍ത്തിയാണ് സയണിസ്റ്റ് അധിനിവേശ ഭരണകൂടം അവയെ തങ്ങളുടെ ശേഖരത്തിലേക്ക് മാറ്റിയത്.

കഫെ യാഫ ദി റെസിസ്റ്റൻസ്

ഫലസ്തീൻ വിമോചന സമരങ്ങളുടെ ഭാഗമെന്നോണം പ്രതിഷേധ പരിപാടികളും പ്രഭാഷണങ്ങളും ഒത്തുകൂടലുകളും എല്ലാം ഈ കഫേയില്‍ ഇടക്കിടെ അരങ്ങേറുന്നുണ്ട്. വിമോചന പ്രമേയം ആസ്പദമാക്കിയുള്ള സിനിമകൾ പ്രദർശിപ്പിക്കാനും ചർച്ചകള്‍ സംഘടിപ്പിക്കാനും വാഗ്വാദങ്ങൾ നടത്താനുമെല്ലാം കഫെ യാഫെ വേദിയാവാറുണ്ട്.

കാല്പനിക - സാങ്കല്പിക കഥാ പുസ്തകങ്ങൾക്കപ്പുറം ഗസയുടെ പോരാട്ട ചരിത്രങ്ങളും കഥകളുമെല്ലാമടങ്ങിയ അനേകം കൃതികളും കഫെ യാഫയുടെ അലമാരകളില്‍ ലഭ്യമാണ്. മഹമൂദ് ദർവേഷിന്റെ പോരാട്ട കവിതകൾ യാഫയുടെ നിലനിൽപ്പിന്റെ അടങ്ങാത്ത മുദ്രാവാക്യങ്ങളായി അവയില്‍ ജ്വലിച്ച് നില്ക്കുന്നതും കാണാം.

"ഇസ്രയേൽ ജനതയോ പൗരസമൂഹമോ ഒന്നും തന്നെ അത്തരം അറബിക് ക്ലാസ്സിക്കുകൾ വായിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും അതൊക്കെയും അവിടെയുണ്ടെന്ന് അറിയിക്കലാണ് എന്റെ ആത്യന്തിക ലക്ഷ്യം.. അതിനാണ് എന്റെ പ്രഥമപരിഗണനയും" മൈകല്‍ റാഹേബ് പറയുന്നു.

ഫലസ്തീനിൽ പുസ്തകങ്ങൾ വിൽക്കാൻ വേണ്ടി മാത്രമുള്ള കടകൾ അത്യപൂർവമാണ്. കഫെ, ഓഫീസ് എക്യുപ്മെന്റ്സ്, മറ്റു വസ്തുക്കളുടെ വില്പനകേന്ദ്രങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ളവകളെ കൂടി ഉൾകൊള്ളിക്കുന്നവകളാണ് അത്തരം കടകൾ. ഇസ്രായേൽ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങളും നിയമങ്ങളും തന്നെയാണ് അതിന് കാരണവും. അറബിക് പുസ്തകങ്ങൾ വായിക്കുന്നതും വിശിഷ്യാ ഗസ്സയുടെ ചരിത്ര പുസ്തകങ്ങൾ വില്‍ക്കുന്നതും ഒരർത്ഥത്തിൽ ഒരു നിശബ്ദ ഇൻതിഫാദ ആണെന്നിരിക്കെ, അത്തരം ചെറുത്ത് നിൽപ്പുകൾ പോലും ഭരണകൂടം പേടിക്കുന്നുണ്ടാവണം.

ദിവസവും 45 മിനുട്ട് സഞ്ചരിച്ച് കഫെ യാഫയിൽ എത്തുന്ന മൈകല്‍ റാഹേബ് ഇനിയും തന്റെ പോരാട്ടം തുടർന്നു കൊണ്ട് പോവാനുള്ള തീരുമാനത്തിൽ തന്നെയാണ്. "ഒരു ഇരുപത് വർഷങ്ങൾ കൊണ്ടെങ്കിലും ഈയൊരു സ്ഥിതിക്ക് മാറ്റമുണ്ടാവും. കഫെ യാഫയെ പോലെ ഒരുപാട് കേന്ദ്രങ്ങൾ ഇനിയും ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിലൂടെ ഈ സമൂഹത്തിന്റെ അസ്തിത്വം കാത്ത് സൂക്ഷിക്കാനാവുമെന്ന് ഞാന്‍ കരുതുന്നു." മൈകല്‍ റാഹേബ് ഇത് പറയുമ്പോൾ ആ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കവും അക്രമത്തിനിരയാവുന്ന ഒരു സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനാവുന്നതിന്റെ സംതൃപ്തിയും കളിയാടുന്നുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter