ഡമസ്കസ് ഇന്നും തലസ്ഥാന നഗരി തന്നെ
ഇത് ഡമസ്‌കസ്... മാനവ സംസ്‌കൃതിയുടെ സംഗമ ഭൂമി.... പൗരാണിക സംസ്‌കാരങ്ങളായ അമോറിറ്റസിന്റെയും ഫൊനീഷ്യന്‍സിന്റെയും ജന്മഭൂമി... വിശ്വവിഖ്യാത രാജാക്കന്മാരും ലോകം വിറപ്പിച്ച ധീരയോദ്ധാക്കളും സ്വന്തം കാല്‍ക്കീഴിലാക്കാന്‍ പോരടിച്ച ചരിത്ര ഭൂമിക... ഡമസ്‌കസ്... ആധുനിക സിറിയയുടെ തലസ്ഥാനനഗരം. പുരാതന കാലം തൊട്ടേ വാണിജ്യ-വ്യാപാര മേഖലയില്‍ കേളികേട്ട ശാമിന്റെ കച്ചവട തലസ്ഥാനം. മാനവ സംസ്‌കാരങ്ങളുടെ മാതാവായ മെസപ്പൊട്ടോമിയയുടെയും പരിശുദ്ധ നഗരമായ ഫലസ്‌തീനിന്റെയും ഓരം ചേര്‍ന്ന് നില്‍ക്കുന്ന ഈ നഗരത്തിന്റെ പൈതൃകം ബൈബിളിലും ഇസ്‌ലാമികചരിത്രങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ചരിത്രം കൂട് കൂട്ടിയത് ഈ ഡമസ്‌കസിന്റെ ചില്ലകളിലായിരുന്നു... ബര്‍ദാ നദിയുടെ സൗരഭ്യം കൂടിയാവുമ്പോള്‍ അലങ്കൃതമേദിനിയായി മാറുന്ന ഡമസ്‌കസ് ലോകത്തോളമുയരുന്നു. മാനം മുട്ടി നില്‍ക്കുന്ന ഇവിടത്തെ മണല് പറമ്പുകളില്‍ ഗതസംസ്‌കാരങ്ങളിലേക്ക് ഇന്നും മണല്‍ക്കാറ്റുകള്‍ ചിതറിയടിക്കുന്നു. വരൂ.... ചരിത്രം മുത്തം വെച്ച ഈ അനുഗ്രഹീത ഭൂമികയിലേക്ക് കടന്നുചെല്ലാം. അതാ... വിഹായസ്സില്‍ വട്ടം കളിക്കുന്ന വിഹഗ വൃന്ദത്തോട് വിരല്‍ചൂണ്ടി കഥ പറയുന്ന പള്ളി മിനാരങ്ങള്‍... ബാബുസ്സഗീറിലെ മാനം മുട്ടി നില്‍ക്കുന്ന കുംബഗോപുരങ്ങള്‍.... പൂക്കളും മധുകണങ്ങളും ഒന്നായിത്തീരുന്ന വസന്തര്‍ത്തുവിലെ മിസ്സല്‍പ്രദേശം... മാധവമാസത്തിലെ മധുവിനെയും അത് നുകരാനെത്തുന്ന മധുപങ്ങളെയും പറ്റി പാടാന്‍ കവിയെ നിര്‍ബന്ധിപ്പിച്ച `ദാരിയ'ന്‍ ഇടനാഴികകള്‍... ഇല്ല, ഈ സിറിയന്‍ തലസ്ഥാന നഗരിക്ക് ചേതനയറ്റിട്ടില്ല... നയനാനന്ദകരവും മധുരമനോഹരവുമായ ഡമസ്‌കസിന്റെ വിഹായസ്സിന് നിറംമാറ്റം സംഭവിച്ചിട്ടില്ല. മണലില്‍ പരന്ന് കിടക്കുന്ന റെയില്‍പാളങ്ങളിലൂടെ കടന്ന് ചെന്നാല്‍ സുന്ദരമായ വലീദ്‌ബിന്‍അബ്‌ദില്‍മലിക് മസ്‌ജിദ് കാണാം.
അമവീചക്രവര്‍ത്തി വലീദ് നിര്‍മ്മിച്ച, സഹസ്രാബ്‌ദങ്ങളുടെ കഥ പറയുന്ന ഈ പള്ളിയിലെ മഖ്‌ബറയിലാണ് ഹ. യഹ്‌യ(അ)മിന്റെയും സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ മസാറുകള്‍... സന്ദര്‍ശകരെ മാടി വിളിക്കുന്ന ഈ ദിവ്യഭവനം കഴിഞ്ഞാല്‍ `ഗൗദ'യുടെ ശബ്‌ദമയമായ പരിസരത്തെത്തി. ഹുസൈന്‍(റ)ന്റെ സഹോദരി സൈനബ്(റ)യുടെ മഖ്‌ബറക്ക് ചുറ്റുമിരുന്ന് ശിആക്കള്‍ സൃഷ്‌ടിക്കുന്ന ആര്‍ത്തനാദങ്ങളും ബഹളങ്ങളും കേട്ട് തഴമ്പിച്ച ഗൗദ ദേശത്തിന് ഭയം ഒട്ടുമേ അനുഭവപ്പെടാറില്ല.... ഡമസ്‌കസിന്റെ വിശാലത തുടരുകയാണ്.... ദിഹ്‌യതുല്‍കല്‍ബി(റ)യുടെ ഗ്രാമമെന്ന് ചരിത്രം പേരിട്ട് വിളിച്ച `മിസ്സ'യെ മാറ്റിനിറുത്തിയാല്‍ ദിമിശ്‌ഖ് പൂര്‍ണ്ണമാവില്ല. സ്വഹിബിവര്യനായ ദിഹ്‌യ(റ) മറപെട്ട് കിടക്കുന്നത് ഇവിടെയാണ്. വാഗതീതമായ മോദാശിസ്സുകള്‍ക്ക് രംഗഭൂമിയായ ഈ സിറിയന്‍ മണ്ണ്, ഒരായിരം സുഭഗജന്മങ്ങളുടെ ഉല്‍ഭവസ്ഥാനവും വിശ്രമ ഗേഹവുമായി ഇന്നും ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. അതെ.... അറ്റ്‌ലാന്റിക് മുതല്‍ ഇന്ത്യന്‍മഹാസമുദ്രം വരെ വ്യാപിച്ചുകിടന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയായിരുന്നെന്ന സര്‍വ്വ പ്രൗഢിയും ഡമസ്‌കസിന് ഇന്നുമുണ്ട്. ഹ. ഉമര്‍(റ)വിന്റെ കാലത്താണ് ഡമസ്‌കസില്‍ ഇസ്‌ലാമിന്റെ വെളിച്ചമെത്തുന്നത്.
ഹി.14ന് അബൂഉബൈദതുല്‍ ജര്‍റാഹും(റ) ഖാലിദ്‌ബിന്‍വലീദും(റ) ചേര്‍ന്ന് പ്രസ്‌തുത നഗരത്തില്‍ ഇസ്‌ലാമിന്റെ ദീപശിഖ തെളിയിച്ചു. ശേഷം ഭരണകൂടങ്ങളും ഭരണാധികാരികളും മാറിമാറി വന്നപ്പോഴും ആ ദീപം കെടാതെ സൂക്ഷിച്ചു. ഇന്നും അത് പ്രശോഭിച്ചുകൊണ്ടിരിക്കുന്നു... പൂര്‍വ്വാധികം ശക്തിയോടെ... ഹ. ഉസ്‌മാന്‍(റ)വിന്റെയും അലി(റ)വിന്റെയും കാലത്ത് ഡമസ്‌കസ് ഗവര്‍ണ്ണറായിരുന്ന മുആവിയ(റ)ക്രി.വ 661ല്‍ ഉമവിയ്യ ഭരണം സ്ഥാപിച്ചപ്പോള്‍ തന്റെ തലസ്ഥാനമായി തെരഞ്ഞെടുത്തതും ഡമസ്‌കസിനെയായിരുന്നു. 750ല്‍ ഉമവി ഭരണം അവസാനിക്കുമ്പോള്‍ നീണ്ട 92 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉമവികള്‍ അതിനെ പുരോഗതിയുടെ ഉത്തുംഗതിയിലെത്തിച്ചിരുന്നു. വലീദുബ്‌നു അബ്‌ദില്‍മലികും മാതൃകാഭരണം കാഴ്‌ച വെച്ച ഉമര്‍ബിന്‍അബ്‌ദില്‍അസീസും(റ) ഡമസ്‌കസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. ആയിരത്തി ഒരുന്നൂറുകള്‍ അവസാനിക്കുമ്പോള്‍ ഡമസ്‌കസ് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ അനുഗ്രഹീത കരങ്ങളിലായിരുന്നു. 1401ല്‍ താര്‍ത്താരി ചക്രവര്‍ത്തി തൈമൂര്‍ലകിന്റെ പരാക്രമത്തില്‍ ആ ചരിത്രനഗരം അഗ്നിക്കിരയായെങ്കിലും അതിന്റെ പ്രതാപത്തിന് തെല്ലും മങ്ങലേറ്റില്ല. ശേഷം കുരിശ്‌സൈന്യവും അടിമവംശ ഭരണാധികാരികളും ഉസ്‌മാനിയ ചക്രവര്‍ത്തികളും മാറി മാറി വന്നപ്പോഴും ഡമസ്‌കസ് അവരെയെല്ലാം മന്ദസ്‌മിതത്തോടെ സ്വീകരിച്ചു. ഉസ്‌മാനി ഖിലാഫത്തിന്റെ അന്ത്യത്തോടെ ഡമസ്‌കസ് യൂറോപ്യരുടെ കോളനിയായി. പാശ്ചാത്യരുടെ ചൂഷണത്തില്‍ അതിന്റെ സമ്പന്നതയും അമൂല്യശേഖരങ്ങളും കൊള്ളയടിക്കപ്പെട്ടു. 1920 ല്‍ ഡമസ്‌കസ് ഫ്രഞ്ച് മാന്‍ഡേറ്ററായി പ്രഖ്യാപിക്കപ്പെട്ടു.
1946ഓടെ സിറിയ പൂര്‍ണ്ണസ്വതന്ത്രയായി. പ്രതാപത്തിന്റെ പര്യായമായ ഡമസ്‌കസ് കോട്ടയും കലാസൗന്ദര്യം മുറ്റിനില്‍ക്കുന്ന റോമന്‍ക്രിസ്‌ത്യരുടെ ജൂപിറ്റര്‍ ചര്‍ച്ചും പൗരാണിക ശില്‍പചാതുര്യം വിളിച്ചോതുന്ന ഉമവീ മസ്‌ജിദും ശംസീപാഷാ മസ്‌ജിദും ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. നഖ്‌ശബന്ദീ ത്വരീഖത്തിന്റെ ഈറ്റില്ലമായ ഈ പട്ടണം ഭക്തിയുടെ നിറകുടമാണ്. ജനനിബിഡമായ ദിക്‌ര്‍ ഹല്‍ഖകള്‍ ഇന്നും കാണാം. അവിടത്തെ മാര്‍ക്കറ്റുകള്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുരാതന കെട്ടിടങ്ങളില്‍ നടക്കുന്ന വാണിജ്യ-വ്യാപാരങ്ങള്‍ പാശ്ചാത്യ-പൗരസ്‌ത്യദേശങ്ങളിലെ അത്യാധുനിക പട്ടണങ്ങളെപ്പോലും പിന്നിലാക്കുന്നതാണ്. തടിയും ഇഷ്‌ടികയും കൂട്ടി നിര്‍മ്മിച്ച പ്രസ്‌തുത കെട്ടിടങ്ങളുടെ ഈടിന് മുമ്പില്‍ ഇന്നും ശാസ്‌ത്രം പകച്ചുനില്‍ക്കുന്നു. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സിറിയ ഇന്ന് പ്രശ്‌നകലുഷിതമാണ്. ഗതകാല പ്രൗഢിയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഡമസ്‌കസ് ഇന്ന രക്തരൂക്ഷിതമാണ്. സമാധാനം മുറ്റിനില്‍ക്കുന്ന ഒരു ഡമസ്‌കസിന്റെ പുനസൃഷ്‌ടിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment