റോഹിംഗ്യകളോടുള്ള ക്രൂരത: മോദിയും സൂകിയും ഒരേ തൂവല്‍പക്ഷികള്‍

അതിഥികളെയും അഭയം തേടി വരുന്നവരെയും മാന്യമായി എതിരേല്‍ക്കുക എന്നത് മനുഷ്യത്വത്തിന്റെ ഉദാത്ത സ്വഭാവങ്ങളില്‍പെട്ടതാണ്. മതവും ഗോത്രവും ജാതിയും ഇവിടെ നോക്കേണ്ടതില്ല. പക്ഷെ ഇന്ന് റോഹിങ്ക്യന്‍ മുസ്ലിംങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയമ വിരുദ്ധ കുടിയേറ്റക്കാരാണെന്നും, ഭീകരവാദികളെന്നും,സുരക്ഷ ഭീഷണിക്കാരെന്നും മുദ്രകുത്തപ്പെടുത്തുമ്പോള്‍ അത് അന്ധമായ മതവിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാകുന്നു. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന് ഒരിക്കലും ഭൂഷണമല്ല ഈ നിലപാട്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയില്‍ ഹതാശരായ എത്രയെത്ര മനുഷ്യരാണ് തുണയും തണലുമേന്തി ഇങ്ങോട്ടേക്ക് ഒഴുകിയെത്തിയത്. 1971-ല്‍ ബംഗ്ലദേശില്‍ നിന്ന് ലക്ഷകണക്കിന് ഹിന്ദുക്കളും മുസ്ലിംകളും ഗോത്ര വര്‍ഗ്ഗക്കാരും പ്രാണനും കൊണ്ട് ഒഴുകിയെത്തിയപ്പോള്‍  പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അതിര്‍ത്തി തുറന്ന് വെച്ച് കൊടുത്തു. തിബത്തില്‍ ബുദ്ധ മത വിശ്വാസികള്‍ പീഡനങ്ങള്‍ നേരിട്ടപ്പോള്‍ ദലൈലാമ അടക്കമുള്ള പതിനായിരകണക്കിന് ആളുകള്‍ക്ക് നാം അഭയം നല്‍കി. ശ്രീലങ്കയില്‍ നിന്ന് എണ്ണമറ്റ ഹിന്ദുക്കളും, ക്രിസ്ത്യാനികളും, അഭയാര്‍ത്ഥികളായി വന്ന് പാര്‍പ്പുറപ്പിച്ചു. 

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ കാലുഷ്യം പതിനായിരകണക്കിന് അഭയാര്‍ത്ഥികളെ വരവേല്‍ക്കാന്‍ രാജ്യം തയ്യാറായി. അവര്‍ക്കെല്ലാം സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാറുകള്‍  മുന്നോട്ട് വന്നത് പ്രതിജ്ഞാ ബദ്ധതയോടെ നാം തുടര്‍ന്ന് പോകുന്ന ഒരു നയത്തിന്റെ ഭാഗമായിരുന്നത് കൊണ്ടാണ്.

എന്നാല്‍, ഇപ്പോള്‍ റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ തീര്‍ത്തും നിരുത്തരവാദിത്തപരമായ സമീപനമാണ് കാണിച്ചിരിക്കുന്നത്. അവര്‍ രാജ്യത്തിന് ഭീഷണിയാണെന്നും അവര്‍ അംഗീകൃത കുടിയേറ്റക്കാരല്ലെന്നും ജയറ്റ്‌ലി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും തള്ളിക്കളയുന്നതാണ് ഈ നിലപാട്. 
 

അയല്‍ രാജ്യമായ മ്യാന്മാറില്‍ നിന്ന് കുടിയേറിയ മുഴുവന്‍ മനുഷ്യരെയും രാജ്യത്ത് നിന്ന് നാട് കടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമ്പോള്‍  നീതി പീഠം ഇടപെടരുതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവിശ്യപ്പെടുകയും ചെയ്തിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ നമ്മുടെ രാജ്യത്ത് അഭയം തേടിയിട്ടുണ്ടെന്നിരിക്കെ, ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നതിന്റെ പേരില്‍ പിറന്ന മണ്ണില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ടി വന്ന ഒരു കൂട്ടരോട് മാത്രം ഇമ്മട്ടില്‍ മനുഷ്യത്വ ഹീനമായി പെരുമാറുന്നത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടും അവര്‍ ഇന്ത്യയില്‍ ജീവിക്കുന്ന ദുരന്തമറിഞ്ഞിട്ടും ഇരകളെ വേട്ടക്കാരാക്കുന്നതെന്ത് കൊണ്ട്?  

ഒരു പാട് അഭയാര്‍ത്ഥികളെ വരവേറ്റ് ഇടം നല്‍കിയ രാജ്യത്ത് റോഹിങ്ക്യന്‍ മുംസ്ലിംകള്‍ അഭയാര്‍ത്ഥികളായി കടന്ന് വന്നപ്പോള്‍ അവര്‍ മാത്രം എന്ത് കൊണ്ട് തീവ്രവാദികളും നിയമവിരുദ്ധ കുടിയേറ്റക്കാരുമാ
യി മാറി? തങ്ങള്‍ സ്വപ്‌നം കാണുന്ന ഹിന്ദുത്വ രാഷ്ട്രത്തിന് അനഭിമതരായ മത സമൂഹമായത് കൊണ്ട് എന്നുതന്നെയാണ് ഇതിനുത്തരം. ജാതിയും മതവും നോക്കി മാത്രം സഹായ ഹസ്തം നീട്ടുന്ന ഈ കാടന്‍ നയം ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് കരണീയമാണോ?!

റോഹിങ്ക്യന്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കലാപം നടത്തുന്നവരാണെന്ന പുതിയ മിത്ത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ സ്ഥാപിച്ചെടുക്കാന്‍ വ്യഗ്രത കാട്ടിയ മ്യാന്മാര്‍ ഭരണകൂടത്തിന് പിന്തുണയര്‍പ്പിച്ച വ്യക്തിത്വമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. ഇത്തവണ അവിടെ പ്രശ്‌നം ആരംഭിച്ച സമയത്താണ് അദ്ദേഹം സൂകിയെ മ്യാന്മറില്‍ സന്ദര്‍ശിച്ചത്. തീവ്രവാദത്തെ ചെറുക്കും എന്ന് പറയുകയെന്നതിലപ്പുറം നിലവിലെ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് ഒരക്ഷരം മോദി ഉരിയാടിയിരുന്നില്ല. കൂടാതെ റോഹിങ്ക്യന്‍ മുസ്ലിംകളെ തുരത്താന്‍ കൂടി അനുമതി നല്‍കിയിരിക്കുകയാണ്. 

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്ന അതിര്‍ത്തി സുരക്ഷ സേന മുളക് സ്‌പ്രേയും തീവ്ര ശേഷിയുള്ള ഗ്രനേഡും ഉപയോഗിച്ച് ഹതാശരായി എത്തുന്ന മനുഷ്യരെ ആട്ടിയോടിക്കുകയാണ്. 40,000 അഭയാര്‍ത്ഥികളെ പുറന്തള്ളാന്‍ ശ്രമിക്കുന്നതിനോടപ്പം കൂടുതല്‍ പേര്‍ രാജ്യത്ത് കടക്കാതിരിക്കാന്‍ കൂടി കടുത്ത മാര്‍ഗം അവലംബിക്കുന്നു. ഇത് ജീവനുള്ള ഒരു ജനതയോട് കാണിക്കുന്ന ഏറ്റവും വലിയ കാടത്തമാണെന്ന് രാജ്യത്തെ ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നില്ല.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രവാഹം തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഒരു രാജ്യത്തും ഇവര്‍ സുരക്ഷാ ഭീഷണിക്കാരായി ചൂണ്ടി കാണിക്കപ്പെട്ടിട്ടില്ല. ഭീകര വാദിയായി മുദ്ര കുത്തപ്പെട്ടില്ല. ഭീകരവാദത്തിന്റെ പേര് പറഞ്ഞാല്‍ അതോടെ ആരും എതിര്‍ക്കപ്പെടാന്‍ ധൈര്യപ്പെടില്ല എന്ന വിശ്വാസമാവണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കൊണ്ട് അതീവ ഗുരുതരമായ ആരോപണം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു നേരത്തെ പശിയടക്കാന്‍ പോലും വകയില്ലാതെ, ആരൊക്കെയോ എറിഞ്ഞ് കൊടുക്കുന്ന ഉച്ചിഷ്ടങ്ങളും കാട്ടില്‍ നിന്ന് ശേഖരിക്കുന്ന ഇലകളും വേരുകളും കഴിച്ച് ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന ഒരു ജനത ഭീകരവാദികളായി ആയുധമെടുക്കുമെന്നൊക്കെ പറഞ്ഞാല്‍ ജനം അത് അണ്ണാക്ക് തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതുന്നത് ശുദ്ധ ഭോഷത്തമല്ലേ?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter