നാട്ടിലെ മലയാളിയും മറുനാട്ടിലെ മലയാളിയും

malayaliസ്വഭാവസവിശേഷതകളിലും ജീവിതരീതികളിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് മലയാളികള്‍. അവരുടെ അഭിരുചികളും ആഗ്രഹങ്ങളും അഭിപ്രായങ്ങളുമൊക്കെ എന്നും വേറിട്ടതായിരുന്നു. കാലക്രമേണ ഇവകളിലൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി മലയാളികളുടെ സ്വഭാവത്തില്‍ ഇന്നും കാതലായ വ്യതിയാനങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഭൗതിക സാങ്കേതികതയുടെ മുന്നേറ്റം വഴിയും വിവരവിതരണ സ്രോതസ്സുകളുടെ അഭൂതപൂര്‍വമായ വികാസം വഴിയും മലയാളിയുടെ ജീവിതരീതികളിലും ധനാഗമന മാര്‍ഗങ്ങളിലും സേവനമേഖലകളിലും കാലോചിതമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിപ്പിടിച്ചത് അപ്രാപ്യമായ നേട്ടങ്ങളാണ്. പരാമൃഷ്ട കാര്യങ്ങളിലൊക്കെ ആശാവഹവും അഭിനന്ദനീയവുമായ മാറ്റങ്ങള്‍ക്ക്  തുടക്കം കുറിച്ചെങ്കിലും നമ്മുടെ മാനസികാവസ്ഥ(ങശിറലെ)േയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആസ്വാദന രീതിശാസ്ത്രവും ബന്ധങ്ങളോടുളള സമീപനങ്ങളും വിലയിരുത്തലുകളിലെ മാനദണ്ഡങ്ങളും ഇപ്പോഴും പഴയതുപോലെത്തന്നെ തുടരുകയാണ്. മതജാഗരണ പ്രസ്ഥാനങ്ങളും നിരീശ്വര വിശ്വാസികളും യുക്തിവാദസംഘങ്ങളും ആള്‍ ദൈവ ബിംബങ്ങളും പ്രഫുല്ലമായി പ്രവര്‍ത്തിക്കുകയും അവരുടെയൊക്കെ ആശയലോകം സ്വതന്ത്രമായി വിശകലനംചെയ്യപ്പെടുകയും ചെയ്യുന്ന കേരളീയ പരിസരത്താണ് മലയാളികളുടെ മാനസിക സമീപനം സ്ഥായിയായിത്തന്നെ തുടരുന്നത്.  വിഷയങ്ങളുടെ സമീപനങ്ങളിലും അവയുടെ സ്വീകരണ നിരാകരണങ്ങളിലും മുന്‍ഗണനാക്രമനിശ്ചയത്തിലും നാം ഇപ്പോഴും പിന്തുടരുന്നത് അശാസ്ത്രീയവും അനുചിതവുമായ മാനദണ്ഡങ്ങളാണ്. കാര്യങ്ങളെ പക്വമായും പാകമായും വിലയിരുത്താനും സുചിന്തിതമായി സമീപിക്കാനുമുളള മാനസിക വിശാലത മലയാളി ഇന്നും ആര്‍ജിച്ചിട്ടില്ല. ഉപരിപ്ലവമായ ചര്‍ച്ചകളിലും സംവാദങ്ങളിലും അലസമായി ഇടപെടുകയും ആസ്വാദനപരതയില്‍ അഭിരമിക്കുകയും ചെയ്യാനാണ് മലയാളി മനസ്സുകളിലധികവും ആഗ്രഹിക്കുന്നത്. കാര്യഗൗരവം തിരിച്ചറിഞ്ഞ് വിഷയങ്ങളെ സമീപിക്കുന്നവര്‍ വളരെ കുറവാണ്. കണിശതയോടെ കൈകാര്യംചെയ്യേണ്ട കാര്യങ്ങളെ അലസമായി കാണുകയും അവകളില്‍ അഭിശപ്തമായ ആസ്വാദനപരത  സൃഷ്ടിക്കുകയും ചെയ്യുന്ന അപകടകരമായ പ്രവണത മലയാളികളില്‍ വര്‍ധിച്ചുവരുന്നുണ്ട്. അന്യന്റെ ദുഃഖങ്ങളെയും സങ്കടങ്ങളെയും പോലും ആഘോഷങ്ങളാക്കുന്ന ക്രൂരമനസ്സിനുടമകളാണ് മലയാളികളില്‍ പലരും. മറ്റുള്ളവരുടെ സ്വകീയതയും സ്വീകാര്യതയും ചൂഴ്ന്നന്വേഷിച്ചും പര്‍വതീകരിച്ചവതരിപ്പിച്ചും ആസ്വാദനപരത കണ്ടെത്തുന്ന ഇക്കൂട്ടര്‍ വികലമായ മനസ്സിനുടമകളാണ്. ഇത്തരക്കാരുടെ മനസ്സ് മനശ്ശസ്ത്രപരമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. നന്മകളെയും ഉയര്‍ചകളേയും കാണാത്തയിവര്‍ തിന്മകളെയും വീഴ്ചകളെയും മാത്രമേ കാണൂ. അന്യരുടെ സ്വകാര്യതകള്‍ ചൂഴ്ന്നന്വേഷിക്കുന്നയിവര്‍ ഇതിനായി ഏത് ഹീനമാര്‍ഗങ്ങളും സ്വീകരിക്കുക ചെയ്യും. ഇത്തരം ദോഷൈകദൃക്കുകള്‍ അവരന്വേഷിച്ച വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ അസ്വസ്ഥപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നതും കാണാം.  മനസ്സിലുളള ജിജ്ഞാസയെ നിര്‍മാണാത്മകമായി വിനിയോഗിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയില്ല. വിചാരിച്ച പോലെ കാര്യങ്ങള്‍ സാധ്യമായില്ലെങ്കിലും ഉദ്ദേശിച്ചവര്‍ കെണികളില്‍ അകപ്പെട്ടില്ലെങ്കിലും ഇവര്‍ സങ്കടപ്പെടുകയും ശ്രമം വിഫലമായതോര്‍ത്ത് നൊമ്പരപ്പെടുകയും ചെയ്യും. നിഷേധാത്മക ചിന്ത (ചലഴമശേ്‌ല വേീൗഴവെേ) യുടെ വിളനിലമായ ഇവരുടെ മനസ്സുകള്‍ പിശാചുക്കള്‍ വാഴുന്ന ശൈലങ്ങളായിരിക്കും. വിശുദ്ധിയുടെ മാലാഖമാര്‍ ഇവരുടെ ഉളളില്‍ കുടികൊള്ളുകയില്ല. ദുര്‍ഗന്ധവാഹിനികളായ ഇത്തരം മനസ്സിനുടമകള്‍ മലയാളികളില്‍ അധികരിച്ചുവരുന്നുണ്ട്. പ്രഭാതത്തില്‍തന്നെ പത്രം തുറന്ന് പുതിയ വിവാദങ്ങള്‍ കത്തിപ്പുകയുന്നില്ലെന്നറിഞ്ഞാല്‍ വിഷമിക്കുന്നവര്‍ ഇത്തരത്തില്‍ പെട്ടവരാണെന്ന് പറയാതെവയ്യ. മലയാളികളുടെ ലൈംഗിക സദാചാരത്തില്‍ പ്രകടമായ കാപട്യം വളര്‍ന്നുവരുന്നുണ്ട്. പുറത്ത് പുഞ്ചിരിയുടെ പൂമാലകള്‍ അണിഞ്ഞ് നില്‍ക്കുന്നവര്‍ അകത്ത് സദാചാരത്തിന്റെ സകല സീമകളെയും ലംഘിച്ചു ജീവിക്കുന്നു. പ്രത്യക്ഷ സമീപനത്തില്‍ ലൈംഗിക അരാചകത്വത്തെ നിരാകരിക്കുകയും പരോക്ഷ ജീവിതത്തില്‍ അതിന്റെ തന്നെ വക്താക്കളാവുകയും ചെയ്യുന്ന കപടസദാചാര സങ്കല്‍പ്പം തീര്‍ച്ചയായും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. പ്രത്യക്ഷ-പരോക്ഷ ജീവിതത്തില്‍ വിശുദ്ധരായവര്‍ക്ക് മാത്രമേ സത്യത്തില്‍ ലൈംഗിക സദാചാരത്തെ കുറിച്ച് അഭിപ്രായംപറയാനുളള ധാര്‍മികമായ അവകാശമുളളൂ. സ്വകാര്യമായി ആസ്വദിക്കപ്പെടേണ്ട ലൈംഗികതയെ പരസ്യമായി ആസ്വദിക്കുന്ന രീതിയും വളരുന്നുണ്ട്. പോണ്‍സൈറ്റ്‌സ് സന്ദര്‍ശകരുടെ അനുനിമിഷ വര്‍ധിതമായ ഉയര്‍ച്ച മലയാളികളുടെ ലൈംഗികാസ്വാദന തല്‍പ്പരതയിലേക്കുളള വ്യക്തമായ വിരല്‍ ചൂണ്ടലാണ്. സ്വകാര്യമായി ലൈംഗിതയാസ്വദിക്കുന്നതു പോലും കണ്ടാസ്വദിക്കുന്ന പരോക്ഷരതിക്കടിമപ്പെട്ടവരാണ് ഇന്നത്തെ മലയാളികള്‍. ആസ്വാദനപരതയുടെ ഈ മാനസികാവസ്ഥ മലയാളികളില്‍ സൃഷ്ടിച്ചത് മാധ്യമങ്ങളാണ്; വിശിഷ്യാ ദൃശ്യമാധ്യമങ്ങള്‍. വാര്‍ത്തകള്‍ പോലും ആസ്വാദനക്ഷമമാക്കി മാറ്റാനാണ് ചാനലുകള്‍ ശ്രമിക്കുന്നത്. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചും വിഷയസ്വീകരണത്തിലെ മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ചും കര്‍ത്തവ്യബോധം മറന്നും മത്സരിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തെ അപകടമായാണു സ്വാധീനിക്കുന്നത്. കുടുംബത്തോടൊപ്പം ചേര്‍ന്നിരുന്നു വാര്‍ത്തകള്‍ പോലും കാണാനാവാത്ത ദുരവസ്ഥയിലേക്കാണിന്ന് നമ്മുടെ മാധ്യമങ്ങള്‍ സമൂഹത്തെ എത്തിച്ചിരിക്കുന്നത്. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി വ്യാജ നിര്‍മിതികളെ സാധൂകരിക്കുന്നതും ഭാവനാജന്യമായ അപനിര്‍മിതി നടത്തി പ്രചരിപ്പിക്കുന്നതും മധ്യമധര്‍മത്തിന്റെ പരസ്യമായ ലംഘനമാണ്. ഈഗോയിസത്തിന്റെ പുതിയ വക്താക്കളാണ് മലയാള ചാനലുകളിലെ അവതാരകരില്‍ പലരും. പ്രസ്താവനകളെ വളച്ചൊടിക്കുന്നതിലും വാചകങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിലും സ്വാഭാവിക വാക്ക്പിഴവുകളെ ഉദ്ധരിച്ചു വൈരുദ്ധ്യങ്ങള്‍ കണ്ടെത്തുന്നതിലും പ്രത്യേക പ്രാഗല്‍ഭ്യം നേടിയവരാണിവര്‍ ആംഗ്യവിക്ഷേപങ്ങളിലും മുഖഭാവങ്ങളിലും ചോദ്യ രീതികളിലും ഒരുതരം പ്രദര്‍ശനപരത കണ്ടെത്തുന്ന ഇക്കൂട്ടര്‍  മുന്നിലിരിക്കുന്നവരെ തങ്ങളുടെ വാ ഗ്വിലാസം കൊണ്ട് പരിഹസിച്ചും കൊച്ചാക്കിയും ജനശ്രദ്ധ നേടുകയാണ് ചെയ്യുന്നത്. മികച്ച അവതാരകരെന്ന കീര്‍ത്തിക്കായായി സമുന്നതരായ പലരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതി ഒരിക്കലും മനഃശാസ്ത്രപരമല്ല. ലൈംഗികച്ചുവയുളള വാര്‍ത്തകള്‍ സൃഷ്ടിക്കാനും അതു വിവാദമാക്കാനുമാണ് നമ്മുടെ മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യതകള്‍ ചുഴന്നന്വേഷിച്ചു ലൈവ് ഷോകള്‍ പ്രക്ഷേപണം ചെയ്ത് ജനകീയത നിലനിര്‍ത്താനുളള ശ്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല. മറഞ്ഞിരിക്കുന്നതെന്തും കാണാനാഗ്രഹിക്കുന്ന ഒരു സ്വഭാവം മനുഷ്യമനസ്സിനുണ്ട്. നഗ്നസൗന്ദര്യം ആരോചകമാവുമ്പോഴും അത് മറഞ്ഞിരുന്നാല്‍ കാണണമെന്നാഗ്രഹിക്കുന്നതാണ് മനസ്സ്.  മനസ്സിന്റെ സഹജമായ ഈ സ്വഭാവത്തെയാണ് മാധ്യമങ്ങള്‍ ചൂഷണം ചെയ്യുന്നത്. ആസ്വദിക്കാനുതകുന്ന വിഭവങ്ങളും വാര്‍ത്തകളും നല്‍കി മനസ്സിനെ ദുശിപ്പിക്കുന്നതില്‍ ഈ മാധ്യമങ്ങള്‍ക്ക് അനല്‍പ്പമായ പങ്കുണ്ട്. ഉന്നതരുടെ സ്വകാര്യ സങ്കടങ്ങളും രഹസ്യങ്ങളും എക്‌സ്‌ക്ലൂസീവായി നല്‍കി പുറത്തുവരുന്ന പത്രമാധ്യമങ്ങള്‍ തേടുന്നതും ഈ വികലമനസ്‌കരായ വായനാസമൂഹത്തെയാണ്. സത്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാനുളളത് ഭാരിച്ച ചുമതലയാണ് ജനാധിപത്യത്തിന്റെ കാവല്‍ ഭിത്തികളാണവ. മാധ്യമങ്ങളില്ലാത്ത ലോകം അചിന്തനീയമാണ്. ഭരണാധികാരികളെ ശരിയായ രീതിയില്‍ നയിക്കുന്നതില്‍ മുഖ്യ പങ്ക് മാധ്യമങ്ങള്‍ക്ക് തന്നെയാണ്. മാധ്യമ പ്രവര്‍ത്തനം സ്വതന്ത്രമായി നിര്‍വഹിക്കാനുളള അവസരവുമുണ്ടാവണം. അവരെ ഭയപ്പെട്ടുകൊണ്ടു തന്നെ ഭരണം നടത്തപ്പെടുകയും വേണം. എന്നാല്‍, ഈ സ്വാതന്ത്ര്യം ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാവരുത്. സദുദ്ദേശ്യപരമായി രഹസ്യങ്ങള്‍ കണ്ടെത്തുന്നതും പുറത്തുവിടുന്നതും ഒരു പരിധിവരെ ശ്ലാഘനീയവുമാണ്. മികച്ച ഭരണമുണ്ടാവാന്‍ നിമിത്തമാവട്ടെയെന്ന താല്‍പ്പര്യത്തോടെയുളള സ്റ്റിങ് ഓപറേഷനുകള്‍ ആവാവുന്നതുമാണ്. മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് വ്യക്തികളിലാണ്. ഓരോരുത്തരുടെയും സമീപനത്തിലും വിശകലനരീതികളിലും മാറ്റം വരണം. തന്റെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെ കാരണം കണ്ടെത്തപ്പെടണം. തനിക്കെല്ലാവരോടും വെറുപ്പാണെന്നും അതിനു നിശ്ചിത കാരണങ്ങളൊന്നുമില്ലെന്നുമുള്ള പതിവു രീതി പുനപ്പരിശോധിക്കപ്പെടണം. ''കാളപെറ്റു കയറെടുക്കൂ' എന്ന രീതിയില്‍ കേട്ടതെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം മാറിവരണം. കളങ്കരഹിതമായ വ്യക്തിത്വം എല്ലാവരും രൂപപ്പെടുത്തിയെടുക്കണം. നന്മയെ ഉള്‍ക്കൊള്ളാനും തിന്മയെ നിരാകരിക്കാനുമുളള വിശാലമായ മനസ്സുണ്ടാവണം. മാതൃകാപുരുഷനായ പ്രവാചകജീവിതം നമ്മുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശണം. സ്വന്തം പിഴവുകള്‍ കാണാനും തിരുത്താനും കഴിയണം. അന്യന്റെ ദുഃഖത്തില്‍ പങ്കാളിയാവാനും വേദനകളില്‍ സാന്ത്വനമാവാനും ശ്രമിക്കണം. വിചാരധീരതയുടെ ജ്വാലകളും വികാരവായ്പിന്റെ ആര്‍ദ്രതയുളള മനുഷ്യരായി നാം സ്വയം പരിവര്‍ത്തിക്കണം. നൈമിഷികമായി എല്ലാം ആസ്വദിച്ചു തീര്‍ക്കുന്ന മലയാളികളും ആസ്വാദന രീതി ശാസ്ത്രം പൊളിച്ചെഴുതപ്പെടണം. വിദേശത്ത് സക്രിയരും സ്വദേശത്ത് നിഷ്‌ക്രിയരുമാവുന്ന സേവന സമീപനം മാറിവരണം. എല്ലാം പറഞ്ഞും കേട്ടും പൊറുക്കാനുള്ള വിശാലത നമ്മുടെ മനസ്സുകള്‍ക്കുണ്ടാവണം. അഭിമാനവും അന്തസ്സും പരസ്പരം സംരക്ഷിക്കണം. നേതൃത്വത്തിന്റെ തീര്‍പ്പുകള്‍ മനസ്സാ അംഗീകരിക്കണം. നേതൃനിരകളില്‍ വിള്ളലുണ്ടാവുംവിധം കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍ ശ്രമിക്കണം. മറക്കാനും പൊറുക്കാനും സഹിക്കാനും പ്രാപ്തമായ വിശാല മനസ്സിനുടമകളായി മാറണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter