സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
ജിദ്ദ: കൊറോണ വൈറസ് സൗദിയിൽ അടക്കം ദുരന്തം വിതക്കുന്നതിനിടെ റമദാന്‍ പ്രമാണിച്ച്‌ ഭരണാധികാരി സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു. 20 കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്കാണ് പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കുക. എന്നാൽ കൊലപാതകം, ഭീകര പ്രവര്‍ത്തനം, ദേശവിരുദ്ധ പ്രവര്‍ത്തനം അടക്കമുള്ള വലിയ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

ആളപായമില്ലാത്ത നിലക്കുള്ള ആക്രമണം, ഗതാഗത നിയമ ലംഘനം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മാതാപിതാക്കളോട് അനുസരണകേട് കാണിക്കല്‍, സദാചാര കേസുകള്‍, മോഷണം, രഹസ്യ രേഖകള്‍ മോഷ്ടിക്കല്‍, ഇഖാമ നിയമ ലംഘകരെ കടത്തല്‍, ഓഹരി വിപണി നിയമ ലംഘനം, അനധികൃത മന്ത്രചികിത്സ, കരുതിക്കൂട്ടിയല്ലാത്ത കൊലപാതകം, ജയിലുകള്‍ക്കും ലോക്കപ്പുകള്‍ക്കും അകത്ത് സംഭവിക്കുന്ന കേസുകള്‍, മദ്യം, ആയുധം, ബിനാമി ബിസിനസ്, നിസ്സാര കേസുകള്‍, ഖാത്ത് കടത്ത്, പോക്കറ്റടി, വണ്ടിച്ചെക്ക്, മയക്കുമരുന്ന് എന്നീ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്കാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി പൊതുമാപ്പ് ലഭിക്കുക.

അടിപിടി, മദ്യസേവ, ലൈസന്‍സില്ലാതെ ആയുധം സൂക്ഷിക്കൽ, ബിനാമി ബിസിനസ്, വാണിജ്യ വഞ്ചനാ കേസുകൾ എന്നീ കേസുകളും പൊതുമാപ്പിന്റെ പരിധിയിൽ വരുന്നതാണ്. പൊതുമാപ്പ് ലഭിക്കുന്നതിന് തടവുകാര്‍ തങ്ങളുടെ പേരിലുള്ള, കേസിന്റെ ഭാഗമായ സ്വകാര്യ അവകാശ കേസുകളിലെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേ സമയം പൊതുമാപ്പ് മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter