ഈ നീതി നിഷേധത്തിന് ഏഴു വര്‍ഷം തികയുന്നു
സമസ്ത കേരള ജംയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും ചെമ്പരിക്ക മംഗലാപുരം ഖാസിയും പണ്ഡിതനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് ഇന്നേക്ക് (സ്വഫര്‍ 30) ഏഴ് വര്‍ഷം തികയുന്നു.
ഉത്തര മലബാറിലെ വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച മഹാ മനീഷിയായിരുന്നു സി.എം. 1971 ല്‍ ദേളിയിലെ ജാമിഅ സഅദിയ്യക്ക് തുടക്കം കുറിച്ചു. 1993 ല്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സ്ഥാപിച്ചു. നിരവധി മഹല്ലുകളില്‍ ഖാളിയായി സേവനമനുഷ്ഠിച്ചു. മത വിദ്യാഭ്യാസ മേഖലയില്‍ ഉമ്മത്തിന് നേതൃത്വം നല്‍കി ജീവിച്ചുപോന്നു.
2010 ഫെബ്രുവരി 15
ജനം ഞെട്ടലോടമാണ് ആ വാര്‍ത്ത കേട്ടത്. സി.എം. വധിക്കപ്പെട്ടിരിക്കുന്നു. ചെമ്പരിക്ക കടലിലാണ് ശരീരം കാണപ്പെട്ടത്. കടലില്‍ നിന്ന് പുറത്തെടുത്ത് തറവാട്ടില്‍ ആദ്യം പൊതുദര്‍ശനത്തിന് വച്ചു. ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. ഇതിനകം കൈരളിയുടെ കണ്ണും കാതും ദുരൂഹതകളുടെ ചുരുളഴിയാന്‍ വെമ്പല്‍ കൊണ്ടു. ജനം ചെമ്പരിക്കയിലേക്ക് പരന്നൊഴുകി.
പോലീസിന്റെ ഇരട്ടത്താപ്പ്
പോലീസിന്റെ ഇടപെടല്‍ ആദ്യം മുതലേ സംശയാസ്പദമായിരുന്നു. എന്തോ ഒപ്പിച്ചെടുത്ത മട്ടിലായിരുന്നു തുടര്‍ക്രിയകള്‍. സ്ഥലം എസ്.ഐ സംഭവസ്ഥലത്ത് എത്തുന്നതിനേക്കള്‍ മുന്‍പ് ഡി.വൈ.എസ്.പി ഹബീബ് റഹ്മാന്‍ സ്ഥലത്തേക്ക് കുതിച്ചെത്തി. പൂട്ടിക്കിടന്ന റൂം ഫിംഗര്‍ പ്രിന്റ് പരിശോധനകള്‍ക്ക് മുതിരാതെ പൂട്ട് പൊളിച്ചു. അകത്തേക്ക് പ്രവര്‍ത്തകനെ വിളിച്ച് വരുത്തി വിവര്‍ത്തനം ചെയ്ത ബുര്‍ദാശകലം ആത്മഹത്യ കുറിപ്പാക്കി മാറ്റി. എനിക്ക് കിട്ടേണ്ടത് കിട്ടി എന്നായിരുന്നു ഡി.വൈ.എസ്.പി യുടെ പ്രതികരണം. പിന്നീട് വെണ്ടക്ക അക്ഷരത്തില്‍ പത്രങ്ങളില്‍ ആത്മഹത്യയായി വാര്‍ത്ത വന്നു.
ഖാളി കയറിയെന്ന് പറയപ്പെടുന്ന പാറക്കൂട്ടത്തില്‍ അടുക്കി ഒരുക്കി വെച്ച ചെരിപ്പ്, വടി വിരടയാള വിധഗ്ധരക്കൊണ്ടോ ഡോഗ് സ്‌ക്വാഡിനെ കൊണ്ടോ ഒരു പരിശോധനക്കും വിധേയമാക്കിയില്ല.
കാസറഗോഡ് ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളിലൂടെ ഖാസിയുടേത് ആത്മഹത്യയെന്ന് പ്രചരിപ്പിക്കാന്‍ ഡി.വൈ.എസ്.പി ശ്രമം നടത്തി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 16.02.2010 ന് ലഭ്യമായെങ്കിലും പോലീസ് പുറത്ത് വിട്ടത് 25.02.2010 ന് മാത്രമാണ്.
റഷീദ് മലബാരി എന്ന അധോലോക നായകന്‍ ചെമ്പരിക്കയിലും, ചട്ടഞ്ചാലിലും താമസിച്ചത്, കാസറഗോട്ടെ വി.ഐ.പിയെ കൊല്ലാനാണ് ഞാന്‍ വന്നതെന്ന് മൊഴി കെടുത്തതും പോലീസ് മുഖവിലക്കെടുത്തില്ല.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മരണത്തിനു മുന്‍പ് ബലപ്രയോഗം നടന്നതായും ആഴത്തിലുള്ള നാല് മുറിവുകളുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. കഴുത്തെല്ല് പൊട്ടിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ജന്‍ പ്രൊഫ.ഗോപാലകൃഷ്ണന്‍ ബേക്കല്‍ പോലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്.
വെള്ളത്തില്‍ ചാടിയാണ് മരിക്കുന്നതെങ്കില്‍ ഇത്ര മുറിവുകള്‍ എങ്ങനെ വന്നു?
പ്രക്ഷോഭങ്ങള്‍
ഖാസിയുടെ മരണം കൊലപാതകമെന്നു ആദ്യം പറഞ്ഞത് എസ്.കെ.എസ്.എസ്.എഫാണ്. തുടര്‍ന്ന് സമരപരിപാടികളുമായി മുന്നോട്ട് വന്നു. സംയുക്ത സമരസമിതികള്‍ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങളുമായി കടന്നുവന്ന് കേസുമായി മുന്നോട്ടു പോകേണ്ടതിന്റെ സാമൂഹ്യ ബാധ്യത ബോധ്യപ്പെടുത്തി. രണ്ടര മാസത്തോളം ഒപ്പുമരച്ചുവട്ടില്‍ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ചേര്‍ന്ന് നടത്തിയ അനിശ്ചിതകാല സമരം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. മുഖ്യമന്ത്രി പിണറായ് വിജയന്റെ ഉറപ്പിന്‍മേലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
കേസ് സി.ബി.ഐക്ക്
ക്രൈംബ്രാഞ്ച് ഡിറ്റാച്ച്‌മെന്റ്, ക്രൈംബ്രാഞ്ച് എന്നിവരുടെ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്ന് പറഞ്ഞ് സമരങ്ങളുടെ ഫലമായി 2010 മാര്‍ച്ച് 4 ന് കേസ് സി.ബി.ഐക്ക് വിട്ടതായി ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.
സി.ബി.ഐ യുടെ ആദ്യ ഘട്ട അന്വേഷണം പ്രതീക്ഷകള്‍ നല്‍കി. ഉദ്യോഗസ്ഥരുടെ മികവ് കേസിന് വഴിത്തിരിവാകുമെന്ന് പൊതുസമൂഹം വിശ്വസിച്ചു.
മുകളില്‍ നിന്ന് ഒറ്റ ഓര്‍ഡര്‍ ലഭിച്ചാല്‍ പ്രതികളെ പൊക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കുടുംബക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ സമയത്താണ് അന്വേഷണ സംഘത്തലവന്‍ ലാസറിനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റുന്നത്. ലാപ്‌ടോപ് പോലും എടുക്കാനുള്ള സമയം അനുവദിച്ചിട്ടില്ല എന്നതാണ് സത്യം.
പിന്നീട് സംഭവങ്ങളെല്ലാം മാറിമറിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ആത്മഹത്യ റിപ്പോര്‍ട്ടാക്കി സി.ബി.ഐ സമര്‍പ്പിച്ചു.
കൊപാതകത്തിനുള്ള തെളിവുകള്‍
വയോവൃദ്ധനായ, വടിയും കുത്തി വീടിന്റെ അകത്ത് നടക്കുന്ന ഖാസി ഒരു കി.മീറ്റര്‍ ദൂരെ പാതിരാ സമയത്ത് പാറക്കൂട്ടത്തിലേക്ക് ഒറ്റക്ക് പോവുക അസാധ്യമാണ്.
എപ്പോഴും കൂടെകൊണ്ട് പോകുന്ന തന്റെ കണ്ണടകരുതാത്തതും ഷാളോ ഓയില്‍ മുണ്ടോ എടുക്കാത്തതും ബലപ്രയോഗത്തിലൂടെ കൊണ്ട് പോയതെന്ന് ഉറപ്പാക്കുന്നു.
രാത്രി മൂന്ന് മണിക്ക് വീടിന് മുന്നില്‍ ഒരു വെള്ള കാര്‍ നിര്‍ത്തുകയും ഡോര്‍ അടയ്ക്കുന്ന ശബ്ദം കേട്ടതായും സമീപവാസികള്‍ പറയുന്നു.
ഏകദേശം രാത്രി മൂന്ന് മണി സമയത്ത് കടപ്പുറത്ത് അലര്‍ച്ച കേട്ടത് അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിലെ മുറിവുകള്‍ എങ്ങനെ സംഭവിച്ചു?
മുങ്ങി മരണമാണെങ്കില്‍ തന്നെ മൃതദേഹം വെള്ളത്തില്‍ പൊങ്ങാന്‍ സമയമായിട്ടില്ലല്ലോ?
ഷര്‍ട്ടിലും കീശയിലും ചെവിയിലും പൂഴി കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
നീന്താനറിയുന്ന ഒരാള്‍ ആത്മഹത്യയ്ക്കായി വെള്ളത്തില്‍ ചാടല്‍ തെരഞ്ഞെടുക്കുമോ?
സി.എം ഉസ്താദിന്റെ ഫോണിലേക്ക് അവസാന കോള്‍ ചെയ്തയാളുടെ അസ്വാഭാവിക മരണത്തെ കുറിച്ച് അന്വേഷണം നടന്നിട്ടുണ്ടോ?
കേസിന്റെ ഇന്നത്തെ സ്ഥിതി
മകന്‍ സി.എ ശാഫി സമര്‍പ്പിച്ച ഹരജിയില്‍ എറണാകുളം സി.ജെ.എം കോടതി പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണത്തിനായി പുതിയ സംഘം എത്തിയിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല
Leave A Comment