മഅ്മൂമിന്റെ വിധികള്‍

മഅ്മൂമിന്റെ വിധികള്‍

 
ഇമാമിനെ പിന്തുടരുന്ന മഅ്മൂം രണ്ടുവിധമാണ്- ഒന്ന്, മുവാഫിഖ് അതായത് ഇമാമിന്റെ നിറുത്തത്തില്‍ നിന്നും മതിയായ നിലയില്‍ ഫാതിഹക്ക് സമയം ലഭിച്ചവന്‍. രണ്ട്, മസ്ബൂഖ് അതായത് മുകളില്‍ പറഞ്ഞ രീതിയില്‍ സമയം ലഭിക്കാത്തവന്‍.
മുവാഫിഖായ മഅ്മൂം ഫാതിഹ പൂര്‍ത്തിയാക്കി ഓതല്‍ നിര്‍ബന്ധമാണ്. ഫാതിഹ പൂര്‍ത്തിയാക്കേണ്ട ആവശ്യത്തിനുവേണ്ടി നീണ്ട മൂന്നു ഫര്‍ളുവരെ അവനു പിന്താവുന്നതാണ്.
എന്നാല്‍ മസ്ബൂഖായ മഅ്മൂം ഫാതിഹ ഓതിക്കൊണ്ടിരിക്കെ ഇമാം റുകൂഅ് ചെയ്താല്‍ പ്രസ്തുത മസ്ബൂഖ് പ്രാരംഭ പ്രാര്‍ത്ഥന കൊണ്ടോ അഊദുകൊണ്ടോ വ്യാപൃതനായിട്ടില്ലെങ്കില്‍ ഓത്ത് മതിയാക്കി റുകൂഅ് ചെയ്യേണ്ടതാണ്. ഫാതിഹ പൂര്‍ത്തിയാക്കല്‍ അവനു നിര്‍ബന്ധമില്ല. റുകൂഇല്‍ ഇമാമിനോടുകൂടെ അടങ്ങിത്താമസം കിട്ടിയാല്‍ റക്അത്ത് ലഭിക്കുന്നതാണ്. മസ്ബൂഖ് ഉദ്ദൃത കാര്യങ്ങള്‍ കൊണ്ട് ജോലിയായവനാണ്എങ്കില്‍ അതിന്റെ തോത് ഫാതിഹയില്‍ നിന്നു ഓതേണ്ടതാണ്.
അനന്തരം ഇമാമിനെ റുകൂഇല്‍ എത്തിച്ചാല്‍ റക്അത്തു കരസ്ഥമാകും. എത്തിച്ചില്ലെങ്കില്‍ റക്അത്തു നഷ്ടപ്പെടും. പിന്നെ റുകൂഅ് ചെയ്യരുത്. ഇമാം റുകൂഇല്‍ നിന്നും ഉയര്‍ന്നിട്ടും പ്രസ്തുത തോത് ഓതിക്കഴിഞ്ഞിട്ടില്ലെങ്കില്‍ ഓത്ത് തുടരണം. അങ്ങനെ ഇമാം സുജൂദിലേക്ക് കുനിയുന്നതിനു മുമ്പ് ഓത്ത് പൂര്‍ത്തിയായാല്‍ റുകൂഅ് ചെയ്യാതെ ഇമാമിനോട് യോചിച്ചുപോകണം. ഇമാം സുജൂദിലേക്ക് കുനിയാന്‍ അടുത്തിട്ടും ഓതിക്കഴിഞ്ഞിട്ടില്ലെങ്കില്‍ ഇമാമിനെ വിട്ടു പിരിഞ്ഞു ഫാതിഹ പൂര്‍ത്തിയാക്കേണ്ടതാണ്. (തുഹ്ഫ ശര്‍വാനി 2/349)
മസ്ബൂഖിന്റെ വിഷയത്തില്‍ ഈ പറഞ്ഞതാണ് പ്രബലം. സുന്നത്തിന്റെ തോത് ഓതാതെ ഇമാമിന്റെ കൂടെ റുകൂഇലേക്ക് പോകാമെന്നും അഭിപ്രായമുണ്ട്. ഫാതിഹ പൂര്‍ത്തിയാക്കാന്‍ വേണ്ടി പിന്താമെന്നും മൂന്നു ദീര്‍ഘ ഫര്‍ള് അവനു പൊറുക്കപ്പെടുമെന്നും അഭിപ്രായമുണ്ട്.
താന്‍ മസ്ബൂഖാണോ മഅ്മൂമാണോ എന്നു സംശയിച്ചാല്‍ അവന്‍ ഫാതിഹ പൂര്‍ത്തിയാക്കാന്‍ വേണ്ടി പിന്തണം. ഇമാമിനെ റുകൂഇല്‍ എത്തിച്ചാലല്ലാതെ റക്അത്തു ലഭിക്കില്ല. (ഇആനത്ത് 2/32)
ഇമാമത്ത് നില്‍ക്കുന്നവരില്‍ ചിലര്‍ ഫാതിഹയില്‍ അമിത വേഗം കാണിക്കാറുണ്ട്. തദവസരം മഅ്മൂമീങ്ങള്‍ മസ്ബൂഖീങ്ങളാവുന്നു. ഇമാം റുകൂഇലേക്ക് കുനിഞ്ഞാല്‍ അവരും റുകൂഅ് ചെയ്യണം. ഇമാമിന്റെ കൂടെ റുകൂഅ് കിട്ടിയാല്‍ റക്അത്തു ലഭിക്കും. ഇത്തരം വേളയില്‍ എല്ലാ റക്അത്തിലും മസ്ബൂഖായി വരാം.
മസ്ബൂഖ് തക്ബീറതുല്‍ ഇഹ്‌റാം ചെയ്ത ശേഷം സുന്നത്തുകൊണ്ടു ജോലിയായിട്ടില്ല, പക്ഷേ അല്‍പം മൗനം പാലിച്ചുനിന്നു. എങ്കില്‍ അടങ്ങിയ സമയം ഫാതിഹയില്‍ നിന്നു ഇമാം റുകൂഇലേക്ക് കുനിഞ്ഞ ശേഷം ഓതണം. അറിവോടെ മനപ്പൂര്‍വ്വം അതിനു മുമ്പ് റുകൂഅ് ചെയ്താല്‍ നിസ്‌കാരം ബാത്വിലാകുന്നതാണ്. (തുഹ്ഫ 2/349)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter