നിസ്‌കാരത്തിലെ സാമൂഹിക ബോധം
സ്വാര്‍ത്ഥത ഇസ്‌ലാമിനന്യമാണ്. അതിന്റെ മകുടോദാഹരണമാണ് ദിനംപ്രതി അഞ്ച് സമയങ്ങളിലായി നിര്‍ബന്ധമായും അനുഷ്ഠിക്കപ്പെടുന്ന നമസ്‌കാരം. അതിലെ നിര്‍ബന്ധ പ്രാര്‍ത്ഥനയാണ് ഫാതിഹ ഫാതിഹായില്‍ 'ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു. നീ ഞങ്ങളെ നേര്‍മാര്‍ഗത്തിലേക്ക് ആക്കേണമേ' എന്നര്‍ത്ഥമുള്ള വരികളിലൂടെ നിസ്‌കരിക്കുന്നവന്‍ അവന്റെ നിസ്വാര്‍ത്ഥത പ്രഖ്യാപിക്കുകയും എന്റെ കൂടെ എന്റെ സമൂഹവും നന്നാവണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.എല്ലാ നിസ്കാരത്തിലും വിശ്വാസി നിര്‍ബന്ധമായും ഉരുവിടുന്ന മറ്റൊരു പ്രാര്‍ത്ഥനയാണ് അത്തഹിയ്യാത്ത്.
അതിലും തന്നെ മാത്രം പ്രത്യേകമാക്കാതെ ലോകത്തുള്ള എല്ലാ സജ്ജനങ്ങളുടെ മേലിലും അള്ളാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിസ്‌കാരത്തിന് വിരാമം കുറിക്കുന്ന നിര്‍ബന്ധ സലാമിലൂടെ തന്റെ ചുറ്റുഭാഗത്തുള്ളവരുടെ മേല്‍ അള്ളാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്. ഉന്നതകുലത്തില്‍ ജനിച്ചവനായാലും രാജാവായാലും സാധാരണക്കാരനായാലും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവനായാലും ഇസ്‌ലാമിലെ മറ്റുള്ള ആരാധനകളിലെന്ന പോലെ നിസ്‌കാരത്തിലും യാതൊരു വിവേചനവും ഇല്ല. എല്ലാവരും അള്ളാഹുവിന്റെ മുന്നില്‍ വിനയാന്വിതനായി സാഷ്ടാംഗം നമിക്കുന്നു. തന്റെ ശരീരത്തിലെ ഏറ്റവും നന്നായി സൂക്ഷിക്കുന്ന മുഖം നാം കാല് കൊണ്ട് ചവിട്ടുന്ന നിലത്ത് വെക്കുന്നു. എല്ലാവരും സമന്മാര്‍. ഒരേ പദവിക്കാര്‍. അന്യോന്യം കൈകാലുകള്‍ തൊട്ടുരുമ്മി പോയതിനാല്‍ അശുദ്ധരായി തീരുന്നില്ല.
സമത്വത്തിന്റെ മാനവികതയുടെ, സാഹോദര്യത്തിന്റെ ഒരു ചിത്രം നമസ്‌കാരത്തിലൂടെ ദര്‍ശിക്കാന്‍ സാധിക്കുന്നു. സംഘടിതമായി നമസ്‌കരിക്കുമ്പോള്‍ ദിനം പ്രതി അഞ്ചു തവണ അള്ളാഹുവിന്റെ വിളിയാളം കേട്ട് ഓരോ വിശ്വാസിയും അല്ലാഹുവിന്‍റെ ഭവനത്തിലേക്ക് ഒരുമിച്ച് കൂടുന്നു. പരലോകത്ത് അള്ളാഹുവിന്റെ മുന്നില്‍ ഒരുമിച്ച് കൂട്ടപ്പെടുമെന്ന് വിശ്വാസമുള്ളവര്‍ എല്ലാ തിരക്കും മാറ്റി വെച്ച് ഈ വിളിയാളത്തിന് ഉത്തരം നല്‍കുന്നു. വിശ്വാസികള്‍ പരസ്പരം കാണുന്നു. അവര്‍ തമ്മില്‍ സൗഹൃദം പങ്കിടുന്നു. ആരെയെങ്കിലും കാണാതിരുന്നാല്‍ അവരെ കുറിച്ച് അന്വേഷിക്കുന്നു. രോഗിയാണെന്നറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നു. സമാശ്വസിക്കുന്നു. എല്ലാവരുടെയും കഷ്ടപ്പാടുകളും പ്രയാസവും കണ്ടറിയുകയും അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല സ്ഥലത്ത് നല്ല മനസ്സുള്ളവരുടെ സമ്മേളനമായതിനാല്‍ നല്ല ചിന്തകളും നല്ല ശീലങ്ങളും ഉണ്ടാക്കി തീര്‍ക്കുന്നു. തെറ്റുകണ്ടെങ്കില്‍ മാന്യമായി ഉപദേശിക്കാനുള്ള അവസരം ഉണ്ടാക്കുന്നു നമ്മളെല്ലാം ഒരേ ഉദ്ദേശവും ലക്ഷ്യവും ഉള്ളവരാണെന്ന ബോധം ഉണ്ടാക്കുന്നു. എല്ലാവരും വര്‍ഗ്ഗവര്‍ണ്ണ ഭാഷ വേഷാ വിവേചനമില്ലാതെ തോളോടുതോളുരുമ്മി ഒരേ പോയിന്റില്‍ നിന്ന് കൊണ്ട് അല്ലാഹുവിന്റെ മുന്നില്‍ തലകുനിക്കുന്നു. ജമാ അത്ത് നമസ്‌കാരം നമ്മോട് വിളിച്ചോതുന്നത് നാം സംഘടിതരായി ജീവിക്കണമെന്നും അതിന്റെ നേതൃത്വം ആരാണമെന്നും നേതാവും അനുയായികളും തമ്മിലുള്ള ഇടപെടലുകളും ബന്ധങ്ങളും എങ്ങനെ ആയിരിക്കണമെന്നതുമാണ്. ഒരേ നേതാവിന്റെ കീഴില്‍ അച്ചടക്കമുള്ള അനുയായികളെപ്പോലെ അണിയായി നില്‍ക്കുകയും ഒപ്പം അനങ്ങുകയും അടങ്ങുകയും ചെയ്യുന്നതിലൂടെ ഹൃദയത്തില്‍ ഒരുമയും ഐക്യബോധവും ഉണ്ടായിത്തീരുകയും ചെയ്യുന്നു. നേതാവ് യോഗ്യനായിരിക്കണം. കൂടുതല്‍ അറിവുള്ളവന്‍, നന്നായി ഓതാനറിയുന്നവന്‍, സംസമ്മതന്‍ തുടങ്ങിയ യോഗ്യതകള്‍ ഉണ്ടായിരിക്കണം. നേതാവ് അനുയായികളെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം.
രോഗികള്‍, അശക്തര്‍, കുട്ടികള്‍ കരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ അവരെയൊക്കെ നബി(സ) തങ്ങളുടെ നേതൃത്വത്തില്‍ നിസ്‌കരിക്കുമ്പോള്‍ പരിഗണിച്ചിരുന്നു. മുആദ്(റ) ഇശാഅ് നമസ്‌കാരം ദീര്‍ഘിപ്പിച്ചപ്പോള്‍ നബി(സ) മുആദിനെ'നീ വലിയ ഫിത്‌നക്കാരനാണോ എന്ന് പറഞ്ഞ് കൊണ്ട് ശാസിച്ചു. നേതാവിനെ പൂര്‍ണ്ണമായി അനുസരിക്കേണ്ടതുണ്ടെന്നും നിസ്‌കാരം നമ്മെ ബോധ്യപ്പെടുത്തുന്നു. അനുസരിക്കാതിരുന്നാല്‍ നിസ്‌കാരം തന്നെ ബാത്വിലാകും. നേതാവ് അബദ്ധത്തില്‍ ചാടിയാല്‍ അനുസരിക്കേണ്ടതില്ല. തെറ്റ് തെരുത്താന്‍ എപ്പോള്‍ ആവശ്യപ്പെടാമെന്നും തെറ്റ് തിരുത്തിയില്ലെങ്കില്‍ നേതൃസ്ഥാനത്ത് നിന്ന് സ്ഥാനഭ്രഷ്ടനാക്കാന്‍ അധികാരമുണ്ടെന്നും നിസ്‌കാരത്തിലൂടെ ദര്‍ശിക്കാം. ഇങ്ങനെ സുശക്തവും വിപുലവും അച്ചടക്കബോധമുള്ള ഒരു സാമൂഹികക്രമം കെട്ടിപ്പെടുക്കാന്‍ നിസ്‌കാരം പ്രചോദനം നല്‍കുന്നു.
Leave A Comment