നിസ്‌കാരത്തിന്റെ മഹത്വം
അബൂദര്‍റ്(റ) പ്രസ്താവിക്കുന്നു: നബി തിരുമേനി അരുളി: ''ഒരു മുസ്‌ലിം ദാസന്‍ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു നിസ്‌കരിച്ചാല്‍ മരത്തില്‍നിന്നും ഇലകള്‍ കൊഴിഞ്ഞുവീഴുന്നതുപോലെ അവന്റെ പാപങ്ങള്‍ കൊഴിഞ്ഞുപോകുന്നതാണ്'' (അഹ്മദ്).
നിസ്‌കാരത്തിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഒരു തിരുവചനമാണിത്. ശൈത്യകാലത്ത് ചില മരങ്ങളുടെ ഇലകള്‍ മുഴുവനും കൊഴിഞ്ഞുപോകും. അത്തരം ഒരു മരത്തിന്റെ കൊമ്പു പിടിച്ചു ഇലകള്‍ മുഴുവനും കൊഴിഞ്ഞുപോകുന്നത് അബൂദര്‍റിന് നേരില്‍ കാണിച്ചുകൊടുത്ത ശേഷം തിരുമേനി പറഞ്ഞ നീണ്ട ഹദീസിന്റെ അവസാന ഭാഗമാണിത്. നിസ്‌കാരംവഴി മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നതാണെന്ന് സൂചിപ്പിക്കുകയാണിവിടെ.
ദീനിന്റെ നെടുംതൂണാകുന്നു നിസ്‌കാരം. പ്രായപൂര്‍ത്തിയെത്തിയ സ്ഥിരബുദ്ധിയുള്ള എല്ലാ മുസ്‌ലിമും ദിനേനെ അഞ്ചു നേരങ്ങളില്‍ ഇത് നിര്‍ബന്ധമായും നിര്‍വ്വഹിക്കണം. രോഗിയായിരിക്കുമ്പോഴും സമരമുഖത്ത് ശത്രുക്കളുമായി ഘോരഘോരം ഏറ്റുമുട്ടുമ്പോഴും നിസ്‌കാരം ഉപേക്ഷിക്കാന്‍ ആര്‍ക്കും അനുവാദമില്ല. കാരണം, അത് ഉപേക്ഷിക്കുന്നവന്‍ ദീനിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
ഒരു മുസ്‌ലിം ദാസന്‍ പ്രപഞ്ചനാഥനുമായി മുഖാമുഖം നില്‍ക്കുന്ന സുപ്രധാന സന്ദര്‍ഭമാണ് നിസ്‌കാരം. അതിനാല്‍ അതീവശ്രദ്ധയും ആത്മാര്‍ത്ഥതയും മനസ്സാന്നിദ്ധ്യവും നിസ്‌കാരത്തില്‍ നിര്‍ബന്ധമാണ്. അല്ലാഹുവിന്റെ പ്രീതി മാത്രമേ ലക്ഷ്യമാക്കാവൂ. അല്ലെങ്കില്‍ അത് പുണ്യകര്‍മ്മമായി പരിഗണിക്കപ്പെടുകയില്ല. അത്തരം നിസ്‌കാരങ്ങള്‍ക്ക് പാപമോചനം ലഭിക്കുന്നതുമല്ല.
തെറ്റുകുറ്റങ്ങള്‍ ചെയ്യാത്തവരാരുമില്ല. അതാണ് മനുഷ്യപ്രകൃതി. എന്നാല്‍ നിസ്‌കാരം ഭക്തിയോടെ നിര്‍വ്വഹിക്കുമ്പോള്‍ പ്രപഞ്ചനാഥന്റെ സ്മരണ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുകയും ഇഹലോകത്ത് ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും താന്‍ നാളെ കണക്കു ബോധിപ്പിക്കേണ്ടതുണ്ടെന്നും അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഒന്നും തനിക്ക് മറച്ചുവെക്കാന്‍ സാധ്യമല്ലെന്നുമുള്ള ബോധം സജീവമായി നിലനില്‍ക്കും. അതിനാല്‍ പാപപങ്കിലമായ ജിവിതം ഒരിക്കലും അവന്‍ ആഗ്രഹിക്കുകയില്ല. നിസ്‌കരിക്കുന്നുണ്ടോ എന്നല്ല, നിസ്‌കാരം അവന് ഫലം ചെയ്യുന്നുണ്ടോ എന്നതാണ്.
വേറൊരവസരത്തില്‍ അഞ്ചു നേരങ്ങളിലെ നിസ്‌കാരം വീട്ടുപടിക്കലിലൂടെ ഒഴുകുന്ന നദിയില്‍ നിത്യവും അഞ്ചുനേരം കുളിക്കുന്നവനോട് പ്രവാചകന്‍(സ) ഉപമിച്ച ശേഷം അവിടുന്ന് പറഞ്ഞു: ''അവനില്‍ വല്ല അഴുക്കും അവശേഷിക്കുമോ?'' അവര്‍ പറഞ്ഞു: ''ഇല്ല.'' അപ്പോള്‍ നബി(സ) പറഞ്ഞു: ''അപ്രകാരമാണ് അഞ്ചു നേരത്തെ നിസ്‌കാരവും. അതുവഴി പാപങ്ങളെ അല്ലാഹു മായിച്ചു കളയുന്നതാണ്'' (ബുഖാരി). ഈ ഉപമ എത്ര അര്‍ത്ഥവത്താണ്. നിസ്‌കാരത്തിന്റെ ശ്രേഷ്ടതയാണിത് കാണിക്കുന്നത്.
Leave A Comment