അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പൂർണമായി പിൻവലിക്കുമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: 2001 സെപ്റ്റംബർ 11 ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടതിന്റെ പേര് പറഞ്ഞ് അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയ അമേരിക്ക 19 വര്‍ഷത്തിനു ശേഷം സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനൊരുങ്ങുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.

"19 വര്‍ഷമായി ഞങ്ങള്‍ അവിടെ. ഇതു മതിയെന്ന് ഞാന്‍ കരുതുന്നു. എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ക്ക് അവിടെ നിന്നു മടങ്ങാം" വൈറ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. കൃത്യമായ ഒരു തീയതി നിശ്ചയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നും എന്നാല്‍ എത്രയും പെട്ടെന്ന് അതുണ്ടാകും എന്നുമായിരുന്നു ട്രംപിന്റെ മറുപടി. ഫെബ്രുവരി 29ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാനുമായി ഒപ്പുവച്ച കരാറിന്റെ പ്രധാന തീരുമാനം യു.എസ് സേനയെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കുകയെന്നതായിരുന്നു. ഇതേ തുടർന്ന് സൈന്യത്തെ യുഎസ് പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്. തടവുകാരുടെ കൈമാറ്റവും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന വാഗ്ദാനമായിരുന്നു സേനയെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കുമെന്നത്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കാതെ രാഷ്ട്രീയ തിരിച്ചടി നേരിടുന്ന വേളയിൽ വോട്ടിന് വേണ്ടിയാണ് അദ്ദേഹം സൈനികരെ പിന്‍വലിക്കുന്ന കാര്യം പറയുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter