കശ്മീരിൽ ആർക്കും ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തിനെതിരെ പ്രതിപക്ഷ സഖ്യം
ശ്രീനഗര്‍ : രാജ്യത്തെ ഏതൊരു പൗരനും ഇനി ജമ്മു കാശ്മീരില്‍ നിന്നും ഭൂമി വാങ്ങാമെന്ന നിയമം പാസാക്കിയ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി ദ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍. കേന്ദ്രത്തിന്റെ പുതിയ നിയമ പ്രകാരം ജമ്മു കാശ്മീരില്‍ നിന്നും ഭൂമി വാങ്ങുന്നതിന് റസിഡന്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ കൃഷി ഭൂമി കര്‍ഷകര്‍ക്ക് മാത്രമെ വാങ്ങാനാകൂ.

കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരെ ഒത്തൊരുമിച്ച്‌ പോരാടുമെന്നും സഖ്യം പ്രഖ്യാപിച്ചു. അതേ സമയം,​ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ രംഗത്തെത്തി. ജമ്മു കാശ്മീരിനെ ഇപ്പോള്‍ വില്‍പ്പനക്ക് വച്ചിരിക്കുകയാണെന്നാണ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.ലഡാക്കിലെ ഓട്ടണോമസ് ഹില്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതുവരെ ബി.ജെ.പി കാത്തിരുന്നെന്നും ഒമര്‍ അബ്ദുല്ല വിമര്‍ശിച്ചു.

ജമ്മുകാശ്മീരിലെ ജനങ്ങളെ കൂടുതല്‍ അശക്തരാക്കാനും അവരുടെ ഭൂമി കോര്‍പറേറ്റുകള്‍ക്ക് വില്ക്കാനുമായി രൂപകല്‍പന ചെയ്തതുമാണ് പുതിയ നിയമമെന്ന് സി.പി.എം നേതാവ് എം.വൈ. തരിഗാമി പ്രതികരിച്ചു.ജമ്മു കാശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനുള്ള മറ്റൊരു ചവിട്ടുപടിയാണിതെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചു. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി തുടങ്ങി ജമ്മു കാശ്മീരിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സംഖ്യമാണ് ദ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter