താലിബാൻ- യുഎസ് കരാർ:  സമാധാനം കൊതിച്ച് അഫ്ഗാൻ
കടപ്പാട്: ദ ഹിന്ദു 18 വർഷത്തെ നീണ്ട അമേരിക്കയുടെ അഫ്ഗാൻ അധിനിവേശത്തിന് അവസാനം കുറിച്ച് കോണ്ട് താലിബാനുമായി അമേരിക്ക സമാധാന കരാറിൽ ഒപ്പുവെക്കുകയാണ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ നിലവിലെ പ്രസിഡന്റ് അഷ്റഫ് ഗനിയെ വിജയിയായി പ്രഖ്യാപിച്ച് അഫ്ഗാൻ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് ഏറെ കാലത്തെ ചർച്ചകൾക്കൊടുവിൽ താലിബാനുമായി അമേരിക്ക രഞ്ജിപ്പിലെത്തുന്നത്. തെരഞ്ഞെടുപ്പിൽ ഫലം വരാൻ ആറുമാസം എടുത്തതും 39.52% വോട്ടുകൾ നേടിയ എതിരാളി അബ്ദുല്ല അബ്ദുല്ലക്കെതിരെ 50.64 ശതമാനത്തോടെ ചെറിയ ഭൂരിപക്ഷത്തിനുള്ള വിജയവും അഫ്ഗാനിൽ നേരത്തേ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അന്ന് തന്നെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് അബ്ദുല്ല സമാന്തര സർക്കാർ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ സ്വതവേ നഗര പ്രദേശങ്ങൾക്ക് പുറത്ത് തെല്ലും സ്വാധീനമില്ലാത്ത അഫ്ഗാൻ സർക്കാരിന്റെ അടിവേരിന് ഇളക്കം തട്ടും. ഒരു ശരാശരി അഫ്ഗാൻ വോട്ടറെ സംബന്ധിച്ചിടത്തോളം ഈ സന്ദർഭം മുമ്പ് അനുഭവിച്ചതാണ്. അഞ്ചു വർഷങ്ങൾക്കു മുമ്പ് സമാനമായ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗനി വിജയിയായി പ്രഖ്യാപിക്കപ്പെടുകയും അബ്ദുല്ല തെരഞ്ഞെടുപ്പ് ഫലം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. അന്ന് അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ജോൺകെറി മുൻകൈയെടുത്ത് ഇരുവർക്കുമിടയിൽ സമാധാന ചർച്ച നടത്തി ഗനിയെ പ്രസിഡന്റായി അവരോധിക്കുകയും അബ്ദുല്ലയെ ചീഫ് എക്സിക്യൂട്ടീവ് നിയമിക്കുകയും ചെയ്താണ് അന്നത്തെ പ്രതിസന്ധി പരിഹരിച്ചത്. അഞ്ചുവർഷത്തെ കാലയളവിലും ഇരുവർക്കുമിടയിൽ കടുത്ത ഭിന്നതയാണ് ഉണ്ടായിരുന്നത്. സർക്കാരിന് ഇടയിലുള്ള ഈ ഭിന്നിപ്പ് മുതലെടുത്തുകൊണ്ട് താലിബാൻ അഫ്ഗാനിസ്ഥാനിലെ നഗര മേഖലകളിൽ അടക്കം തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചു. തീർത്തും സ്വാഭാവികമായി തന്നെ രാജ്യത്തെ വോട്ടർമാരിൽ നാലിലൊന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തി രംഗത്തുവന്നു. അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന താലിബാന്റെ വാഗ്ദാനം ഒരാഴ്ച നിരീക്ഷണ വിധേയമാക്കിയതിനുശേഷം അനുകൂലമാണെങ്കിൽ ചർച്ചയുമായി മുന്നോട്ടുപോകാമെന്നായിരുനു ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നത്. ഇക്കാലയളവിൽ താലിബാൻ അക്രമ രഹിതമായി പ്രവർത്തിച്ചതോടെയാണ് കരാറിൽ ഒപ്പ് വെക്കുന്നതിലേക്ക് നീങ്ങാൻ അമേരിക്ക തയ്യാറായത്. താലിബാനുമായി സമാധാന കരാർ വിജയിച്ചാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണ്ണമായും യുഎസ് സൈന്യം പിൻവാങ്ങുന്ന സ്ഥിതിവിശേഷം ആയിരിക്കും ഉണ്ടാവുക. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദീർഘമായ യുദ്ധത്തിന്റെ അവസാനം കുറിക്കുന്ന കരാർ ആയിരിക്കും അത്. മാത്രമല്ല താലിബാനും അഫ്ഗാനിലെ സർക്കാറും സമാധാന ചർച്ചകൾ നടത്തുന്നതിലേക്കും അത് വഴിവെക്കും. ഇങ്ങനെ സംഭവിച്ചാൽ ഉയരുന്ന ഏറ്റവും വലിയ ചോദ്യം അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യത്തിൽ പോലും രാജ്യത്തെ സുരക്ഷ ഉറപ്പു വരുത്താൻ സാധിച്ചിട്ടില്ലാത്ത അഫ്ഗാൻ സർക്കാരിന് സൈന്യത്തിൻറെ പിൻവാങ്ങലിന് ശേഷം എന്ത് ചെയ്യാൻ സാധിക്കും എന്നതാണ്. അഫ്ഗാൻ സർക്കാരിനെ യഥാർത്ഥ ഭരണാധികാരികളായി താലിബാനികൾ അംഗീകരിക്കുന്നില്ലെന്ന് വസ്തുത മുൻനിർത്തിയാണ് അവരുമായുള്ള ചർച്ചയിൽ സർക്കാരിനെ മാറ്റി നിർത്താൻ യുഎസ് തീരുമാനിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറുന്നതോടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ എളുപ്പമാവും. ദുർബലമായ ഒരു സാഹചര്യത്തിൽ നിന്ന് ഇന്ന് ശക്തമായ രീതിയിലേക്ക് മടങ്ങിയെത്തിയ താലിബാനുമായി സമാധാന കരാർ ഒപ്പിടുമ്പോൾ മുൻ താലിബാൻ സർക്കാരിന് ശേഷം രൂപംകൊണ്ട ഭരണഘടനയെയും നേട്ടങ്ങളെയും പ്രതിരോധിച്ചു നിൽക്കാൻ എങ്ങനെയാണ് സർക്കാറിന് സാധിക്കുക. അഫ്ഗാനിലെ സംഘർഷത്തിൽ ഇതിൽ ഉൾപ്പെട്ടിരുന്ന മുഴുവൻ കക്ഷികളും ഇപ്പോൾ ചിത്രത്തിൽ നിന്ന് പുറത്താണ്. പരാജയപ്പെട്ടു പോയ ഒരു യുദ്ധത്തിൽ നിന്ന് എങ്ങനെയെങ്കിലും പുറത്ത് കടക്കുകയെന്നതാണ് അമേരിക്ക ലക്ഷ്യം വെക്കുന്നത്. അഷ്റഫ് ഗനിക്ക് എങ്ങനെയെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുകയും അബ്ദുല്ലക്ക് എങ്ങനെയെങ്കിലും അധികാരത്തിൽ പങ്ക് കിട്ടുകയും വേണം. ഇതിനിടയിലുള്ള താലിബാന്റെ മടങ്ങി വരവ് രാജ്യത്തെ എവിടേക്ക് കൊണ്ട് പോവുമെന്നത് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter