ഷാഹിന്‍ ബാഗിന്‍റെ തെരുവുകള്‍ പറയുന്നത്

'പോലീസ് എന്നെയും കുഞ്ഞിനെയും കൊല്ലട്ടെ, അവള്‍ വളരുമ്പോള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മള്‍ ഒരുമിച്ചാണ് സമരം ചെയ്തതെന്ന് ഞാനവളോട് പറയും'. അഞ്ച് മാസം പ്രായമുള്ള ഉമ്മുഹബീബയെ തോളത്തിരുത്തി ഷാഹിന്‍ ബാഗിലെ സമരപ്പന്തലില്‍ ദീര്‍ഘ നിശ്വാസത്തോടെ 'ആസാദി' വിളിക്കുന്ന ഒരുമ്മയുടെ വാക്കുകളാണിത്.

തെക്ക് കിഴക്കന്‍ ദില്ലിയിലെ ജാമിയ മില്ലിയ്യ ഇസ്‌ലാമിക സര്‍വ്വകലാശാലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള ഷാഹിന്‍ ബാഗിന്‍റെ തെരുവോരങ്ങളിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒന്നര മാസക്കാലമായിട്ട് അവിടെ നൂറുകണക്കിന് ഉമ്മമാര്‍ ശക്തമായ സമരത്തിലാണ് ഇന്നത് ലക്ഷത്തില്‍ പരം കവിഞ്ഞിരിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വേറിട്ട പ്രതിഷേധങ്ങള്‍ കൊണ്ടും സമര രംഗത്തേക്കുള്ള ഈ ഉമ്മമാരുടെ കടന്നു വരവും ഷാഹിന്‍ ബാഗിനെ ഏറെ ശ്രദ്ധേയമാക്കുന്നു. എണ്‍പത് പിന്നിട്ട ബല്‍ക്കീസുമ്മയും തൊണ്ണൂറ് വയസ്സുള്ള മെഹറുന്നീസയുമടക്കം രാവും പകലും ഈ തെരുവിലുണ്ട്. മുലപ്പാലൂമ്പുന്ന ചെറുപൈതങ്ങളെ തോളിലിരുത്തി, ഇടറാത്ത ശബ്ദത്തോടെ ആര്‍ജ്ജവമേറിയ കരുത്തോടെ അവര്‍ ഷാഹിന്‍ ബാഗിന്‍റെ തെരുവുകളെ മാത്രമല്ല ഇന്ത്യയെ ഒന്നടങ്കം വിറപ്പിക്കുന്നു. ഒപ്പം വന്‍ പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകരുന്നു.

നൂറ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന ഈ തണുപ്പ് കാലത്തെ പോലും ഒട്ടും വകവെക്കാതെ ഈ ചൂടേറിയ പ്രക്ഷോഭത്തിന് ഷാഹിന്‍ ബാഗിലെ ഉമ്മമാര്‍ തയ്യാറാവുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വത്വത്തെയും ഈ രാജ്യത്തെയും കുറിച്ചോര്‍ത്തു കൊണ്ടാണ്. രാജ്യം ഫാഷിസ്റ്റ് കൈകളുടെ നിഷ്ഠൂര ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ നോക്കുകുത്തികളായി വീടിന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങിപ്പോകരുതെന്ന നിശ്ചയദാര്‍ഢ്യമാവണം അവരുടെ ഈയൊരു മുന്നേറ്റത്തിന് പിന്നില്‍. കോച്ചുന്ന തണുപ്പിലെ നിലക്കാത്ത സമരത്തിന്‍റെ മുഖചിത്രങ്ങളാണ് ഷാഹിന്‍ ബാഗിന്‍റെ തെരുവില്‍ നിന്നും ലോകത്തിന് കാണാന്‍ സാധിക്കുന്നത്. മരവിപ്പിക്കുന്ന തണുപ്പിനൊന്നും ഇവരെ തളര്‍ത്താനാവില്ല. ഇത് 'അന്ത്യം കണ്ടിട്ടേ ഉറങ്ങൂ' എന്ന് പറയുന്ന കരുത്തരായ ഉമ്മമാരുടെ സമരമാണ്. ലോകം അവരെ 'കരുത്തരായ അമ്മമാര്‍' എന്ന് സ്നേഹത്തോടെ വിളിച്ചു തുടങ്ങിയിരിക്കുന്നു.

പോരാട്ടത്തിന്റെ തുടക്കം

ഡിസംബര്‍ 15 ന് ആരംഭിച്ച ഈ സമരം നോയിഡകാളിന്ദികുഞ്ച് റോഡില്‍ ആദ്യം തുടങ്ങിയത് പത്ത് ഉമ്മമാരായിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ നൂറ് കണക്കിന് ഉമ്മമാര്‍ അങ്ങോട്ട് പരന്നൊഴുകിയിരിക്കുകയാണ്. ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലും ബിഹാറിലെ പാറ്റ്നയിലും കൊല്‍ക്കത്തയിലും കേരളത്തിലും ഷാഹിന്‍ ബാഗ് സമാന സമരങ്ങള്‍ക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചും പാട്ടു പാടിയും നിരവധി പേരാണ് രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും ഷാഹിന്‍ ബാഗിലേക്ക് ഒഴുകിയെത്തുന്നത്. ഏതാനും ചില ദിവസങ്ങളില്‍ കെട്ടടങ്ങുന്ന സമരങ്ങളായിട്ട് നമുക്കിതിനെ കാണാനാവില്ല. ഇത് വിഭജനത്തിനെതിരെയുള്ള ശബ്ദമാണ്. ഇത് വേര്‍തിരിവിനെതിരെയുള്ള പോരാട്ടമാണ്. ഹൈന്ദവ ഫാഷിസ്റ്റ് മുന്നേറ്റത്തെ ചെറുക്കുന്നതിനുള്ള സമരമാണ്. വിഭജിച്ചു ഭരിച്ച ബ്രിട്ടീഷുകാരന്‍റെ മുന്നില്‍ പതറാതെ പോരാടി വിജയം കൈവരിച്ച വീര ചരിതം അയവിറക്കുന്നവര്‍ക്ക് ഇത് ഒരു ധീരമായ മുന്നേറ്റമാണ്.

ഒറ്റക്കല്ല, ഒറ്റക്കെട്ട്

ഇവിടെ സംഘ്പരിവാറിന്‍റെ ആശയങ്ങള്‍ക്കും ഗൂഢാലോചനകള്‍ക്കും ചെവികൊള്ളില്ലെന്ന് തന്നെയാണ് ഷാഹിന്‍ ബാഗും തെരുവും വിളിച്ച് പറയുന്നത്. അവര്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ജനിച്ച മണ്ണിലെ നിലക്കാത്ത ചരിത്രം ഒലിച്ചിറങ്ങാതിരിക്കാന്‍ വേണ്ടി. അവര്‍ ചുമരുകളില്‍ ചായം പൂഷുകയാണ്.

ഇന്ത്യയുടെവര്‍ണ്ണാഭമായ മതേതരത്വത്തെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാറിന്‍റെ കറുത്ത മുഖം കാണിക്കാന, അവര്‍ ഉറക്കെ ശബ്ദിക്കുകയാണ്. നിലച്ചു പോയ ഇന്ത്യന്‍ ജനതയെ ഒന്നിച്ചുണര്‍ത്താൻ, ഓരോ ദിവസം കഴിയും തോറും ഷാഹിന്‍ ബാഗിലെ തെരുവുകള്‍ ജനനിബിഢമാവുകയാണ്, ക്രമേണ എണ്ണം വര്‍ധിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി ഭക്ഷണവും വൈദ്യസഹായവും നല്‍കുന്ന ചുറ്റുമുള്ള ജനങ്ങളും ഈ പോരാട്ടത്തിനൊപ്പമുണ്ട്. 'സമരക്കാരുടെ വേഷം കണ്ടാല്‍ തിരിച്ചറിയുമെന്ന്' പറയുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുകയാണ് ഈ ജനങ്ങൾ! 'പണമുള്ളവനായാലും ഇല്ലാത്തവനായാലും ജീവിതം എപ്പോള്‍ വേണമെങ്കിലും മാറിമറിയാം" എന്ന് ആവര്‍ത്തിച്ച് പറയുന്ന അസ്മ ഹാത്തുമും' സി എ എ പിന്‍വലിക്കും വരെ ഇവിടെ തുടരും" എന്ന് പറയുന്ന രഹ്ന ഗാത്തൂറും സമരക്കാര്‍ക്ക് ആര്‍ജ്ജവമേറിയ കരുത്ത് പകരുന്നു.

ഇത് ഞങ്ങളുടെ മക്കളുടെ ഭാവിക്ക് വേണ്ടിയാണെന്ന് ആ ഉമ്മമാര്‍ ധീരതയോടെ പ്രസ്താവിക്കുന്നു. ചങ്കുറപ്പുള്ള വാക്കുകളുടെ പ്രഭവ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഷാഹിന്‍ ബാഗ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കം മുതല്‍ തുടര്‍ച്ചയായി പ്രതിഷേധം നടക്കുന്ന ഈ തെരുവുകള്‍ ഇന്ത്യ കണ്ട പ്രതിഷേധങ്ങളില്‍ നിന്ന് പല സവിശേഷതകളാലും വേറിട്ട മുഖം സ്വീകരിക്കുന്നു.

റിപ്പബ്ലിക് ദിനം

പാട്ടുപാടിയും വരകള്‍ കൊണ്ടും വരികള്‍ കൊണ്ടും ആയിരങ്ങളാണ് ദിനേന ഈ തെരുവിലേക്ക് കടന്നുവരുന്നത്. ഈ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ ഗാനം ആലപിച്ചും ഭരണഘടനാ ആമുഖം വായിച്ചും സമരമുഖത്തിന്‍റെ വേറിട്ട മുഖമാവുകയാണ് ഷാഹിന്‍ ബാഗ്.

അന്‍പതിനായിരത്തോളം പേരാണ് അവിടെ ത്രിവര്‍ണ്ണ പതാകയേന്തി തെരുവില്‍ ധീര സ്വരം മുഴക്കിയത്. ജാതിവെറിക്കെതിരായി മരണപ്പെടേണ്ടി വന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്‍റെ മാതാവ് സൈറാബാനുവും ചേര്‍ന്നാണ് റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയത്. നിശ്ശബ്ദമായിരിക്കും തോറും കാലിന് കീഴിലെ മണ്ണ് ചൂഴ്ന്നെടുക്കുന്ന സംഘ്പരിവാറിനുള്ള താക്കീതുകളാണ് ഈ സമരപ്പന്തലില്‍ നിന്നും ദിനേന പുറത്തു വരുന്നത്. 'ഷാഹിന്‍ ബാഗിനോടുള്ള വെറുപ്പില്‍ വോട്ടു ചെയ്യൂ,ഫലം വരുമ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം വിടണം' എന്ന് അമിത്ഷാ പറയുന്നുണ്ടെങ്കിലും ഉള്ളിലെ ഭയം അവര്‍ പറയാതെ പറയുന്നുണ്ട്. ഈ സമരത്തിന് നേതാക്കളില്ല,പകരം സംഘാടകര്‍ മാത്രമേയുള്ളൂവെന്നതാണ് മറ്റൊരു സവിശേഷത. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും പ്രായമേറിയവരുമെല്ലാം ഈ സമര മുന്നണിയിലുണ്ട്. ഇടതടവില്ലാതെ വേദിയില്‍ സംവാദങ്ങളും സംസാരങ്ങളും അരങ്ങേറുന്നു. ചര്‍ച്ചകള്‍ കത്തുന്ന പ്രതിഷേധങ്ങളായി മാറുന്നു. സംവാദങ്ങള്‍ ജനങ്ങളുടെ കണ്ണുകള്‍ തുറപ്പിക്കുന്നു. സമര വേദിയിലെത്തുന്നവര്‍ കയ്യില്‍ കരുതുന്ന ഭക്ഷണം എല്ലാവരും ചേര്‍ന്ന് പങ്കിട്ട് കഴിക്കുന്നു. ഡല്‍ഹിയും കുഗ്രാമങ്ങളും തണുത്ത് വിറക്കുമ്പോള്‍ പോലും ഊര്‍ജ്ജസ്വലമായിരുന്നു ഈ പ്രക്ഷോഭ കേന്ദ്രം. താല്‍ക്കാലിക ലൈബ്രറിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എന്തു കൊണ്ടും ലോകം കണ്ടിട്ടില്ലാത്ത പ്രതിഷേധ മുഖങ്ങള്‍ കൊണ്ട് ഷാഹിന്‍ ബാഗ് ചരിത്രത്തിലിടം പിടിക്കുകയാണ്. എന്നിട്ടും വെറും നോക്കുകുത്തികളായി മാറുന്ന കേന്ദ്രസര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു. വൈവിദ്ധ്യങ്ങളുടെ സമരവേദിയായി, സമാധാനത്തിന്‍റെ പ്രതിഷേധ സ്വരമായി മാറുകയാണ് ഈ അമ്മമാരും വിദ്യാര്‍ഥികളും. സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‍റെ പുതിയ സന്ദേശം കൈമാറുകയാണ് ഇവര്‍. പള്ളികളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയും ചര്‍ച്ചുകളില്‍ ഭരണഘടനാ ആമുഖം വായിച്ചും കേരളവും ഷാഹിന്‍ ബാഗിനൊപ്പം ചര്‍ച്ചയാവുന്നുണ്ട്.

ഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവിടെ ഉണ്ടാവുമായിരുന്നു

ഈ നവവത്സര ദിനത്തില്‍ ഗാന്ധി ജീവിച്ചിരിപ്പുണ്ടുയിരുന്നെങ്കില്‍ ഒരുപക്ഷേ ഷാഹിന്‍ ബാഗിന്‍റെ തെരുവുകളില്‍ അവരോടൊപ്പം അഞ്ച് അടി ഉയരവും 114 റാത്തല്‍ തൂക്കവുമുള്ള ആ ചെറിയ മനുഷ്യനുമുണ്ടാവുമായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തോളോട് തോളുരുമ്മി നടക്കുന്ന ഒരു പൊതുലക്ഷ്യത്തെ മാത്രം സ്വപ്നം കണ്ടുറങ്ങുന്ന വ്യക്തിയായിരുന്നു ഗാന്ധി. സ്വാതന്ത്ര ദിനത്തില്‍ ഗാന്ധി നവഖാലിയിലെ ജനങ്ങളോടൊപ്പമായിരുന്നെങ്കില്‍ ഇന്ന് ഷാഹിന്‍ ബാഗിലെ ഈ ജനക്കൂട്ടത്തിനൊപ്പമായിരിക്കും ഗാന്ധി..! അഹിംസാ സിദ്ധാന്തത്തിന് പുകള്‍പ്പെറ്റ രാജ്യം എന്ന് വീമ്പുപറയുമ്പോഴും കത്തിയെരിയുന്ന ഇന്ത്യന്‍ അന്തരീക്ഷത്തെ ഒരിക്കലും കാണാതിരിക്കരുത്. ഇന്‍ഖിലാബ് ആസാദീ മുദ്രവാക്യങ്ങളാലും പാട്ടുകളാലും ശബ്ദമുഖരിതമാണ് ഷാഹിന്‍ ബാഗ്. അടിച്ചമര്‍ത്തും തോറും കരുത്താര്‍ജ്ജിക്കുകയാണ് ഈ വിപ്ലവ സമരങ്ങള്‍.

സമരക്കാരുടെ ഊർജ്ജം

സമരം ഗാന്ധി സമാനമാകാന്‍ മറ്റു ചില കാരണങ്ങളും ഈ തെരുവുകള്‍ക്ക് പറയാനുണ്ട്.സമരത്തിലെ സ്ത്രീകള്‍ എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും നോമ്പനുഷ്ഠിക്കുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. ഉപവാസമെന്ന സമരമുറയുടെ കരുത്തറിയുന്നവരാണ് ഓരോ ഇന്ത്യനും. ബ്രിട്ടിഷ്കാരനെ തുരത്താന്‍ മുന്നില്‍ നടന്ന ഒറ്റമുണ്ടെടുത്ത് വട്ടക്കണ്ണാടി ധരിച്ച ആ മനുഷ്യന്‍റ, നമ്മുടെ രാഷ്ട്ര പിതാവിന്‍റെ പ്രധാന ആയുധമായിരുന്നല്ലോ ഈ ഉപവാസം. ഇത് അ്ദ്ദേഹത്തിനോടുള്ള ഒരു ആദരവ് കൂടിയാണ്.   വിശ്വാസം കൈവിടാതെ,തന്‍റെ പിഞ്ചോമനകളേയും കൂട്ടി അവര്‍ ആ തെരുവില്‍ ഉറങ്ങുന്നുണ്ടെങ്കില്‍ ആ വിശ്വാസം അവരെ രക്ഷിക്കുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.ഗാന്ധിയെ പുച്ഛിക്കുന്നവര്‍ മാത്രമേ ഷാഹിന്‍ ബാഗിനെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കൂ. മഹാത്മാ ഗാന്ധിയുടെ തത്വത്തെയാണ് ഷാഹിന്‍ ബാഗ് പ്രതിനിധീകരിക്കുന്നത്. ഡല്‍ഹിയില്‍ ഇനി ഷാഹിന്‍ ബാഗ് ഉണ്ടാവരുതെന്ന് പറയുന്നവരോട് രാജ്യം മറുപടി പറയുക നൂറു കണക്കിന് ഷാഹിന്‍ ബാഗ് സമാന സമരങ്ങള്‍ കൊണ്ടായിരിക്കും.'ഇത് അടിച്ചമര്‍ത്തും തോറും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ജനതയാണ്'. 'പറക്കുകയെന്നതാണ് പറവകളുടെ ദൗത്യം' എന്നാണ് ഇഖ്ബാല്‍ പാടിയത്.അതിനെ അന്വര്‍ത്ഥമാക്കുകയാണ് ഈ ഷാഹിന്‍ ബാഗിലെ അമ്മമാര്‍.രാവും പകലുമില്ലാതെ ഊണും ഉറക്കവുമില്ലാതെ തെരുവുകളില്‍ ആസാദി വിളിക്കുന്നത് അവരുടെ ദൗത്വം മനസ്സില്‍ കണ്ടു കൊണ്ടു മാത്രമാണ്. അവര്‍ ഈ രാജ്യത്തിന്‍റെ വിലമതിക്കാനാവാത്ത മുതല്‍ക്കൂട്ടാണ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter