സാമുദായിക വിദ്യാഭ്യാസ പുരോഗതി: മുസ്‌ലിം ജമാഅത്തുകള്‍ക്ക് കൃത്യമായ അജണ്ട വേണം

educatഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെയും നാഗരികതയുടെയും ഔന്നത്യത്തിന്റെയും മാനദണ്ഡമായി ഗണിക്കപ്പെടുന്നത് വിദ്യാഭ്യാസ പുരോഗതിയാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് പുറം തിരിഞ്ഞു നിന്ന സമുദായമോ രാഷ്ട്രമോ ഭംഗിയുള്ള മുഖച്ഛായ സൃഷ്ടിക്കുന്നതില്‍ വിജയം വരിച്ചതായി ലോക ചരിത്രത്തില്‍ കാണാനാവില്ല. വിദ്യാഭ്യാസ രംഗത്ത് നിസ്സാരമായതെങ്കിലും ചെയ്തവര്‍ ചരിത്രത്തില്‍ വാഴ്ത്തപ്പെടുകയും പ്രശംസയുടെയും നവോത്ഥാനത്തിന്റെയും ഉത്തുംഗപഥങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള വിമോചനത്തിന് ഹേതുകമായി വര്‍ത്തിക്കുന്ന വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉത്തരാധുനിക ലോകത്ത് ചര്‍വ്വിത ചര്‍വ്വണങ്ങളായി നടക്കുന്നുണ്ട്. സമകാലിക സന്ധിയില്‍ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശകളും ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കുന്നതിന് അതിന്റേതായ പ്രാധാന്യമുണ്ട്. ലോക സംസ്‌കാരത്തിന്ന് ഉന്നതമായ സംഭാവനകളര്‍പ്പിച്ചവരാണ് മുസ്‌ലിംകള്‍. പൗരോഹിത്യത്തിന്റെ കരാളഹസ്തങ്ങളിലമര്‍ന്ന് ക്രൈസ്തവ സഭകള്‍ വരുത്തിയ ദുര്‍വിശ്വാസങ്ങളുടെ അന്ധതയില്‍ നിന്ന് യുറോപ്യന്‍ നാടുകള്‍ ഉണരുന്നതിന് മുമ്പ് ലോക നാഗരികതയുടെ ആസ്ഥാന മന്ദിരങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ നഗരങ്ങളില്‍ പണിതീര്‍ക്കപ്പെട്ടത് അനിഷേധ്യമായ ചരിത്ര വസ്തുതയാണ്. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി ലോക നാഗരികതയിലുണ്ടായ സമൂല മാറ്റത്തിലെ ശക്തമായ മുസ്‌ലിം സാന്നിധ്യം എച്ച്.ജി.വെല്‍സ് പോലും ചാണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ മുഴുവന്‍ ശാസ്ത്ര മേഖലകളിലും പരന്നു കിടക്കുന്ന സമ്പന്നമായ വിദ്യാഭ്യാസ പൈതൃകം അവകാശപ്പെടാനുണ്ടെങ്കിലും ഇന്ന് ശാസ്ത്ര-വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം സാന്നിധ്യം ഏറെ പരിതാപകരമായ നിലയിലാണ് നിലകൊള്ളുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നുപോലും അത്യുന്നതമായ കാല്‍വെപ്പുകള്‍ പ്രതീക്ഷിക്കാനാവുന്നില്ല. ലോക സമ്പത്ഘടനയില്‍ സുശക്തമായ സ്വാധീനമുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ജീവ ശാസ്ത്രം, വൈദ്യ ശാസ്ത്രം തുടങ്ങിയ ശാസ്ത്ര ശാഖകഖിലോ മറ്റേതെങ്കിലും ശാസ്ത്രശാഖകഖിലോ പ്രാവീണ്യം നേടിയവരെ പ്രഗത്ഭ ലോകത്തിന് സമര്‍പ്പിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ലോകത്ത് കൂടുതല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന രാഷ്ട്രങ്ങളിലൊന്നായ നമ്മുടെ ഇന്ത്യയില്‍ മുസ്‌ലിംകള്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലാണ്. സ്വാതന്ത്ര്യാനന്തരമുണ്ടായ ശക്തവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ ഇതര സമുദായങ്ങള്‍ ഈ രംഗത്ത് കുതിച്ചു ചാട്ടം നടത്തിയപ്പോള്‍ നാം പുറം തള്ളപ്പെട്ടുവെന്നുള്ളതാണ് സത്യം. ഈ പിന്നോക്കാവസ്ഥ ഇന്ന് മുസ്‌ലിം സമുദായത്തിന്റെ അസ്ഥിതിത്ത്വത്തിന് തന്നെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. ഹൈന്ദവരും ക്രൈസ്തവരും സിക്കുകാരും കടുത്ത മുസ്‌ലിം വിരോധികളായ വര്‍ഗീയ വാദികളും ഉന്നത വിദ്യാഭ്യാസം നേടി ഔദ്യോഗിക സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. ക്രൂരമായ വര്‍ഗീഗയ ഇടപെടലുകളില്‍ പൊറുതിമുട്ടേണ്ട ദുസ്ഥിതിയിലേക്കാണ് ഇതു മൂലം നാം ചെന്നു പെട്ടത്. ലോക മുസ്‌ലിംകള്‍ക്ക് തന്ന സാംസ്‌കാരിക നവോത്ഥാനത്തിന്റെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെയും ദീപശിഖ പകര്‍ന്നു കൊടുക്കുന്നവരെന്ന് കേരള മുസ്‌ലിംകള്‍ ആത്മാഭിമാനം കൊള്ളാറുണ്ടെങ്കിലും പ്രബുദ്ധ കേരളത്തിലെ മുസ്‌ലിംകളും ഒരു സമൂല മാറ്റത്തിന് മനസ്സാ വാചാ കര്‍മ്മണാ തയ്യാറാവേണ്ടതുണ്ട്. സമുദായ രാഷ്ട്രീയത്തിന്റെ അതി ശക്തമായ ഇടപെടല്‍ മൂലം ആപേക്ഷികമായി നേട്ടങ്ങളേറെയുണ്ടെങ്കിലും ഔദ്യോഗിക രംഗത്ത് അര്‍ഹമായ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധ്യമായില്ലായെന്ന് കേരള മുസ്‌ലിംകളിലെ ഉദ്യോഗസ്ഥ സാന്നിധ്യം തന്നെ വ്യക്തമാക്കുന്നുണ്ട്. പോലീസ് വകുപ്പില്‍ 8.52 ശതമാനവും കേരള വാട്ടര്‍ അതോറിറ്റിയില്‍ 4.47 ശതമാനവും ആരോഗ്യ വകുപ്പില്‍ 7.35 ശതമാനവും മൃഗ സംരക്ഷണ വകുപ്പില്‍ 2.52 ശതമാനവും സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ 2.15 ശതമാനവും മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. പൊതുമേഖലാ സ്ഥാനപങ്ങളിലെ സ്ഥിതി ഇതിലേറെ ദയനീയമാണ്. യൂണിവേഴ്‌സിറ്റി അധ്യാപകരില്‍ ആകെയുള്ള 432ല്‍ 79ഉം മെഡിക്കല്‍ കോളേജ് അധ്യാപകരില്‍ 1271ല്‍ 143ഉം എഞ്ചിനീയറിംഗ് അധ്യാപകരില്‍ 1044ല്‍ 120ഉം ബി.എഡ്. കോളേജ് അധ്യാപകരില്‍ 161ല്‍ ഒമ്പതും കോളേജ് അധ്യാപകരില്‍ 13004ല്‍ 1110ഉം പേരും മാത്രമാണ് മുസ്‌ലിംകളായുള്ളത്. ഈ ദുരവസ്ഥക്ക് കാരണങ്ങളേറെ ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെങ്കിലും മൂല കാരണം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തന്നെയാണ്. വിദ്യാഭ്യാസ രംഗത്തെ പുരോഗമനത്തിന് വിഘാതമാവുന്ന വിധം വന്‍ അപാകതകള്‍ സമുദായത്തിനകത്തു നിന്നുമുണ്ടായി എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് മുഖ്യ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുന്നതിന് പകരം ചരിത്രത്തില്‍ നിന്ന് കാരണം കണ്ടെത്താനാണ് നാം വ്യഗ്രത കാണിച്ചത്. പുരോഗമന പാതയില്‍ അഭിരമിക്കുന്നവരെന്ന് നാട്യപ്രകടനം നടത്തുന്ന പലരും സംഘടനാപരവും വ്യക്തിപരവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിവരെ പിന്നോക്കാവസ്ഥയുടെ കാരണം എതിരാളികളുടെ മുതുകില്‍ ചാപ്പകുത്തിക്കളിച്ചു. തെരുവില്‍ വിവാദമുണ്ടാക്കുന്നതിന് പകരം ആസൂത്രിതവും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്താന്‍ സമുദായം ശ്രമം നടത്തിയതുമില്ല. ഇതിന്റെ പരിണിത ഫലമായി വന്‍ ജനപിന്തുണയുള്ള ഒരു സമുദായം പതിറ്റാണ്ടുകളോളം പിന്നോട്ടു സഞ്ചരിച്ചു. ഈ അപകട നില തരണം ചെയ്യാനുള്ള ആസൂത്രിതമായ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കാനുള്ള സത്വര നടപടികള്‍ സമുദായത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടിയിരിക്കുന്നു. സമുദായ സ്‌നേഹികളും മതനേതാക്കളും ഇസ്‌ലാമിക പ്രവര്‍ത്തകരും പൂര്‍വ്വോപരി ശ്രദ്ധയോടെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഈ സമുദായത്തിന് അസ്തിത്വം നിലനിര്‍ത്താനൊക്കൂ... ഭൗതിക വിദ്യാഭ്യാസത്തെക്കുറിച്ച് സമുദായം വെച്ചു പുലര്‍ത്തിയ തെറ്റിദ്ധാരണ വിദ്യാഭ്യാസ പുരോഗതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാരത്രിക ജീവിതത്തിലെ നേട്ടം ലക്ഷ്യം വെച്ച് മതവിദ്യാഭ്യാസത്തിന് വന്‍ തുക സംഭാവന ചെയ്ത സമ്പന്നരായ പല സമുദായ സ്‌നേഹികളും മക്കളെ പള്ളിദര്‍സിലേക്കും അറബിക് കോളേജിലേക്കും അയച്ച പല രക്ഷിതാക്കളും ഭൗതിക വിദ്യാഭ്യാസം ഐഹികനേട്ടത്തിന് മാത്രമുള്ളതാണെന്ന ധാരണയാണ് വെച്ചു പുലര്‍ത്തിയിരുന്നത്. ശാസ്ത്ര പഠനവും സാമൂഹ്യ പഠനവും ഇസ്‌ലാമുമായി ബന്ധം പുലര്‍ത്തുന്നില്ലെന്ന തോന്നലും സമുദായാംഗങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ധാരണകളെ നിഷ്‌കാസനം ചെയ്യാന്‍ നമുക്കറിയില്ല താനും. സാമ്പത്തിക താല്‍പര്യമാണ് മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് മുരടിപ്പുണ്ടാക്കിയ വേറൊരു ഘടകം. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും ഐഹിക ജീവിതം പാരത്രിക ജീവിതത്തിലേക്കുള്ള കൃഷിഭൂമിയും ഇഹലോകം കേവലം 'വിദേശ' രാഷ്ട്രവുമാണെന്ന് പ്രഖ്യാപിക്കുന്ന ഇസ്‌ലാം മതത്തിന്റെ അനുയായികള്‍ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക സമൂഹത്തിന്റെയും ഉന്നമനത്തിനെക്കാളുപരി സമ്പത് സമൃദ്ധമായ ജീവിതമാണ് ആഗ്രഹിച്ചത്. വേണ്ടത്ര വിജ്ഞാനം നേടാതെ വ്യാപാര രംഗത്തേക്കിറങ്ങുകയായിരുന്നു മുസ്‌ലിംകള്‍. കര്‍ഷകരും വ്യാപാരികളും അനന്തരാവകാശികള്‍ക്ക് അതേ ജോലി തന്നെ പൈതൃകമായി നല്‍കിയപ്പോള്‍ നേരത്തെതനനെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിച്ച ചുരുക്കം ചിലരും അവരുടെ അനന്തരഗാമികളും മാത്രം വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കി. ഈ ദുസ്ഥിതിക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. സമുദായങ്ങളുടെ സമ്പത് മോഹത്തിന് കടിഞ്ഞാണിട്ട് ഇസ്‌ലാമിക സമൂഹത്തിന്റെ പുനര്‍നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും വിദ്യാഭ്യാസത്തിന് ശേഷമുള്ള തൊഴില്‍ സാധ്യതയെ കുറിച്ച് അവരെ ബോധവത്കരിക്കുവാനും തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗങ്ങളാവിഷ്‌കരിക്കുവാനോ സമുദായത്തിനകത്തു നിന്ന് സജീവമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നില്ല. മുസ്‌ലിം മഹല്ലു ജമാഅത്തുകള്‍ക്കാണ് ഇവ്വിഷയകമായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുക. കാരണം ഓരോ മുസ്‌ലിം പൗരനും നേരിട്ട് ബന്ധപ്പെടുന്നത് മഹല്ല് ജമാഅത്തുമായാണ്. മസ്ജിദുമായി ബന്ധപ്പെടുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും കേരളത്തില്‍ പൊതുവെ കാണപ്പെടുന്നത്. പക്ഷെ, ഈ ലക്ഷ്യ പ്രാപ്തിക്കുവേണ്ടി ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ അനിവാര്യമാണ്. പള്ളി പരിപാലനത്തിലും വൈവാഹിക കാര്യങ്ങളുടെ നടത്തിപ്പിലും നിക്ഷിപ്തമാക്കാതെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹ്യ മേഖലകളില്‍ ശക്തമായ ഇടപെടല്‍ നടത്തികൊണ്ടുള്ള വ്യക്തമായ കര്‍മ്മ പദ്ധതിയുണ്ടാക്കി പ്രയോഗവത്കരിക്കുകയാണ് വേണ്ടത്. നാട്ടിലെ തലയെടുപ്പുള്ള നേതാക്കളും യുവപ്രവര്‍ത്തകരും അണിനിരക്കുന്ന വിദ്യാഭ്യാസ വകുപ്പും സാമൂഹ്യക്ഷേമ വകുപ്പും മഹല്ലു ജമാഅത്തുകള്‍ക്കു കീഴില്‍ രൂപീകരിക്കുകയാണ് ആദ്യം വേണ്ടത്. ആത്മാര്‍ത്ഥ ആത്മാര്‍ത്ഥതയും കര്‍മ്മശേഷിയും ഇസ്‌ലാമിക ബോധവുമായിരിക്കണം വകുപ്പു ചുമതല വഹിക്കുവന്നവരുടെ യോഗ്യതകള്‍. ഒരു ചെയര്‍മാനും കണ്‍വീനറും പുറമെ 25 വീടുകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് നിന്ന് ഒരംഗമെന്ന നിലയില്‍ മെമ്പര്‍മാരും ഉള്‍ക്കൊള്ളുന്ന സമിതിയായിരിക്കണം വിദ്യാഭ്യാ, സാമൂഹ്യക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യേണ്ടത്. ഈ സമിതികള്‍ സംയുക്തമായി ഏറ്റെടുത്ത് നടത്തേണ്ട ചുമതലകള്‍ ഇവയാണ്. 1) മഹല്ലിലെ ജനസംഖ്യക്കനുസരിച്ച് വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് വേണ്ടി പ്രയത്‌നിക്കുക. സൗകര്യം വേണ്ടത്ര പ്രയോജനപ്പെടുത്തുണ്ടെന്ന് നിരീക്ഷിക്കുക. 2) അഞ്ചുവയസ്സു പ്രായം മുതല്‍ മുഴുവന്‍ കുട്ടികളും വിദ്യാലയത്തിലെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. 3) എസ്.എസ്.എല്‍.സി. പൂര്‍ത്തിയാകുന്നതിന് മുമ്പ് വിദ്യാഭ്യാസ ജീവിതം അവസാനിപ്പിക്കുന്നത് ശക്തമായി പ്രതിരോധിക്കുക. ഇതിന് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉത്‌ബോധനം നല്‍കുക. 4) വിദ്യാലയങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുപോക്കിനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹാരം കാണുക. സാമ്പത്തിക പ്രയാസങ്ങള്‍ നേരിടാന്‍ സമ്പന്നരെ കൃത്യമായി ഉപയോഗപ്പെടുത്തുക. 5) എസ്.എസ്.എല്‍.സി. കഴിയുന്നവര്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തുക. വിവിധ കോഴ്‌സുകളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡന്‍സ് നല്‍കുക. 6) ട്യൂഷന്‍ സെന്റര്‍, കോച്ചിംഗ് കേന്ദ്രങ്ങള്‍ മുതലായവ സംവിധാനിക്കുകയും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക. 7) സാമ്പത്തിക പ്രയാസം മൂലം ഉന്നത വിദ്യാഭ്യാസത്തിന് പ്രയാസപ്പെടുന്നവരുടെ സാമ്പത്തിക ചുമതല ഏറ്റെടുക്കുക. വരുമാന മാര്‍ഗങ്ങള്‍ സംവാധാനിക്കുക. 8) ഉന്നത പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രയത്‌നിക്കുക. തൊഴില്‍ എയ്ഡ് സെന്ററുകള്‍ സ്ഥാപിക്കുക. 9) മഹല്ലിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം സാമ്പത്തിക നില, അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം, ഉന്നത വിദ്യാഭ്യാസ സൗകര്യം തുടങ്ങിയവ കൃത്യമായി അറിയിക്കുന്ന വിവരക്കണക്കുകള്‍ തയ്യാറാക്കുക. 10) വിവാവഹം, ഗൃഹനിര്‍മാണം, വിനോദം തുടങ്ങിയവക്ക് വേണ്ടിയുള്ള സമ്പദ് വിനിയോഗം തടയുകയും സമ്പത്ത് വിദ്യാഭ്യാസത്തിനും സാമൂഹ്യ സേവനത്തിനും ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് സംവാധനം ഉണ്ടാക്കുകയും ചെയ്യുക. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ തന്നെ തൊഴില്‍ രഹിതരായി നിലകൊള്ളുന്ന സാഹചര്യം ഉന്നത പഠനത്തെ നിരുത്സാഹപ്പെടുത്തുന്നതിന് ഉപയുക്തമായിട്ടുണ്ട്. ഇതു തടയാന്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുഴുവന്‍ തൊഴിവല്‍ സംവിധാനം ഉണ്ടാക്കുന്നതിനും മുസ്‌ലിം സ്വാധീനമുള്ള ഗവണ്‍മെന്റുകള്‍ ശ്രമിക്കേണ്ടതാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളോട് വിമുഖത കാണിക്കുന്ന സാഹചര്യം ഇല്ലാതാക്കുവാനും അവര്‍ക്ക് ഇസ്‌ലാമിക ബോധവും മത വിജ്ഞാനവും നല്‍കി ഇസ്‌ലാമിക പ്രവര്‍ത്തകരാക്കുവാനും ഉന്നത കലാലയങ്ങലോട് ചേര്‍ന്ന് മഹല്ല് ജമാഅഥ്തിന് കീഴില്‍ തന്നെ താമസ പഠന സൗകര്യമൊരുക്കുവാനും ഉന്നത കലാലയങ്ങളോട് ചേര്‍ന്ന് മഹല്ല് ജമാഅത്തിന് കീഴില്‍ തന്നെ താമസ പഠന സൗകര്യമൊരുക്കുന്നത് കരണീയമാണ്. ഈ വിഷയത്തില്‍ സമുദായ നേതൃത്വത്തിന്റെയും മഹല്ലു ജമാഅത്തുകളുടെയും സത്വരശ്രദ്ധ പതിയട്ടെ. ചുരുക്കത്തില്‍, മുസ്‌ലിം അധ്യായന യാത്ര ഇനിയും ലക്ഷ്‌യ്തതിലെത്തിയിട്ടില്ല. സഞ്ചരിച്ചു തീര്‍ക്കാന്‍ ഇനിയും കാതങ്ങളേറെയുണ്ട്. പ്രയാസങ്ങള്‍ നിറഞ്ഞ കടമ്പകള്‍ പിന്നിടാന്‍ ആസൂത്രിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. സമയവും സമ്പത്തും സ്വാധീനവും ഈ ലക്ഷ്യത്തില്‍ പ്രയോജനപ്പെടുത്താന്‍ മതനേതാക്കളും സമുദായ സ്‌നേഹികളും ഇസ്‌ലാമിക പ്രവര്‍ത്തകരും കൈമറന്ന് അധ്വാനിക്കേണ്ടിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter