'ജിയോ' കാലത്തെ ഡിജിറ്റല്‍ ജീവിതവും നമ്മുടെ കുട്ടികളുടെ ഒളിച്ചോട്ടവും

സ്‌നേഹമെന്ന അതിതീഷ്ണ വികാരം മനുഷ്യനിലെ മഹാരഹസ്യങ്ങളിലൊന്നാണ്. പ്രണയം അതില്‍ പൂര്‍ണ്ണമായും മനസ്സിലാക്കാനോ, വിശദീകരിക്കാനോ കഴിയാത്ത, ഒരു തരം മാനസീകാവസ്ഥയാണ്. ഏറെ വ്യതസ്ത രീതിയിലുള്ള സ്‌നേഹബന്ധങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്.  പ്രണയമോ, പ്രണയാനുഭവങ്ങളോ ഇല്ലാത്തവരായി അധികമാരുമുണ്ടാവില്ല. തോന്നിയ പ്രണയത്തെ തുറന്ന് പറയാനിഷ്ടപ്പെടാതെ, പ്രണയാനുഭവങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവരെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. മറ്റാര്‍ക്കും പങ്ക് വെച്ച് കൊടുക്കാനാവാതെ സ്വകാര്യ അനുഭവമായി അത് പലപ്പോഴും നമ്മുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കും. 

പ്രണയം പോലെ മനസ്സിന് സന്തോഷവും, ആഹ്ലാദവും തരുന്ന മറ്റൊരു വികാരാനുഭവവും ഇല്ല. എന്നാല്‍ എന്തുകൊണ്ടാണ് ഒരു വ്യക്തിയോട് മാത്രം വല്ലാത്ത അടുപ്പം തോന്നിയത്? മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടും മതി വരാത്തതെന്തേ? പ്രണയിനിയോടൊപ്പമുള്ള സമയങ്ങള്‍  അവസാനിക്കാതിരിക്കണേ എന്ന് നാം അതിയായി ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? കൗതുകത്തിലുള്ള ഇത്തരം ചോദ്യങ്ങള്‍ ചിലപ്പോഴൊക്കെ നമ്മെ ചിന്തിപ്പിച്ചിട്ടുണ്ടാവാം. 

പ്രണയ നൈരാശ്യ കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും എത്തിച്ചേരുന്ന ഈ കാലഘട്ടത്തില്‍  എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രണയത്തിനുവേണ്ടി ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് ശാസ്ത്രീയമായി അന്വേഷിക്കേണ്ടതുണ്ട്.

 പ്രണയവും മസ്തിഷ്‌കവും

പ്രണയത്തെപ്പറ്റിയും, മനുഷ്യന്റെ ലൈംഗികതയെപ്പറ്റിയും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ആന്ത്രപ്പോളജിസ്റ്റാണ് റുട്ട്ഗ്രസ് (Rutgers) യൂണിവേഴ്‌സിറ്റിയിലെ ഹെലന്‍ ഫിഷര്‍ (Hellen Fisher) പ്രണയത്തിന് പിന്നിലുള്ള മസ്തിഷ്‌കത്തിന്റെ വഴിച്ചാലുകളെ കണ്ടെത്തുന്നതിനായി ഹെലന്‍ നടത്തിയ പരീക്ഷണം രസകരമാണ്. Why w-e loe എന്ന പുസ്തകത്തിലൂടെ ഹെലന്‍ തന്റെ പരീക്ഷണം വിവരിക്കുന്നുണ്ട്. 
ഹെലന്‍ തന്റെ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തത് ഒരു കൂട്ടം ഗാഢപ്രണയിതാക്കളെ തന്നെയായിരുന്നു. ഇവരെ ഓരോരുത്തരേയും കുറച്ച് സമയത്തേക്ക് അവര്‍ പ്രണയിക്കുന്ന വ്യക്തിയുടെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കാന്‍ അനുവദിച്ചു. തുടര്‍ന്ന് പ്രണയ ചിന്തകള്‍ മനസ്സില്‍നിന്നു മായ്ക്കാന്‍ ചില കണക്കുകള്‍ നല്‍കി. 

അല്പനേരത്തിന് ശേഷം ഒട്ടും താല്പര്യമില്ലാത്ത ഒരു പരിചയക്കാരന്റെ ഫോട്ടോയാണ് നല്‍കിയത്. ഓരോ ഫോട്ടോയിലേക്കും നോക്കുമ്പോഴും മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മാഗ്നറ്റിക്ക് റെസോണന്‍സ് ഇമേജിംഗ് (MRI) ഉപയോഗിച്ച് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
പ്രണയിക്കുന്ന ആളുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന കമിതാക്കളുടെ വെന്‍ട്രല്‍ ടഗ്മെന്റ് ഏരിയാ, ന്യൂക്വിയസ് അക്യുബെന്‍സ് എന്നിവ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് കണ്ടെത്തി. കൊക്കെയിന്‍ പോലുള്ള മയക്കുമരുന്നുകള്‍ കഴിക്കുമ്പോള്‍ ഉത്തേജിതമാകുന്ന അതേ മസ്തിഷ്‌ക ഭാഗങ്ങള്‍  തന്നെയാണ് പ്രണയത്തിന് പിന്നിലെന്നും ഹെലെന്‍ കണ്ടെത്തി. 

പ്രണയമെന്നത് മാനസികമായ കീഴടങ്ങലിലേക്ക് എത്തിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രണയമെന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ പറയേണ്ടി വരും. ആദ്യ പ്രണയത്തെ മറക്കാന്‍ കഴിയാത്തതും, ഇഷ്ടപ്പെട്ടു പോയതിനെ എന്ത് വിലകൊടുത്തും കൈക്കലാക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് വെന്‍ട്രല്‍ ടെഗ്മെന്റ് ഏരിയയും ന്യൂക്വിയസ് അക്യുബെന്‍സും കൂടിച്ചേര്‍ന്നാണ്. 
ഈ രണ്ട് മസ്തിഷ്‌ക ഭാഗത്തിന് പുറമേ, കൗഡേറ്റ് ന്യൂക്ലിയസ് എന്ന മസ്തിഷ്‌ക ഭാഗവും പ്രണയാനുഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹെലന്‍ പറയുന്നു. പ്രണയിക്കാനുള്ള പ്രേരണ നല്കുന്ന മസ്തിഷ്‌ക ഭാഗമാണ് കൗഡേറ്റ് ന്യൂക്ലിയസ്. അനുരാഗത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതിനു പിന്നില്‍  മസ്തിഷ്‌കത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. 

പ്രണയത്തെ ആത്യന്തികമായി അനുഭൂതിയിലേക്ക് എത്തുക്കുന്നതിന് ഡോപ്പാമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജിസ്റ്റായ ലൂസി ബ്രൗണ്‍ പറയുന്നു. കൗഡേറ്റ് ന്യൂക്ലിയസിനെ ഉത്തേജിപ്പിക്കുന്നത് ഈ ന്യൂറോട്രാന്‍സ്മിറ്ററാണ്. 

ഡോപ്പാമിന്റെ പ്രവര്‍ത്തനം ലഹരി പദാര്‍ത്ഥത്തിന് സമാനമായ ഒന്നു തന്നെയാണെന്ന് പറയേണ്ടി വരും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആദ്യ പ്രണയിനിയെ മറക്കാന്‍ കഴിയാത്തതും, അതിനെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്നു വരുന്നതുമൊക്കെ ഡോപ്പാമിന്റെ പ്രവര്‍ത്തനം മൂലമാണ്. 

അതു കൊണ്ട് തന്നെ ആദര്‍ശങ്ങളും ആശയങ്ങളും  മൂല്യങ്ങളും പാരമ്പര്യങ്ങളും മാറ്റിവെക്കാനും എന്തിനേറെ കൊല്ലാനും, മരിക്കാനും മനുഷ്യന്‍ തയ്യാറാകുന്നതിനു കാരണം തികച്ചും ജൈവീകമായതാണ്. 

 പ്രണയ തിരസ്‌കരണം നടക്കുമ്പോള്‍ നാം മാനസികകമായി തകര്‍ന്നു പോകുന്നു. നിരാശയില്‍ തുടങ്ങി ഒടുവില്‍ ആത്മഹത്യയില്‍ നാം എത്തിച്ചേരുന്നു. പ്രണയ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് വിഷമം പിടിച്ച സംഗതിയാണെന്ന് ഹെലന്‍ പറയുന്നുണ്ട്. നാം എത്രയൊക്കെ ശ്രമിച്ചാലും പ്രണയ നഷ്ടം ഏല്പിച്ച മുറിവുകളില്‍ നിന്നും കരകയറാന്‍ അല്പം കാലതാമസം എടുക്കാം. 
നാമൊക്കെ സ്‌നേഹിക്കുന്നതിനും, പ്രണയിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ വളരെ സങ്കീര്‍ണ്ണത നിറഞ്ഞതാണ്. ജൈവീകമായ വിശകലനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല അത്. സാമൂഹികപരമായ ഒരുപാട് കാരണങ്ങള്‍ ഓരോ വ്യക്തിയുടേയും പ്രണയത്തെ വ്യത്യസ്തമാക്കുന്നുണ്ട്. 

 സാമൂഹീക വ്യവസ്ഥയും പ്രണയവും

ഭര്‍ത്താവിനേയും കുട്ടികളേയും ഉപേക്ഷിച്ചുപോകുന്നവര്‍, വൃദ്ധരായ മാതാപിതാക്കളേയും ഗള്‍ഫിലുള്ള ഭര്‍ത്താവിനേയും ഒഴിവാക്കി സ്വര്‍ണ്ണവും പണവുമായി കടന്നുകളയുന്നവര്‍, ഭര്‍ത്താവ് വരാനിരിക്കെ അദ്ദേഹത്തിന്റെ അനുജന്റെ കൂടെയോ അനന്തരവന്റെ കൂടെയോ ഇറങ്ങിപ്പോകുന്നവര്‍,  പതിനഞ്ചും പതിനാറും വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മുതല്‍ മക്കളും മരുമക്കളുമുള്ള നാല്‍പ്പത് കഴിഞ്ഞ മദ്ധ്യവയസ്‌ക വരെ ഒളിച്ചോടുന്ന
വാര്‍ത്തകളാണ് കേള്‍ക്കുന്നത്.

 പഴയ നിരക്ഷര പെണ്ണുങ്ങളുടെ കാലമല്ല ഇന്ന്. കൈയില്‍ ഐഫോണും ബാഗില്‍ ഐപാഡുമായി ആധുനികമായ എല്ലാവിധ സുഖസൗകര്യങ്ങളുടെയും ജീവിക്കുന്നവര്‍. നഗരത്തിലെ റെഡിമെയ്ഡ് ഷോപ്പുകളിലും ഫാന്‍സിക്കടകളിലുമൊക്കെ പെണ്‍കുട്ടികള്‍ നിറഞ്ഞഭിനയിക്കുന്നവര്‍ എല്ലാം നിത്യകാഴ്ചകളാണ്. 

 സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ വിദ്യകൊണ്ട് സമ്പന്നമായ സൈബര്‍ ഇടങ്ങളില്‍ ചതിക്കുഴികള്‍ ഏറെയുണ്ടെന്ന കാര്യവും രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞ് പഠിപ്പിച്ച് കൊടുക്കണം. വാട്ട്സ് ആപ്പും ഫേസ്ബുക്കുമില്ലാത്ത ഒരുദിവസം ചിന്തിക്കാന്‍ പോലും കഴിയാത്തവരായി നമ്മള്‍ മാറി.

ഒളിച്ചോട്ടം എന്ന ഈ സാമൂഹ്യവിപത്തിന്റെ കാരണങ്ങളില്‍ നിന്ന് ദൃശ്യമാധ്യമങ്ങളെയും ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ല.  നീലച്ചുവയുള്ള  കാഴ്ചകള്‍ കുത്തിനിറച്ച സിനിമകളും സീരിയലുകളും ദ്വയാര്‍ത്ഥമുള്ള സംഭാഷണങ്ങളും ന്യൂജനറേഷന് നല്‍കുന്ന സന്ദേശങ്ങള്‍ ഭീകരമാണ്..
സീരിയലുകളുടെ കടന്നുകയറ്റത്തോടെ   ബന്ധങ്ങള്‍ മാറി. കുടുംബത്തിനുള്ളില്‍ ഭാര്യാഭര്‍ത്താക്കന്മാരും മാതാപിതാക്കളും കുട്ടികളും ആരും പരസ്പരം മുഖത്തുനോക്കി സംസാരിക്കാതെയായി. എല്ലാവരുടേയും നോട്ടവും ശ്രദ്ധയും സീരിയലോ റിയാലിറ്റിഷോയോ നടക്കുന്ന ചാനലില്‍ മാത്രമായി തളക്കപ്പെട്ടു. വൈകാരികമായ ഇടപെടലുകളോ സ്വകാര്യതകളോ അന്യോന്യമുള്ള കൊച്ചുവര്‍ത്തമാനങ്ങളോ കുടുബത്തിനുള്ളില്‍ നിന്നും അന്യമായിത്തീര്‍ന്നു. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത അവസ്ഥ.  കുടുംബങ്ങളില്‍ അസ്വസ്ഥത പടരാനും ബന്ധങ്ങള്‍ ശിഥിലമാകാനും ഇത് വലിയൊരു കാരണമാകുന്നതായി കേരളത്തിലെ പ്രമുഖരായ മനശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നുണ്ട്.

മനസ്സ് തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങള്‍ നഷ്ടപ്പെട്ടു. അമ്മയും അച്ഛനും മക്കള്‍ക്കിടയില്‍ ഫോര്‍മല്‍ ബന്ധമായി. പ്രശ്‌നങ്ങളും സംഭവങ്ങളും അവതരിപ്പിക്കാന്‍ സ്‌നേഹ പരിലാണനകള്‍ ലഭിക്കാന്‍ കുട്ടികള്‍ കൊതിക്കും.ഇത്, തങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചാരണവും ലഭിക്കുന്നു എന്ന് തോന്നിയടങ്ങളിലേക്ക് പോകാന്‍ മക്കളുടെ മാനസികാവസ്ഥ നിര്‍ബന്ധിപ്പിക്കും.

വെറുമൊരു ചാറ്റും ചുരുങ്ങിയ ഫോണ്‍ വിളികളുടേയും പരിചയത്തിന്റെ ബലത്തില്‍ പ്രേമം മൂത്ത് കാമുകനോടൊപ്പം ആവേശത്തോടെ ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടികളില്‍ മിക്കവരും 
നിന്നോടൊപ്പം ഞാനെന്നുമുണ്ടാകുമെന്ന് പാതിരാത്രി വികാരവശനായി പറഞ്ഞ കാമുകന്റെ മുഖമല്ല പിന്നീട് കാണുക.
കൊണ്ടുപോയ പണവും പണ്ടവും തീരുമ്പോള്‍ കാമുകന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവാതെ ഇറങ്ങി ഓടിയവരും രതിസുഖം അടങ്ങുമ്പോള്‍ ഉറക്കം നഷ്ടപ്പെട്ട രാവുകളില്‍ മാതാപിതാക്കളെയോര്‍ത്ത് കുറ്റബോധം തോന്നിയവരും സ്വന്തം കുടുംബത്തിലേക്ക് തിരിച്ചുവരവ് സാധ്യമാവാതെ നരകതുല്യമായി ജീവിക്കുന്നവര്‍ നിരവധിയാണ്. എത്രയോ പേര്‍ ജീവനൊടുക്കുകയും ചെയ്യുന്നു. അവരുടെ അഭയകേന്ദ്രങ്ങള്‍ നശിക്കുന്നു, നഷ്ടപ്പെടുന്നു എന്ന് തോന്നുമ്പോഴാണ് ഒളിച്ചോടുന്നതും ആത്മഹത്യ ചെയ്യുന്നതും.

സാങ്കേതികവിദ്യയും ആശയവിനിമയ സൗകര്യങ്ങളും കൂടുതല്‍ ആധുനികമായതോടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂടുതല്‍ സമയവും ഇന്റര്‍നെറ്റില്‍ തന്നെ ചെലവിടുന്നു. വീട്ടുകാരുമായും പൊതുസമൂഹവുമായും ഇത്തരത്തിലുള്ള പെണ്‍കുട്ടികള്‍ അകലം പാലിച്ചിരിക്കും. അടച്ചിട്ട പഠനമുറിയില്‍, ടോയ്ലറ്റില്‍, മൂടിപ്പുതച്ച് പുതപ്പിനുള്ളില്‍ അങ്ങനെ സദാസമയവും അവര്‍ ചാറ്റിലോ കോളിലോ ആയിരിക്കും. കുട്ടികള്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുന്ന രക്ഷിതാക്കള്‍ ഇതൊട്ടും ശ്രദ്ധിക്കാറുമില്ല.
അതിനര്‍ത്ഥം കുട്ടികളെ പിടിച്ച് കെട്ടണമെന്നല്ല. സൗഹൃദ ബന്ധമാണ് കുട്ടികളോട് മാതാപിതാക്കള്‍ കാണിക്കേണ്ടത്. ഇത് നല്ല സ്വാതന്ത്യമായാണ്, പോസിറ്റീവ് മൈന്‍സിലൂടെയാണ് കുട്ടികള്‍ നോക്കിക്കാണുക. അപ്പോള്‍ മതാപിതാക്കളില്‍ നിന്ന് കുട്ടികള്‍ മാറി നില്‍ക്കാനോ ഒളിഞ്ഞിരിക്കാനോ ശ്രമിക്കുകയില്ല. അതിനവര്‍ക്ക് സാധിക്കുകയുമില്ല. കാരണം അഭയം നല്‍കപ്പെടുന്നു എന്നവര്‍ക്ക് ഉറപ്പായും തോന്നും.

പ്രവാസികളുടെ മക്കളും ഭാര്യമാരും ഒളിച്ചോട്ടക്കാരായി വരുന്നത് സാമൂഹീക രോഗമാണ്. സ്ഥായിയായ, കെട്ടുറപ്പുള്ള കുടുംബത്തെ സൃഷടിക്കാനറിയണം. ഒരു വീട് വെച്ച് വിദേശത്ത് നിന്ന് പണം നല്‍കി കുടുംബം മികച്ച നിലയിലാണ് കൊണ്ട് പോകുന്നതെന്ന് കരുതുന്നത് മൗഢ്യമാണ്. വീട്ടില്‍ നല്ല അച്ചടക്കം ഉണ്ടക്കായെടുക്കണം. ഭീഷണിയോ, ഭയപ്പെടുത്തലുകളോ അതിനാവശ്യം  ഭാര്യയോടുള്ള പ്രണയവും മക്കളോടുള്ള സ്‌നേഹവുമാണ്. അതവര്‍ തിരിച്ചറിയണം മനസില്‍ തിരുകി വെച്ചാല്‍ പോര.

 പരിഹാര സംവിധാനങ്ങള്‍

മതം സാമൂഹിക നിയന്ത്രണ സ്ഥാപനമാണ്. മത അടിസ്ഥാന സംഘടനകള്‍ക്ക് യാതൊരു കുറവുമില്ല.എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതേയുള്ളൂ. സമൂലമായ മാറ്റങ്ങളാണ് നാം സ്വീകരിക്കേണ്ടത്.മഹല്ലുകള്‍ക്ക് വലിയ ഉത്തരവാദിത്വമാണ് നല്‍കേണ്ടത്.

1. മഹല്ല് കോര്‍ഡിനേറ്റര്‍മാരെ നിശ്ചയിക്കണം. പ്രദേശത്തെ വിദ്യാര്‍ത്ഥികളെ കണക്ക് ശേഖരിക്കണം.
2. ലക്ഷ്യം, പഠനം, ജീവിതം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക.
3. പാരന്റിംഗ് കോഴ്‌സുകള്‍.
4. കല്യാണo കഴിക്കാന്‍ പോകുന്നവര്‍ക്ക് സൈക്കോളജി ട്രീറ്റ്‌മെന്റ്.
5. കുടുംബത്തിന്റെ പ്രശ്‌നങ്ങളില്‍ (സാമൂഹിക, അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്) മഹല്ല് ആരോഗ്യകപരമായി ഇടപെടുക.
6. നാടിനെ മഹല്ലിന് കീഴില്‍ കൊണ്ട് വന്ന് ജനകീയമാക്കണം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter