സലഫിസം വിചാരണ ചെയ്യപ്പെടുന്നു
ISIS FACEസലഫിസവും തെറ്റിദ്ധാരണകളും എന്ന തലക്കെട്ടില്‍ ടി.പി. അബ്ദുല്ലക്കോയ മദനി മാതൃഭൂമിയിലെഴുതിയ ലേഖനം (11/08/2016) വര്‍ത്തമാന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വഹാബിസത്തിനെതിരെ വന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാവണം ഉണ്ടായത്. പക്ഷെ, സലഫിസത്തെക്കുറിച്ച് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് അതിലെ പല ആശയങ്ങളും. പ്രവാചകന്‍ ഉത്തമ സമൂഹമെന്ന് വിശേഷിപ്പിച്ച ആദ്യത്തെ മൂന്നു തലമുറയുടെ വിശ്വാസവും കര്‍മവുമാണ് സലഫിസം എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കുന്നതെങ്കില്‍ മറ്റൊരു ചര്‍ച്ചയുടെ ആവശ്യമില്ല. അവര്‍ സത്യത്തിന്റെ സാക്ഷികളായിരുന്നുവെന്നത് ലോകം സമ്മതിച്ചതാണ്. പക്ഷെ, സംശയം ഉയരുന്നത് അവിടെയല്ല. ആ മൂന്നു തലമുറയിലെ ജ്ഞാനികള്‍ ഇസ്‌ലാമിനെ സ്‌നേഹവും സമാധാനവുമായി അവതരിപ്പിച്ചവരായിരുന്നു; പ്രവാചകന്‍ കാണിച്ചുകൊടുത്തപോലെ. മതത്തിന് ജിഹാദിസ്റ്റ് വ്യാഖ്യാനം നല്‍കി അതിനെ തീവ്രവും സ്‌റ്റേറ്റ് നിര്‍മാണവുമായി അതില്‍ ഒരാള്‍പോലും വ്യാഖ്യാനിച്ചതിന് തെളിവില്ല. പകരം, മോക്ഷത്തിന്റെ വഴി ജീവിച്ചുകാണിച്ച് സഹലോകത്തെ സമാധാനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു അവര്‍. പ്രമാണങ്ങളെ പൂര്‍വ്വ സൂരികള്‍ കാണിച്ചുകൊടുത്ത വഴിയിലൂടെ മാത്രമേ അവര്‍ വായിച്ചിരുന്നുള്ള. മുന്‍ഗാമികളെ തള്ളിപ്പറഞ്ഞുള്ള സ്വതന്ത്ര വായനകള്‍ അവരാരും നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ, ദുര്‍വ്യാഖ്യാനങ്ങളില്‍നിന്നും തെറ്റിദ്ധാരണകളില്‍നിന്നും മുക്തമായിരുന്നു അവരുടെ ചിന്താലോകം. പ്രമാണങ്ങളുടെ സ്വതന്ത്ര വായനയെയും സലഫുസ്വാലിഹീങ്ങളുടെ അഭിപ്രായ നിരാസത്തെയും തങ്ങളുടെ മോട്ടോയായി ഉയര്‍ത്തിപ്പിടിക്കുന്ന വഹാബിസത്തിന് ഈ സലഫി ധാര അവകാശപ്പെടാന്‍ എങ്ങനെ കഴിയുന്നുവെന്നതാണ് ചോദ്യം. സലഫിയ്യ എന്ന സംജ്ഞയെ പ്രശ്‌നവല്‍കരിക്കുക മാത്രമാണ് ഇത്തരം ചര്‍ച്ചകള്‍. സലഫി മന്‍ഹജ് അവസാനിച്ചിടത്തുനിന്നായിരുന്നു വഹാബിസത്തിന്റെ ഉദയം എന്നതല്ലേ സത്യം? അവിടെനിന്നാണ് ഇസ്‌ലാമിക പാഠങ്ങള്‍ തെറ്റിദ്ധാരണകള്‍ക്കും ദുര്‍വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിത്തുടങ്ങിയതും. വഹാബിസമാണ് ഇവിടെ പ്രശ്‌നം. ഇബ്‌നു അബ്ദില്‍ വഹാബ് പതിനെട്ടാം നൂറ്റാണ്ടില്‍ ആലു സഊദ് ഭരണകൂടത്തിന്റെ സഹായത്തോടെ കെട്ടിപ്പടുത്ത ഒരു സ്വതന്ത്ര ചിന്താപ്രസ്ഥാനമാണിത്. അധികാരമുപയോഗിച്ച് ഒരു ചിന്താഗതിയെ എവിടെയും അടിച്ചേല്‍പ്പിക്കാം എന്നതിനുള്ള വ്യക്തമായ ഉദാഹരണം. 1800 മുതല്‍ 1810 വരെയുള്ള കാലയളവില്‍ ഹിജാസില്‍ നടന്ന വഹാബിസത്തിന്റെ രക്തത്തില്‍ ചാലിച്ച 'തകര്‍പ്പന്‍' പ്രവര്‍ത്തനങ്ങള്‍ മാത്രം മതി ഈ മൂവ്‌മെന്റിന്റെ ആത്യന്തിക ലക്ഷ്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍. നൂറുക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയും അനവധി സ്വഹാബികളുടെയും സലഫുസ്വാലിഹീങ്ങളുടെയും ഖബറിടങ്ങള്‍ അടിച്ചുതകര്‍ത്തുമായിരുന്നു അന്ന് ഹിജാസില്‍ വഹാബിസം സ്ഥാപിക്കപ്പെട്ടത്. പണ്ഡിതന്മാര്‍ അന്തിയുറങ്ങുന്ന ഇടങ്ങങ്ങള്‍ക്കുനേരെ പോലും കലാപങ്ങള്‍ അഴിച്ചുവിട്ട്, ഹിജാസിന്റെ മണ്ണില്‍ രക്തച്ചാലുകളൊഴുക്കി, തോക്കിന്റെ മുനമ്പില്‍ തങ്ങളുടെ തീവ്ര ചിന്താഗതി (അത് ഒരിക്കലും ഇസ്‌ലാമല്ല.) പ്രചരിപ്പിച്ച ഒരു പാരമ്പര്യം വഹാബിസത്തിന് നിഷേധിക്കാന്‍ കഴിയുമോ? ഇതൊരിക്കലും ഇസ്‌ലാമിന്റെ വഴിയായിരുന്നില്ല. ഒട്ടോമന്‍ ഖിലാഫത്തിനെ തകര്‍ത്തെറിയാന്‍ സാമ്രാജ്യത്വ ശക്തികള്‍ കണ്ട ഒരു കുറുക്കുവഴി മാത്രമായിരുന്നു. ആനയും അമ്പാരിയും തമ്മിലുള്ള അകലമുണ്ട് സലഫുസ്വാലിഹീങ്ങളുടെ ചിന്താധാരയും വഹാബിസവും തമ്മില്‍. ഒന്നാമത്തേത് പൂര്‍വ്വകാല ജ്ഞാനികളുടെ ജീവിതത്തെയും അഭിപ്രായങ്ങളെയും പ്രതിനിധീകരിക്കുമ്പോള്‍ രണ്ടാമത്തേത് ഇബ്‌നു അബ്ദില്‍ വഹാബിന്റെ പണ്ഡിത വിരുദ്ധ സ്വതന്ത്ര ചിന്തയെയാണ് പ്രതിനിധീകരിക്കുന്നത്. റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകളായ വഹാബികള്‍ എന്നും ജൂതന്മാരെപ്പോലെ പക്ഷപാതിത്തപരമായ വംശവിശുദ്ധിയില്‍ വിശ്വസിച്ചവരായിരുന്നു. ലോകത്ത് തങ്ങള്‍ മാത്രമേ ശരിയുള്ളൂവെന്നും മറ്റുള്ളവരെല്ലാം മുശ്‌രിക്കോ മുര്‍തദ്ദോ ആണെന്നും ആയതിനാല്‍ നിഷ്‌കാസനം ചെയ്യപ്പെടേണ്ടവരാണെന്നും അവര്‍ വിശ്വസിച്ചു. ഹിജാസില്‍നിന്നു തന്നെ ഈ ശുദ്ധികലശം അവര്‍ തുടങ്ങി എന്നതാണ് ഈ ചിന്തയുടെ തീവ്രത എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കിത്തരുന്ന പ്രധാനപ്പെട്ട സംഭവം. അഫ്ഗാനിയും അബ്ദയും വഹാബി ഔഡ്യോളജി തുറന്നു നല്‍കിയ പ്രമാണങ്ങളെ സ്വതന്ത്രമായി വ്യാഖ്യാനിക്കാനുള്ള സാധ്യതയെ നല്ലപോലെ ഉപയോഗപ്പെടുത്തിയവരാണ്. മുസ്‌ലിം ലോകത്തിന്റെ പിന്നാക്കത്തിന് കാരണം യൂറോപ്പില്‍ പോയി തിരഞ്ഞ അവര്‍ക്ക് മനസ്സിലായത് സൂഫിമാണ് എല്ലാറ്റിന്റെ കാരണമെന്നായിരുന്നു. മാര്‍ട്ടിംഗ് ലൂഥര്‍ കിങ് ക്രൈസ്തവ പൗരോഹിത്യത്തെ വെല്ലുവിളിച്ച പോലെ അവര്‍ സൂഫിസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഖുര്‍ആനെയും ഹദീസിനെയും യുക്തിയുടെ വെളിച്ചത്തില്‍ സ്വതന്ത്രമായി വ്യാഖ്യാനിച്ചു. മതത്തെയും പ്രമാണങ്ങളെയും വളരെ ലിബറലായി സമീപ്പിക്കുന്ന ഒരു കമ്യൂണിറ്റിയെ ഈജിപ്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ത്തിക്കൊണ്ടുവരാനായി എന്നതായിരുന്നു ഇതിന്റെ പരിണതി. കേരളത്തിലും വഹാബിസമെന്ന പേരില്‍ ഈ ലിബറല്‍ സലഫിസമാണ് കാലങ്ങളോളം പ്രവര്‍ത്തിച്ചിരുന്നത്. നൂറു കൊല്ലം കൃത്രിമ തൗഹീദ് പ്രചരിപ്പിച്ച ശേഷം നറ്റിയൊന്നാം കൊല്ലം ജിന്ന് കയറി അത് തകര്‍ന്നടിയുകയായിരുന്നു. എക്‌സ്ട്രീമിസ്റ്റ് വഹാബിസവും ലിബറല്‍ വഹാബിസവും ഇതോടെ രണ്ടായി മാറി. ഇപ്പോള്‍ അറബി സലഫികളെ അനുകരിക്കുന്നത് അബദ്ധമാണെന്ന് ടി.പി തിരിച്ചറിഞ്ഞത് വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ലിബറല്‍ വഹാബിസത്തെ പ്രതിനിധീകരിക്കുന്ന മടവൂര്‍ വിഭാഗം നേരത്തെത്തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു. ജിന്ന് കയറി ഒടുവില്‍ ദമ്മാജ് മല കയറിയപ്പോള്‍ കെ.എന്‍.എമ്മിനും ഈ തിരിച്ചറിവ് വന്നത് സ്വാഗതാര്‍ഹമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter