ഇന്ത്യക്കെതിരെയുള്ള യുഎസ് മതകാര്യ കമ്മീഷൻ റിപ്പോർട്ട്: കാത്തിരിക്കുന്നത് വൻ തിരിച്ചടിയോ?
മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം മുസ്‌ലിംകള്‍ക്കും മറ്റു ന്യുനപക്ഷങ്ങള്‍ക്കും മേലുള്ള സംഘടിതമായ അക്രമങ്ങളും മര്‍ദ്ദനങ്ങളും നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, മുത്വലാഖ്, കശ്മീരിലെ ആർട്ടിക്കിൾ 370, തുടങ്ങിയവയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച തീരുമാനങ്ങളെല്ലാം ന്യൂനപക്ഷങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന രീതിയിലായിരുന്നു.
ഇതേതുടർന്ന് ലോകത്തിൻറെ പല ഭാഗത്തു നിന്ന് മോദി സർക്കാറിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ മതസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടി യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് പുറത്തു വിടുകയും കഴിഞ്ഞ 15 വര്‍ഷത്തിനിടയിൽ ആദ്യമായി ഇന്ത്യയെ പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായ യുഎസ്.സിഐആർഎഫ് എല്ലാ വർഷവും ലോകത്തെ 200 രാജ്യങ്ങളിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ മത സ്വാതന്ത്ര്യത്തെയും അന്തസ്സോടെ ജീവിക്കുവാനുള്ള അവകാശത്തെയും വിലയിരുത്തി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനും യൂത്ത് കോൺഗ്രസിനും റിപ്പോർട്ട് സമർപ്പിക്കാറുണ്ട്.
തങ്ങളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾ അപകടകരമായി വളരുന്ന രാജ്യങ്ങളെ എല്ലാ വർഷവും സംഘടന പ്രത്യേകം പരാമർശിക്കാറുമുണ്ട്. ഇത്തവണ സംഘടന പുറത്തുവിട്ട ഇത്തരം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടനയുടെ അംഗങ്ങളെ ഇന്ത്യയിൽ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകാറില്ല. എന്നാൽ രാജ്യത്ത് നിന്ന് പുറത്തുവരുന്ന വാർത്തകൾ മാത്രം മതിയായിരുന്നു ഇന്ത്യയെ ഈ പട്ടികയിൽ ചേർക്കാൻ.
2014 ബിജെപി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ രാജ്യത്തെ മുസ്‌ലിം, ക്രിസ്ത്യൻ, സമുദായങ്ങൾ വലിയ അതിക്രമങ്ങൾക്കും അനീതിക്കുമാണ് വിധേയമായി കൊണ്ടിരിക്കുന്നത്. രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകരായ ആർഎസ്എസ് ആണ് പല അതിക്രമങ്ങൾക്കും പിന്നിൽ ചാലകശക്തിയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്തു എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് നിരവധി മുസ്‌ലിംകളെയും ദലിതരെയുമാണ് സംഘ്പരിവാർ ഭീകരർ അപായപ്പെടുത്തിയത്. ക്രിസ്ത്യൻ ദേവാലയങ്ങൾക് നേരെയും ഈ സംഘങ്ങൾ അക്രമങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം വേട്ടക്കാരോടൊപ്പം ചേർന്ന് കൊണ്ട് ക്രൂരമായ നിസ്സംഗതയായിരുന്നു പോലീസ് പുലർത്തിയിരുന്നത്. ഇതിനുപുറമേ മുസ്‌ലിംകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ കടുത്ത വർഗീയ പ്രചരണങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങൾ പടച്ചുവിടുന്നതും പ്രചരിപ്പിക്കുന്നതും.
മുസ്‌ലിംകൾക്കെതിരെ അടുത്ത കാലത്ത് സംഘ്പരിവാർ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു ഡൽഹിയിലെ വർഗീയ കലാപം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്ക് നേരെ സംഘപരിവാർ ശക്തികൾ അഴിച്ചുവിട്ട ഈ കലാപത്തിൽ നിരവധി മുസ്‌ലിം വീടുകളും കടകളും ആണ് ആക്രമിക്കപ്പെട്ടത്. 29 പേർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ ഇതിനു ഉത്തരവാദികൾ ആയി പോലീസ് അറസ്റ്റ് ചെയ്തതാവട്ടെ പൗരത്വ സമരക്കാരെയുമായിരുന്നു.
ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നുപിടിക്കാൻ തുടങ്ങിയതോടെ അതും മുസ്‌ലിം വിദ്വേഷം ആളിക്കത്തിക്കാനുള്ള അവസരമായിട്ടാരുന്നു സംഘപരിവാർ ശക്തികൾ ശ്രമിച്ചത്. ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ സംഘടിപ്പിച്ച തബ്‌ലീഗ് സമ്മേളനമാണ് കൊറോണ പടർന്നുപിടിക്കാൻ കാരണമെന്നായിരുന്നു ഇവർ പ്രചരിപ്പിച്ചത്. ഇത് മുതലെടുത്ത് ലോക് ഡൗണിനിടയിൽ മുസ്‌ലിം വ്യാപാരികളിൽനിന്ന് ഒന്നും വാങ്ങരുതെന്നതടക്കമുള്ള പ്രചരണങ്ങളും നടത്തി.
മുസ്‌ലിംകളോട് വേർതിരിവ് കാണിക്കുന്ന പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും, കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതും മുത്വലാഖ് ബില്ല് നടപ്പിലാക്കിയതുമെല്ലാം കമ്മീഷൻ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. മതസ്വതന്ത്ര്യത്തിന്റെ കടുത്ത ലംഘനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ വൈസ് ചെയര്‍ നദീനേ മെന്‍സ, ഇത് അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നതും അമ്പരപ്പിക്കുന്നതുമാണെന്നും. പറഞ്ഞിരുന്നു
മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളില്‍ ഉത്തരവാദികളായ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥരെയും അമേരിക്കയില്‍ പ്രവേശിക്കാൻ അനുവദിക്കാതെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പോലും റിപ്പോര്‍ട്ട് യുഎസ് കോൺഗ്രസിന് നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറുമെന്നാണ് കരുതപ്പെടുന്നത്. വൻകിട കമ്പനികളുടെ നിക്ഷേപങ്ങൾ ഇതുവഴി ഇന്ത്യക്ക് നഷ്ടപ്പെടും, ഒരുപക്ഷേ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അമേരിക്കയിൽ വിലക്ക് നേരിടേണ്ടി വരികയും ചെയ്തേക്കാം. രാജ്യത്തെ സാമൂഹിക, സാമ്പത്തിക വളർച്ച സ്വപ്നം കാണുന്ന രാജ്യസ്നേഹിയായ ഏതൊരു ഇന്ത്യക്കാരനും ഈ റിപ്പോർട്ട് കൊണ്ടുള്ള ഭവിഷ്യത്ത് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും. രാജ്യാന്തര തലങ്ങളിൽ നിന്ന് ഉയർന്ന ശക്തമായ പ്രതിഷേധങ്ങളിൽ നിന്നും തിരിച്ചടികളിൽ നിന്നും പാഠമുൾക്കൊണ്ട് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ നീതിപൂർവ്വമായ നിലപാട് സ്വീകരിക്കാൻ ബിജെപി സർക്കാർ തയ്യാറായാൽ മാത്രമേ നഷ്ടപ്പെട്ടുപോയ ഇന്ത്യയുടെ പ്രതിച്ഛായ വീണ്ടെടുക്കുവാൻ സാധിക്കുകയുള്ളൂ.
Leave A Comment