ഈ മൃഗീയതക്ക് താങ്കള്‍ മറുപടി പറയണം; സ്മൃതി ഇറാനിക്കൊരു തുറന്ന കത്ത്
(എച്ച്.ആര്‍.ഡി മിനിസ്റ്റര്‍ സ്മൃതി ഇറാനിക്ക് എം.ജി. യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സ്‌ലര്‍ ഡോ. ഷീന ശുക്കൂര്‍ എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണ രൂപം)
രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിലെ കലാപാന്തരീക്ഷങ്ങളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഞാനിത് എഴുതുന്നത്. വിശിഷ്യാ, ഇപ്പോഴും പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ സംഭവവികാസങ്ങളിലേക്ക്.
കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികളെ പോലീസ് അതിക്രൂരമായി മര്‍ദ്ധിച്ച കഥകളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണം, വെള്ളം, ഇന്റര്‍നെറ്റ് തുടങ്ങിയ അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍പോലും അവര്‍ക്ക് നിഷേധിക്കപ്പെടുകയുണ്ടായി.
ഭാസുരമായ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായി വളര്‍ന്നുവരുന്ന ധൈഷണിക പ്രതിഭകളെ ഇങ്ങനെയൊരു ദാരുണമായ ഗതിയിലേക്ക് കൊണ്ടെത്തിച്ച അവസ്ഥാവിശേഷം എന്താണെന്നതാണ് ഇവിടെ മനസ്സിലാക്കപ്പെടേണ്ട പ്രശ്‌നം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും ജന്മത്തിന്റെയും അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന വിവേചനങ്ങളില്‍നിന്നും മറ്റു പീഢനാവസ്ഥകളില്‍നിന്നും പൂര്‍ണമായും മുക്തമാവുകയും സ്വച്ഛന്തമായൊരു പഠനാന്തരീക്ഷം അവിടെ സൃഷ്ടിക്കപ്പെടുകയും ചെയ്യണമെന്നത് താങ്കളെയും വൈസ് ചാന്‍സ്‌ലറേയും പോലെയുള്ളവര്‍ അംഗീകരിക്കുന്ന കാര്യമാണല്ലോ. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സുരക്ഷിതമായൊരു ഇടം ഒരുക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാന്‍ താങ്കള്‍ക്ക് സമയം അതിക്രമിച്ചിരിക്കയാണിപ്പോള്‍.
കാമ്പസുകള്‍ക്കുള്ളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയെന്നത് ഇന്ത്യയില്‍ പുതിയ വിഷയമല്ല. പക്ഷെ, ഇത്തരം ഘട്ടങ്ങളില്‍ അവര്‍ക്ക് സുരക്ഷയൊരുക്കലും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവേചനരഹിതമായൊരു പഠനാന്തരീക്ഷം ഒരുക്കലും അത്യാവശ്യമാണ്. അവയാവട്ടെ വലിയ അപകടാവസ്ഥയിലാണിപ്പോള്‍. യുവാക്കള്‍ക്ക് പൂര്‍ണ സുരക്ഷ നല്‍കലും എല്ലാ നിലയിലുള്ള വിവേചനങ്ങളില്‍നിന്നും പീഢനങ്ങളില്‍നിന്നും അവര്‍ ഒഴിവാണോ എന്നുറപ്പ് വരുത്തലും അനിവാര്യമാണ്. വിശിഷ്യാ, എവിടെയും ഭീതിയും ഈര്‍ഷ്യതയും കുമിഞ്ഞുകൂടി നില്‍ക്കുന്ന ഈയൊരു സാഹചര്യത്തില്‍. ഇവ്വിഷയകമായി നടക്കുന്ന പല പബ്ലിക് ഡിബാറ്റുകളും തെറ്റായ വിവരങ്ങള്‍ പരക്കാന്‍ കാരണമാകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട ഒരു തരത്തിലുമുള്ള വിവേചനവും പീഢനങ്ങളും നമുക്ക് അനുവദിച്ചുകൊടുത്തുകൂടാ. അതൊന്നും പാടില്ലായെന്ന താങ്കളെപ്പോലെയുള്ളവരുടെ പ്രസ്താവനകളാണ് അവരുടെ രക്ഷിതാക്കള്‍ക്കും ആകെയുള്ള പ്രതീക്ഷ.
വര്‍ത്തമാന പ്രശ്‌നങ്ങളോട് പോരടിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുംവിധമാണ് ക്ലാസ് മുറികളും മറ്റു വിദ്യാസ സംരംഭങ്ങളും സംവിധാനിക്കപ്പെടേണ്ടത്. നിര്‍മാണാത്മകമായ രീതിയില്‍ വൈവിധ്യമായ കാഴ്ച്ചപ്പാടുകളെപോലും മുന്നോട്ടുകൊണ്ടുപോവാന്‍ അവര്‍ക്ക് അവസരം നല്‍കപ്പെടണം. ഏതെങ്കിലും ചില വിദ്യാര്‍ത്ഥികളെ മാത്രം ടാര്‍ജറ്റ് ചെയ്യുന്ന വിധത്തിലോ അവരെ കുറ്റപ്പെടുത്തുന്ന വിധത്തിലോ ഇതൊരിക്കലും ഉണ്ടായിക്കൂടായെന്നു മാത്രം. അങ്ങനെയെങ്കില്‍, പിന്നെന്തിനാണ് യുവതയുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിനെതിരെ നാം അസഹിഷ്ണുതയുടെ പടവാളുയര്‍ത്തുന്നത്?
വിദ്യാഭ്യാസ സംരംഭങ്ങളുടെ പിന്നണി പ്രവര്‍ത്തകര്‍ എന്ന നിലക്കും അതിന്റെ നിര്‍വാഹക വിഭാഗമെന്ന നിലക്കും വിദ്യാര്‍ത്ഥികളുടെ നേരെ സ്വീകരിക്കപ്പെടുന്ന സമീപനങ്ങളെ നാം കണ്ണുതുറന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ വ്യവസ്ഥങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും അവരെ അതിനനുസരിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ നമുക്കാവണം. അത് സമൂഹത്തില്‍ ജീവിക്കാന്‍ അവരെ പഠിപ്പിക്കുന്നതായിരിക്കും. പിശക് പിണഞ്ഞ ഒരു അധ്യാപകന്‍ ശിക്ഷിക്കപ്പെടാം, ഒരു ഭരണാധികാരി വിമര്‍ശിക്കപ്പെടാം, തെറ്റു ചെയ്ത ഒരു പോലീസ് ഉദ്ധ്യാഗസ്ഥന്‍ അറസ്റ്റ് ചെയ്യപ്പെടാം, ഒരു ജഡ്ജ് നിരുത്സാഹപ്പെടുത്തപ്പെടാം. പക്ഷെ, ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അവന്‍ വല്ല തെറ്റും ചെയ്യുകയാണെങ്കില്‍ പഠിച്ചുകൊണ്ടിരിക്കുന്നവന്‍ എന്ന തരത്തില്‍ അവനെ ആ വ്യവസ്ഥിതിയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് വേണ്ടത്. അല്ലാതെ, അവരെ കുറ്റവാളിയാക്കരുത്.
ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ കാര്യത്തിലേക്ക് ഇറങ്ങിനോക്കിയാല്‍ താങ്കള്‍ക്കിത് ശരിക്കും ബോധ്യമാകും. താങ്കളിത് അനുഭവിച്ച് മനസ്സിലാക്കി ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്; എന്തിനാണവിടെ വിദ്യാര്‍ത്ഥികള്‍ ഇരകളാക്കപ്പെട്ടത്? എന്തിനാണ് സംവാദങ്ങളില്‍നിന്നും അധ്യാപകര്‍ തടയപ്പെട്ടത്? എന്തുകൊണ്ടാണ് യൂണിവേഴ്‌സിറ്റി ഭരണം അവതാളത്തിലായത്?
എന്തിനുവേണ്ടിയാണ് സ്വച്ഛന്തമായി നിലനിന്ന ഒരന്തരീക്ഷത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യം ഹനിക്കാനായി പോലീസിനെ വലിച്ചിഴച്ചത്? യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചുകൊണ്ടുവരികവഴി വൈസ് ചാന്‍സ്‌ലര്‍ എന്തിനാണ് വീണ്ടും ഇരയാക്കപ്പെട്ടത്? വിദ്യാര്‍ത്ഥികളുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ അവക്കൊന്നും യാതൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല.
താങ്കളുടെ ഈ ഭരണ കാലയളവില്‍, നിരുത്തരവാദപരമായി മൗലികമായ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രചരിച്ച ഈ ആശങ്കക്ക് ഉത്തരം കണ്ടെത്താന്‍ ഞങ്ങളെ സഹായിക്കുക.
നമുക്ക് മുന്നോട്ട് നോക്കാം.
ഡോ. ഷീന ശുക്കൂര്‍



Leave A Comment