സസ്​പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടണം, ഡോക്​ടര്‍മാരുടെ സംഘടനകൾക്ക് ഡോ: കഫീൽ ഖാൻ കത്തയച്ചു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്​റ്റ്​ ചെയ്ത് ഒടുവിൽ കോടതി വിധിയിൽ മോചിതനായ സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ: കഫീൽ ഖാൻ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകൾക്ക് കത്തയച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (​എ.എം.എ), ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്​ ​(ഐ.എ.പി), നാഷണല്‍ നിയോനാ​റ്റോളജി ഫോറം (എന്‍.എന്‍.എഫ്​), പി.എം.എസ്​.എഫ്​, എം.എസ്​.സി എന്നീ സംഘടനകള്‍ക്കാണ്​ യോഗി സര്‍ക്കാര്‍ ഏര്‍​പ്പെടുത്തിയ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഫീല്‍ ഖാന്‍ കത്തെഴുതിയത്​. "ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ കോടതിയിലും മറ്റ്​ അന്വേഷണങ്ങളിലും തനിക്ക്​ ക്ലീന്‍ ചിറ്റ്​ ലഭിച്ചിട്ടും കഴിഞ്ഞ മൂന്ന്​ വര്‍ഷമായി സസ്​പെന്‍ഷനിലാണ്​. ബി.ആര്‍.ഡി ഓക്സിജന്‍ ദുരന്തത്തില്‍ ആരോപണ വിധേയരായ മറ്റെല്ലാ ഡോക്​ടര്‍മാരെയും തിരികെയെടുത്തിട്ടും തന്നെമാത്രം അവഗണിക്കുകയാണ്". കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ശിശുക്കളുടെ കൂട്ടമരണത്തിന്​​ പിന്നാലെയാണ്​ യോഗി സര്‍ക്കാര്‍ കഫീല്‍ ഖാനെ വേട്ടയാടാന്‍ ആരംഭിച്ചത്​. നിരവധി കേസുകളാണ്​ അദ്ദേഹത്തിനെതിരെ ചാര്‍ത്തിയത്​. കഫീല്‍ ഖാനാണ് കുഞ്ഞുങ്ങളുടെ മരണത്തിനു ഉത്തരവാദിയെന്നും അഴിമതിക്കാരനുമാണെന്നും കുറ്റം ചുമത്തി ജോലിയില്‍നിന്ന് സസ്‌പെന്‍ഡ്​​ ചെയ്തു. പിന്നെ അറസ്റ്റ് ചെയ്ത് നീണ്ട ഒമ്പത് മാസക്കാലം ജയിലിലടച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ഡോക്ടര്‍മാരടങ്ങിയ അന്വേഷണ കമ്മിഷന്‍ കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്ന് കോടതി അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍, പൗരത്വ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതിന്​ മതസ്പര്‍ദ്ധ ഉണ്ടാക്കുകയും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാരോപിച്ചു ദേശസുരക്ഷാ നിയമപ്രകാരം യോഗി സര്‍ക്കാര്‍ വീണ്ടും അദ്ദേഹത്തെ അറസ്റ്റ്​ ചെയ്​തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter