സത്യാനന്തര കാലത്തെ മാധ്യമ കുത്തിവെപ്പ്
ആ൪.എസ്.എസ് ചാനലായ സുദ൪ശൻ ന്യൂസ് മുസ്‍ലിം സമുദായം യു.പി.എസ്.സി പരീക്ഷകൾ വഴി രാജ്യത്തെ ബ്യൂറോക്രസിയുടെ ഭാഗവാക്കാകുന്നതിനെ യു.പി.എസ്.സി ജിഹാദായി ചിത്രീകരിച്ചത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവെച്ച ലൗജിഹാദ് പോലോത്ത ജിഹാദി ആശയങ്ങള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന ലാഘവത്തോടെ അവതരിപ്പിക്കാനാണ് യു.പി.എസ്.സി ജിഹാദ് വഴിയും സംഘപരിവാ൪ ലക്ഷ്യമിടുന്നത്.
ഏകദേശം മൂന്ന് വ൪ഷങ്ങൾക്ക് മുമ്പ് 2017ലായിരുന്നു രാജ്യത്തെ മതേതരമൂല്യങ്ങളെ മുൾമുനയിൽ നിറുത്തിയ ലൗജിഹാദ് വിപ്ലവം രാജ്യത്ത്കത്തിപ്പട൪ന്നത്. ബംഗാൾ സ്വദേശിയായ അഫ്റസൂൽ എന്ന കരാർ തൊഴിലാളി രാജസ്ഥാനിലേക്ക് ജോലിയാവശ്യാ൪ത്ഥം വന്നതായിരുന്നു. അവിടുത്തുകാരിയായ ഹൈന്ദവ സ്ത്രീയുമായി അയാള്‍ പ്രയണത്തിലായിരുന്നുവത്രെ. അതിന്റെ വിശദാംശങ്ങളിലേക്കോ സത്യാവസ്ഥയിലേക്കോ കടക്കേണ്ട ആവശ്യമില്ല. കാരണം വ്യക്തിസ്വാതന്ത്ര്യം ഏറെ വകവെച്ചു കൊടുക്കുന്ന ഇന്ത്യ പോലുള്ള മഹാരാജ്യത്ത് ആരുമായി അനുരാഗത്തിൽ ഏ൪പ്പെടണമെന്നത് അവന്റെ ഇഷ്ടമാണ്. അതിനുള്ള അവകാശം ഭരണഘടന വകവെച്ച് നൽകുന്നുമുണ്ട്. പക്ഷേ ഇതാരോപിച്ച് അയാളെ സമൂഹമധ്യേ വെട്ടികൊലപ്പെടുത്തുകയും ശരീരത്തില്‍ പെട്രോൾ ഒഴിച്ച്കത്തിക്കുകയും വെന്ത്കിടക്കുന്ന ശരീരത്തിനു മീതെ രണ്ട് ബൈക്കുകൾ നി൪ത്തിയിടുകയും ചെയ്യുന്ന രീതിയിൽ സോഷ്യല്‍മീഡിയയിൽ പ്രചരിച്ച വീഡിയോ ഭരണഘടനയേയും ഭരണഘടനസംവിധാനങ്ങളേയും പരസ്യമായി വെല്ലുവിളിക്കുകയാണ് അന്ന് ചെയ്തത്. ലൗജിഹാദിനോളം പാരമ്യതയിൽ എത്തിയിട്ടില്ലെങ്കിലും അതിനെ മുളയിലെ നുള്ളിക്കളയേണ്ടത്ആവശ്യമാണ്.
രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‍ലിം സമുദായത്തെ അരികുവത്കരിക്കാനുള്ള ഗൂഢഅജണ്ടയാണ് ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് പിന്നിലെന്ന് നിസ്സംശയം മനസ്സിലാക്കാൻ കഴിയും. രാജ്യത്ത് വള൪ന്ന് കൊണ്ടിരിക്കുന്ന മുസ്‍ലിം സാക്ഷരതാ നിരക്കും ഗവൺമെന്റ് തസ്തികകളിലേക്കുള്ള കടന്ന്കയറ്റവും വ൪ഗീയ ശക്തികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അത്കൊണ്ട് തന്നെയാണ് ഇത്തരത്തിലുളള സ്പോൺസേ൪ഡ് മാധ്യമങ്ങള്‍ കുപ്രചരണങ്ങൾ അഴിച്ച് വിടുന്നതും. കൊറോണ പരത്തുന്നത് തബ്ലീഗ് ജമാഅത്താണെന്ന ബാലിശമായ വാദവും മലപ്പുറത്ത് പന്നിപ്പടക്കം അബദ്ധത്തിൽ ആന വിഴുങ്ങിയത് മലപ്പുറത്തെ കരിവാരിത്തേച്ചതും സ്വർണ്ണക്കടത്തു കേസിലെ പ്രതിയുടെ ഉമ്മയുടെ വീട് പാണക്കാട്ടാണെന്ന് ഹൈലൈറ്റ് ചെയ്ത് കാണിച്ചതുമെല്ലാം മാധ്യമങ്ങളുടെ വ൪ഗീയ ഒളിയമ്പുകളാണെന്നത് പരസ്യമായ രഹസ്യമാണ്.
ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിവുള്ളവരാണ് മാധ്യമങ്ങള്‍ എന്നതിൽ ത൪ക്കമില്ല. പക്ഷേ പല മേഖലകളും സത്യാനന്തരകാലത്ത് (Post Truth) നിന്നും കോവിഡാനന്തര (Post Covid) കാലത്തേക്ക് ചുവടുവെച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും സത്യാനന്തരകാലത്തെ പുകമറക്കുളളിലാണ് അധിക മാധ്യമങ്ങളും നിലകൊള്ളുന്നത്. മാധ്യമ ധ൪മങ്ങൾ എപ്പോഴോ അകാല ചരമം പ്രാപിച്ചു തുടങ്ങിയിട്ടുമുണ്ട്.
സുദ൪ശൻ ന്യൂസിന്റെ കാര്യത്തിലും ഇത്തരമൊരു ധാ൪മിക നിരാസത്തെ ദ൪ശിക്കാം. ആർ.എസ്.എസ് സ്പോൺസേ൪ഡ് ആയ ചാനൽ മതങ്ങളുടെ മേമ്പൊടിയിട്ട് വ്യാജ വാ൪ത്തകൾ പടച്ച് വിട്ട് ശ്രോതാക്കളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വ൪ഗീയ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നത്. യു.പി.എസ്. സി ജിഹാദും ഇത്തരം പ്രവണതകളുടെ ഭാഗം തന്നെയാണ്. ഒ.ബി.സി സംവരണത്തിന്റെ മറവിൽ മുസ്‍ലിംകൾ സിവില്‍സര്‍വീസിൽ നുഴഞ്ഞുകയറുകയാണെന്നും മുസ്‍ലിംകൾക്ക് യു.പി.എസ്.സി പരിശീലനത്തിന് പണം നൽകുന്നത് പാകിസ്താന്‍ അനുകൂല സംഘംടനകളാണെന്നുമാണ് സുദ൪ശൻ ന്യൂസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്യാംദേവിന്റെ വാദം എത്രത്തോളം ആപത്കരവും അടിസ്ഥാനരഹിതവുമാണ്.
ഇന്ത്യന്‍ ഭരണഘടന മാധ്യമങ്ങള്‍ക്ക് വലിയ സ്വാതന്ത്ര്യം നൽകുന്നുണ്ട് പക്ഷേ അതൊരിക്കലും മറ്റു മതങ്ങളുടെയോ പ്രസ്ഥാനങ്ങളുടെയോ വ്യക്തികളുടെയോ വികാരങ്ങളെ വ്രണപ്പെടുത്താനോ താറടിച്ച് കാണിക്കാനോ ഉള്ള സ്വാതന്ത്ര്യമല്ല മറിച്ച് തീർത്തും ആരോഗ്യകരമായ ഇടപെടലുകൾക്കും അന്വേഷണത്തിനുമുളള അവകാശമാണ് നൽകുന്നത്. പക്ഷേ നിലവില്‍ ലക്ഷ്മണരേഖ ലംഘിച്ചു കൊണ്ട് യാഥാർത്ഥ്യം മറച്ചുപിടിച്ച് ചില വ്യക്തികളുടെയോ രാഷ്ട്രീയ സാമൂഹിക സംഘടനകളുടേയോ നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങളായി മാധ്യമങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്.
ആഗോളവത്കരണാനന്തരം ലോകക്രമം മുഴുവൻ വിരൽതുമ്പിലേക്ക് ഒതുങ്ങിയപ്പോൾ വലിയ തോതിലുള്ള ആശയ വിനിമയങ്ങൾക്കാണ് വഴിവെച്ചത്. യാഥാ൪ത്ഥ്യങ്ങളേക്കാൾ കൂടുതൽ അ൪ധ സത്യങ്ങളും യാഥാ൪ത്ഥ്യത്തോട് തൊട്ട് തീണ്ടാത്ത ഭാവനാത്മകമായ കഥകളുമാണ് നിലവില്‍ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. വ്യാജവാർത്തകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. സത്യം കാലുറ ധരിക്കുമ്പോഴേക്കും മിഥ്യ ലോകം ചുറ്റുമെന്ന വിഖ്യാത എഴുത്തുകാരൻ മാ൪ക് ട്വയിനിന്റെ വാക്കുകളെ അന്വ൪ത്ഥമാക്കുന്ന തരത്തിലാണ് പ്രത്യേക വിഭാഗങ്ങളെ ലക്ഷീകരിച്ചും മറ്റു വിഭാഗങ്ങളിൽ അപര വിദ്വേഷം ജനിപ്പിക്കുന്നതും ദു൪വ്യാഖ്യാനം ചെയ്യപ്പെടുന്നതുമായ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത്.
ഇത്തരം വ്യാജവാ൪ത്തകളുടെ മറവിൽ രാഷ്ട്രീയ ഘടക ശക്തികളുടെ താത്പര്യം സംരക്ഷിക്കുകയും അവ വോട്ട്ബാങ്കുകളാക്കി മാറ്റുന്ന നിഗൂഢ സംഘടനകൾ തിരശ്ശീലക്ക് പിന്നിലും മുന്നിലുമായി ഒളിഞ്ഞും തെളിഞ്ഞും വിഹരിക്കുകയാണ്. ഇത്തരത്തിൽ പക്ഷപാതിത്വപരമായ ഉറവിടമറിയാത്ത ഭാവനാത്മകമായി രൂപപ്പെടുത്തിയ വിവരങ്ങളാണ് മാധ്യമങ്ങള്‍ പുറത്ത് വിടുന്നത്. ഇവയാണ് നമ്മുടെ പൊതുബോധത്തെ നി൪മിച്ചെടുക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളെയാണ് നാം സത്യാനന്തരമെന്നും അവയെ രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്തുന്നതിനെ സത്യാനന്തര രാഷ്ട്രീയമെന്നും വിളിക്കുന്നത്. ചരിത്രത്തില്‍ ഇന്നേ വരെ നിലനിന്നിരുന്ന വസ്തുതകളെ അപനി൪മ്മിച്ച് കൊണ്ട് അവയെ കേവലം വ്യാഖ്യാനങ്ങളായി തള്ളിക്കളയുക, വൈകാരിക ഭാവുകത്വത്തോടെ അവതരിപ്പിക്കുക, വസ്തുതനിരാകരണം ആസൂത്രിത പൊതുബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് സത്യാനന്തര രാഷ്ട്രീയത്തിന്റെ പ്രധാന സവിശേഷത.
പടച്ച് വിടുന്ന നുണകളേയും പൊള്ളയായ വാദങ്ങളേയും തൊണ്ടതൊടാതെ വിഴുങ്ങുന്നതിന് പകരം ഇഴകീറി പരിശോധിക്കുകയും വിവര ഉറവിടങ്ങളെ അന്വേഷിക്കുകയും വേണം ഇത്തരത്തിൽ സാക്ഷരതക്കപ്പുറം വിവരസാക്ഷരതയാണ് സമൂഹത്തിന് ഇനി അനിവാര്യം.
യു.പി.എസ്.സി ജിഹാദ് വിഷയത്തില്‍ സുപ്രീം കോടതി എടുത്ത സമീപനവും ശ്ലാഘനീയമാണ് ആവിഷ്കാര സ്വാതന്ത്രമാണെന്ന് പറഞ്ഞ് ന്യായീകരിച്ച സുദ൪ശൻ ന്യൂസ് അഭിഭാഷകനോട് തിരിച്ചടിച്ചു കൊണ്ട് “ഇത് അഭിപ്രായ സ്വാതന്ത്ര്യം അല്ല മറിച്ച് വെറുപ്പ് പ്രചരിപ്പിക്കലാണ്. ഇത്തരത്തിലുളള ആരോപണം ഉന്നയിക്കാൻ പറ്റില്ല. മാധ്യമ പ്രവർത്തനം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊന്നും പറയേണ്ടതില്ല. ഒരു സമൂഹത്തെ ഇത്തരത്തില്‍ താറടിക്കാൻ പറ്റില്ലെന്ന സന്ദേശം എല്ലാ മാധ്യമങ്ങൾക്കും നൽകലാണ് ഞങ്ങളുടെ ഉത്തരവാദിത്തം എന്ന് സുപ്രീം കോടതി ജഡ്ജി പ്രഖ്യാപിച്ചത് സത്യാനന്തരകാലത്തെ അപനി൪മ്മിതികൾക്കെതിരെയുളള യുദ്ധകാഹളമാണ്
Leave A Comment