പ്രളയം പുറത്തുകൊണ്ടുവന്ന കള്‍ച്ചറല്‍ ഷോക്കുകള്‍

Cultural shock നെ സാംസ്‌ക്കാരിക ആഘാതമെന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. അങ്ങനെയൊരു പാഠം ഈ ദുരന്തം ബാക്കിയാക്കിയിട്ടുണ്ട്. പ്രളയ ശേഷമുള്ള ദുരിതാശ്വാസ സേവനത്തിന്റെ ഭാഗമായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ കര്‍മ്മ സേന പോലെ ഒഴുകിയെത്തി.

അതില്‍ മലബാര്‍ ഭാഗത്ത് നിന്നും ശുചീകരണത്തിനും മറ്റുമായി മധ്യകേരളത്തിലെത്തിയവരുടെ അനുഭവ വിവരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കേള്‍ക്കാനിടയായി. ഇരുപതും അധികവും വരുന്ന ആള്‍ക്കാര്‍ ബസില്‍ ശുചീകരണ സാമഗ്രികള്‍ക്ക് പുറമെ തങ്ങള്‍ക്കാവശ്യമായ ഭക്ഷണം, അത് പാചകം ചെയ്യാനുള്ള ഗ്യാസ് കുറ്റി, പാത്രങ്ങള്‍ അങ്ങനെ വേണ്ടതെല്ലാമായിട്ട് വന്നു ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് സേവനം ചെയ്യാനെത്തിയവര്‍ തങ്ങള്‍ക്കുണ്ടായ തിക്താനുഭവങ്ങളില്‍ മനസ് മടിച്ച് തിരികെ പോയ കാര്യങ്ങളാണ് പലരും വിവരിച്ചിട്ടുള്ളത്. 

പല വീട്ടുകാരും മുണ്ട് മടക്കിക്കുത്തി എരിയുന്ന സിഗററ്റും കയ്യില്‍ പിടിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ക്കൊണ്ട് പണിയെടുപ്പിക്കുന്ന രൂപത്തിലാണ് പെരുമാറിയതെന്ന് പറയുന്നു. ചെങ്ങന്നൂരടുത്ത് ഒരു പഞ്ചായത്ത് പ്രസിഡന്റ് ഇങ്ങനെ വന്ന ഒരു ഗ്രൂപ്പിനോട് 170 ഓളം വീടുകള്‍ വൃത്തിയാക്കാനുണ്ടെന്നും തുടക്കം പ്രസിഡന്റിന്റെ വീട്ടില്‍ നിന്നാകട്ടെ എന്ന് പറഞ്ഞു, സ്വന്തം വീട് വാസയോഗ്യമായിക്കഴിഞ്ഞപ്പോള്‍ മറ്റ് വീട്ടുകാരെ ഫോണില്‍ വിളിച്ച് പഞ്ചായത്തിന്റെ കീഴില്‍ പണിക്കാരെ കൊണ്ട് വന്നിട്ടുണ്ടെന്നും ആവശ്യക്കാര്‍ എത്രയും വേഗം ബന്ധപ്പെടണമെന്നും സന്ദേശം അയച്ച് കൊണ്ടിരിക്കുന്ന പ്രസിഡന്റിന്റെ മുന്നില്‍ പകച്ച് പോയ സന്നദ്ധ പ്രവര്‍ത്തകര്‍.

ചെങ്ങന്നൂരിലെ ആല എന്ന സ്ഥലത്തേക്കുള്ള വഴി കാട്ടിത്തരാമെന്ന് പറഞ്ഞ് ബസില്‍ കയറിയ ഒരാള്‍ (സ്ഥലത്തെ പോലീസ് കാരനാണെന്ന് പറയുന്നു) ആല കഴിഞ്ഞ് 5 കി. മീ പോയിതനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിറുത്തിച്ച് ഇറങ്ങിയിട്ട് ഇനി നിങ്ങള്‍ വന്ന വഴി തന്നെ 5 കി.മി തിരിച്ച് പോയാല്‍ നിങ്ങള്‍ക്ക് പോകേണ്ട സ്ഥലമായി എന്ന് പറയുന്ന മാര്‍ഗ്ഗദര്‍ശി.

വീടും കിണറും വൃത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്ക് പോകുമ്പോള്‍ മനസ്സ് നിറഞ്ഞൊന്ന് ചിരിച്ച് നന്ദി പറഞ്ഞ് യാത്രയാക്കുന്ന അനുഭവം വളരെ കുറച്ചേ ഉണ്ടായുള്ളു എന്നും ഇവര്‍ പറയുന്നു. ഇതെല്ലാം സത്യമാണെങ്കില്‍ ഇതൊരു കള്‍ച്ചറല്‍ ഷോക്ക് തന്നെയായിരുന്നു എന്ന് പറയാതെ വയ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter